പറക്കാന്‍ നമുക്ക് മറക്കാതിരിക്കാം, ഷീല ടോമി എഴുതുന്നു
ദോഹ അല്‍നാസറിലെ ഫ്ലാറ്റില്‍നിന്ന് ജോആന്‍ മെട്രോ സ്റ്റേഷനിലേക്ക് പുലര്‍ച്ചെ ആറരക്ക് വേഗത്തില്‍ നടന്നുപോയിരുന്ന ആ ദിനങ്ങള്‍ ഓര്‍ക്കുകയാണ്. കോര്‍ണിഷിലെ ഓഫീസിലേക്ക് ട്രെയിന്‍ കയറാനുള്ള ഓട്ടം. അണ്ടര്‍ഗ്രൌണ്ട് സ്റ്റേഷനിലേക്ക് ലിഫ്റ്റിറങ്ങിച്ചെല്ലുമ്പോള് അഭിവാദ്യം ചെയ്യാറുള്ള അഴകാര്‍ന്ന ചിരിയുള്ള ബ്രസീലുകാരി പെണ്‍കുട്ടി. ഓരോ നാല് മിനിറ്റിലും വന്നെത്തുന്ന ഗോള്‍ഡന്‍ ലൈന്‍ മെട്രോയില്‍ മിക്ക ദിവസവും അരികിലിരുന്ന് യാത്ര ചെയ്യാറുണ്ടായിരുന്ന ഇറ്റലിക്കാരി. ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിലേക്ക് നീളുന്ന കല്ലിട്ട നടവഴിയില്ക്കൂടി പലപ്പോഴും എന്നെ മറികടന്നോടിയിരുന്ന തുര്ക്കിക്കാരന്, ചൈനക്കാരന്, മറ്റേതെല്ലാമോ രാജ്യക്കാര്‍. അവരെല്ലാം ഇപ്പോഴും ആ വഴി കടന്നുപോകുന്നുണ്ടാകുമോ? എന്റെ ഓഫീസ് സ്പേസില്‍ വളര്‍ന്നു പടര്‍ന്നിരുന്ന മണിപ്ലാന്റ് ഇപ്പോഴും ഉണങ്ങാതെ നില്ക്കുന്നുണ്ടാകുമോ? യാത്രപറഞ്ഞിറങ്ങുന്നതിനു മുമ്പ് ‘ദീദീ കൊ ദേനെ മേരേ പാസ് കുച് ഓര് നഹീ ഹേ’ എന്ന് പറഞ്ഞ് ആ വള്ളിച്ചെടി എനിക്ക് തന്ന് ബംഗ്ലാദേശിലേക്ക് പോയ ഫര്‍ഹദിന്റെ ഗാവിലും കോവിഡ് എത്തിയിട്ടുണ്ടാകുമോ? ആലിംഗനത്തിലൂടെ സ്നേഹാഭിവാദ്യം ചെയ്തിരുന്ന അറബ് മിത്രങ്ങള്‍ ഇനി എന്നായിരിക്കും അങ്ങനെ മനംനിറഞ്ഞ് ഒന്ന് ആശ്ലേഷിക്കുക? ഉടുപ്പിന്റെ സ്ലീവിലോ കണ്ണടയുടെ ഫ്രെയിമിലോ ആ ഭീകരന് ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ഭയന്ന് കുഞ്ഞുങ്ങളെ തൊടാതെയും ഉമ്മവെക്കാതെയും കെട്ടിപ്പിടിക്കാതെയും ഇനിയും എത്രകാലം നമ്മള് അകന്നുനില്ക്കും? ഒരിക്കലുമിനി പലതും ആവര്‍ത്തിക്കപ്പെടില്ലെന്ന ഞെട്ടലില്‍ ഇന്നോളം ഓര്‍ക്കുക പോലും ചെയ്യാതിരുന്നതെല്ലാം, നിസ്സാരമായി മുന്നിലൂടെ കടന്നുപോയവയൊക്കെയും, നമ്മള് പ്രിയമോടെ ഓര്‍ത്തെടുക്കാന്‍ തുടങ്ങുന്നു. കോവിഡ് രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ മാത്രമല്ല അപ്രസക്തമാക്കിയത്. മനസ്സുകളുടെ കാഠിന്യവുമാണ്. കഴിഞ്ഞുപോയ മൂന്നുനാലു മാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യം തോന്നാന്‍ കാരണം കാലത്തെ വിഭജിക്കാന്‍ അവതരിച്ച അതിസൂക്ഷ്മനായ ആ വില്ലന്റെ കടന്ന് വരവ് തന്നെ. ജനുവരിയില്‍ കേരള ലിറ്ററിച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനം കയറുമ്പോള്‍ ഇത്രയും ദീര്‍ഘമായ ഒരു യാത്രയാവും അതെന്ന് ഓര്‍ത്തിരുന്നില്ലല്ലോ!
