എവിടെയായാലും എപ്പോഴായാലും ആർക്കും ഒറ്റയ്ക്ക് നിൽക്കാൻ വയ്യ…!
” എന്തുകൊണ്ട് അമ്പത് കൊല്ലം? 45 അല്ലെങ്കിൽ 32 ആകരുതോ? 50,100 എന്നതൊക്കെ ഡെസിമൽ സമ്പ്രദായം, മെട്രിക്, ബ്രിട്ടീഷ് സിസ്റ്റം (FPS) ആയിരുന്നെങ്കിൽ 12, 24 അങ്ങനെ പോവുന്നു. ഒരു നോവലിൻ്റെ പ്രായത്തെ ഇങ്ങനെ പിന്തുടരേണ്ടതുണ്ടോ?” ഒരു ഇൻ്റർവ്യുവിൽ ആൾക്കൂട്ടത്തിന് അമ്പത് വയസ് തികഞ്ഞതിനേക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ആനന്ദിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു എന്ന് വായിച്ചതായോർക്കുന്നു. ഞാൻ ഏറ്റവും ആരാധിക്കുന്ന എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ആ അഭിപ്രായത്തോട് വിയോജിക്കുവാൻ കഴിയുന്നതിൽ അതിയായി സന്തോഷിക്കുന്നു.
1970 ൽ പബ്ലിഷ് ചെയ്യപ്പെട്ട ആൾക്കൂട്ടം എന്ന നോവലിൻ്റെ പ്രസക്തി അമ്പത് വർഷങ്ങൾ കഴിയുമ്പോൾ കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്തത് എന്നതാണ് വാസ്തവം. ആദ്യകാലങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു എഴുത്ത് പിന്നീട് കാലങ്ങൾക്ക് ശേഷം ചർച്ച ചെയ്യപ്പെടുന്നതിന് ഒരു കാരണം മാത്രമേ ഉണ്ടാവാൻ തരമുള്ളു. ആ എഴുത്തുകാരൻ കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ചവനാണ്.അതു തന്നെയാണ് ആനന്ദിനെ സമകാലീനരായ മറ്റു പല എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാക്കുന്ന ഏറ്റവും പ്രധാന ഘടകം.
1936ൽ ഇരിങ്ങാലക്കുടയിലാണ് പി.സച്ചിദാനന്ദൻ എന്ന മലയാളത്തിൻ്റെ മഹാനായ നോവലിസ്റ്റ് ആനന്ദ് ജനിച്ചത്.1958ൽ ഒരു സിവിൽ എഞ്ചിനീയറായി തൊഴിലുമായി ബന്ധപ്പെട്ട് ബോംബെയിൽ എത്തി. 1960 ൽ ബറോഡയിൽ വച്ച് ആൾക്കൂട്ടം എന്ന തൻ്റെ ആദ്യ നോവൽ എഴുതിത്തുടങ്ങി. യഥാർത്ഥത്തിൽ ഒരു കഥ എന്ന രീതിയിലല്ല, മറിച്ച് ഡയറിയിൽ ചില ആശയങ്ങൾ കുറിച്ചു വയ്ക്കുക മാത്രമാണ് ചെയ്തത്. പിന്നീടാണ് അത് ഒരു നോവലിൻ്റെ രൂപത്തിലേക്ക് മാറ്റപ്പെട്ടത്. അക്കാലത്തെ മലയാളിയ്ക്ക് പരിചയമുള്ള കഥയോ കഥാപാത്രങ്ങളോ ഒന്നുമായിരുന്നില്ല അത് .മറിച്ച് ബോംബെ മഹാനഗരത്തിൻ്റെ തിരക്കുകളിൽ പെട്ട് ജീവിതം തീർന്നു പോകുമെന്ന് ഭയപ്പെടുന്ന യൗവ്വന യുക്തരായ കുറച്ച് മനുഷ്യരുടെ ഭയങ്ങളും സംവാദങ്ങളുമാണ് ആൾക്കൂട്ടം എന്ന നോവലിൻ്റെ ഇതിവൃത്തം.ബോംബെ നഗരം അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ അരാജകത്വത്തിൻ്റെ ഒരു ചെറു പതിപ്പായിരുന്നു. ആ നഗരത്തിൻ്റെ അരാജകത്വം ആനന്ദ് എന്ന മനുഷ്യനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അതിൽ നിന്നുണ്ടായ ആകുലതകളും മാനസിക സംഘർഘങ്ങളും അദ്ദേഹത്തിൻ്റെ എല്ലാ എഴുത്തുകളേയും സ്വാധീനിച്ചിരുന്നതായി കാണാം.
