DCBOOKS
Malayalam News Literature Website

കറുത്തവരുടെ രാഷ്ട്രീയമാണ്, അവരുടെ സത്വ ബോധമാണ്, ചില നിസ്സഹായതകളാണ് ‘ കരിക്കോട്ടക്കരി’

മലയാളം ഏറെ ചർച്ച ചെയ്യേണ്ട ഒരു നോവലാണ് വിനോയ് തോമസ്സിന്റെ കരിക്കോട്ടക്കരി. അത്ര പൊള്ളുന്നതാണ് അതിലെ സാമൂഹിക പശ്ചാത്തലവും, രാഷ്ടീയവും. ഇറാനി മോസ് എന്ന കഥാപാത്രത്തിന്റെ കാഴ്ചകളിലൂടെയും, അനുഭവങ്ങളിലൂടെയും, ചില കടന്ന് പോകലുകളിലൂടെയുമാണ് ഈ നോവൽ വികസിക്കുന്നത്. കറുപ്പ് എന്ന നിറം ഒരു മനുഷ്യനെ എത്രമേൽ അപമാനിതനും, ഒരു വംശത്തെ എത്രമേൽ അടിച്ചമർത്താനും ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഈ നോവൽ പറയുന്നു,

കാഴ്ചയുടെ ഭാഷയാണ് ഈ പുസ്തകം വായിക്കുമ്പോൾ നമ്മൾഅനുഭവിക്കുക. മനുഷ്യരെ പറ്റി പറയുമ്പോൾ വാക്കുകൾ മനുഷ്യരാകുന്നു. മീനുകളെ കുറിച്ചെഴുതുമ്പോൾ വാക്കുകൾ തുള്ളി പിടയുന്ന മീനുകളാകുന്നു, രതിയെ വിവരിക്കുമ്പോൾ വാക്കുകളിൽ മദഗന്ധം മണക്കുന്നു..

കറുത്തവരുടെ രാഷ്ടീയമാണ്, അവരുടെ സത്വ ബോധമാണ്, ചില ‘നിസ്സഹായതകളാണ് ഈ നോവൽ പറയുന്നത്.പുലയരുടെ അഥവാ ചേരൻമാരുടെ ചേരളം മണ്ണിലിറങ്ങി പണിയെടുത്തിരുന്ന രാജാക്കൾ ഭരിച്ചിരുന്ന ചേരളം എങ്ങിനെ വിസ്മൃതിയിലായി എന്നും ചേരർ പുലയരായി എന്നും ചാഞ്ചൻ വല്ല്യച്ചൻ എന്ന ധിക്കാരിയായ കഥാപാത്രം ഇറാനി മോസിനോട് പറയുന്നുണ്ട്
“പിന്നെ വന്നോൻ മാരുടെയെല്ലാം മുന്നില് നടുവളച്ചു വളച്ച് നമ്മൾ പെലയ രായി ” എന്ന്.

Vinoy Thomas-Karikkottakkari” എല്ലാ പുണ്യാളൻമാരും തുടുതുടെ വെളുത്തവർ.പീഡകൾ സഹിച്ച് അർദ്ധനഗ്നനായി മുൾ മുടിയേന്തി കുരിശിൽ കിടക്കുന്നത് വെളുത്ത ക്രിസ്തു.  കറുത്തവന്റെ വേദനയനുഭവിച്ച ഒരു പുണ്യാളനെയും ഞാൻ ആൾത്താരയിൽ കണ്ടിട്ടില്ലന്ന് ” ഇറാനിമോസ് വിലപിക്കുന്നുണ്ട്. സവർണരുടെ പീഡകളിൽ നിന്നും, അപമാന ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ നിക്കോളച്ചൻ കാണിച്ച വഴിയിലൂടെ നടക്കുകയും ക്രൈസ്തവരാവുകയും ഭൂമിയുടെ ഇടക്കാല അവകാശികളായി തീരുകയും അദ്ധ്വാനം വിനോദം നിറഞ്ഞ കലാരൂപമാക്കുയും ചെയ്ത് കരിക്കോട്ട് കരിയിൽ ജീവിക്കുമ്പോഴും കരിക്കോട്ടക്കരിക്ക് പുറത്ത് അവർ അറിയപ്പെട്ടിരുന്നത് ‘ പുതു ക്രിസ്ത്യാനികൾ, പുലയ ക്രിസ്ത്യാനികൾ എന്ന പേരിലാണ്. കരിക്കോട്ട് കരിക്ക് പുറത്ത് അവർ മാറ്റി നിർത്തേണ്ടപ്പെട്ടവർ തന്നെയാണ്.സെബാനും ബിന്ദുവും അതിനെ അതിജീവിക്കാൻ ശ്രമിച്ചവരാണ്. ചാഞ്ചൻ വല്ല്യച്ചൻ ഇറാനി മോസിനോട് ചോദിക്കുന്നുണ്ട്
” അവൻ (നിക്കോളാസ് പാതിരി ) അവന്റെ നാട്ടിലെ ദൈവങ്ങളെ മരണം വരെ മുറുക്കിപ്പിടിച്ചു. നമ്മുടെ( പുലയരുടെ ) നാട്ടിലെ ദൈവങ്ങളെ മുറുക്കി പിടിക്കേണ്ടത് നമ്മളല്ലായിരുന്നോ,,,,?

ഊഹങ്ങളും വിശ്വാസങ്ങളും മാത്രമാണ് നമ്മുടെ ചരിത്രമെന്ന് ഇറാനി മോസ് ഓർത്തെടുക്കുന്നുണ്ട്. ചില ചരിത്ര സത്യങ്ങളെ അടയാളപ്പെടുത്താതെ പോകുകയും. ഊഹങ്ങളും വിശ്വാസങ്ങളും വെച്ച് തങ്ങൾക്കാവശ്യമുള്ള ചരിത്രത്തെ തുന്നിച്ചേർക്കുകയാണ് ലോകമെമ്പാടുള്ള അധികാര സവർണ വംശങ്ങൾ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് ‘

ഈ വർത്തമാനകാലത്തും കറുപ്പ് വംശീയ അടയാളപ്പെടത്തലുകളുടെയും, ” ആണോ? കണ്ടാൽ തോന്നില്ല”
എന്ന വാക്കിലൂടെ ഒളിപ്പിച്ച് കടത്തുന്ന അതിർത്തികളുടെയും നിറമാണ്. ചേരളത്തിന്റെ നിറം കറുപ്പാണ്. ആ കറുപ്പിൽ നിന്നാണ് കേരളമാക്കപ്പെട്ട ദേശം പടത്തുയർത്തിയത്. അവരുടെ, കണ്ണീരിന്റ, സംഗീതത്തിന്റെ, പ്രണയത്തിന്റെ, പ്രതിരോധത്തിന്റെ ,രതിയുടെ ,വഴി മാറി നടക്കലിന്റെ കഥയാണ് കരിക്കോട്ടക്കരി.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന് റോബൻ അരിമ്പൂർ എഴുതിയ വായനാനുഭവം

Comments are closed.