ദോഹയിലെ പ്രൈമറി ഹെല്‍ത്ത് സെക്ടറില്‍ രോഗികളുടെ പോക്കുവരവുകളും കോവിഡ് സ്ട്രാറ്റജിയും പ്രോട്ടോകോളും വിശകലനം ചെയ്യേണ്ടിയിരുന്ന ഞാന്‍ മഞ്ഞും വെയിലും വീഴുന്ന ഈ ബാല്‍ക്കണിയിലിരുന്ന് ഇന്നോളം കാണാത്ത പക്ഷികളെ നിരീക്ഷിക്കുകയാണ് ഇപ്പോള്‍. ഇലച്ചാര്‍ത്തില്‍ മറഞ്ഞിരുന്ന് അതില്‍ ഒന്ന് എന്നെ പേര് ചൊല്ലി വിളിക്കുന്നുണ്ട്. മുറ്റത്തേക്ക് ചാഞ്ഞു നില്ക്കുന്ന മാങ്കൊമ്പില്‍ ഓടി നടന്ന് രണ്ട് അണ്ണാറക്കണ്ണന്മാര് ഭൂമുഖത്തെ ഏറ്റവും നിസ്സഹായ ജീവിയെ, മനുഷ്യന് എന്ന അഹങ്കാരിയെ, കളിയാക്കുന്നുണ്ട്. ദിവസങ്ങളായി ഞാന്‍ അവയെ ശ്രദ്ധിക്കുന്നു. മഞ്ഞത്തൂവലുകളുള്ള ഒരു ഇരട്ടവാലന് കുറേ നേരമായി ഒറ്റക്ക് പറക്കുന്നു. ആ പക്ഷിയോട് അനല്‍പ്പമായ അസൂയ തോന്നുന്നുണ്ട്. അവര്‍ ഭൂമിയുടെ അവകാശികള്‍. ആകാശത്തിന്റെയും. മാനത്ത് തനിച്ചു പറക്കുന്ന പക്ഷികളോടല്ലല്ലോ ഏകാന്തതയെക്കുറിച്ച് ചോദിക്കേണ്ടത്. കൂട്ടിലടക്കപെട്ട കിളികളോടാണല്ലോ. കൂട്ടിലകപ്പെട്ടവര്ക്ക് ആകാശം ഒരു സ്വപ്നമാണ്. സ്വപ്നത്തിലേക്ക് പറക്കാന്‍ അവ അഴികളില്‍ ഉറക്കെ ചിറകുകള് തല്ലുന്നു. തൂവലുകള്‍ കൊഴിഞ്ഞു വീഴുന്നു. ഒരു വേള അതിശക്തമായ ഒരു തള്ളലില്‍ ദുര്‍ബലമായ ചില കമ്പികള്‍ പൊട്ടിയടര്ന്നേക്കാം. പറക്കാന്‍ മറന്നിട്ടില്ലെങ്കില്‍ മാത്രം അതിന് ആകാശത്തേക്ക് പറന്നുയരാം. പറക്കാന്‍ മറക്കാതിരിക്കുക എന്നത് ഏറെ പ്രധാനമാണ്. പറക്കലിന്റെ പുത്തന്‍ ഉപായങ്ങള്‍ കണ്ടെത്താന്‍ ജാഗരൂകരാകണം കാരാഗൃഹവാസികള്‍. സാമ്രാജ്യങ്ങളും കൊച്ചുരാജ്യങ്ങളും ചെറു സംരംഭങ്ങളും വന്‍ വ്യവസായങ്ങളും വീടുകളും സമൂഹങ്ങളും എല്ലാം ഇന്ന് അതിജീവനത്തിനായുള്ള ചിറകടിയിലാണ്. ലോകമഹായുദ്ധങ്ങള്‍ പോലും ലോകത്തെ ഒന്നടങ്കം ഇവ്വിധം ഭീകരമായി ബാധിച്ചിട്ടില്ലല്ലോ!
