DCBOOKS
Malayalam News Literature Website

ചുറ്റും ഭീതിയും ആധിയും വ്യാധിയും നിറഞ്ഞു നിൽക്കുന്ന ഈ അസുഖകരമായ കാലത്തും മനുഷ്യ ജീവിതത്തിൽ പ്രത്യാശയുടെ തിരികൊളുത്താൻ കഴിയുന്ന കഥകൾ!

എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, ഓരോ കാലത്തിലും… പ്രകടമായും ,സൂക്ഷ്മമായും അടിച്ചമർത്തപ്പെടുന്ന, ക്വാറന്റൈൻ ചെയ്യപ്പെടുന്ന, പെൺജീവിതങ്ങളിലേയ്ക്കൊരു തിരിഞ്ഞുനോട്ടമാണ്, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ,ചന്ദ്രമതി ടീച്ചറുടെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമായ, വാണ്ടർലസ്റ്റ്.

വാക്കുകളെ കൊണ്ടാണ് ലോകം സൃഷ്ടിക്കപ്പെട്ടതെന്ന് ശ്രീ എൻ എസ് മാധവൻ പറഞ്ഞിട്ടുണ്ട് . വാക്കുകളുടെ മാന്ത്രിക കംബളം നീർത്തി, ഒരു മന്ത്രവാദിനി ഇന്ദ്രജാലത്തിലെന്ന പോലെ, അനുവാചകരെ ഏതൊക്കെയോ അജ്ഞാതമായിക ഭൂപ്രദേശങ്ങളിലേക്ക്കൂട്ടികൊണ്ടുപോകുന്ന അനവദ്യസുന്ദരമായ അനുഭവം പ്രദാനം ചെയ്യുന്നു, വാണ്ടർ ലസ്റ്റ്.

ഏകദേശം അര നൂറ്റാണ്ടുകാലത്തോളം കഥകളുടെ ലോകത്ത് നിൽക്കുകയും, ഈ പുതിയ കാലത്തും ഏറ്റവും നവീനമായി തുടരുകയും ചെയ്യുക എന്നത് ,അത്ര എളുപ്പമല്ല . ചുറ്റും ഭീതിയും ആധിയും വ്യാധിയും നിറഞ്ഞു നിൽക്കുന്ന ഈ അസുഖകരമായ കാലത്തും മനുഷ്യന്റെ.. ജീവിതത്തിന്റെ… പ്രത്യാശയുടെ …ലോകത്തേയ്ക്കൊരു തിരികൊളുത്തിവെയ്ക്കാൻ ഈ കഥകൾക്കാവുന്നുണ്ട് .

കഥകളെ പറ്റി വിലയിരുത്താനൊന്നും ഞാനാളല്ലയെങ്കിലും ക്ഷമാപണപൂർവ്വം രണ്ടു വാക്കു പറയാതിരിക്കാനാവുന്നില്ല.കാരണം, എഴുതാതെ പോയ കത്തുകളുടെ ഒരു സമാഹാരമാണ് ഓരോ നല്ല വായനക്കാരന്റെയും /വായനക്കാരിയുടെയും, മനസ്. ഇഷ്ടപ്പെട്ട, കഥയോ, നോവലോ, കവിതയോ, വായിച്ച് എത്രയോ തവണ വിചാരിച്ചിട്ടുണ്ട്, അതെഴുതിയ ആൾക്ക്, ഒരു കുറിപ്പ് …ഒരു സ്നേഹം അറിയിക്കാൻ. ഇങ്ങനെയെങ്കിലും അതിനിടയാവട്ടെ.

