പരിസ്ഥിതി ദിനത്തില്‍ 50 പച്ചത്തുരുത്തുകള്‍ …!
കോട്ടയം :- ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍30 പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കുന്നു. വനം വകുപ്പ് ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ആണ് പച്ചത്തുരുത്തുകള്‍ ആരംഭിക്കുക. പാതയോരങ്ങള്‍, പുഴകളുടെ തീരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി കോമ്പൌണ്ടുകള്‍ തുടങ്ങിയിടങ്ങളിലായി 10,000ത്തോളം വൃക്ഷ തൈകള്‍ ആണ് തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ നടുന്നത്. നിലവില്‍ കോട്ടയം ജില്ലയില്‍ 67 പച്ചത്തുരുത്തുകള്‍ ആണ് ഉള്ളത്.
ജില്ലാ ഹോമിയോ ആശുപത്രിയില്‍ മതിലിനു പകരം ജൈവവേലി നിര്‍മ്മിച്ച് പരിസ്ഥിതി ദിനത്തിലെ ആദ്യ പരിപാടിക്ക് തുടക്കം കുറിക്കും. എലിക്കുളം സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്ത് പദ്ധതി പൊന്നൊഴുകും തോടിനു സമീപം പാലാ എം.എല്‍.എ മാണി.സി.കാപ്പന്‍ ഉദ്ഘാടനം ചെയ്യും.കൂടാതെ കുമരകം വേമ്പനാട്ടുകായലിന്റെ തീരം വാഴൂര്‍ ബ്ലോക്കില്‍ മണമലയാറിന്റെ തീരം,വാഴൂര്‍പഞ്ചായത്തിന്റെ മൃഗാശുപത്രി പരിസരം തുടങ്ങി വിവിധ ഇടങ്ങളില്‍ വൃക്ഷതൈകള്‍ നടും. കോട്ടയം മുട്ടമ്പലം ക്വാര്‍ട്ടേഴ്സില്‍ “ഒരു വീടിന് ഒരു മരം” പദ്ധതിക്കും തുടക്കം കുറിക്കും. ജില്ലയിലെ 11ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പച്ചത്തുരുത്തുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെ ശുദ്ധിയും പരിസരത്തിന് വൃത്തിയും വീണ്ടെടുക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻ നടപ്പിലാക്കിവരുന്നു. വിവിധ തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകളിലൂടെ നീർച്ചാലുകൾ ജീവസ്സുറ്റതാക്കാനുള്ള പ്രവർത്തനമാണ് ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷണം ജീവിത ശൈലി ആയി മാറേണ്ടതുണ്ട് എന്ന ബോധ്യം ജനങ്ങളിലെത്തിക്കാന്‍ ഹരിതകേരളം മിഷനിലൂടെ കഴിഞ്ഞു. വലിച്ചെറിയല്‍ വിമുക്തമായ കേരളം സൃഷ്ടിക്കുക എന്നതാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. കൂടാതെ ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗവും പ്രചരണവും പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
ഡോ.ടി.എന്‍.സീമ (എക്സി.വൈസ് ചെയര്‍പേഴ്സന്‍ ഹരിതകേരളം മിഷന്‍ )
തെളിനീരിന്റെ വിജയഗാഥയായി “ഇനി ഞാനെഴുകട്ടെ “