കൂടിനുള്ളില്‍ ഇരിക്കുന്ന നാല് തരം മനുഷ്യരെക്കുറിച്ചാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. അതില്‍ ഒരു വിഭാഗത്തിന് അടച്ച വാതിലിനുള്ളില്‍ ഇരുന്ന് ഊഷ്മളമായ സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നു. കാലുകള്‍ നിശ്ചലമായപ്പോള്‍ അവരുടെ ചിന്തകള്‍ക്ക് വേഗം കൂടിയിട്ടുണ്ട്. അവനവന്റെ, അവളവളുടെ, ഉള്ളിലേക്ക് നോക്കാന്‍ കഴിയുന്നുണ്ട്. ആകാശത്തിലേക്കാള് കൂടുതല്‍ നക്ഷത്രങ്ങള്‍ സ്വന്തം ഉള്ളിലുണ്ടെന്നു വിസ്മയത്തോടെ അവര്‍ മനസ്സിലാക്കുന്നുണ്ട്. എങ്ങനെ ഭാവിയെ രചിക്കാം എന്ന് അവര്‍ ക്രിയാത്മകമായി ചിന്തിക്കുന്നുണ്ട്. മനസ്സുകൊണ്ട് ഭൂമിയുടെ അറ്റത്തോളം അവര്‍ സഞ്ചരിക്കുന്നുണ്ട്. പുതിയ മേഖലകളും മാര്‍ഗങ്ങളും തേടുന്നുണ്ട്. കൊറോണാനന്തര കാലത്ത് സാമ്പത്തികമായും സാമൂഹികമായും സാങ്കേതികമായും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കാനിരിക്കുന്നത് ഇപ്രകാരം എകാന്തയെ സ്വപ്നമാക്കുകയും പ്രവര്‍ത്തിയിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നവരിലൂടെ തന്നെയാവാം. “I have said a hundred times, that were I confined in the Bastille, I could draw the most enchanting picture of liberty.” റൂസോ പറഞ്ഞത് ശരിയാണ്. ചുമരുകള്‍ക്കുള്ളില്‍ അടക്കപ്പെട്ട ആ മനുഷ്യര്‍ സ്വാതന്ത്ര്യത്തെ ഏറ്റവും തീക്ഷ്ണമായി വരച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ ലോകം മുഴുവനും വേണ്ടി.
രണ്ടാമത് ഒരു കൂട്ടര് ഈ നിശ്ചലാവസ്ഥയെ നിരാശയോടെ വിരസതയോടെ നോക്കിക്കാണുന്നു. ചലനം ഇല്ലാതാവുന്ന അവസ്ഥയെക്കുറിച്ച് ഇനി ഒരു നിമിഷം പോലും അവര്‍ക്ക് ചിന്തിക്കാന്‍ സാധ്യമല്ല. വീടിനുള്ളില്‍ ചടഞ്ഞിരുന്ന ആദ്യ നാളുകളില്‍ അവരും ഉല്ലസിച്ചുണ്ടാകാം. പഞ്ചിംഗ് ടൈമിനു മുമ്പ് തൊഴിലിടത്തെത്താനുള്ള ഓട്ടമില്ല. ട്രാഫിക് ബ്ലോക്കില്‍ കിടന്ന് വിയര്‍ക്കേണ്ട. ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ബോസിന്റെ മുനവെച്ച നോട്ടത്തിനു മുമ്പില്‍ പരുങ്ങണ്ട. അകത്തിരിപ്പിന്റെ ആദ്യ ദിനങ്ങള്‍ വീടകവും ഓണ്‍ലൈന്‍ പൂമുഖവും അവര്‍ മുഖരിതമാക്കിയെങ്കിലും പിന്നീടങ്ങോട്ട് വിരസതയും അലസതയും ഇഴഞ്ഞുവരാന്‍ തുടങ്ങി. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരാന്‍ തുടങ്ങി. തല്ക്കാലം അവരെ നമുക്ക് മറക്കാം. അവരില്‍ ഒരാളാണ് നാമെന്ന് തോന്നുന്നുവെങ്കില്‍ നിശ്ചയമായും ആ നമ്മെ നമുക്ക് വലിച്ചെറിയാം.