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നീട് എട്ടു വർഷത്തോളം എടുത്ത് 1968ൽ ആണ് ആൾക്കൂട്ടം എഴുതിത്തീർക്കുന്നത്. രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞ് 1970 പബ്ലിഷ് ചെയ്യപ്പെട്ടു. അക്കാലത്ത് ഇന്ത്യയിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക അവസ്ഥകളും അതിനോടുള്ള ആനന്ദിൻ്റെ കാഴ്ചപ്പാടുകളുമാണ് ആൾക്കൂട്ടത്തിൻ്റെ പശ്ചാത്തലമായി വരുന്നത്. 1962ലെ ഇന്ത്യ ചൈന യുദ്ധം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവിനു വേണ്ടി നടന്ന സമരത്തിൻ്റെ പരാജയം ഇങ്ങനെയുള്ള അക്കാലത്തെ സാമൂഹിക അവസ്ഥകൾ എല്ലാം ഈ നോവലിൽ വിഷയമാവുന്നുണ്ട്. യുദ്ധത്തിൻ്റെ നിരർത്ഥകതയെക്കുറിച്ചും, ഒരു പട്ടാളക്കാരൻ ദേശസ്നേഹത്തിൻ്റെ പേരിൽ തനിക്ക് പരിചയം പോലുമില്ലാത്ത മനുഷ്യരെ കൊന്നൊടുക്കേണ്ടി വരുന്നതിനെക്കുറിച്ചുമുള്ള വ്യഥകളുമെല്ലാം ഇവിടെ പങ്കു വയ്ക്കുന്നുണ്ട്. ഏതാണ്ട് നാലു കൊല്ലം പട്ടാളത്തിൽ സേവനമനുഷ്ഠിച്ച അനുഭവത്തിൻ്റെ വെളിച്ചത്തിൽ നിന്നാണ് അദ്ദേഹം അത് എഴുതിയത്.മതവും പ്രസ്ഥാനങ്ങളും ഗവൺമെൻറും എല്ലാം സാധാരണ മനുഷ്യരോട് ചെയ്യുന്നത് എന്താണെന്ന് ആനന്ദ് പറയുന്നു.” മനുഷ്യൻ എവിടെയും ചൂഷണം ചെയ്യപ്പെടുന്നു ..എല്ലാവരും അയാളോടു പറയുന്നു. ഞങ്ങൾ നിങ്ങളെ പ്രതിനിധീകരിക്കുന്നു. പകരം നിങ്ങൾ ഞങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യു ,രക്തം ഒഴുക്കു”
പണിമുടക്കിൻ്റെ പരാജയത്തെ ആസ്പദമാക്കി എഴുതിയ നാൽപ്പത്തിയഞ്ചാമത്തെ അദ്ധ്യായമാണ് ആൾക്കൂട്ടത്തിൻ്റെ ആത്മാവ് എന്നു തന്നെ പറയാം . ആനന്ദിൻ്റെ ബൗദ്ധികതയുടെ ഏറ്റവും ഉയർന്ന തലത്തിലൂടെയാണ് ഇതിലെ ഓരോ വാചകവും കടന്നു പോവുന്നത്. ജിജ്ഞാസുവായ ഒരു വായനക്കാരന് പാലാഴിമഥനം പോലെയാണ് ഈ ഭാഗം അനുഭവപ്പെടുക എന്നതിൽ സംശയമില്ല. ഓരോ പുനർവായനയിലും പുതിയ അർത്ഥങ്ങളും ആശയങ്ങളും ഉണർത്തി വിടുന്ന അതിഗംഭീര നിരീക്ഷണങ്ങളാണ് ആനന്ദ് ഇതിൽ നടത്തിയിരിക്കുന്നത്.ഭാരതത്തിൻ്
ആനന്ദ് പറയുന്നു ” അങ്ങനെയുള്ള മനുഷ്യന് കുറേക്കഴിയുമ്പോൾ ആത്മവിശ്വാസം നശിക്കുകയും യുക്തിഹീനമായ ആത്മാഭിമാനത്തിൽ രക്ഷ പ്രാപിക്കുകയോ ആത്മാർത്ഥതയില്ലാത്ത കാപട്യ നാടകക്കാരനായി മാറുകയും ചെയ്യും. മൗലികമായിമായി ചിന്തിക്കുവാനും വിവേചനം ചെയ്യുവാനും മനുഷ്യൻ മടിക്കും ,സംസ്കാരത്തിൻ്റെ വളർച്ച മുരടിക്കും. പണിമുടക്കവും അതിനോട് അനുബന്ധിച്ച ഉദ്യമങ്ങളും ഭാരതീയരുടെ അടിസ്ഥാനപരമായ സ്വഭാവങ്ങളിൽ നിന്നു സ്വതന്ത്രമാകാനുള്ള ഒരു എളിയ ശ്രമമായിരുന്നു. ഒരു ചെറിയ വിപ്ലവം ഒരു വലിയ പശ്ചാത്തലത്തിൽ പരാജയപ്പെട്ടു. ആ വലിയ പശ്ചാത്തലത്തിൻ്റെ അരികു പിടിച്ചു കൊണ്ടാണ് പുതിയതായി അടിത്തറയിട്ട് ഉറക്കാൻ ശ്രമിക്കുന്ന ഭരണ വർഗം അതിൻ്റെ ഭാവിയെ സ്ഥാപിക്കുന്നത്. ഇന്നത്തെ ഭരണകർത്താക്കൾ മുതലാളിയുടെയോ തൊഴിലാളിയുടേയോ താൽപ്പര്യങ്ങൾക്ക് വേണ്ടിയല്ല നില നിൽക്കുന്നത്. അവർ സേവിക്കുന്നത് അവരുടെ മാത്രം വർഗത്തേയാണ്. അതു കൊണ്ടു തന്നെയാണ് പ്രധാനമായും ഇടത്തരക്കാരുടെ പിന്തുണ കൊണ്ടും ആദരവു കൊണ്ടും മാത്രം വളർന്നു വന്ന അത് ഇപ്പോൾ അതേ ഇടത്തരക്കാരെത്തന്നെ ബലിയർപ്പിക്കാൻ ഒരുമ്പെട്ടത് “
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
തന്നെ അലട്ടുന്ന ചിന്തകളുടെ ആവിഷ്കാരമാണ് ആനന്ദ് ഈ നോവലിലൂടെ ഉദ്ദേശിച്ചത്. അതു കൊണ്ട് തന്നെ അത്തരം ചർച്ചകൾക്ക് ഉതകുന്ന വിധം ബൗദ്ധിക നിലവാരമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചത്. ജോലി അന്വേഷിച്ചു ബോംബെയിൽ എത്തുന്ന മനസ്സിൽ വിപ്ലവം കൊണ്ടു നടക്കുന്ന ജോസഫ് ,അങ്ങനെ ഒരു വിപ്ലവം നിലവിലെ സാമൂഹികാവസ്ഥയിൽ സാധ്യമല്ലെന്ന് വിശ്വസിച്ച് സ്വന്തം ചിന്തകളോട് സന്ധി ചെയ്യുന്ന സുനിൽ, ഉയർച്ചയാണ് ജീവിതത്തിൻ്റെ ലക്ഷ്യം എന്നു കരുതുന്ന സമർത്ഥനായ സുന്ദർ, കെട്ടുപാടുകളിൽ പെടാൻ ഇഷ്ടപ്പെടാതെ ജീവിച്ചു പോകുന്ന പ്രേം , എല്ലാത്തിനെക്കുറിച്ചും സ്വന്തമായ നിലപാടുകളുള്ള രാധ ഇവരെല്ലാം ധിഷണാശാലിയായ ആനന്ദ് എന്ന എഴുത്തുകാരൻ്റെ ആശയങ്ങളെ സംവദിക്കാൻ കെൽപ്പുള്ളവരാണ്.ദാരിദ്ര്യം, നിസ്സഹായത , അരാജകത്വം ഇങ്ങനെ പൊതുവായ ചില സമാനതകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇവർ പരസ്പരം എതിർത്തു കൊണ്ടിരിക്കുന്നത് എന്ന സംശയം പലതവണ തോന്നിയിരുന്നു.എന്നാൽ എഴുത്തുകാരൻ തന്നോട് തന്നെ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം തേടലായിരുന്നു ഈ പാത്ര സൃഷ്ടികളുടെയും, അവർ തമ്മിലുള്ള സംവാദങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം എന്ന് സൂക്ഷ്മമായ വായനയിൽ മനസിലാവുന്നു. പക്ഷേ ഇതിന് ഒരു അപവാദമാണ് ലളിത എന്ന കഥാപാത്രം. ദുർബലയും വൈകാരികമായി മറ്റുള്ളവരെ ആശ്രയിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ലളിതയുടെ പാത്രസൃഷ്ടി ,പക്ഷേ ആനന്ദിൻ്റെ ബുദ്ധികൂർമ്മതയുടെ ഉത്തമമായ ഉദാഹരണമാണെന്ന് കഥാന്ത്യത്തിൽ വായനക്കാരന് മനസിലാവും. ഈ നോവലിൽ ആനന്ദ് ഉയർത്തിവിടുന്ന ചോദ്യങ്ങളുടെയെല്ലാം ഉത്തരം ,ലളിതയും അവളുടെ ഭർത്താവ് ഗോപാലും തമ്മിലുള്ള ഒരു ചെറിയ സംഭാഷണത്തിൽ പൊതിഞ്ഞു വച്ചു കൊണ്ട് ആനന്ദ് വായനക്കാരനെ അത്ഭുതപ്പെടുത്തുന്നു .
മനുഷ്യൻ എല്ലായിടത്തും ചൂഷണം ചെയ്യപ്പെടുന്നത് കാണുകയും സ്വയം അതിൻ്റെ ഇരകളാവുകയും ചെയ്യേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ .അതിൽ അവർക്ക് ദു:ഖവും പ്രതിഷേധവുമുണ്ട്.പക്ഷേ എങ്ങനെയാണ് അതിൽ നിന്ന് രക്ഷപെടാൻ കഴിയുക എന്ന് അവർക്കറിയില്ല . വിപ്ലവാത്മകമായി തുടങ്ങുന്ന ചർച്ചകൾ പലപ്പോഴും നിസഹയതയുടെ പാരമ്യതയിൽ അവസാനിച്ചു പോകുന്നു. നേടുവാനും നിലനിൽക്കുവാനും കഴിവില്ലാത്ത മനുഷ്യന് നവോത്ഥാനത്തിൻ്റെ ഭാഷ മനസിലാവുകയില്ല ,മറിച്ച് അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നത് അവർക്ക് ഒരു ആശ്വാസമാണ്. നൂറ്റാണ്ടുകളായി വേരുറച്ച വിശ്വാസങ്ങൾ അടിയിലും ,സർവ്വ ശക്തമായ രാഷ്ട്രീയ തന്ത്രം മീതെയും എതിർക്കുമ്പോൾ എങ്ങനെയാണ് മനുഷ്യന് ഇതിൽ നിന്ന് രക്ഷപെടാനാവുന്നത് എന്ന് ഒരു സന്ദർഭത്തിൽ സുനിൽ ചോദിക്കുന്നുണ്ട്. സമൂഹത്തെ മാറ്റിമറിക്കുവാൻ തങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്ന ചോദ്യത്തിലാണ് അവരുടെ ചർച്ചകൾ എപ്പോഴും ചെന്ന് നിൽക്കുന്നത്.