എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്? വീണ്ടുമൊരു മയ്യഴിക്കഥ…!
എം.മുകുന്ദൻ എഴുതിയ ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിൽ മയ്യഴിയിൽ ഫ്രഞ്ചുക്കാർ വന്നുപോയതിന് ശേഷമുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. വളരെ ലളിതമായി ഒരു നിഷ്കളങ്കമായ ഗ്രാമത്തിലെയും അവിടെ നിന്ന് ഫ്രാൻസിലേക്ക് ആവിക്കപ്പലിൽ കയറിപ്പോയ ചോയിയുടെയും കഥയാണ് നോവലിന്റെ ഇതിവൃത്തം.
ചോയി ഫ്രാൻസിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധവനെ വിളിച്ച് അല്പം മാറ്റി നിർത്തി താൻ തിരികെ വന്നതിന് ശേഷമോ,അല്ലെങ്കിൽ തന്റെ മരണ ശേഷമോ മാത്രം തുറക്കുവാനുള്ള അനുവാദം നൽകി മാധവന്റെ കൈയിൽ വളരെ സ്വകാര്യമായി ഏൽപിച്ച ലക്കോട്ടിലൂടെയാണ് കഥ വികസിക്കുന്നത്.
ഗ്രാമത്തിലെ കുട നന്നാക്കുന്ന ചോയി ഫ്രാൻസിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധവന് നൽകിയ ലക്കോട്ടിൽ എന്തായിരുന്നു? എന്നറിയാനുള്ള ഗ്രാമത്തിലെ ജനങ്ങളുടെ ജിജ്ഞാസയും,മാധവൻ ലക്കോട്ടിലെ ഉള്ളടക്കം വെളിപ്പെടുത്താത്തതിലുള്ള അമർഷവും,നിരാശയും കലർന്ന ഭാവങ്ങളോടെയാണ് കഥ മുന്നേറുന്നത്
വരികൾക്കുള്ളിലേക്ക് ഇറങ്ങിയാൽ തെളിയുന്നത് മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് കണ്ണോടിക്കുന്ന മനുഷ്യന്റെ സദാചാര ചിന്തകളും,സ്വന്തം ജീവിതത്തിൽ സംഭവിക്കുന്ന മൂല്യശോഷണങ്ങളും തിരിച്ചറിയാൻ കഴിയാത്ത ഒരു ജനതയെയാണ് നോവലിസ്റ്റ് അടിവരയിട്ട് പറഞ്ഞുപോകുന്നതെന്ന് തോന്നുന്നു.
ഫ്രാൻസിൽ നിന്നുള്ള മണിയോർഡറുകൾ നിരന്തരം വരാൻ തുടങ്ങിയതിന് ശേഷം ചോയിയുടെ പെങ്ങളുടെയും,അച്ഛന്റെയും സ്വഭാവത്തിൽ വരുന്ന മാറ്റം മാനവകുലത്തിന്റെ സ്വാർത്ഥതയുടെ ചിഹ്നങ്ങളായി നോവലിൽ അദൃശ്യമായി അടയാളപ്പെടുത്തുന്നുണ്ട്.
മറുഭാഗത്ത് മാധവന്റെ സത്യസന്ധയുടെ കടയ്ക്കൽ കത്തിവെയ്ക്കുവാൻ നിരവധി ശ്രമങ്ങളുണ്ടായിരുന്നിട്ടും ചില വിശ്വാസങ്ങൾ തകർക്കപ്പെടുവാൻ ഈശ്വരന് പോലും സാധ്യമല്ല എന്നൊരു സന്ദേശവും നോവലിസ്റ്റ് നൽകുന്നുണ്ട്.
തായംകണ്ടി കണ്ണന്റെ രൂപത്തിലും,ലക്കോട്ടിലെ സത്യം മാധവന് വെളിപ്പെടുത്തേണ്ടി വരുന്ന അവസ്ഥയിൽ;സമകാലിക ഇന്ത്യയുടെ കാവിവൽക്കരണത്തിന്റെ ഘട്ടം,ഘട്ടമായുള്ള വ്യാപനത്തിന്റെയും,ഇന്ത്യൻ പാതകയിലെ നിറം എത്ര വേഗത്തിലാണ് സ്വന്തം പേരിലേക്ക് ദത്തെടുക്കുവാൻ ചിലർ സംഘം ചേർന്ന് അഹോരാത്രം പണിയെടുക്കുന്നുണ്ടെന്ന് അറിയിക്കുന്നതിനുള്ള ചൂണ്ടകൊളുത്തുകൾ നോവലിനുള്ളിലൂടെ അതി വിദഗ്ധമായി പറയുവാനുള്ള ശ്രമവും നോവലിസ്റ്റ് നടത്തുന്നുണ്ട്.
മികച്ചൊരു വായനാനുഭവം നൽകുന്ന നോവൽ.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
എം.മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിന് സിജു പുത്തന്‍പുര എഴുതിയ വായനാനുഭവം.
Comments are closed.