ഇനി മൂന്നാമത് മറ്റൊരു കൂട്ടര് കൊറോണക്കാലത്ത് ജീവിതത്തിനു മുന്നില്‍ പകച്ചുപോയവരാണ്. അവരില്‍ തന്നെ രണ്ടു വിഭാഗങ്ങളുണ്ട്. ഒന്ന് ജോലിയോ വ്യവസായമോ ബിസിനസ്സോ ഒക്കെ നഷ്ടമായി ആകെ തകര്‍ന്നവര്‍. ഇനിയെന്ത് എന്നറിയാതെ നിരാശയിലേക്ക് വീഴാനായുന്നവര്. പിന്നെയുള്ളത് അന്നന്നത്തെ ആഹാരത്തിനായ് അധ്വാനിച്ചു ജീവിതം കൂട്ടിമുട്ടിച്ചിരുന്നവര്. അവര്‍ പട്ടണങ്ങള്‍ വിട്ട് പാലായനം തുടങ്ങിയവര്‍. കാതങ്ങള്‍ നടന്നലഞ്ഞു തളര്‍ന്നുവീണവര്‍. റെയില്‍വേ ട്രാക്കില്‍ ചിന്നിച്ചിതറിയവര്‍.
ഇനി നാലാമത്തെ കൂട്ടര് ലോകത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ്. അവര്‍ കൊറോണായുദ്ധമുഖത്തെ പോരാളികളായ ആരോഗ്യപ്രവര്‍ത്തകരും ഗവേഷകരും സന്നദ്ധപ്രവര്‍ത്തകരും മറ്റ് ഉദ്യോഗസ്ഥരും. അവരെ പൊതിഞ്ഞിരിക്കുന്ന പിപിഇ കൂട്ടിനുള്ളില്‍ അവര്‍ ശ്വാസംമുട്ടി പടപൊരുതുകയാണ്. ഓരോ മനുഷ്യജീവനും വേണ്ടി. ഇവര്ക്കെല്ലാമിടയില്ക്കൂടി അദൃശ്യനായ സൂക്ഷ്മാണു പരിഹാസച്ചിരിയോടെ സഞ്ചാരം തുടരുന്നു.
