ആളും ആരവങ്ങളുമില്ല, ചരിത്രത്തിലേക്ക് ഒരു ജൂണ്‍1!
വേനലവധിക്ക് വിട നല്‍കി വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി. ഒന്നാംക്ലാസിന്റെ പടികയറാന്‍ ആയിരക്കണക്കിന് കുട്ടികള്‍. പതിവ് തെറ്റിക്കാതെ കാലവര്‍ഷം രാവിലെ തന്നെയെത്തി. പക്ഷേ പതിവ് പോലെ പ്രവേശനോത്സവമോ കുട്ടികളുടെ കളിചിരികളോ കരച്ചിലുകളോ എങ്ങും ഇക്കുറി കാണാനില്ല…. ജൂണ്‍ 1ന് അതിഥിയായി എത്തിയ കാലവര്‍ഷത്തോടൊപ്പം കുട ചൂടി കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയില്ല, പകരം വീടുകള്‍ തന്നെ ക്ലാസ്സ് മുറികളായി. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ഇത്തവണ സര്‍ക്കാര്‍ ഓണ്‍ലൈനായി ചാനലിലൂടെ സ്‌കൂള്‍ തുറന്നപ്പോള്‍ കേരളം ചരിത്രത്തിലേക്ക് പുതിയ ചുവടുകള്‍ വെക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ് ചാനലിലൂടെയാണ് ക്ലാസുകള്‍. രാവിലെ 8:30 മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസുകള്‍ ഉണ്ടാവും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അദ്ധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് അവരുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കും.
രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ്ടുകാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാംക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താംക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്നുമുതല്‍ ഏഴുവരെ ഉള്ളവര്‍ക്ക് അരമണിക്കൂറാണ് ക്ലാസ്. ടി വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തയിടങ്ങളില്‍ പിടിഎയുടെയും കുടുംബശ്രീയുടെയോ സഹായത്തോടെ മറ്റു സംവിധാനമൊരുക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും.
ഇന്നത്തെ ടൈംടേബിള്‍
പ്ലസ്ടു: 8.30 ഇംഗ്ലീഷ്, 9.00 ജ്യോഗ്രഫി, 9.30 മാത്തമാറ്റിക്‌സ്, 10 കെമിസ്ട്രി.
പത്താംക്ലാസ്: 11 ഭൗതികശാസ്ത്രം, 11.30 ഗണിതശാസ്ത്രം, 12 ജീവശാസ്ത്രം
ഒമ്പതാംക്ലാസ്: 4.30 ഇംഗ്ലീഷ്, 5 ഗണിതശാസ്ത്രം
എട്ടാംക്ലാസ്: 3.30 ഗണിതശാസ്ത്രം, 4 രസതന്ത്രം
ഏഴാംക്ലാസ്: 3 മലയാളം
ആറാംക്ലാസ്: 2.30 മലയാളം
അഞ്ചാംക്ലാസ്: 2 മലയാളം
നാലാംക്ലാസ്: 1.30 ഇംഗ്ലീഷ്
മൂന്നാംക്ലാസ്: 1 മലയാളം
രണ്ടാംക്ലാസ്: 12.30 ജനറല്‍
ഒന്നാംക്ലാസ്: 10.30 പൊതുവിഷയം
പന്ത്രണ്ടാംക്ലാസിലെ നാലുവിഷയങ്ങള്‍ രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങള്‍ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും ഉണ്ടാവുക.
കരഞ്ഞും ചിരിച്ചും കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് കടക്കുന്ന പതിവ് കാഴ്ചയ്ക്ക് വിപരീതമായി നവീനമായൊരു ഓണ്‍ലൈന്‍ യുഗത്തിന്റെ പിറവിയ്ക്കാണ് കുരുന്നുകള്‍ അവര്‍ പോലുമറിയാതെ കാരണമായത്!
Comments are closed.