DCBOOKS
Malayalam News Literature Website

ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതം

1497ല്‍ പോര്‍ച്ചുഗല്‍ രാജാവിന്റെ സഹായത്തോടെ വാസ്‌കോ ഡ ഗാമ തടവില്‍ കഴിഞ്ഞിരുന്ന ഒരു പറ്റം കുറ്റവാളികളുമായി ഇന്ത്യയിലെത്തുകയും, കാപ്പാട് കാലു കുത്തുന്നതിനു മുമ്പ് അതിലൊരാളെ നീന്തിച്ചെന്ന് നാട്ടുകാരുടെ സ്വഭാവങ്ങളറിയാന്‍ പറഞ്ഞയക്കുന്നത് മുതലാണ് ‘ദന്തസിംഹാസന‘ത്തില്‍ ചരിത്രമാരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടു കൂടി നായര്‍ പ്രമാണിമാരേയും വ്യത്യസ്ത ചെറു പ്രഭുക്കന്മാരേയും ഇല്ലായ്മ ചെയ്ത് മാര്‍ത്താണ്ഡ വര്‍മ്മ കൂപകവംശത്തിന്റെ തിരുവിതാംകൂര്‍ രാജ്യ സിംഹാസനം ബലപ്പെടുത്തുന്നു. വിവിധ ആക്രമണങ്ങളുടേയും നിഷ്ടൂരമായ കൊലപാതകങ്ങളുടേയും പിടിച്ചടക്കലിന്റേയും ഫലമായി പ്രജാ മനസ്സുകളില്‍ വില്ലന്‍ പരിവേഷത്തിനുടമയായ മാര്‍ത്താണ്ഡ വര്‍മ്മ, ‘ഹിരണ്യ ഗര്‍ഭ’ത്തിലൂടെ തന്റെ ജാതീയത ഉയര്‍ത്തുകയും, ‘തൃപ്പടിദാന’ത്തിലൂടെ രാജ്യം പത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീട്, താനൊരു പത്മനാഭ ദാസനായി രാജ്യഭരണം നടത്തുന്നുണ്ടെങ്കിലും രാജ്യം പത്ഭനാഭന്റേതായി കണക്കാക്കപ്പെട്ടതിനാല്‍ ജനങ്ങള്‍ ചെറിയ രീതിയില്‍ അവര്‍ക്കെല്ലാം ദൈവീക പരിവേഷം നല്‍കിയതിലുപരി, സ്‌നേഹവും ബഹുമാനങ്ങളും നല്‍കിത്തുടങ്ങുന്നു. .

മരു മക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന തിരുവിതാംകൂര്‍ രാജ കുടുംബം വിവിധ കാലഘട്ടങ്ങളില്‍ കണ്ണൂരിലെ കോലത്തിരി രാജാവിന്റെ കുടുംബത്തില്‍ നിന്നും രാജ കുമാരിമാരെ ദത്തെടുക്കുകയും, അവരുടെ മക്കളെ രാജ്യ ഭരണമേല്‍പ്പിക്കുകയും ചെയ്തുപോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ പൗത്രിമാരായ സേതു ലക്ഷ്മി ബായിയും (സീനിയര്‍ റാണി), സേതു പാര്‍വതി ബായിയും (ജൂനിയര്‍ റാണി) തിരുവിതാംകൂറില്‍ ദത്ത് വഴി (1900ല്‍) കൊട്ടാര പ്രവേശനം നടത്തുന്നതിലൂടെയാണ് ചരിത്രം സഞ്ചരിക്കുന്നത്. പിന്നീട്, ഈ രണ്ട് ശാഖകളിലൂടെ തിരുവിതാംകൂര്‍ രാജ വംശം വളരുകയും, ജൂനിയര്‍ റാണിയുടെ ശാഖ രാജഭരണം നടത്തുന്നതിനെക്കുറിച്ചും, സീനിയര്‍ റാണിയുടെ ശാഖ മാറി സഞ്ചരിക്കുന്നതിനെക്കുറിച്ചും വ്യക്തമായി പറയുന്നു. .