ഇതിന് വസ്തുനിഷ്ഠപരമായ ഒരു മറുപടി പറയുന്നത് സുന്ദറാണ്.” മനുഷ്യ സ്വഭാവത്തെ മാറ്റി മറിക്കാൻ കഴിയുന്ന ശക്തി ഒന്നേയുള്ളു. അത് ചരിത്രമാണ്.പരിതസ്ഥിതികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ചരിത്രം രൂപപ്പെടുത്തിക്കൊണ്ടു വരുന്ന സംഭവങ്ങളാണ് സമുദായത്തെ നയിക്കുന്നത്. ഒരു കാലഘട്ടത്തെ മാറ്റി മറിക്കാൻ ശ്രമിക്കുക എന്നതല്ല വ്യക്തിയുടെ ചുമതല.മറിച്ച് നിലവിലിരിക്കുന്ന പരിതസ്ഥിതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കള്ളിയിൽ ഏറ്റവും ഉയരുക എന്നതാണ് ഒരാളുടെ കർത്തവ്യം. നിങ്ങൾ ചരിത്രത്തോട് സഹകരിക്കുക. ചരിത്രം സ്വയം രൂപപ്പെട്ടുകൊള്ളും”
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആൾക്കൂട്ടത്തിലെ മറ്റ് എല്ലാ കഥാപാത്രങ്ങളിലും വച്ച് തികഞ്ഞ പ്രായോഗിക വാദിയും ഉറച്ച തീരുമാനങ്ങളും ഉള്ള ആളാണ് സുന്ദർ. ഏറ്റവും താഴെ തട്ടിൽ നിന്ന് ആർക്കും സ്വപ്നം കാണാൻ പറ്റാത്ത നിലയിലേയ്ക്ക് ഉയർന്നു വന്നതും അതുകൊണ്ടുതന്നെയാണ്. പക്ഷേ സ്വാർത്ഥതയ്ക്കു വേണ്ടി പ്രണയിച്ച പെൺകുട്ടിയെ ഉപേക്ഷിച്ച് ബോസിൻ്റെ മകളെ വിവാഹം കഴിച്ചതു മുതൽ ഒരു വ്യക്തി എന്ന നിലയിൽ അയാളുടെ പരാജയം ആരംഭിക്കുകയാണ്. . പ്രേം കെട്ടുപാടുകളിൽ പെടാതെ സ്വതന്ത്രനായിരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് .ഒരു സ്ഥലത്തും ഉറച്ചു നിൽക്കാതെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. പക്ഷേ മീന എന്ന അഭിസാരികയുമായുള്ള ബന്ധം അയാളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നു.”വ്യക്തിത്
മനസിൽ വിപ്ലവം കൊണ്ടു നടക്കുന്ന ജോസഫ് എപ്പോഴും ക്ഷുഭിതനാണ്.അവൻ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മറ്റുള്ളവരോടും തന്നോടു തന്നെയും തർക്കിച്ചു കൊണ്ടിരുന്നു.ഒത്തുതീർപ്പിനെ ഭയപ്പെടുന്നത് കൊണ്ട് ,തന്നെ അനുകൂലിക്കുന്നവരെപ്പോലും അവന് മനസിലാക്കാൻ കഴിയുന്നില്ല .അവരോടും യുദ്ധം ചെയ്ത് സ്വയം പരാജിതനും ദു:ഖിതനും ആയിത്തീരുകയാണ്. ജോസഫിനെപ്പോലെ തന്നെ ഒരു കുടുംബത്തിൻ്റെ ഭാരം മുഴുവൻ ചുമലിൽ വഹിച്ചുകൊണ്ട് സ്വന്തം ജീവിതത്തോട് സമരസപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് രാധ. അവർ രണ്ടു പേരും ആഗ്രഹിക്കുന്നത് തങ്ങളെ പിടിച്ചു വലിക്കുന്ന കുടുംബ ബന്ധങ്ങളിൽ നിന്ന് മുക്തി നേടാനാണ്. പക്ഷേ അത് അസാധ്യമാണെന്ന് അവർക്കറിയാം.ആ സമാനതകളാണ് ഇരുവരും തമ്മിൽ ആഴത്തിലുള്ള ഒരു സൗഹൃദത്തിന് വഴി വയ്ക്കുന്നത്. പക്ഷേ ഒരു പ്രത്യേക ഘട്ടത്തിൽ ആ സൗഹൃദം ശാരീരിക ബന്ധത്തിലേയ്ക്ക് ചെന്നു വീഴുന്നതോടു കൂടി അതിന് ഒരു പ്രത്യേക മാനം കൈ വരുന്നു. അതുവരെ തങ്ങളെ ചൂഴ്ന്നു നിന്നിരുന്ന അസ്ഥിരതകളിൽ നിന്ന് അവർ മോചിപ്പിക്കപ്പെടുകയാണ്. ആ സന്ദർഭം വളരെ മനോഹരമായാണ് ആനന്ദ് എഴുതി വച്ചിരിക്കുന്നത്.
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
“രാധ നിലത്തു കിടന്നിരുന്ന ടാഗോറിൻ്റെ ഒരു പുസ്തകമെടുത്ത് അതിലെ രണ്ടു വരികൾക്ക് താഴെ വിരൽ വച്ചു കാണിച്ചു
‘By touching you may kill, by keeping away you may possess ‘
ജോസഫ് അടുത്ത രണ്ടു വരികൾക്ക് താഴെ വിരൽ വച്ചു കാണിച്ചു.