ഒരു നിർവ്വചനത്തിനും വഴങ്ങാത്ത മനുഷ്യമനസ്സിന്റെ ദുരൂഹമായ ..ഭ്രാന്തമായ… പാതകളെ രേഖപ്പെടുത്തുന്നു, അവൾ അഹല്യ എന്ന ആദ്യ കഥ തന്നെ . സൊണാൽ മാൻ സിംഗ് മുതൽ അലർ മേൽ വള്ളി വരെയുള്ള ആരെങ്കിലും നഗരത്തിന്റെ കോണിൽ വന്നാൽ ഓടിച്ചെന്നിരുന്നവളെ, ദാമ്പത്യത്തിന്റെ കൊടുംവനത്തിലെ കല്ലാക്കിയിടുന്ന വ്യവസ്ഥയിൽ പെട്ടു പോയ കുടുംബിനി.
ഒരേ സമയം സംതൃപ്തമെന്ന് തോന്നിപ്പിക്കുന്ന ഒരു ഹൈ പ്രൊഫൈൽ ജീവിതം നയിക്കുമ്പോഴും, ഒരു നിമിഷത്തിലേയ്ക്കെങ്കിലും…., കല്ലിനെ ദേവതയാക്കുന്ന ഒരു നിമിഷത്തിലേയ്ക്ക് വീണുപോവുകയും, തുടർന്ന് അനിവാര്യമായ (?) ദുരന്തത്തിലേക്ക് കടന്നു പോവുകയും ചെയ്യേണ്ടിവരുന്ന ജീവിതാവസ്ഥകളുടെ ചിത്രീകരണമാണ് ഈ കഥ. അഹല്യയുടെ ശാപമോക്ഷം തന്റെ കയ്യിലല്ല എന്ന് പറഞ്ഞൊഴിയുന്ന ഭർത്താവിന്റെ മുന്നിൽ, വീണ്ടും കല്ലായി തുടരേണ്ടി വരുന്ന അഹല്യ.
ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥകളിലൊന്നായ,” വാക്കുകൾ” എന്ന കഥയും, ചങ്ങലകളിലായി പോകുന്ന വീട്ടമ്മമാരെ പറ്റിയാണ് . ഒഴുകി പോകുന്ന പ്രതിപാദനരീതിയും ,ആശയവും, മറഞ്ഞു കിടക്കുന്ന, നൊമ്പരത്തിന്റെ നേർത്ത നീർച്ചാലും, ഈ കഥയെ ചേതോഹരമാക്കുന്നുണ്ട് . ഒരു വാക്ക് തുറന്നു പറയാഞ്ഞതു കൊണ്ട് നഷ്ടമായ, ബാല്യകാല സുഹൃത്തിനെ തികച്ചും പ്രതികൂലമായ അവസ്ഥയിൽ കണ്ടു മുട്ടേണ്ടിവരികയും, ഒരു വാക്കുപോലും പറയാനാകാതെ നിത്യ നിശ്ശബ്ദതയിലേയ്ക്ക് അലിയുകയും ചെയ്യേണ്ടിവരുന്ന പെൺകുട്ടിയുടെ കണ്ണീരിലേയ്ക്കൊഴുകി പോകുന്നൂ, ഈ കഥ. കൈതപ്പൂമണം നിറയുന്നൊരു കഥ.

