DCBOOKS
Malayalam News Literature Website

രാജാരവിവര്‍മ്മ, ജീവ ചരിത്ര നോവല്‍

 

ഒരു നോവൽ രൂപത്തിൽ രാജാരവിവർമ്മയുടെ ജീവചരിത്രം പറയുന്നത് വായനയ്ക്ക് കൗതുകമുണ്ടാക്കുന്നതു തന്നെയാണ് .ഞാൻ വളരെ കാലം മുമ്പ്  വായിച്ച ഈ നോവൽ ഓർമയിൽ അങ്ങനെ പച്ച പിടിച്ച് കിടക്കുന്നുണ്ട് രവിവർമ്മയുടെ ജീവിതകഥ നമ്മെയൊക്കെ അത്രമേൽ ആകർഷിക്കുന്നത് കൊണ്ടാവാമത് .കിളിമാനൂർ കൊട്ടാരത്തിൽ കരിക്കട്ട കൊണ്ട് ചിത്രം വരച്ചതിന് രവിവർമ്മയും മംഗളയുംഭൃത്യൻ പാച്ചൻെറ  ഭീഷണിയെ ഭയക്കുന്നു. ചിത്രകാരനായ രാജവർമ്മ അനന്തരവൻെറ കഴിവ് മനസ്സിലാക്കി ചിത്രകല അഭ്യസനം തുടങ്ങുന്നു. അച്ഛൻ ഇഴുമാവിന് അത്ര താൽപര്യമില്ലെങ്കിലും ആയില്യം തിരുനാളിൻറെ രാജധാനിയിലെത്തി. രാമയ്യൻ എന്ന സുഹൃത്ത് അവിടെ ഒപ്പമുണ്ടായിരുന്നു. കൊട്ടാരം ചിത്രകാരനായ നായ്ക്കർ രവിവർമയെ ചായം കലക്കുന്നത് പോലും പഠിപ്പിച്ചില്ല .പക്ഷേ രവിവർമ്മ ഈവിദ്യ സ്വായത്തമാക്കിയിരുന്നു. ബ്രൂക്ക് സായിപ്പ് കൊട്ടാരത്തിൽ ചിത്രമെഴുതാൻ എത്തിയപ്പോൾ രാജാവിൻറെ നിർബന്ധം കൊണ്ട് രവിവർമ്മയെ ചിത്രരചന നോക്കികാണുവാൻ അനുവദിച്ചെങ്കിലും ചായം കലക്കുന്നതാണ് രവിവർമ്മ ശ്രദ്ധിക്കുന്നതെന്ന് മനസ്സിലാക്കിയ ബ്രൂക്ക് ചിത്രരചന ശ്രദ്ധിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞു.

മഹാറാണിയുടെ ചിത്രം വരച്ചു കൊണ്ട് രവിവർമ്മ അവിടെ ചിത്രരചന തുടക്കം കുറിച്ചു. മഹാറാണിയുടെ അനുജത്തി (ഭാഗീരഥി എന്നാണ് പേരെങ്കിലും ഗ്രന്ഥകർത്താവ് പുരുതാർത്ഥി എന്നാണ് വിളിക്കുന്നത്) രവിവർമ്മയുടെ ഭാര്യയായി തീരുന്നു .