‘The bow whispers to the arrow before it speeds forth – Your freedom is mine ‘
ജീവിതം വീണ്ടും ക്രമാനുസരണം തുടരുവാൻ പോകുകയാണ്. യാഥാർത്ഥ്യത്തിൻ്റെയും, സംഘർഷത്തിൻ്റേയും ചിട്ടയുടേയും മത്സരത്തിൻ്റേയും ഒത്തു തീർപ്പിൻ്റേയും സമാധാനത്തിൻ്റെയും ജീവിതം. അതിൻ്റെ നേരെ മുഖം വീർപ്പിക്കുന്നതിൽ അർത്ഥമില്ല. അതിനെ അതായി സ്വീകരിക്കുന്നതിൽ തങ്ങൾക്കിരുവർക്കും ശിക്ഷ ലഭിച്ചിരിക്കുന്നു .വില്ലും അമ്പും പോലെ ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു”
ജോസഫും രാധയും പ്രണയത്തിൽ പെടുന്നില്ല. വിവാഹം ചെയ്യുന്നില്ല. പകരം രണ്ടു വഴിക്കു പിരിയുകയാണ്. പട്ടാളത്തിൽ ചേർന്നു കൊണ്ട് ആ നഗരം വിടുന്ന ജോസഫ് ,അതിലൂടെ തന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്ന ചിന്തകളിൽ നിന്ന് പലായനം ചെയ്യുകയാണ്.രാധയ്ക്ക് രക്ഷപ്പെട്ടു പോവാൻ ഇടങ്ങളില്ല. ബോംബെ നഗരം അവൾക്ക് അപ്പോൾ ചെറിയ മുറിയായി തോന്നുന്നു .സുനിലും രാധയും തമ്മിലുള്ള ഒരു സംഭാഷണത്തിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഒരു കൂട് എന്നതല്ല അതിനകത്തെ ഇടമാണ് വ്യത്യാസം ഉണ്ടാക്കുന്നതെന്ന് രാധ പറയുമ്പോൾ ,കൂടിൻ്റെ വലിപ്പം കൂട്ടാൻ കഴിയാത്ത അവസ്ഥയിൽ സ്വയം നമ്മുടെ വലിപ്പം കുറച്ചു കൊണ്ട് ഒരാൾക്ക് സ്വാതന്ത്ര്യം നേടാം എന്നാണ് സുനിലിൻ്റെ മറുപടി.ഈ വാക്കുകളിൽ അയാളുടെ വ്യക്തിത്വം തെളിഞ്ഞു കിടക്കുന്നുണ്ട്. സ്വതന്ത്രനായിരിക്കുക എന്നത് മാത്രമാണ് സുനിലിൻ്റെ ജീവിത ലക്ഷ്യം. തന്നെ ജീവിതവുമായി ബന്ധിപ്പിക്കുന്ന എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അയാൾ ലളിതയുടെ പ്രണയത്തെ നിരാകരിക്കുന്നത്. പക്ഷേ സ്വതന്ത്രനായി തുടരുമ്പോഴും തന്നെ പിന്തുടരുന്ന അരാജകത്വത്തിൽ നിന്ന് അയാൾക്ക് മോചനം കിട്ടുന്നില്ല .ഗോപാൽ അതേക്കുറിച്ച് പറയുന്നത് സുനിലിന് അസ്വാതന്ത്രത്തിൻ്റെ ഉപയോഗം അറിയില്ല, അതു കൊണ്ട് അയാളുടെ സ്വാതന്ത്ര്യം പിശുക്കൻ്റെ കയ്യിലെ നാണയം പോലെയാണ് എന്നാണ് .
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സമൂഹത്തിൽ നടക്കുന്ന അന്യായങ്ങളെയും അസമത്വങ്ങളെയും കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോഴും വ്യവസ്ഥിതിയെ മാറ്റിമറിക്കാൻ ശ്രമിക്കാതെ നിൽക്കുന്ന ജോസഫിനോടും സുനിലിനോടും ഘോർപഡെ എന്ന കഥാപാത്രം പൊട്ടിത്തെറിക്കുന്ന ഒരു ഭാഗമുണ്ട്. അഭ്യസ്തവിദ്യരായ യുവാക്കളുടെ നിഷ്ക്രിയത്വത്തിനെതിരെയുള്ള ആനന്ദിൻ്റെ ധാർമ്മിക രോഷമാണ് അതിൽ മുഴച്ചു നിൽക്കുന്നത്. “നിങ്ങൾ വലിയ ബുദ്ധിമാൻമാരാണ്. സംഭവിക്കുന്നത് എന്താണെന്നും വരാൻ പോകുന്നത് എന്താണെന്നും നിങ്ങൾക്കറിയാം. പക്ഷേ പ്രവർത്തിക്കാൻ മോഹമില്ല. സംസാരിച്ചു ജയിക്കാനാണ് ഇഷ്ടം. എതിർക്കാനല്ല, ഒളിക്കാനാണ് യത്നം ;സ്വയം വഞ്ചിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഭീരുക്കൾ .ആ അഭിമാനത്തെ നിങ്ങൾ ആദർശശീലമെന്നു പൊക്കിക്കാണിക്കുന്നു .എനിക്ക് മനുഷ്യരെ വെറുക്കാൻ ഇഷ്ടമില്ല. പക്ഷേ ഞാൻ നിങ്ങളെ ഒറ്റയ്ക്കും കൂട്ടമായും വെറുക്കുന്നു.”
