DCBOOKS
Malayalam News Literature Website

പുറകിൽ നിന്നു വായിക്കേണ്ട പുസ്തകം!

Anvar Ali

രാത്രി പുഴക്കരയിലൂടെ നടന്ന്  കവിയെ കാണാൻ പോകുന്ന മകനോട്, ‘ഉണ്ണീ, കാലിൽ നിലാവു പറ്റാതെ നോക്കണേ!’ എന്നു കണ്ണിറുക്കുന്ന  ഒരമ്മ. ആ അമ്മയുടെ മകൻ കാണാൻ പോകുന്ന കവിയാണ് അൻവർ അലി!

അദ്ദേഹം കഴിഞ്ഞ പത്തു വർഷങ്ങളായി എഴുതിയ കവിതകൾ ‘മെഹബൂബ് എക്സ്പ്രസ്സിൽ’ ചിതറിക്കിടക്കുന്നു.

നാടൻപാട്ടുകളുടെ മടിക്കുത്തിൽ നിന്ന് വെറ്റിലയും അടക്കയും മോഷ്ടിച്ച് കൂട്ടുണ്ടാക്കി അതിൻറെ ലഹരിയിൽ എഴുതിയ കവിതകളാണ് പുസ്തകത്തിൻറെ രണ്ടാംപകുതിയിൽ.
കമ്മട്ടിപ്പാടം സിനിമയുടെ ആത്മാവായി മാറിയ പുഴുപുലികൾ, പറ പറ പാട്ടുകൾ ഇതിൻറെ ഒരു പ്രധാന ഭാഗമാകുന്നു.

കവിതയുടെ കണ്ടൽകാടുകളിലൂടെയുള്ള  താളനിബദ്ധമായ ഒരു തുഴച്ചിൽ! പുസ്തകത്തിൻറെ അവസാന ഭാഗത്തേക്ക് വരുമ്പോഴാണ് കവിതകളുടെ നീരൊഴുക്കു കൂടുന്നത്!

തുടർന്ന് വർത്തമാനകാലത്തിൻറെ ചുഴികളിലേക്കാണ് അൻവർൻറെ തൂലിക Textകുതിച്ചുചാടുന്നത്. ‘06.01.2020 വെളുപ്പിന്’ എന്ന കവിതയിൽ അനുഭവിക്കാം വാക്ക് തോക്ക് ആയി മാറുന്ന മാജിക്ക്!

‘മരിച്ച രാജ്യത്ത് കബർ അടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല’ എന്ന വരികളോടെ അവസാനിക്കുന്ന ആ കവിതയിൽ നിന്നു പുറപ്പെടുന്ന അമ്പ് 07, റേസ് കോഴ്സ് റോഡിനെത്തെന്നെയാണ് ലക്ഷ്യമാക്കുന്നത്.

കാലുകൾ നഷ്ടപ്പെട്ട പ്രിയ സുഹൃത്തിന് വാക്കുകൾ കൊണ്ട് ചെയ്യുന്ന സുജൂദ് ആണ് ‘കടു നിറത്തിൽ പടർന്ന പാട്ടുകൾ’.

തുടർന്ന്, മനസ്സിൻറെ പാലങ്ങളെ ഒന്നാകെ പിടിച്ചുകുലുക്കിക്കൊണ്ട് rape എന്ന കവിത ഒരു തീവണ്ടിയായ് കുതിച്ചു വരുന്നു.

ആടിയുലഞ്ഞ് നമ്മൾ ‘മെഹബൂബ് എക്സ്പ്രസ്സിൽ’ എത്തുന്നു. അൻവർ 2017 ൽ എഴുതിയ ഈ കവിത വളരെയേറെ ചർച്ചചെയ്യപ്പെട്ടതാണ്.

പുതിയ സാഹചര്യങ്ങൾ അതിനു മാറ്റു കൂടിയിട്ടേയുള്ളൂ. സ്വതന്ത്ര ഇന്ത്യയുടെ തന്നെ ചരിത്രമാണ്  പ്രതീകാത്മകമായി ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
വംശവെറിയുടെ പാലം കടന്ന് സബർമതി എക്സ്പ്രസ് കത്തുന്നു, കുതിക്കുന്നു.
അതു കടന്നുപോകുന്ന വഴിയിൽ എരകപ്പുല്ലുകൾ മുളച്ചുപൊന്തുന്നു.

ടോട്ടോചാൻറെ അതീവഹൃദ്യമായ വിവർത്തനത്തിലൂടെ ഞങ്ങളുടെയൊക്കെ
ബാല്യനിഷ്കളങ്കതയുടെ ജലാശയത്തിൽ വിരുന്നുവന്ന അൻവർ എന്ന
പറവയ്ക്ക് ഇനിയും  കുറേനാൾ പാടാനും, എഴുതാനും കഴിയട്ടെ!

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അന്‍വര്‍ അലിയുടെ ‘മെഹബൂബ് എക്‌സ്പ്രസ്സിന്’ സുരേഷ് നാരായണന്‍ എഴുതിയ വായനാനുഭവം.

Comments are closed.