മലയാള ഭാഷയുടെ പുണ്യമായ ഇതിഹാസം!
2008 ൽ രചിക്കപ്പെട്ട ശ്രീ ജയപ്രകാശ് അങ്കമാലിയുടെ ‘സന്താലഹേര വിഭാമകം‘ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇതിഹാസം തന്നെയാണ്. മലയാള ഭാഷയുടെ പുണ്യമായ ഈ ഇതിഹാസം രൂപം കൊണ്ടിരിക്കുന്നത് ഭാവനയുടെ കൊടുമുടികളിൽ നിന്നാണ്. സഹൃദയരുടെ മനസ്സിനെ കൊത്തിപ്പറിച്ചെടുക്കുന്ന ആവിഷ്ക്കാരമാണ് നമുക്കവിടെ കാണാൻ കഴിയുന്നത്.മനസ്സിന്റെ, ശരീരത്തിന്റെ, ആത്മാവിന്റെ തന്നെയും വിമലീകരണ പ്രക്രിയയാണ് സന്താലഹേരാ വിഭാമകത്തിലൂടെ നടക്കുന്നത്.
വിഭാമകം എന്നാൽ കനിവിന്റെ ശീലുകളാണ്. സത്യത്തിന്റെ പൊരുൾ അറിഞ്ഞ വിഭാമൻ വ്രണിത ഹൃദയങ്ങളിൽ ജ്ഞാനമാകുന്ന തേൻ പുരട്ടി നവജീവൻ നൽകുന്നു.
വിഭാമകസൂക്തങ്ങൾ കേട്ട് അനുവാചകർ തന്നെയും മനസ്സിന്റെ ഭാരങ്ങൾ വെടിഞ്ഞ് നനുത്ത പഞ്ഞിക്കെട്ടുകൾ പോലെ ഭാരമില്ലാത്തവരാകും. വിഭാമകം, ഇതു വരെ മലയാള സാഹിത്യത്തിൽ പിറവിയെടുത്ത ഒരോ ഗദ്യകൃതികളെയും വെല്ലുവിളിക്കുന്ന കനിവിന്റെ സാഗരമാണ്.
സന്താലഹേരാ വിഭാമകം, ആസ്വാദനം എന്നതിലുപരി അനുഭവമായി മാറുന്നു. ആസ്വാദന തലത്തിന്റെ മേൽത്തട്ടും നിറഞ്ഞുകവിഞ്ഞ് എനിക്ക് ചുറ്റും ഒരു സ്വപ്നലോകം സംജാതമായിരിക്കുന്നു. ഞാൻ ഏതൊക്കെയോ സമുദ്ര തീരങ്ങളിലൂടെയും കാട്ടു പാതകളിലൂടെയും പാടവരമ്പുകളിലൂടെയും നടന്ന് ഇതുവരെയുള്ള സംഭവങ്ങൾക്കൊക്കെ സാക്ഷിയായത് പോലെ തോന്നുന്നു. ഇപ്പോഴും കൂർമ്മകതീരത്തു നിന്നും തിരിച്ചുവരുവാൻ കഴിയുന്നില്ല. ഇനിയും എന്തെല്ലാമോ കാണാനുള്ള വ്യഗ്രതയിൽ മനസ്സുഴറി നടക്കുകയാണ്.
തികച്ചും ഭാവനയിൽ നിന്നും മെനഞ്ഞെടുത്തിരിക്കുന്ന ഈ ഗദ്യ സമ്പത്ത്, അനുവാചകരെ ആനന്ദത്തിന്റെ പരകോടിയിലെത്തിക്കുന്നു. നിരവധി കഥകളിലൂടെയും ഉപകഥകളിലൂടെയും കഥാകാരൻ നമ്മെ കൊണ്ടുപോകുന്നതോടൊപ്പം പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ആനയിച്ച് അതിന്റെ ആത്മാംശം കാണിച്ചുതരികയാണ്.വർണ്ണശബളതയിൽ മുങ്ങിയ ഒരു സ്വപ്നം കണ്ടതുപോലെ തോന്നുന്നു. എങ്കിലും അതിൽ കണ്ട ഓരോ വ്യക്തികളും ചെറിയ സ്ഥലങ്ങൾ പോലും ജീവസ്സാർന്നു നിൽക്കുന്നു.
നന്മതിന്മകളുടെ തീവ്രത, മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും നിറഭേദങ്ങൾ, അടിയുറച്ച സ്നേഹത്തിന്റെ നനുത്ത തലോടലുകൾ വീര-രൗദ്ര ഭാവങ്ങളുടെ മേളനം, മിത്തുകളുടെയും വ്രതാനുഷ്ഠാനങ്ങളുടെയും ദൃഢത ഇവയുടെയെല്ലാം ശക്തമായ ആവിഷ്കാരമാണ് സന്താലഹേര. എല്ലാം ഇതിൽ കൂടുതൽ പൂർണ്ണതയിലെത്താനില്ല.നിരവധി കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ സുന്ദര കാവ്യത്തിൽ ഒരു ചെറിയ കഥാപാത്രം പോലും വിസ്മരിക്കപ്പെടുന്നില്ല.