ഞാനൊരു പ്രവാസിയാണ്. ലോക്ക്ഡൌണ്‍ മൂലം ജോലിസ്ഥലത്തേക്ക് മടങ്ങാനാവാതെ നാട്ടില്‍ കുടിങ്ങിപ്പോയവരില് ഒരുവള്‍. കേരളത്തിന്റെ നട്ടെല്ല് എന്നൊക്കെ ആലങ്കാരികമായി മാത്രം പ്രഘോഷിക്കപ്പെടുന്ന, കൊറോണ മൂലം ജോലിയോ ജീവിതമാര്‍ഗ്ഗങ്ങളോ ഒക്കെ നഷ്ടമായേക്കാവുന്ന, അനേകം പ്രവാസിളില്‍ ഒരാള്‍. അനിശ്ചിതത്വത്തിലേക്ക് എറിയപ്പെടുന്നവര്‍ ചില കാര്യങ്ങള്‍ മാനസ്സില് ഉറപ്പിക്കേണ്ട സമയമാണ്. നമ്മള് ആരും തനിച്ചല്ല എന്നോര്‍ക്കുക. കൊറോണക്കാലം ലോകമെങ്ങും ഒരുപാട് പേര്‍ക്ക് സാമ്പത്തികപ്രതിസന്ധിയോ ആഗ്രഹിച്ച പല പദ്ധതികളുടെയും മുടക്കമോ സ്വപ്നങ്ങളുടെ നഷ്ടമോ സമയനഷ്ടമോ ഒക്കെ വരുത്തിവെച്ചു കഴിഞ്ഞു. കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഒട്ടേറെപ്പേര്‍ കടന്നുപോകുന്നത്. കൂടുതല്‍ നല്ല സ്വപ്നങ്ങള്‍ കാണൂ എന്ന് ആരെയും ആശ്വസിപ്പിക്കാനാവാത്ത സമയമാണ്. കാരണം യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല എന്ന് ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ഓര്‍ക്കുക, ദിവസങ്ങള്‍ക്ക് മുമ്പ് ചാനലുകള്‍ക്ക് മുന്നില്‍ കൊറോണ അപ്ഡേറ്റ് നോക്കിയിരുന്ന എത്രയോപേര്‍ ഒരു വാര്ത്തയായ് കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു! ലോകമെങ്ങും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അനാഥരായിരിക്കുന്നു. എത്ര കര്‍ശനമായ മുന്നൊരുക്കങ്ങള്‍ നടത്തിയാലും ഏതെങ്കിലും ഒരു വളവില്‍ പതുങ്ങിയിരുന്ന് അഗോചരനായ ആ ശത്രു നമ്മെയും പിടികൂടിയേക്കാം. ഇപ്പോള്‍, ഈ നിമിഷം, നമ്മള് ശ്വസിക്കുന്നു. ജീവിച്ചിരിക്കുന്നു. സ്നേഹിക്കുന്നു. വികാരം കൊള്ളുന്നു. പലകാര്യങ്ങള്‍ ചിന്തിക്കുന്നു. മരണത്തിന്റെ പാസിംഗ് ദി ബോള്‍ കളിയില്‍ തല്ക്കാലം നമ്മള് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജീവന് എന്ന അസുലഭ സൌഭാഗ്യം കൈവിട്ടുപോകാത്തവര് നഷ്ടപ്പെട്ട അല്ലെങ്കില്‍ നഷ്ടപ്പെട്ടേക്കാവുന്ന തൊഴിലിനെക്കുറിച്ചോ ലാഭങ്ങളെക്കുറിച്ചോ എന്തിനു കരയണം? നാളെ എന്തെന്ന് പറയാന്‍ നമുക്കാവില്ല. കടല്‍പോലെയാണ് ജീവിതം. ഒരു നിമിഷംകൊണ്ട് എല്ലാം മാറിമറിയാം. പക്ഷെ, നമുക്ക് സാധിക്കുന്ന ഒരു കാര്യമുണ്ട്. എന്തുതന്നെ വന്നാലും അതിനോട് എങ്ങനെ പ്രതികരിക്കണം, തുടര്‍ന്ന് എങ്ങനെ മുന്നോട്ട് പോകണം എന്നത് നമ്മുടെ മാത്രം കൈകളിലാണ്. അത് നമ്മുടെ മാത്രം തീരുമാനവും നിശ്ചയവുമാണ്.
