DCBOOKS
Malayalam News Literature Website

‘കാഴ്ചക്കപ്പുറത്തെ ചില അനന്യമായ അനുഭവങ്ങൾ ഓരോ യാത്രയും നമുക്കായി ഒരുക്കി വച്ചിരിക്കുന്നു’: ബെന്യാമിന്‍

ബൈജു എന്‍. നായരുടെ ‘സില്‍ക്ക് റൂട്ട്’ എന്ന പുതിയ പുസ്തകത്തിന് ബെന്യാമിന്‍ എഴുതിയ അവതാരിക
വിവരസാങ്കേതിക വിദ്യയുടെയും ദൃശ്യമാധ്യമങ്ങളുടെയും ഇക്കാലത്ത് എന്തിനാണ് നാം യാത്ര പോകുന്നത് എന്ന് ചോദിക്കുന്ന ചിലരെങ്കിലും ഇപ്പോഴും കേരളത്തിൽ ജീവിച്ചിരിക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ കാഴ്ചക്കപ്പുറത്തെ ചില അനന്യമായ അനുഭവങ്ങൾ ഓരോ യാത്രയും നമുക്കായി ഒരുക്കി വച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു പുതിയ തലമുറ കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി നമുക്കിടയിൽ വർദ്ധിച്ചു വരുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാലു കാശുള്ളത് പോക്കറ്റിൽ കിടക്കട്ടെ എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടിൽ നിന്നും മാറി അതിലിത്തിരി ചിലവഴിച്ച് ലോകം കാണുകകൂടി വേണം എന്ന് പുതിയ തലമുറ ചിന്തിച്ചു തുടങ്ങിയെങ്കിൽ അവർക്ക് സാധാരണ ജീവിത പരിസരങ്ങളിൽ നിന്ന് ലഭ്യകാമുന്നതിനും നിന്നും വ്യത്യസതമായതെന്തോ യാത്രയിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നുതന്നെയാണല്ലോ അർത്ഥം. ആ പറഞ്ഞറിയിക്കാനാവാത്ത അനുഭവം തേടിത്തന്നെയാണ് നാം ഓരോരുത്തരും യാത്രയ്ക്കായി ഇറങ്ങിപ്പുറപ്പെടുന്നത്.
യാത്രികർ തന്നെ രണ്ടുവിധമുണ്ട്. ഒഴിവുവേളകളിൽ ഉല്ലാസമേഖലകളിലേക്ക് മാത്രം യാത്ര ചെയ്യുന്നവരും സാമാന്യജനം പോകാത്ത വ്യത്യസ്തമായ ഇടങ്ങളിലേക്ക് ഏറെ ത്യാഗം സഹിച്ച് യാത്രകളിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നവരും. മനുഷ്യൻ പാർക്കുന്ന ഭൂഖണ്ഡങ്ങളിലെല്ലാം ഒരു തവണ കാലുകുത്താൻ ഭാഗ്യം ലഭിച്ചിട്ടും യാത്ര ഒരു ജീവിതചര്യയായി കൊണ്ടു നടക്കുന്ന രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവരോട് ഇന്നും എനിക്ക് അസൂയയുണ്ട്. അവരാണ് നമുക്ക് വ്യത്യസ്തതരം ദേശങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും ആഴത്തിൽ പറഞ്ഞു തരുന്നത്. അതിനു യാത്ര ഒരു കൌതുകം എന്നതിനപ്പുറത്ത് അടങ്ങാത്ത അഭിനിവേശമായി നമ്മുടെ സിരകളിൽ കയറിക്കൂടുക തന്നെ വേണം. കൊച്ചിയിൽ നിന്ന് ലണ്ടൻ വരെ റോഡു യാത്ര നടത്തിയിട്ടും ഇതിനോടകം തൊണ്ണൂറ്റിയേഴ് രാജ്യങ്ങൾ കണ്ടു തീർത്തിട്ടും ഒരാളുടെ യാത്ര മോഹം തീർന്നിട്ടില്ലെങ്കിൽ അയാളുടെ സിരകളിൽ  യാത്ര എന്ന ലഹരി എങ്ങനെ കയറിക്കൂടിയിരിക്കുന്നു എന്ന് നമുക്ക് ഊഹിക്കാൻ കഴിയും. അങ്ങനെ യാത്ര ലഹരിയായി കൊണ്ടുനടക്കുന്ന ബൈജുവിന്റെ പുതിയ യാത്രാവിശേഷങ്ങളാണ് സിൽക്ക് റൂട്ട് എന്ന ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്.
എന്തിനാണ് താൻ ഈ യാത്രകൾ അത്രയും നടത്തിയത് എന്നതിന് ശ്രീ. ബൈജു എൻ നായർ ഈ പുസ്തകത്തിൽ കൃത്യമായ ഉത്തരം നല്കുന്നുണ്ട്. ഭക്ഷണം, കാലാവസ്ഥ, ജനപദങ്ങൾ, ഭൂപ്രകൃതി എന്നിവയെല്ലാം എല്ലാം അടുത്തു കാണാൻ. ഇന്റർനെറ്റിന്റെയും ദൃശ്യമാധ്യമങ്ങളുടെയും വിർച്വൽ കാഴ്ചകളിൽ ഇവ ഒരിക്കലും ലഭ്യമാകില്ല എന്ന് അദ്ദേഹത്തിനറിയാം.
