മാനുഷിക കാമനകളെ ഉദ്ദീപിപ്പിക്കുന്ന ‘ഭ്രാന്ത് ‘
“പടിഞ്ഞാറേ മാനത്ത് നിലക്കണ്ണാടിയുടെ മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് തൃസന്ധ്യ അണിഞ്ഞൊരുങ്ങുന്നു. ഭസ്മം തേച്ച നെറ്റിയിൽ സിന്ദൂരപ്പൊട്ട് തൊടുമ്പോൾ നീലിച്ച നിലക്കണ്ണാടിയിൽ കുങ്കുമം ഉതിർന്നു വീഴുന്നു. കാതിലണിഞ്ഞ കുഞ്ചലങ്ങളിലെ മുത്തുമണികൾ മിന്നിത്തിളങ്ങി. നഗ്നമായ മാറത്ത് വൈരപ്പതക്കം പിടിപ്പിച്ച സ്വർണ്ണമാല. ഉച്ച തിരിഞ്ഞപ്പോൾ തൊട്ട് കിഴക്കോട്ട് ഇഴഞ്ഞിഴഞ്ഞു നീങ്ങിയിരുന്ന നിഴലുകൾ വാകക്കുന്നിന്റെ താഴ്വരയിൽ തളർന്നു കിടന്നു. അമ്പലപ്പറമ്പിലെ അരയാൽക്കൊമ്പുകളിൽ ഉറങ്ങിക്കിടന്നിരുന്ന കട വാതിലുകൾ കണ്ണു തിരുമ്മി ഉണരുന്നു… “
മലയാള നോവൽ സാഹിത്യത്തിൽ നിരൂപക ശിരോമണികളും പര ശതം വായനക്കാരും ഒരു പക്ഷേ കാണാതെ പോയ മനോഹരമായ കാല്പനിക ഭാവനകളിലൊന്നാണ് മുകളിൽച്ചേർത്ത ഉദ്ധരണി. “ഭസ്മം തേച്ച നെറ്റി”യെന്ന ഒറ്റ പ്രയോഗത്തിലൂടെ വാർദ്ധക്യം ബാധിച്ച് അന്ത്യമടുത്ത നരച്ച പകലിലൂടെ സമയം സന്ധ്യയെത്തൊടുന്ന വർണ്ണനാതീതമായൊരു വായനക്കാഴ്ച്ച! അതിലൊക്കെ ഉപരിയായി സമയത്തെ ഒരു ദിവസത്തിന്റെ കൃത്യതയിൽ തറപ്പിച്ചു നിർത്തി അതിന്റെ സഞ്ചാരത്തെ ഭാവാത്മകമായി അവതരിപ്പിക്കുന്നുണ്ടിവിടെ. അതായത്; പടിഞ്ഞാറുനിന്നു വീഴുന്ന വെയിൽ, തീർക്കുന്ന നിഴൽ കിഴക്കോട്ട് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. ഒടുവിൽ തളർന്നും കടവാതിലുകളുടെ ഉണർച്ചയിലൂടെ രാത്രിയും വന്നെത്തുന്നു ഇവിടെ. ശ്രീ. പമ്മന്റെ ‘ഭ്രാന്ത്’ എന്ന നോവലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കാല്പനിക ഭംഗി, ലാളിത്യവും ഓജസ്സുമുള്ള ഭാഷ, ബിംബ സൗന്ദര്യങ്ങളുടെ മാസ്മരികത, സാഹിത്യാധിഷ്ഠിതമായ ആഖ്യാന രീതി തുടങ്ങിയവയൊക്കെ അതിന്റെ പൂർണ്ണതയിൽ പ്രതിഫലിക്കുന്ന ഒരു നോവലാണ്, “ഒരു സ്ത്രീയുടെ ഭ്രാന്ത കാമനകളുടെ കഥ” യെന്ന് പ്രസാധകർ കവർ പേജിൽത്തന്നെ പറഞ്ഞു വച്ച ‘ഭ്രാന്ത് ‘ എന്ന നോവൽ. ഒരു പക്ഷേ ഈ നോവൽ വായിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതും പ്രകീർത്തിക്കപ്പെട്ടതും അല്ലാതെയായതും ഇതിൽ അന്തർലീനമായിരിക്കുന്ന രത്യേതരമല്ലാത്ത ഒരു മൂല്യത്തിന്റെയും പേരിലല്ല. മാനുഷിക കാമനകളെ ഉദ്ദീപിപ്പിക്കുന്ന ഒരു ഭാഷാ സന്നിവേശം നോവൽ ഘടനയിലുണ്ടാക്കുന്ന രത്യധിഷ്ടിതമായ മായിക പ്രപഞ്ചത്തിലാണ് വായനക്കാരിൽ ഭൂരിഭാഗവും മുഴുകിയത്. ഇവിടെ വായനക്കാരൻ ഒരു തരത്തിലും വിചാരണ ചെയ്യപ്പെടുന്നില്ല. എന്തെന്നാൽ; ഒരു സാഹിത്യ സൃഷ്ടിയുടെ വിഭിന്ന തലങ്ങളിലുള്ള സൗന്ദര്യാംശങ്ങളിൽ ഏതിനെ മുഖവിലയ്ക്കെടുക്കണമെന്നത് വായനക്കാരനെ സംബന്ധിച്ചിടത്തോളം തീർത്തും വ്യക്തി ഗതമായൊരു കാര്യമാണ്. എങ്കിലും, ഒരു കൃതിയിൽ സാകൂതം കാണേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമായ പലതും ‘ഭ്രാന്തി’ൽ ഇന്നും ചോദ്യ ചിഹ്നമാണ്.
“ഉറങ്ങിക്കിടന്നിരുന്ന ഒരുൾനാടൻ തറവാട് പെട്ടന്ന് ഞെട്ടിയുണർന്നു” എന്ന നോവലിലെ വാചകത്തിലൂടെത്തന്നെ ആർക്കും ‘ഭ്രാന്ത് ‘ എന്ന നോവലിൽ ഒരു വിഗഹ വീക്ഷണം സാധ്യമാകുന്നു.പ്രശസ്തരായ പലരും ജനിച്ചു വളർന്നതും പേരിനും പെരമയ്ക്കും യാതൊരു കുറവും ഇല്ലാത്തതുമായ മേലേപ്പാടത്ത് എന്ന തറവാടിന്റെ വസന്തകാലത്തെ അമ്മുക്കുട്ടിയെന്ന നായികയുടെ ഓർമ്മകളിലൂടെയും ക്ഷയോന്മുഖാവസ്ഥയെ അമ്മുവിന്റെ വർത്തമാന കാലത്തിലൂടെയും നില നിർത്തി കഥ പറച്ചിലിന് ജീവൻ പകരുന്ന മനോഹരമായ ഒരാഖ്യാന കല ‘ഭ്രാന്ത്’ എന്ന നോവലിലുടനീളം കാണാം. അമ്മുക്കുട്ടി, അമ്മ, മുത്തശ്ശി, വലിയമ്മാമ തുടങ്ങിയ കഥാപാത്രങ്ങൾ നിറയുന്നിടങ്ങളിൽ പാരമ്പര്യവാദത്തിന്റെയും തറവാട്ട് മഹിമയുടെയുയും പതം പറച്ചിലുകൾ ഉയർന്നു കേൾക്കുന്നു. അമ്മുക്കുട്ടിയെന്ന നായികയെ കേന്ദ്രീകരിച്ചു മാത്രം വളർന്നു വികസിക്കുന്ന ഒരു കഥാ ഗാത്രമാണ് ഇതിന്റെ യഥാർത്ഥ ഭൂമിക.