ഓര്‍ക്കുക, നമ്മള് മാത്രമാണ് നമ്മുടെ കപ്പലിന്റെ കപ്പിത്താന്. കാറ്റും കോളും വന്ന് നേരത്തേ തീരുമാനിച്ചുറച്ച പാതയില്‍ നമുക്ക് യാത്ര തുടരാന്‍ സാധിച്ചെന്നു വരില്ല. കാറ്റടങ്ങും. കാത്തിരിക്കുക. അല്ലെങ്കില്‍ മറ്റൊരു വഴിത്തിരിവിന്റെ സമയമായെന്ന് മനസ്സിലാക്കുക. ജോലി നഷ്ടമായി തിരികേ പോകേണ്ടി വന്നാല്‍ കുറച്ചു നേരത്തേയങ്ങനെ ചെയ്യേണ്ടിവന്നു എന്നുമാത്രം ചിന്തിക്കുക. നമ്മെക്കാള്‍ ദുരിതത്തിലുള്ളവര് ചുറ്റുമുണ്ടെന്ന് ഓര്‍ത്താല്‍ നമ്മുടെ നഷ്ടങ്ങളെയോര്‍ത്ത് നിരാശരാവേണ്ടിവരില്ല. ഇന്നല്ലെങ്കില്‍ നാളെ തിരികേ പോകേണ്ടവരാണല്ലോ ഗള്‍ഫ് പ്രവാസികള്‍. പ്ലാന്‍ ബി മുന്നിലില്ലാത്തവര് ഇനി അതിനെക്കുറിച്ചു ചിന്തിക്കേണ്ട സമയമാണ്. നമുക്ക് അറിയാവുന്ന എന്നാല്‍ സൌകര്യപൂര്‍വ്വം മറക്കുന്ന വളരെ ലളിതമായ ചില സംഗതികള്‍ മാത്രം ഇവിടെ കുറിക്കാം.
ഒന്ന്: ജീവിതത്തിന്റെ സാഫല്യം എന്ന് പറയുന്നത് ഗമണ്ടന്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ മാത്രമല്ല. ഒരു കൂന സമ്പത്ത് കുന്നുകൂട്ടുന്നതിലുമല്ല. ഈ സത്യം മറക്കാതിരുന്നാല്‍ ഉള്ളത് കൊണ്ട് ഇവിടം സ്വര്‍ഗമാക്കാന്‍ സാധിക്കില്ലേ? സാധിക്കണം. നമ്മുടെ മക്കളെയും അതിനനുസരിച്ചുള്ള ചിന്തകളിലേക്കും ബോധ്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടുവരിക എന്നതു പ്രധാനമാണ്.
രണ്ട്: ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനും അംഗീകരിക്കാനും കഴിയുന്നതിലൂടെ, നമുക്കും അപരനും സന്തോഷം നല്കുന്ന കൊച്ചു കാര്യങ്ങളിലൂടെ, കൊച്ചുകൊച്ചു പ്രവൃത്തികളിലൂടെ, വായനയിലൂടെ മനനത്തിലൂടെ, മനസ്സിനെ വരുതിയില്‍ വരുത്തുക.
മൂന്ന്: എല്ലാറ്റിനുമുപരി സമ്പത്തിന്റെ പരിമിതി കണ്ടറിഞ്ഞ് ദുര്‍വ്യയം ഒഴിവാക്കി മുന്നില്‍ വരാന്‍ പോകുന്ന പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാന്‍ ശ്രമിക്കുക. കുറഞ്ഞ ചിലവിൽ ജീവിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കുക. പ്രിയപ്പെട്ടവരുമായി അത് ചർച്ച ചെയ്യുക. കല്യാണങ്ങളുടെയും മറ്റു വിശേഷങ്ങളുടെയും ആഡംബര ധൂര്‍ത്തുകള്‍ ഒഴിവാക്കുക. ഇത്രയുമേറെ ധൂര്‍ത്തുകള്‍ നാട്ടിലേക്ക് എത്തിച്ചതില്‍ പ്രവാസിക്കു പ്രധാനപങ്കുണ്ട്. ഇനിയെങ്കിലും നമുക്ക് കൊട്ടാരങ്ങള്‍ പണിയാതെ ജീവിക്കാനുള്ള ഇടങ്ങള്‍ പണിയാന്‍ നോക്കാം.
നാല്: ബാങ്കില്‍ നീക്കിയിരിപ്പുള്ളവര്‍ അബദ്ധങ്ങളില്‍ ചെന്നുചാടാതെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക. പ്രവാസി പറ്റിക്കപ്പെടാന്‍ ഏറെ സാധ്യതകളുണ്ട്. അത്തരം കഥകള്‍ ധാരാളം കേള്‍ക്കുന്നു.