തന്റെ അഞ്ചാം വയസ്സില്‍ ആറ്റിങ്ങല്‍ റാണിയായി ജീവിതമാരംഭിച്ച സീനിയര്‍ റാണി, ശ്രീ പത്മനാഭദാസ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ നാട് നീങ്ങലിനെത്തുടര്‍ന്ന് തിരുവിതാം കൂറിന്റെ ഭരണം ഏഴു വര്‍ഷം ഏറ്റെടുക്കുന്നതും, വിവിധ കര്‍മ്മ പരിപാടികളിലൂടെ കഴിവ് തെളിയിക്കുന്നതും ഗാന്ധിജിയുടെ തന്നെ പ്രശംസയേറ്റുവാങ്ങുന്നതുമെല്ലാം നന്നായി ചര്‍ച്ചചെയ്യുന്നുണ്ട്. വൈക്കം സത്യാഗ്രഹ സമയത്ത് രാജ്യം ഭരിച്ചതിനാല്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒഴിവാക്കാന്‍ ശ്രമിച്ചതോടൊപ്പം, ക്രിസ്ത്യാനിയായ ദിവാനേയും, മുസ്ലിമായ മജിസ്‌ട്രേറ്റിനെയുമെല്ലാം ഹിന്ദു രാജ്യത്ത് നിയമിച്ച് ശക്തി തെളിയിച്ചു. മരു മക്കത്തായം, മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട് വരികയും, ഗ്രാമ പഞ്ചായത്ത്, വോട്ടവകാശം, മറ്റു രാജ്യങ്ങളോടൊപ്പം കൊച്ചി തുറമുഖ നിര്‍മ്മാണത്തില്‍ പങ്കാളിയായും, കാര്‍ഷിക മേഖലയിലും ബാങ്കിങ് മേഖലയിലും സേവനങ്ങള്‍ കൊണ്ട് വരുന്നതിലും, സിനിമാ മേഖലയിലും വൈത്യുത പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലെമെല്ലാം തിരുവിതാംകൂറിന്റെ ‘ശംഘുമുദ്ര’ പതിപ്പിച്ചു. അതിലുപരി, സ്ത്രീ ശാക്തീകരണത്തിന്റെ പാതയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയും, അതില്‍ യൂറോപ്പില്‍ നിന്നും വിദ്യാ സമ്പന്നരായ അധ്യാപകരെ നിയമിച്ചും, നിയമ സഭയിലേക്ക് Manu S Pillai-Danthasimhasanamസ്ത്രീകളെ നേരിട്ട് നോമിനേറ്റ് ചെയ്തും ‘തുല്യം ചാര്‍ത്തി’. ന്യൂസ്‌പേപ്പര്‍ റെഗുലേഷന്‍ നിയമത്തിലൂടെ തനിക്ക് ഏകാധിപത്യവും വഴങ്ങുമെന്നും തെളിയിച്ചു. .