രവിവർമ്മ മാവേലിക്കരയിലെ ഭാര്യാഗൃഹത്തിലേക്ക് താമസം മാറ്റുന്നു .ഭാര്യയുടെ ചര്യക്രമം തികച്ചും വ്യത്യസ്തമായ കൊണ്ട് അദ്ദേഹം ദുഖിക്കുന്നു. കാമിനി എന്ന നായർ യുവതി -വൃഷലി-രവിവർമ്മ യുമായി ചങ്ങാത്തത്തിലായി .മുല്ലപ്പൂ ചൂടിയ മലയാളി പെൺകൊടി(നായർ സ്ത്രീ) എന്ന ചിത്രത്തിന് മോഡൽ അവരായിരുന്നത്രെ! ചിത്രം പൂർത്തിയാകുന്നതിനുമുമ്പ് Textപുരുതാർത്ഥിയുടെ സംശയം എല്ലാം തകർത്തു. തിരികെ സ്വഗൃഹത്തിൽ എത്തി ,മൂകാംബികയിൽ വിശദമായ ഒരു ദർശനത്തിന് പോകുന്നു. കൊട്ടാരത്തിലെത്തി ‘നായർസ്ത്രീയുടെ തിരുവനന്തപുരപ്രവേശം’ എന്ന ചിത്രം പൂർത്തിയാക്കി. അതിന് സമാനമായി മഹാരാജാവിൽ നിന്ന് വീരശൃംഖല ലഭിക്കുന്നു. അത്താഴ വിരുന്നിൽ യുവ രാജാവുമായി ഒരു ഉരസൽ ഉണ്ടാവുകയും രാജ നിർബന്ധത്താൽ മാവേലിക്കരയ്ക്ക് താമസം മാറ്റുകയും ചെയ്യുന്നു. ഇതിനിടയിൽ ‘ശകുന്തളാ പത്രലേഖനം’ എന്ന ചിത്രം മദിരാശിയിൽ സമ്മാനിതമാവുകയും ചെയ്തു. രാജാവിൻറെ മരണസമയത്ത് അദ്ദേഹത്തെ കാണാൻ രവിവർമ്മ തിരുവനന്തപുരത്തെത്തി. രാജസമ്മാനമായ മോതിരം പോലും യുവരാജാവ് തിരിച്ചു വാങ്ങുന്നു. രവിവർമ്മ മുൻ തിരുവിതാംകൂർ ദിവാനായ മാധവറാവു വിൻെറ നിർബന്ധപ്രകാരം ബോംബെയിൽ ഭാട്ടിയയുടെ ബംഗ്ലാവിലേക്ക് താമസം മാറ്റുന്നു. അവിടെവച്ച് സുഗന്ധയെ കാണുന്ന രവിവർമ്മയിൽ ഒരു ജൈവ പരിവർത്തനം സംഭവിക്കുന്നു .അവൾക്ക് സമ്മാനമായി നൽകിയ അവളുടെ ചിത്രം വിധവയായ ദേവദാസിയെ രാമവർമ്മയുടെദാസിയാക്കുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രംവരയ്ക്കൽ, ലൈംഗികത, എന്നിവയെ മുൻനിർത്തി രവിവർമ്മയ്ക്ക് എതിരെവന്ന കേസ് രവിവർമ്മ തോൽക്കുമെന്ന് സംശയിച്ച് അവൾ വിഷംകഴിച്ച് മരിക്കുന്നു. (ഉർവശിയും പുരൂരവസ്സും എന്ന ചിത്രത്തിൽ ഉർവശിയുടെ നഗ്ന മോഡൽ സുഗന്ധ യായിരുന്നു. രണ്ടുദിവസം വർമ്മയുടെ മുമ്പിൽ നഗ്നയായി നടന്ന അവൾ അവസാനം ക്ഷമകെട്ട് പൊട്ടിത്തെറിച്ചപ്പോൾ ,നീ ഇപ്പോൾ നിന്റെ നഗ്നതയെ പറ്റി മറന്നു എന്നുപറഞ്ഞ് ചിത്രരചന ആരംഭിച്ചു. ദിവസങ്ങൾകൊണ്ട് ചിത്രങ്ങൾ തീർന്നത് അവരുടെ വാൽസ്യായനത്തോടെ ആയിരുന്നു.

