മധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം!
സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്ക്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചുവിന്റെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്.
പ്രണയസാഫല്യത്തിനായി രണ്ടു മനുഷ്യാത്മാളെ കുരുതി കൊടുത്തു മായന്‍ ഉമ്മാച്ചുവിനെ വരിക്കുന്നു. അഭിലാഷ സിദ്ധിയിടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം മാറിനിന്നപ്പോള്‍ ചെയ്തുപോയ ആ പിഴയ്ക്ക് ഉമ്മാച്ചുവിന് പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു ഉറൂബ് വരച്ചിട്ടത്. അന്നത്തെ ഏറനാടന്‍ സാമൂഹികപശ്ചാത്തലത്തിന്റെ ഇരുട്ട് നിറഞ്ഞ ഇടനാഴികളിലേയ്ക്ക് പ്രകാശം പരത്തുകയായിരുന്നു ഈ കൃതിയിലൂടെ അദ്ദേഹം.
1954ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങിയത് 1991’ലാണ്. പുസ്തകത്തിന്റെ 23-ാമത് പതിപ്പാണിപ്പോള്‍ വിപണിയിലുള്ളത്. 1958-ല്‍ ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയായി ഉമ്മാച്ചു മാറി. 1971-ല്‍ ഉമ്മാച്ചു ചലച്ചിത്രമായി. പി ഭാസ്കരന് സംവിധാനം ചെയ്ത ചിത്രത്തില്‍ മധു, ഷീല തുടങ്ങിയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1915 ജൂണ്‍ 8-ന് പൊന്നാനിക്കടുത്ത് പളളിപ്രം ഗ്രാമത്തില്‍ പരുത്തുളളി ചാലപ്പുറത്തു വീട്ടിലാണ് ഉറൂബ് എന്ന പി സി കുട്ടികൃഷ്ണന് ജനിച്ചത്. അധ്യാപകന്, ഗുമസ്തന്, കമ്പൗണ്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുന്ദരികളും സുന്ദരന്മാരും, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. നോവല്‍, കഥ, കവിത, നാടകം, ബാലസാഹിത്യം, ലേഖനം എന്നീ വിഭാഗങ്ങളില്‍ നാല്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്സിൽ വായനക്കാർക്കായി ഉറൂബിന്റെ ‘ഉമ്മാച്ചു’ എന്ന കൃതിയും
Comments are closed.