ആൾക്കൂട്ടം ഉയർത്തി വിടുന്ന എല്ലാ ചോദ്യങ്ങളുടേയും ഉത്തരം ആനന്ദ് തരുന്നത് ലളിതയും ഗോപാലും തമ്മിലുള്ള ഒരു ചെറിയ സംഭാഷണത്തിലൂടെയാണ്. ആനന്ദിൻ്റെ കഥാപാത്രങ്ങളിൽ ഏറ്റവും ദുർബലയായ വ്യക്തിയാണ് ലളിത. അവൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല .അതു താങ്ങാനുള്ള കരുത്ത് തനിക്കില്ല എന്നാണ് അവൾ വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ ഭർത്താവായ ഗോപാലിനോട് അവൾ ആവശ്യപ്പെടുന്നത് എന്നിൽ നിന്ന് സ്വാതന്ത്ര്യത്തെ എടുത്തുകളയു, നിങ്ങളുടെ സ്നേഹത്തിൻ്റെ അടിമയാക്കു എന്നാണ്.അതിന് ഗോപാൽ പറയുന്ന മറുപടി വളരെ പ്രസകതമാണ്. “സ്നേഹം ഒരിക്കലും അഭയമല്ല. മനുഷ്യന് ഒരു അഭയമേയുള്ളു ,അവൻ്റെ സ്വാതന്ത്ര്യം. അതു മനസിലാക്കുന്നതു വരെ ഒരിക്കലും യഥാർത്ഥ സന്തോഷം ലഭിക്കുകയില്ല .സ്വാതന്ത്രത്തെ ഭയക്കുന്ന മനുഷ്യനാണ് സ്നേഹത്തിൽ അഭയം തേടാൻ ശ്രമിക്കുന്നത്. ഒരു സ്നേഹ ബന്ധത്തിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുകയല്ല, മറിച്ച് അത് കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഞാൻ എൻ്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നില്ല.എന്നാൽ അതു കൈമാറ്റം ചെയ്യുന്നതിലൂടെ ആനന്ദം ലഭിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, അവസാനം മനുഷ്യന് ഒരു ഉപാധി മാത്രമാണ്.ലക്ഷ്യമല്ല.”
ആൾക്കൂട്ടം എന്ന നോവലിൽ ആനന്ദ് സംസാരിക്കുന്നതു മുഴുവൻ സ്വാതന്ത്രത്തെക്കുറിച്ചാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം സമൂഹം അപഹരിക്കുന്നുവെന്നു പറയുമ്പോൾ തന്നെ സമൂഹത്തെ കൂടാതെ വ്യക്തിയ്ക്ക് നിലനിൽപ്പ് ഇല്ല എന്നുള്ള വസ്തുതയും അദ്ദേഹം തുറന്നു കാണിക്കുന്നു. എന്തൊരു വിരോധാഭാസമാണത്. പക്ഷേ പരമമായ സത്യവും.”സ്വാതന്ത്ര്യം മനുഷ്യൻ്റെ ജൻമാവകാശമാണെന്നു പറയുന്നു ചിലർ.അല്ല അസ്വതന്ത്രരായി ജനിച്ച നാം അത് പണിപ്പെട്ടു നേടിയെടുക്കുകയാണു വേണ്ടതെന്ന് ചിലർ. ജന്മാവകാശമായാലും സമ്പാദിച്ചെടുത്തതായാലും സ്വാതന്ത്ര്യം മനുഷ്യന് എത്രത്തോളം ആവശ്യമുണ്ട്. മനുഷ്യൻ കയ്യടക്കി വയ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു ധനമാണ് അതെന്ന് അവരെല്ലാം മറക്കുന്നു. മനുഷ്യൻ്റെ ജീവിതം മുഴുവൻ അതിൽ നിന്നു രക്ഷപെടാനുള്ള ശ്രമമാണ്. ശിശു മാതാപിതാക്കളുമായി ഒട്ടി നിൽക്കാൻ ആഗ്രഹിക്കുന്നു. വളർന്ന പുരുഷൻ സ്ത്രീയ്ക്ക് വേണ്ടിയും സ്ത്രീ പുരുഷന് വേണ്ടിയും ദാഹിക്കുന്നു. അതിൻ്റെയും പകിട്ട് തീരുമ്പോൾ അവർ അടുത്ത തലമുറയുമായി ബന്ധിക്കപ്പെടുന്നു. ഇതിനൊന്നും കഴിയാത്തവരോ ? അവർക്കുള്ളത് സമുദായമാണ്, വിശാലമായ ഒരു സമുദായം. എവിടെയായാലും എപ്പോഴായാലും ആർക്കും ഒറ്റയ്ക്ക് നിൽക്കാൻ വയ്യ “
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