സാഗരത്തോളം തന്നെ ശാന്തനായ അർണവനിലെ നയതന്ത്ര പാടവം ഇന്നത്തെ തലമുറയ്ക്ക് ചിന്തനീയമായ ഒരു വസ്തുതയാണ്. എന്നാൽ കടലിന്റെ ഉഗ്രഭാവങ്ങൾ പകരുന്ന മേധയുടെ വീര്യം ഒരു സമൂഹത്തിനു മുഴുവൻ തണലും സംരക്ഷണവും ആവുന്നു.പഞ്ചൻ എന്ന ധീരനായ കഥാപാത്രം മനസ്സിനൊരു നീറ്റലുണ്ടാക്കി കടന്നുപോയി. താമ്പയും ധീരതയുടെയും അചഞ്ചലതയുടെയും പര്യായമാകുന്നു.
‘പരു’ എന്ന കഥാ പാത്രത്തെ കണ്ടപ്പോൾ ചന്തുമേനോന്റെ ‘ശാരദ’ യിലെ വൈത്തിപ്പട്ടരെ ഓർമ്മ വന്നു. ചഞ്ചല മനസ്കനായ അഗാരനിലും നന്മയുടെ ഒരു ആവരണമുണ്ട് . തന്റെ പിതാവിൽനിന്നും വ്യത്യസ്തനായി സ്വേച്ഛാ താൽപ്പര്യത്തിന് വഴങ്ങുന്ന അസന്തിയുടെ ഉദ്യമഫലം സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിന്റെ വിജയം ആകുമ്പോൾ അസന്തിയും കളങ്കരഹിതനാകുന്നു. പക്ഷേ സന്താലഹേരാഹരണവും അസന്തിയെ സന്തുഷ്ടനാക്കിയില്ല.
സന്താലഹേരയിലെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം തന്നെ സഹനത്തിന്റെ പ്രതീകങ്ങളാണ്.കഥാകൃത്തിന്റെ ഭാവനാലോകം അപാരമാണെന്നത്തിനു ദൃഷ്ടാന്തമാണ് ഈ കാവ്യത്തിലെ ഓരോ വരികളും. ഉപകഥകളുടെ ഓരോ തലങ്ങളും അത്ഭുതവും ആശ്ചര്യവും
ഉണർത്തുന്നതോടൊപ്പം അതിരില്ലാത്ത ആനന്ദനിർവൃതിയിൽ ഇറക്കി നമ്മെയും ഒരു കഥാപാത്രമാക്കി മാറ്റുന്നു.
മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ഏറെക്കുറെ തന്റെ കഥാപാത്രങ്ങളിലൂടെ കൊണ്ടുവരാൻ കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു.കാലത്തിന് സമാന്തരമായി മനുഷ്യജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വൃദ്ധിക്ഷയങ്ങൾ സൂക്ഷ്മമായി അനാവരണം ചെയ്യുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
സ്ത്രീ, പുരുഷന്റെ ശക്തിയായും അതേസമയം അവരെ തളർത്തുന്ന ആസക്തിയായും മാറുന്നു. ചിലയിടത്ത് അത് ആത്മവീര്യം നേടിയവരെ പോലും ചിന്താധീനരാക്കി ഭൗതീക ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. എങ്കിലും ലൗകികസുഖങ്ങൾ വെടിഞ്ഞു അസ്തിത്വ സത്യമുൾക്കൊണ്ട് ഓരോ ജന്മങ്ങളും ആത്മീയതയുടെ ഔന്നത്യത്തിലേക്ക് കയറി സായൂജ്യമടയുന്നത് കാണാം .
പാശ്ചാത്യ സാഹിത്യനിരൂപണത്തിലെ “കഥാർസിസ്” എന്ന വികാര വിരേചനത്തെക്കുറിച്ച് ഓർമ്മ വരികയാണ്. മനുഷ്യമനസ്സുകളുടെ വിമലീകരണം ലക്ഷ്യമാക്കിക്കൊണ്ട് പാശ്ചാത്യ സാഹിത്യ ലോകത്ത് കഥകൾ ജനിക്കുമ്പോൾ അത് ലക്ഷ്യത്തിൽ തന്നെ കൊള്ളാറുണ്ട്. ഇവിടെ
സന്താലഹേര വിഭാമകത്തിലൂടെ ഓരോ വായനക്കാരനും അതേ വിമലീകരണം ആണ് സംഭവിക്കുന്നത്. വിഭാമൻ ചൊല്ലിക്കൊടുക്കുന്ന കഥകൾ അവാനൻ മാത്രമല്ല കേൾക്കുന്നത്, സഹൃദയരായ വായനക്കാർ മുഴുവനുമാണ്.
ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ പൗർണമി വരെ അഭിവേദയിൽ വിടർന്ന പൂക്കളുടെ മനംമയക്കുന്ന അന്തരീക്ഷത്തിൽ ഹൃദയത്തിൽ നിന്നുയർന്ന നാദവീചികൾക്ക് ഇന്നലെകളുടെയും ഇന്നിന്റേയും സത്യം ഗ്രഹിച്ച് സർവ്വ ദുഃഖങ്ങളിൽനിന്നും മുക്തി നേടാൻ കഴിയുന്നു. ഇപ്പോഴും അഭിവേദാ പൂക്കളുടെ സുഗന്ധം ചുറ്റിലും പരക്കുന്നു. സമസ്ത ലോക ഐശ്വര്യത്തിനെന്ന പോലെ …
ജയപ്രകാശ് അങ്കമാലിയുടെ ‘സന്താലഹേര’ എന്ന കൃതിക്ക് പ്രീതി നന്ദനന് എഴുതിയ വായനാനുഭവം.
Comments are closed.