ബഡാഭായി ആയിരുന്നു അഞ്ജലി ബായ്ക്ക് നൃത്തത്തിൽ അത്ര അവഗാഹമില്ലെന്ന് മനസിലാക്കി കൊടുത്തതും രവിവർമ്മയാണ് .ഭാര്യയുടെ മരണം ,അനുജന്മാരുടെ മരണം ,ഇവയെല്ലാം ഇതിനിടയിൽ സംഭവിച്ചു. ഫ്രനാബായി എന്ന ചിത്രകാരി രവിവർമയുടെ ചിത്രശാലയിൽ വിദ്യാർത്ഥിയായി എത്തിയതും സംഭവബഹുലമായ കഥയാണ് .
“ജീവിതത്തിൽ നല്ല രണ്ടു സമ്മാനങ്ങളെ കിട്ടിയിട്ടുള്ളൂ, ഒന്ന് സായാജി റാവു തന്ന ചായങ്ങൾ: രണ്ടാമത്തേത് നിങ്ങളുടെ ചിത്രങ്ങൾ”അവർ  സമ്മാനിച്ച വിദേശ ചിത്രങ്ങൾക്കുള്ള രവിവർമ്മയുടെ നന്ദിയാണീ വാക്ക്.

ബോംബെയിൽ രവിവർമ്മ സ്ഥാപിച്ച അച്ചു കൂടത്തിന് ഒരുപാട്നർ ഉണ്ടായിരുന്നു, ഗോവർദ്ധൻ ദാസ് മഖാൻ ജി. നഷ്ടക്കച്ചവടം ആവുമെന്നു മനസ്സിലായപ്പോൾ അദ്ദേഹം പങ്കുവിട്ടു .ഒറ്റയ്ക്ക് നടത്താൻ ആരോഗ്യം സമ്മതിക്കാതെ ആയപ്പോൾ അതുവിറ്റു. ഈ തീരുമാനമെടുപ്പിച്ചത് ഫ്രനാബായ് ആണെന്നു പറയാം. അത് വാങ്ങിയത് അച്ചടിയിൽ പരിജ്ഞാനമുള്ള പ്രിൻറർ സ്ളായിസർക്ക് ,അച്ചുകൂടം രവിവർമ്മയുടെ പേരിൽതന്നെ നിലനിർത്തി. രവിവർമ്മയുടെ ചിത്രകല ദൈവങ്ങളിൽ നിന്നും രാജാക്കന്മാരിൽ നിന്നും താഴേക്കിറങ്ങി യാഥാർത്ഥ്യത്തിലേക്ക് വരാൻ ഫ്രനിഭായിയുടെ ശക്തമായ സ്വാധീനം കാണാം. ബ്രിട്ടീഷ് ഭരണാധികാരി അദ്ദേഹത്തിന് കൈസർ-ഇ-ഹിന്ദ് എന്ന സ്ഥാനപേര് നൽകി .രവിവർമ്മയുടെ പുറത്ത് വലിയൊരു പ്രമേഹക്കുരു വന്നിരുന്നു. അത് ഓപ്പറേറ്റ് ചെയ്തെങ്കിലും അധികനാൾ ആയുസ് അദ്ദേഹത്തിനു നീട്ടി കിട്ടിയില്ല .രോഗവിവരം അന്വേഷിക്കാനെത്തിയ ഫ്രന തിരിച്ചുപോരുമ്പോൾ അദ്ദേഹത്തിൻറെ ജീവനും തിരിച്ചു പോന്നിരുന്നു. മറാഠി യായ രഞ്ജിത്ദേശായി പലപ്പോഴും മലയാളത്തിന് പരിചിതമല്ലാത്ത ,നമ്മുടെ പാരമ്പര്യത്തിനു നിരക്കാത്ത, സംഭവങ്ങൾ പലതും നോവലിൽ ചേർത്തിട്ടുണ്ട് .ഭാര്യയുടെ പേര് പോലും തെറ്റി പോവുകയും ചെയ്തു. രാജവംശത്തിന് കഥയിലും കീഴ്മേൽ മറിച്ചിലുണ്ട്. ഇങ്ങനെ ചില കുറവുകൾ കാണാമെങ്കിലും രാജാരവിവർമ്മയുടെ മനസ്സ് കാണാൻ ദേശായിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് പ്രൗഢമായ നോവൽ കാട്ടിത്തരുന്നു.

രണ്‍ജിത് ദേശായിയുടെ ‘രാജാരവിവര്‍മ്മ’ എന്ന നോവലിന് രതീഷ് കുമാര്‍ എഴുതിയ വായനാനുഭവം.

 

Comments are closed.