അഞ്ച്: പുതിയ പ്രവര്‍ത്തനമേഖല കണ്ടെത്താന്‍ ശ്രമിക്കുക. ലക്ഷ്യങ്ങള്‍ നേടുന്നതിന് പുതിയ രീതികള്‍ പരീക്ഷിക്കുക. ഉദാഹരണത്തിന് ഇപ്പോള്‍ തന്നെ വീടകങ്ങള്‍ ഓരോന്നും ഒരു കൂട്ടം സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഒക്കെ ആയി രൂപാന്തരപ്പെട്ടിരിക്കുന്നല്ലോ. സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും ഈ സൌകര്യങ്ങള്‍ എങ്ങനെ എത്തിക്കും എന്നത് ഇനി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെ മികവ് പോലിരിക്കും. എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാവുക. ജീവിതം മുന്നോട്ട് പോകേണ്ടതാണ്. തൊഴിലിന്റെ മഹത്വം അംഗീകരിക്കുക. അതിന് മിഥ്യാഭിമാനം ദൂരെയെറിയുക. മണ്ണുള്ളവര്‍ സ്വന്തം ആഹാരത്തിനു വേണ്ടിയെങ്കിലും കൃഷിയിറക്കാന്‍ എന്തിന് മടിക്കണം? കോവിഡ് ഇനിയും തേരോട്ടം തുടര്‍ന്നാല്‍ സ്വന്തം മണ്ണില്‍ നട്ടുണ്ടാക്കി വെച്ചുണ്ടാക്കി കഴിക്കാന്‍ കഴിയുന്നവര്‍ ലോകത്തിലേക്കും ഭാഗ്യവാന്മാര് എന്ന് ചിന്തിക്കുന്ന ഒരു കാലം വന്നേക്കാം. മനുഷ്യന് പ്രകൃതിയിലേക്ക് മടങ്ങുന്ന കാലം. മനുഷ്യാ നീയാണ് മാരക വൈറസ് എന്ന് പ്രകൃതി വെല്ലുവിളിക്കുന്നത് കേള്‍ക്കാതെയല്ല. പ്രകൃതി ഇപ്പോള്‍ ആഞ്ഞുശ്വസിച്ച് സന്തോഷിക്കുന്നുണ്ടെന്ന് തോന്നായ്കയുമല്ല.
ആറ്: ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ്… ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ഓരോ രാത്രിക്ക് ശേഷവും പുലരി വരുമെന്ന് മറക്കാതിരിക്കുക. കൊറോണക്കാലത്ത് നടന്ന ആത്മഹത്യകള്‍ അനവധിയാണ്. തകരാന്‍ പോകുന്ന കപ്പലിലാണെന്ന ഭയാശങ്കകള്‍ പെരുകുന്നു. നഷ്ടങ്ങളില്‍ തകരാതെ തളരാതെ എല്ലാം പ്രിയപ്പെട്ടവരോട് പങ്കുവെക്കുക. എന്തുതന്നെ വന്നാലും അതിനെ എങ്ങനെ നേരിടണം എന്നത് നമ്മുടെ മാത്രം കൈകളിലാണ്. മറ്റുളളവര്‍ എന്ത് കരുതും എന്ന് ചിന്തിക്കേണ്ട സമയമേയല്ലിത്. നമ്മള് മാത്രമാണ് നമ്മുടെ ജീവിതത്തിന്റെ ആര്‍ക്കിടെക്ട്സ്.