“പകൽ വെളിച്ചം മോഹാലസ്യപ്പെട്ടുകിടക്കുന്ന പാടത്തിന്റെ നെഞ്ചത്ത് കൂടി ഓടിക്കിതച്ചു വന്ന ഇളങ്കാറ്റിൽ ചാറ്റമഴ പൊടിഞ്ഞു വീണു. അവൾ മുഖമുയർത്തി നോക്കി”-യെന്ന് നോവൽ പറയുന്നിടത്തു കൂടി അമ്മുക്കുട്ടി നിറയുകയാണ് കഥയിൽ. ഒളിച്ചു കളി നടത്തിയ തറവാട്ടിലെ പൂർവ്വ സ്ത്രീ ജന്മങ്ങളുടെ കഥയിലൂടെയാണ്, ശരിയല്ലന്നറിഞ്ഞ് കൊണ്ട് തന്നെ അമ്മുക്കുട്ടി തന്നെത്തന്നെ ന്യായീകരിക്കുന്നത്. കൃഷ്ണമേനോൻ മാഷും അപ്പേട്ടനും ഗോവിന്ദൻ കുട്ടീം പിന്നെ കൗമാര ദശയിൽ നിന്നും യൗവ്വനത്തിലേയ്ക്കെത്തി നോക്കുന്ന അമ്മുക്കുട്ടീം നോവലിന്റെ ഒരു പടലം തന്നെയാണ്. വെറും അമ്മുക്കുട്ടിയിൽ നിന്നും എഴുത്തുകാരി അമ്മുക്കുട്ടിയിലേയ്ക്കുള്ള പരിണാമ ദശ ജീവിതത്തെ വ്യക്തി പരമായി മാത്രം നോക്കിക്കാണുന്ന ഒരു സ്ത്രീയെക്കാട്ടിത്തരുന്നു. വിവാഹാനന്തര ജീവിതത്തിലെ പറിച്ചു നടീൽ അമ്മുക്കുട്ടിയിലെ സ്വാതന്ത്ര്യ ബോധത്തിനെ വല്ലാതെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. താനൊരു “രതി യന്ത്ര”മാണെന്ന് അവൾ സ്വയം സമ്മതിക്കുന്നുവെന്ന് വായനക്കാരന് തോന്നിപ്പോകുന്ന തരത്തിലേയ്ക്കുള്ള ഒരു മാറ്റമാണത്. ആഗ്രഹം അതിരു കടക്കുമ്പോൾ ആവേശം അണ പൊട്ടിച്ചൊഴുക്കുന്ന അവളുടെ അപ്പേട്ടൻ കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാൽ കിടന്നുറങ്ങുന്ന ആളായി മാറുന്നു. സ്വാഭാവിക ലൈംഗികത, സ്വവർഗ്ഗ രതി, പ്രകൃതി വിരുദ്ധ ലൈംഗികത, ബലം പ്രയോഗിച്ചുള്ള കീഴടക്കലുകൾ, കാമ സംതൃപ്തിക്കുവേണ്ടിയുള്ള കടന്നുകയറ്റങ്ങൾ തുടങ്ങിയവ തിമർത്തു മറിയുന്ന ‘ഭ്രാന്ത്’ എന്ന നോവലിൽ കാണാതെ പോയ ഒരു സാഹിത്യ വശമുണ്ട് അത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
മലയാളിയുടെ കപടസദാചാരത്തിന്റെ പൊയ്മുഖം പൊളിച്ചു നീക്കിയ എഴുത്തുകാരൻ പമ്മന്റെ രണ്ട് പുസ്തകങ്ങൾ , ‘ഭ്രാന്ത് ‘, ‘ചട്ടക്കാരി’ ; ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 99 രൂപയ്ക്ക് ! ഓരോ പുസ്തകങ്ങൾ കേവലം 69 രൂപയ്ക്കും സ്വന്തമാക്കാം !
പുസ്തകങ്ങൾ ഒന്നിച്ച് 99 രൂപയ്ക്ക് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എഴുതിയത്; സന്തോഷ് മലയാറ്റിൽ
കടപ്പാട് ; chethas.com
Comments are closed.