1924ല്‍ ജൂനിയര്‍ റാണിയുടെ പുത്രന്‍ ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ പ്രായപൂര്‍ത്തിയായതിനെത്തുടര്‍ന്ന് രാജ്യ ഭരണം തിരിച്ചു നല്‍കി ആറ്റിങ്ങല്‍ റാണിയായി ഒതുങ്ങിക്കൂടുന്നതിനെക്കുറിച്ചും, ശേഷം മഹാരാജാവിന്റേയും കവടിയാര്‍ കൊട്ടാരത്തിന്റേയും ചില അസ്വാരസ്യ നടപടികളെക്കുറിച്ചുമെല്ലാം ഈ പുസ്തകത്തില്‍ വരച്ചു കാട്ടുന്നു. 1936 ലെ ക്ഷേത്ര പ്രവേശന വിളംബര പശ്ചാത്തലത്തില്‍ ചരിത്ര പുസ്തകങ്ങള്‍ യുവാവായ മഹാരാജിനെക്കുറിച്ച് വാനോളം പുകഴ്ത്തുമ്പോഴും, ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ദ്ധനവിനോടൊപ്പം ഹിന്ദു ജനസംഖ്യ കുറവിനെ ഭയന്നും, വിശാല ഹിന്ദു ഐക്യം ലക്ഷ്യമിട്ടും ജൂനിയര്‍ മഹാറാണിയും രാജാവും ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരും നടത്തിയ രാഷ്ട്രീയ തീരുമാണെന്ന് മറ്റൊരു വശവും വ്യക്തമാക്കുന്നുമുണ്ട്. അതിലുപരി, സര്‍ സിപി രാമസ്വാമി അയ്യരുടെ കൂര്‍മ്മ ബുദ്ധിയും, ഭരണ പാടവവും, നിശ്ചയ ദാര്‍ഢ്യവും എടുത്ത് കാണിക്കുന്നുണ്ടെങ്കിലും, കിരാതമായ ഭരണത്തിലൂടെ പുന്നപ്ര വയലാര്‍ സമരങ്ങളെ അടിച്ചമര്‍ത്തുന്നതും, നെഹ്രുവിന്റെ ഭാരതത്തില്‍ ലയിക്കാതെ നിന്ന് പാകിസ്ഥാനുമായി വ്യാപാര ഉടമ്പടിയുണ്ടാക്കാനും ദിവാന്‍ ശ്രമിക്കുന്നുണ്ട്. അവസാനം ജീവന്‍ നഷ്ടപ്പെടുമെന്ന ഭയവും, ഭാരത സര്‍ക്കാര്‍ പട്ടാളത്തെ ഉപയോഗിച്ച് ഹൈദരാബാദ് നൈസാമിനെ ഒതുക്കിയത് പോലെ യുദ്ധ സന്നാഹങ്ങള്‍ ഒരുക്കുമെന്ന വിചിന്തനവുമെല്ലാം തിരുവിതാംകൂര്‍ രാജ്യത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യവും ‘പ്രിവിപഴ്‌സ്’ സ്വീകരിക്കുന്നതിനെക്കുറിച്ചും കുറിച്ചിടുന്നു. .

കൊട്ടാരത്തിനുള്ളിലെ ജനനം, ആര്‍ഭാട ജീവിതം, മരുമക്കത്തായം, നാട് നീങ്ങല്‍, ദത്ത്, ഭരണം, ഭരണക്കൈമാറ്റം, രാജ കുടുംബത്തിനുള്ളിലെ കുശുമ്പ്, അന്തസ്സ്, കൂടോത്രം, ആഭിചാരം എന്നിവയെല്ലാം വ്യക്തമാക്കുന്നതോട് കൂടി, ഇന്ന് രാജ കുടുംബത്തിന്റെ ഒരു ശൃംഖല മാത്രം പഴയ പ്രൗഢി കാത്ത് സൂക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍, മറ്റുള്ളവര്‍ വേറെ ജീവിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും എഴുത്തുകാരന്‍ വിലയിരുത്തുന്നു. ബ്രാഹ്മണ്യത്തിന്റെ മൂര്‍ദ്ധാവസ്ഥയിലും നായര്‍ സമൂഹത്തിന്റെ ഉരുക്കു മുഷ്ട്ടിക്കിടയിലും ഈഴവ സമുദായത്തിന്റെ ഉയര്‍ച്ചയും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ മാറ്റങ്ങളും കൃത്യമായി വരച്ച് കാട്ടുന്ന ഇത് ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉതകുന്നതാണ്. പഴയകാല ചരിത്ര നിര്‍മ്മിതികളില്‍ നിന്നും ചരിത്രകാരില്‍ നിന്നുമെല്ലാം തീര്‍ച്ചയായും വ്യത്യസ്തത പുലര്‍ത്തുന്ന ഈ പുസ്തകം ഇക്കാലത്ത് ഏവരും വായിക്കേണ്ടത് തന്നെയാണ്.

പുസ്തകം 50 ശതമാനം വിലക്കുറവില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക

മനു എസ് പിള്ളയുടെ ‘ദന്തസിംഹാസനം’ എന്ന പുസ്തകത്തിന്  മുഹമ്മദ് മുഹ്‌സിൻ വരിക്കോടൻ എഴുതിയ വായനാനുഭവം

Comments are closed.