ഓരോ ദിനവും ഉണരുമ്പോള്‍ പ്രാര്‍ത്ഥനയാണ്… ഇനി എന്നു കാണും അകലെ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ? വേഗം കടന്നുപോകണമേ ഈ കാലം. യു ആർ നെഗറ്റിവ് എന്ന ടെസ്റ്റ് റിസല്‍ട്ട് കേട്ട് ഒരുപാട് പേര് സന്തോഷിക്കുന്ന ഒരു ദിവസമാകണമേ ഇന്ന്. മരണത്തിന്റെ പട്ടികയില്‍ പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ നിസ്സാരനല്ലാത്ത ആ ദുഷ്ടന് തലകുനിച്ചു പിന്‍വാങ്ങുന്ന ഒരു ദിവസം വരും. ലോകത്തെ കീഴടക്കി വാഴുന്ന സാപിയന്‍സ് ഈ ഭീകര നിസ്സാരനെ പോരാടിത്തോല്പ്പിക്കാനുള്ള ആയുധങ്ങള്‍ മിനുക്കി എടുക്കുക തന്നെചെയ്യും. പലരും പ്രവചിക്കുംപോലെ ലോകത്തിന്റെ സാമൂഹിക സാമ്പത്തിക സൂത്രസംജ്ഞകള്‍ മാറ്റിയെഴുതപ്പെട്ടേക്കാം. എങ്കിലും നാമിപ്പോൾ കടന്നുപോകുന്ന കാലത്തിനുശേഷം നാട് പഴയ നാട് തന്നെയായേക്കാം. പക്ഷെ, മനുഷ്യന് പഴയ ആ മനുഷ്യന് ആവാതിരുന്നെങ്കില്‍!
അമിത പ്രതീക്ഷകള്‍ വേണ്ട എന്ന് സമീപദിന സംഭവങ്ങള്‍ പറയുന്നുണ്ട്. മുറിവുകള്‍ വേഗം മറക്കുന്നവനാണ് മനുഷ്യന്. പാഠങ്ങള്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നവന്. എല്ലാം വീണ്ടും താളത്തിലാവുന്ന നാള് വരുമ്പോള്‍ ഇത്രയും നാള് നാം നീണ്ട ഉറക്കത്തിലോ സ്വപ്നത്തിലോ ആയിരുന്നെന്ന വിചാരത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ അവന് നശീകരണ ആയുധങ്ങളുടെയും ഭാവനകളുടെയും പ്രയോഗം തുടങ്ങാം. മദ്യവില്‍പ്പന പുനരാരംഭിച്ച ആദ്യ ദിനങ്ങളില്‍ കേരളനാട്ടില്‍ മാത്രം നടന്ന കൊടുംകൊലകളുടെ വാര്‍ത്തകള്‍ മാത്രം മതി കോവിഡ് എന്നല്ല ആറ്റംബോംബോ പ്രളയമോ പേമാരിയോ വരള്‍ച്ചയോ എന്ത് വന്നാലും ഈ ജനം ഒന്നും പഠിക്കാന്‍ പോകുന്നില്ല എന്ന് തോന്നാന്‍.
എങ്കിലും മനസ്സ് പറയുന്നു, കോവിഡ് ഒരു വലിയ വിഭാഗം ജനങ്ങളെയും പോളിസി മെയ്ക്കേഴ്സിനെയും മാറ്റിച്ചിന്തിപ്പിക്കുക തന്നെ ചെയ്യും. അതിഭാവുകത്വമല്ല ഇവിടെ വേണ്ടത്. കോവിഡ് കാലത്തെ പ്രായോഗിമായി സമീപിക്കുന്നവര്‍ രോഗകാലത്തെ അതിജീവിക്കാനുള്ള വഴികള്‍ കണ്ടെത്തിയിരിക്കും. പ്രകൃതിയുടെ ഭാഷയും സാപിയന്‍സിന്റെ ഭാഷയും ഒന്നാകുന്ന കാലം വീണ്ടും വന്നേക്കാം. സ്നേഹത്തില്‍ ജീവിക്കാന്‍ മനുഷ്യന് പഠിക്കുന്ന കാലം! അന്ന് മനുഷ്യരും യന്ത്രമനുഷ്യരും പരസ്പരം കൈകോര്‍ത്ത് പണിയെടുക്കും. അന്നോളം, അന്നോളമെങ്കിലും, പറക്കാന്‍ നമുക്ക് മറക്കാതിരിക്കാം.
ഷീല ടോമിയുടെ വല്ലി എന്ന പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പുസ്തകത്തിന്റെ ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.