വിവാഹം നിശ്ചയിക്കപ്പെട്ട രണ്ടു പേർ, ഒരു കടൽപ്പുറത്തൊന്നു മിണ്ടാൻ കണ്ടുമുട്ടുന്നതാണ്, വാണ്ടർ ലസ്റ്റിലെ പ്രമേയം. രണ്ടു വട്ടം നാടുവിടേണ്ടി വന്ന കഥ പറയുന്ന വുഡ് ബി യോട് ,എന്തിന് തിരിച്ചു വന്നു, എന്നു ചോദിക്കുന്ന പുതിയ കാലത്തിന്റെ പെൺകൊടിയാണിതിലെ നായിക. ഒരു പേരു പോലുമില്ലാത്തവൾ…!
Chandramathi-Wanderlust“പഴയപടിയാവുക എത്ര വിഷമം പിടിച്ച പണിയാണെന്ന് അവളോർത്തു. ഓരോ വിരൽ തുമ്പും, ഓരോ കറുത്ത ചുണ്ടും, ഓരോ കരുത്തൻ കൈയും, നമ്മെ പിന്നാമ്പുറത്തേയ്ക്കെറിയുന്നു. പഴയപടിയാവുക പ്രയാസം… വീട്ടിനുള്ളിൽ കഴിയുന്നവർക്ക് കള്ള വണ്ടി കയറി പോകാനാവില്ലല്ലോ. അതൊക്കെ വീടു വിട്ടു പോകാൻ ഭാഗ്യം സിദ്ധിച്ചവർക്കു മാത്രം”
അവന്റെ ധാരണയ്ക്കു വിരുദ്ധമായി ” കരുത്തയൊന്നുമല്ല ” അവൾ മനസ്സിൽ പറയുന്നു. “ഒരു കാരണവുമില്ലാതെ രാത്രികളെ കണ്ണീരിൽ കഴുകിയുണക്കുകയാണ് ഞാൻ… എനിക്കോ, നിനക്കോ എന്നെ മനസിലാവില്ല.”
അവിടവിടെയായി നൽകുന്ന, ചില സൂചനകളിൽ കൂടി, ഒറ്റ വായനയിൽ വെളിപ്പെടാത്ത സത്യങ്ങൾ സമർത്ഥമായി ഒളിച്ചു വെയ്ക്കുകയും ചെയ്യുന്നൂ, നാടകീയമായ അന്ത്യത്തിലേയ്ക്കു പോകുന്ന ഈ കഥ.
” ചണ്ടക്കോഴി” ആർക്കൊക്കെയോ വേണ്ടി കത്തികൾ മൂർച്ച കൂട്ടി ,സ്വയം ബലിയാടാകുന്ന, പോരുകോഴികളെ പറ്റി പറഞ്ഞ്, കലാലയ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാകുന്നു.
ഭ്രാന്തിനോളമെത്തുന്ന ഭാവനയും, ഭാഷയും, വഴി നടത്തുമ്പോൾ… ജീവിതത്തിൽ നിന്ന് വേരറ്റുപോകുന്ന മനുഷ്യരെ കുറിച്ചാണ്, കവിത തുളുമ്പുന്ന തലക്കെട്ടുള്ള “പേനയെത്താത്ത ദൂരങ്ങൾ” എന്ന കഥ. അങ്ങനെയൊരാളെ , പ്രസിദ്ധനായ ,എഴുത്തുകാരന്റെ ഭാര്യ ഒരസൈലത്തിൽ വച്ചാണ് കണ്ടുമുട്ടുന്നത് .അയാളുടെ വാക്കുകൾ കേൾക്കുമ്പോൾ…
” എന്റെ ഭർത്താവിന്റെ എഴുത്തു ലോകം, വീൽ ചെയർ വിട്ട് ഇറങ്ങി വന്നിരുന്നെങ്കിൽ എന്നു ഞാനോർത്തു പോയി .ഇതുപോലെ
അവിചാരിതമായി പേനയുടെ ഒരു പിടച്ചിൽ ! തെറിച്ചു ചിതറുന്ന വാക്കുകൾ ! പകുതി വരണ്ട പുഴകൾ പോലെ ശുഷ്കമായി പോയിട്ട് എന്തു കിട്ടാനാണ്? “എന്നവൾ ഓർത്തു പോകുന്നു
ഒട്ടേറെ അടരുകളുള്ള ചേതോഹരമായ കഥയാണ് ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും . മരിച്ചു പോയവരുടെ മണം തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന കഥ. മരിച്ചവരെയല്ല ജീവിച്ചിരിക്കുന്നവരെയാണ് പേടിക്കേണ്ടതെന്ന് കണ്ടെത്തുന്ന തുടക്കം. “മരിച്ചവർ അരുതാത്തിടത്ത് കേറിപ്പിടിക്കില്ലല്ലോ …അടുത്തു കൂടി പോകുമ്പോൾ സ്വരം താഴ്ത്തി അസഭ്യം പറയില്ലല്ലോ”. മകളുടെ പുതിയ വിവാഹ ബന്ധത്തിൽ ആകുലയാകുന്ന ഒരമ്മയുടെ കാഴ്ചയിലൂടെയാണ് കഥ തുടരുന്നത് ഒരു കുറ്റാന്വേഷണ കഥയിലെന്നപോലെ, എവിടെയാണ് യഥാർത്ഥ ഭീഷണി എന്നറിയാതെ.. സൗഹൃദങ്ങളുടെയും വിഹിതാവിഹിതങ്ങളിലൂടെയും നേർത്ത വരമ്പുകളിലൂടെ ചുറ്റിത്തിരിയുന്ന കഥാഗതി. ഒടുവിൽ, ജീവിച്ചിരിക്കുന്നവരെ എങ്ങനെയും കൈകാര്യം ചെയ്യാം; മരിച്ചവരാണ് അപകടകാരികൾ… അവരോടെങ്ങനെയാണമ്മാ, ഞാൻ മത്സരിക്കുക..! എന്ന ചോദ്യത്തിനു മുന്നിൽ പകച്ചു പോകുന്ന അമ്മ !
ചുരുക്കി പറഞ്ഞാൽ അടിച്ചമർത്തപ്പെട്ട പെൺജീവിതങ്ങളെ പറ്റിയുള്ള നേർ കാഴ്ചകളാണീ കഥകൾ .പലപ്പോഴും, അടിയൊഴുക്കുകൾ ഒളിപ്പിച്ച പുഴ പോലെ , ഒറ്റ വായനയ്ക്കു പിടി തരാത്തവ.കെട്ടുകാഴ്ചകൾക്കിടയിൽ…. ,നല്ല കഥകൾ അന്യമായി കൊണ്ടിരിക്കുന്ന… വായന തന്നെ അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ജീവിതാവസ്ഥകളുടെ… മനസ്സിന്റെ വഴികളുടെ… റൂട്ട് മാപ്പു മായി വരുന്ന…., സാഹിത്യത്തിന്റെ ശ്രീകോവിലിൽ നിന്ന് വായനക്കാരനു കിട്ടുന്ന… പൂവും പ്രസാദവുമാണ് ഈ കഥകൾ എന്നു പറയാൻ ഒട്ടും മടിക്കേണ്ടതില്ല.
കഥ തീരുമ്പോൾ ഒരു വാനമ്പാടി പറക്കുന്നു ..എന്നൊക്കെ വൃഥാ പുകഴ്ത്തപ്പെട്ട ,ക്ളീഷേകൾക്കിടയിൽ,കഥ തീരുമ്പോൾ ഒരുതാഴമ്പൂമണം പരത്തുന്ന,കണ്ണീരിനിടയിലൂടെയുളള പുഞ്ചിരി പോലെയുള്ള, ഈ കഥകൾ കൂടുതൽ സഹൃദയരിലേയ്ക്ക് എത്തട്ടെ .

ചന്ദ്രമതിയുടെ ‘വാണ്ടർലസ്റ്റ്‘ എന്ന പുസ്തകത്തിന് സുരേഷ് കുമാർ ജി എഴുതിയ വായനാനുഭവം

പുസ്തകം 50 ശതമാനം വിലക്കുറവിൽ ഡൗൺലോഡ് ചെയ്ത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.