1970 ൽ എഴുതപ്പെട്ട ആൾക്കൂട്ടം എന്ന നോവലിൻ്റെ പതിനഞ്ചാം പതിപ്പാണ് ഇന്ന് എൻ്റെ കയ്യിലിരിക്കുന്നത്. ആദ്യകാലത്ത് എന്തുകൊണ്ടാണ് ഈ നോവൽ അർഹിക്കുന്ന രീതിയിൽ ചർച്ച ചെയ്യപ്പെടാതെ പോയത് എന്ന ചോദ്യത്തിന് എനിക്ക് എത്തിച്ചേരാൻ കഴിയുന്ന ചില നിഗമനങ്ങളുണ്ട്. മലയാളത്തിലാണ് എഴുതപ്പെട്ടതെങ്കിലും ആൾക്കൂട്ടം ഒരിക്കലും അന്നത്തെ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ അടയാളപ്പെടുത്തുന്ന ഒരു നോവൽ ആയിരുന്നില്ല.മലയാളിയ്ക്ക് അപരിചിതമായ പശ്ചാത്തലവും കഥാപാത്രങ്ങളും .ഉന്നതമായ ആശയങ്ങളുടെ ബാഹുല്യം .ഭാഷയും ശൈലിയും ഒട്ടും കാവ്യാത്മകമായിരുന്നില്ല. അന്ന് പിന്തുടർന്നു പോന്ന കഥയെഴുത്തു സങ്കേതത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു രീതിയായിരുന്നു അത്. കഥ എന്നു പറയാൻ മാത്രം ഒന്നുമില്ലായിരുന്നു എന്നു തന്നെ പറയാം.സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുമ്പോൾ മാത്രമേ ഒരു എഴുത്ത് വായനക്കാരന് നെഞ്ചോട് ചേർക്കാൻ കഴിയുകയുള്ളു. അന്നത്തെ ഒരു ശരാശരി വായനക്കാരന് ആൾക്കൂട്ടം എന്ന നോവലിനെ നിരാകരിക്കുവാൻ മതിയായ കാരണങ്ങളുണ്ടായിരുന്നു എന്നത് തന്നെയാണ് വാസ്തവം.
കഴിഞ്ഞ തലമുറ എന്തിൻ്റെ പേരിലാണോ ഈ നോവലിനെ നിരാകരിച്ചത് അതേ കാരണങ്ങൾ തന്നെയാണ് അമ്പതു വർഷങ്ങൾക്ക് ഇപ്പുറം ആൾക്കൂട്ടത്തിനെ പ്രസക്തമാക്കുന്നത് എന്നു പറയുന്നതിൽ ഒരു വിരോധാഭാസമുണ്ട്. പക്ഷേ വാസ്തവം അതു തന്നെയാണ് താനും. ആനന്ദ് കാലത്ത് മുമ്പേ സഞ്ചരിച്ച എഴുത്തുകാരനായിരുന്നു എന്നതു തന്നെയാണ് കാരണം.1958ലെ ബോംബെ നഗരത്തിൻ്റെ മുഖമാണ് വർത്തമാനകാലത്തെ കേരളത്തിന് എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ആനന്ദിൻ്റെ കഥാപാത്രങ്ങൾ ഇന്ന് നമുക്ക് അപരിചിതരല്ല. ആൾക്കൂട്ടം വായിച്ചാലും ഇല്ലെങ്കിലും നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഇരുന്ന് ജോസഫും, സുനിലും, സുന്ദറും രാധയും എല്ലാം അസ്തിത്വത്തെ പ്രതിയുള്ള സംവാദങ്ങളിൽ ഏർപ്പെടുന്നുണ്ട്. കേരളത്തിൻ്റെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥകളെ ഇപ്പോഴും അമ്പതു വർഷം മുൻപ് എഴുതിയ ഈ നോവലുമായി നമുക്ക് ബന്ധപ്പെടുത്തി വായിക്കാൻ കഴിയും. അഭ്യസ്ത വിദ്യരും ബൗദ്ധികമായി ഉന്നത നിലവാരത്തിൽ നിൽക്കുന്നവരുമായ ഇന്നത്തെ തലമുറയുടെ ആത്മീയവും ഭൗതികവുമായ അന്വേഷണങ്ങളെ വലിയ തോതിൽ സ്വാധീനിക്കാൻ ആനന്ദ് എന്ന എഴുത്തുകാരന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാലം തെറ്റി പിറന്നു വീണ ഒരു ഇതിഹാസത്തെ പഴക്കം കൊണ്ട് മാത്രം വിസ്മൃതിയിലേക്ക് തള്ളിവിടുന്നത് മലയാളിയുടെ ബൗദ്ധിക മണ്ഡലത്തിന് ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമായിരിക്കും എന്നു പറയേണ്ടത് ഒരു വായനക്കാരി എന്ന നിലയിൽ എൻ്റെ കർത്തവ്യമാണ്.