Baiju N Nair-Silk Routeപഴയ സോവിയറ്റ് യൂണിയനിൽ നിന്ന് വിഘടിച്ചു പോന്ന കസാഖ്‌സ്ഥാൻ, കീർഗിസ്ഥാൻ. തജാക്കിസ്ഥൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെക്കുറിച്ച് അതിന്റെ പാരമ്പര്യത്തെക്കുറിച്ച് ചരിത്രത്തെക്കുറിച്ച്  ഒക്കെ അവ്യക്തവും പരിമിതവുമായ അറിവേ ഇന്നും നമുക്കൂള്ളു. റഷ്യയുടെ ഭാഗമായിട്ടോ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവയുടെ തുടർച്ച ആയിട്ടോ മാത്രമാണ് ചിലരെങ്കിലും ആ രാജ്യങ്ങളെ കാണുന്നത്. എന്നാൽ അവർ തനത് അസ്ഥിത്വമുള്ള ദേശവും ജനങ്ങളുമാണെന്ന തിരിച്ചറിവ് ഈ പുസ്തകം നമുക്ക് പകർന്നു നല്കുന്നു. പുരാതന സിൽക്ക് റൂട്ടിലെ അതിപ്രധാനമാ‍യ നഗരങ്ങൾ സ്ഥിതി ചെയ്യുന്ന ഉസ്ബക്കിസ്ഥാനിലേക്കാണ് ഈ പുസ്തകത്തിൽ ബൈജു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.  സഹസ്രാബ്ദാങ്ങളുടെ കച്ചവടചരിത്രമുറങ്ങുന്ന ബുഖാര, സമർഖണ്ഡ് എന്നീ പുരാതന നഗരങ്ങളും ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹമരണംകൊണ്ട് ഇന്ത്യൻ ചരിത്രത്തിൽ ഇടം പിടിച്ച താഷ്ക്കെന്റും അമീർ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്സും നാം ഇവിടെ അടുത്തറിയുന്നു. അതൊന്നും വെറും ചരിത്രം പറച്ചിൽ അല്ല. അനുഭവങ്ങളുടെ പങ്കുവയ്ക്കലാണ്. ഷെവർലെ മാത്രമുള്ള ഉസ്ബക്ക് നഗരങ്ങൾ, അവരുടെ ഇന്ത്യൻ പ്രണയം, എല്ലാവരും സ്വർണ്ണപ്പല്ലുകാരായതിന്റെ പിന്നിലെ രാഷ്ട്രീയം, ഷിംഗൺ മലനിരകളുടെയും ചർവാക്‌ തടാകത്തിന്റെയും സൌന്ദര്യം, മിനോറ് മോസ്ക്, താഷ്കന്റ് ടവർ, ഭൂകമ്പസ്മാരകം, ഫ്രീഡം സ്ക്വയർ എന്നിവയുടെ ചരിത്രപ്രാധാന്യം, വഴിയാഹാരങ്ങളുടെ രുചി, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തട്ടിപ്പുകൾ,  ഉസ്മാൻ എന്നുപേരായ ഗൈഡുകൾ, താഷ്കന്റ് പാലസ് ഹോട്ടലിലെ ദുരൂഹത നിറഞ്ഞു നില്ക്കുന്ന അഞ്ഞൂറ്റി നാല്പത്തിയഞ്ചാം മുറി എന്നിങ്ങനെ അനേകം കൈവഴികളിലൂടെയാണ് ഈ യാത്ര പൂർത്തിയാവുന്നത്. വായിച്ചു തീരുമ്പോൾ അവയൊക്കെയും നമ്മുടെ അനുഭവങ്ങളും കാഴ്ചകളും ബോധ്യങ്ങളും ആയി മാറുന്നത്, അനുഭവങ്ങളെ വാക്കുകളിലൂടെ പകർന്നു തരാൻ കഴിവുള്ള മികച്ച എഴുത്തുകാരൻ കൂടിയാണ് ബൈജു എന്നതുകൊണ്ടാണ്.
ഒരു യാത്രാപുസ്തകം വായിച്ചുകഴിഞ്ഞാലുടൻ ആ ഭൂമികയോട് നമുക്ക് എന്തെന്നില്ലാത്ത ഒരു ഗൃഹാതുരത്വം തോന്നുക, എത്രയും വേഗം അവിടെ ഒന്നു പോകാൻ ആഗ്രഹിക്കുക, ഏറ്റവും കുറഞ്ഞത് നാം വായിച്ചനുഭവിച്ച ദേശങ്ങളെക്കുറിച്ച് ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക, ഇവയിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചാൽ ആ യാത്രാവിവരണം മനോഹരമായി നമ്മെ സ്വാധീനിച്ചു എന്നാണ് അർത്ഥമാക്കേണ്ടത്. അങ്ങനെയെങ്കിൽ ബൈജു എൻ നായരുടെ ‘സിൽക്ക് റൂട്ട്’ അതിന്റെ ധർമ്മം കൃത്യമായി നിർവ്വഹിച്ചു എന്നു തന്നെ ഉറപ്പിക്കാം.
ബൈജുവിന്റെ സിരയിൽ ലഹരിയായി പടർന്നിരിക്കുന്ന യാത്രകൾ ഇനിയും സംഭവിക്കട്ടെ എന്നും അവയൊക്കെയും വാക്കുകളായി നമുക്ക് പകർന്നു നൽകട്ടെ എന്നും ആശംസിക്കുന്നു.
സ്നേഹത്തോടെ

Comments are closed.