ഇനി ഞാൻ ഒഴുകട്ടെ നീർച്ചാൽ പുനരുജ്ജീവന യജഞത്തിലൂടെ കോട്ടയം ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരു പഞ്ചായത്തിലെ ഒരു നീർച്ചാൽ വീതം ഇതിനോടകം വൃത്തിയാക്കി കഴിഞ്ഞു. കരിപ്പ തോട്ടി മൂല, പുതുശ്ശേരി കൊല്ലത്തു തോട് ,പുലിയന്നൂര്‍ തോട്, വയലാ തോട്, ഇരുവേലി തോട്, നന്നാവേലി തോട്, പാക്കിൽ ചിറത്തോട്, വെള്ളാവൂർ വലിയതോട്, ഐരാറ്റുനട, ഇറഞ്ഞാൽ പാലം കഞ്ഞിക്കുഴി തോട് തുടങ്ങി 170 കിലോമീറ്ററോളം തോടുകളും ശുചീകരണം പൂർത്തിയാക്കി. സമഗ്രമായ ജലസംരക്ഷണം കൃഷി വ്യാപനം എന്നിവയാണ് ഈ ക്യാമ്പയിനീലൂടെ ലക്ഷ്യമിട്ടത്. ഇറിഗേഷൻ വകുപ്പ്, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ ഹരിതകർമ്മ സേന, ഹരിത സഹായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ള നൂറിലധികം ആളുകൾ ഈ പുനരുജ്ജീവന പ്രവർത്തനത്തിൽ പങ്കാളികളായി. സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപവരെ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. നീർച്ചാലുകളുടെ പുനരുജ്ജീവന ത്തോടനുബന്ധിച്ച് വേനലിൽ ജലക്ഷാമം രൂക്ഷമായ ഭാഗങ്ങളിൽ ജലലഭ്യത ഉറപ്പു വരുത്താൻ കഴിയും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ശുചീകരിച്ച ജലാശയങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനുള്ള മാർഗ്ഗങ്ങളും തടയണ നിർമ്മാണം, പുഴയോരങ്ങളിൽ വൃക്ഷ തൈകൾ നടീൽ എന്നീ പ്രവർത്തനങ്ങൾ അവലംബിച്ചു വരുന്നു.
പുഴയുടെ ഹൃദയത്തുടിപ്പുകള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാര്‍, ചിറ്റാര്‍പുഴ തുടങ്ങിയ പുഴകളുടെ തീരങ്ങളില്‍ എന്‍.എസ്.എസ് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍, റെസിഡന്‍സ് അസോസ്സിയേഷനുകളുടെ നേതൃത്വത്തില്‍ ” പുഴ നടത്തം ” പോലുള്ള വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിച്ചു.
നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തീകരിച്ചത് കോട്ടയം ജില്ലയിലാണ്. 2018 ഒക്ടോബര്‍ 28-ന് തിരുവനന്തപുരത്ത് വെച്ച് ധനകാര്യ മന്ത്രി തോമസ് എെസക് ആണ് കോട്ടയം ജില്ലയുടെ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തത്. നീര്‍ച്ചാലുകളുടെ കിടപ്പ്, വെളളത്തിന്റെ അളവ്, ഉപയോഗപ്പെടുത്തുന്ന രീതി, കുടിവെളളം, കൃഷി , മറ്റു ഗാര്‍ഹിക വ്യവസായ ഉപയോഗങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിനു കീഴിലുള്ള സാങ്കേതിക സമിതി എല്ലാ പഞ്ചായത്തുകളിലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. സോയില്‍ സര്‍വ്വേ, ലാന്‍ഡ് യൂസ് ബോര്‍ഡ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആണ് നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആവശ്യമായ മാപ്പ് നല്കിയത്. ഇതിനെ ക്രോഡീകരിച്ച് ജലസേചന വകുപ്പ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതി ,മണ്ണ് പര്യവേഷണ വകുപ്പ്, മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുന.സംയോജന പദ്ധതി, ളാലം തോട് സംരക്ഷണ സമിതി, ചിറ്റാര്‍ പുഴ സംരക്ഷണ സമിതി, മീനച്ചിലാര്‍ സംരക്ഷണ സമിതി എന്നീ ജനകീയ കൂട്ടായ്മകള്‍ ആണ് പദ്ധതികള്‍ സംയോജിപ്പിച്ചത്.
മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി ഹരിത കേരള മിഷന്‍ മുന്നോട്ടുവക്കുന്ന ലക്ഷങ്ങളെ പ്രായോഗികമാക്കാനുള്ള ജനകീയ ഇടപെടലാണ്. നദികള്‍ തമ്മില്‍ തോടുകളാല്‍ ബന്ധമുണ്ടായിരുന്നു. അവ വീണ്ടെടുത്ത് പുനര്‍ സംയോജനം സാധ്യമാക്കുന്നു. മീനച്ചിലാറിലും കിലോമീറ്റര്‍ നീളമുള്ള അനുബന്ധ തോടുകളുണ്ട്. അതില്‍ 1450 കിലോമീറ്റര്‍ തോടുകള്‍ മൂന്നു വര്‍ഷം കൊണ്ട് തെളിച്ചെടുത്തു. തോടുകളെ നിലനിര്‍ത്താന്‍ തരിശുനില കൃഷി, ജല ടൂറിസം എന്നിവയാണു അടിസ്ഥാനമാക്കിയത്. അഞ്ച് ജല ടൂറിസം പദ്ധതികള്‍ രൂപീകരിച്ചു. 5500 ഏക്കര്‍ തരിശുനിലത്ത് കൃഷിയിറക്കി. പ്രളയ രഹിത കോട്ടയം, ഹരിത സാക്ഷരത തുടങ്ങിയ പ്രവര്‍ത്തനങ്ങളും മുന്നേറുന്നു
അഡ്വ.അനില്‍ കുമാര്‍
( മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനഃസംയോജന പദ്ധതി കോർഡിനേറ്റർ )
മാപ്പിംഗ് ഇങ്ങനെ..
ജില്ലകളെ പല മേഖലകളായി തിരിച്ച്, അവിടെത്തെ ഉപഗ്രഹചിത്രങ്ങൾ ഐ.ടി. മിഷൻ ആർ.പി.മാർക്ക് നൽകിയിട്ടുണ്ട്. മൂന്ന് മീറ്റർ റെസല്യൂഷനിലുള്ള ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങളിൽ പിങ്ക് ലൈനിൽ പുഴകളെയും തോടുകളെയും നീർച്ചാലുകളെയും അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ജലസ്രോതസുകളുടെ വ്യക്തത വരുത്തുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് മാപ്പ് നോക്കി ജലസ്രോതസിന്റെ കൈവഴികളും നിലവിലെ തടസങ്ങളും ദിശയും നീല നിറത്തിൽ അടയാളപ്പെടുത്തും. റോഡ് മുറിച്ചാണ് പുഴയും തോടുകളും ഒഴുകിയിരുന്നുവെങ്കിൽ ആ വിവരവും അവിടെ അടയാളപ്പെടുത്തും. നീര്‍ച്ചാലുകളുടെ മാപ്പിംഗ് പ്രവര്‍ത്തനത്തോടൊപ്പം കുളങ്ങളുടേയും ക്വാറികളുടേയും മാപ്പിംഗും പുരോഗമിക്കുന്നു.
മാപ്പിംഗ് പൂർത്തിയാക്കിയ ശേഷം ഈ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനാണ് തീരുമാനം. ഹരിതകേരള മിഷന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി രൂപം കൊടുത്ത് ആരംഭിച്ചിട്ടുള്ള ഇനി ഞാന്‍ ഒഴുകട്ടെ എന്ന ക്യാമ്പയിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിനും സ്ഥായിയായി നിലനില്‍ക്കത്തക്ക വിധത്തില്‍ അവയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ മാപ്പുകള്‍ സഹായിക്കും. വരള്‍ച്ചാസമയത്ത് ജല സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കുകയും പ്രളയത്തെ അതിജീവിക്കുകയും ആണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ജലസുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരമ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 1,34,636 മഴക്കുഴികളും 970 കിണര്‍ റീചാര്‍ജ്ജിംഗും നടത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സക്കൂളുകള്‍ കേന്ദ്രീകരിച്ച് ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം സുസ്ഥിര പാരിസ്ഥിതിക സംരക്ഷമം ആണ്. ഇതിന്റെ ഭാഗമായി ജലസുരക്ഷ ക്യാമ്പയിന്‍ ജല മലിനീകരണം തടയുന്നതിനുള്ള പ്രവര്‍ത്തനം നദികളും ജലസ്രോതസ്സുകളും വീണ്ടെടുക്കുന്നതിനുള്ള സമഗ്ര ഇടപെടല്‍ എന്നിവ ശാസ്ത്രീയമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടത്തുന്നതിന് ഹരിതകേരളം മിഷന്‍ വിവിധ വകുപ്പുകള്‍/ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കി.
Comments are closed.