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആനന്ദ് അരാജകത്വത്തിൻ്റെ എഴുത്തുകാരനായാണ് അറിയപ്പെടുന്നത്. പക്ഷേ യഥാർത്ഥത്തിൽ മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ ,അരാജകത്വത്തിൻ്റെ,അസ്ഥിരതകളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പി ഒടുവിൽ അതിനുള്ള ഉത്തരവുമായി വരുന്ന ഒരു തത്വചിന്തകനായി മാത്രമേ എനിക്ക് ആനന്ദിനെ കാണാൻ പറ്റു. അദ്ദേഹത്തിൻ്റെ ആശയങ്ങൾ എല്ലാം യുക്തി ഭദ്രമായിരുന്നു. കഥാപാത്രങ്ങളുടെ സംവാദങ്ങൾ എല്ലാം എങ്ങും ചെന്നെത്താത്ത പ്രഹേളികയാണെന്ന് തോന്നുമെങ്കിലും അതിൻ്റെ അവസാനം യുക്തിയ്ക്ക് നിരക്കുന്ന ഒരു ഉത്തരത്തിലേയ്ക്ക് അവർ എത്തിച്ചേരുന്നുണ്ട്.ഒരു കാര്യം മാത്രമേ എനിക്ക് ഈ നോവലിൻ്റെ കുറവായി അനുഭവപ്പെട്ടുള്ളു. അത് ആശയങ്ങളെ അദ്ദേഹം കൃത്യമായി അടുക്കി വയ്ക്കാൻ ശ്രമിച്ചില്ല എന്നതാണ്.ഒരു വലിയ പശ്ചാത്തലത്തിൽ ഗംഭീരമായ ആശയങ്ങൾ ചിതറിക്കിടക്കുകയാണ്. ഹൃദയം കൊണ്ടല്ല, തലച്ചോർ കൊണ്ടു വായിക്കാനാണ് അദ്ദേഹം തൻ്റെ വായനക്കാരോട് ആവശ്യപ്പെടുന്നത് എന്നു തോന്നും. ഒരു വായനക്കാരൻ അങ്ങേയറ്റം ബഹുമാനിപ്പിക്കപ്പെടുന്നത് ഇത്തരം എഴുത്തുകളിലൂടെ സഞ്ചരിക്കാനുള്ള അവസരങ്ങൾ കിട്ടുമ്പോഴാണ് എന്ന ഒരു വസ്തുത അപ്പോഴും അവിടെ ബാക്കി കിടക്കുമ്പോൾ ആ കുറവിനെക്കൂടി സാധൂകരിക്കുവാൻ എനിക്ക് കഴിയുന്നു.
ആൾക്കൂട്ടം എന്ന നോവൽ ആശയപരമായി ഒരു സമുദ്രം പോലെ വ്യാപിച്ചു കിടക്കുന്നു. പക്ഷേ അതിനെ സംഗ്രഹിക്കാനുള്ള ഒരു ശ്രമം നടത്തിക്കൊണ്ടു മാത്രമേ ഈ ആസ്വാദനക്കുറിപ്പ് എനിക്ക് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. അത് ആൾക്കൂട്ടത്തിലെ രണ്ട് ആശയങ്ങളെ താരതമ്യം ചെയ്തു കൊണ്ട് പറയേണ്ടതാണ്.
” മനുഷ്യനെ അവൻ്റെ കെട്ടുകളിൽ നിന്ന് മോചിപ്പിക്കുക. സ്വതന്ത്രമായും യുക്തിപരമായും ചിന്തിക്കാനുള്ള ഒരു സ്വഭാവം വളർത്തിയെടുക്കുക. വ്യകതിയുടെ മഹത്വത്തിനും മനുഷ്യന് പൊതുവായുമുള്ള ഗുണങ്ങൾക്കും സ്ഥാനം നേടിക്കൊടുക്കുക ” എന്നു പറഞ്ഞു കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മഹത്വത്തെ ഉയർത്തി കാണിക്കുന്ന ആനന്ദ് ,അതോടൊപ്പം മനുഷ്യൻ്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് കൂടി സംസാരിക്കുന്നുണ്ട്. ” സമുദായത്തിൻ്റെ ദു:ഖങ്ങളാണ് വ്യക്തിയുടെ ദു:ഖങ്ങൾക്ക് മൂലകാരണം. പരിതസ്ഥിതികളുടെ സൃഷ്ടിയാണ് മനുഷ്യൻ.വ്യക്തിപരമായ ദു:ഖങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ,ഈച്ച എട്ടുകാലിവലയിലെന്നതു പോലെ കൂടുതൽ കുടുങ്ങുകയേ ഉള്ളു. അതു കൊണ്ട് പൊതുവായ പ്രശ്നങ്ങൾക്ക് വ്യക്തിയുടെ പ്രശ്നങ്ങൾക്ക് മീതെ സ്ഥാനം നൽകണം. വീക്ഷണ കോണും കുടുംബത്തിൻ്റെയോ രാജ്യത്തിൻ്റെയോ പരിധി വിട്ട് മനുഷ്യ സമുദായത്തോളം വളരണം.” സ്വന്തം അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതിനൊപ്പം തന്നെ എന്തുകൊണ്ട് ഒരു സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യനാവണം എന്നതിന് യുക്തിസഹമായ ഒരു ഉത്തരം കൂടി സമ്മാനിച്ചു കൊണ്ടു മാത്രമേ ആനന്ദ് വായനക്കാരനെ ആൾക്കൂട്ടം എന്ന തൻ്റെ ഉദാത്തമായ നോവലിൽ നിന്നും പുറത്തു കടക്കാൻ അനുവദിക്കുകയുള്ളു. അതു കൊണ്ട് തന്നെയാണ് ,വസ്തുതകളല്ല വസ്തുതകൾക്ക് നേരെയുള്ള എഴുത്തുകാരൻ്റെ മനോഭാവമാണ് ആൾക്കൂട്ടത്തിന് അഗാധ താളം നൽകുന്നത് എന്ന് പുസ്തകത്തിൻ്റെ ബ്ലർബിൽ കെ.പി.അപ്പൻ പറഞ്ഞു വയ്ക്കുന്നത്.
പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക
പുസ്തകം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’ എന്ന നോവലിന് രശ്മി എന്‍ എഴുതിയ വായനാനുഭവം
Comments are closed.