ഡാന്‍ ബ്രൗണിന്റെ വിധി മാറ്റിയെഴുതിയ നോവൽ , ‘ഡാ വിഞ്ചി കോഡ്’’
ഡാന്‍ ബ്രൗണ്‍ എഴുതിയ ഇംഗ്ലീഷ് നോവലാണ് ‘ഡാ വിഞ്ചി കോഡ്‘. 2003-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലര്‍ നാല്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നോവലിനെ അടിസ്ഥാനമാക്കി സോണിയുടെ കൊളംബിയ പിക്‌ച്ചേഴ്‌സ് 2006- ല്‍ ഇതേ പേരില്‍ ഒരു ചലച്ചിത്രവും പുറത്തിറക്കിയിരുന്നു. 2006-ല്‍ ഡി.സി ബുക്‌സ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ അതേപേരില്‍ തന്നെ പുറത്തിറക്കി. ജോമി തോമസ്, ആര്‍.ഗോപീകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡാ വിഞ്ചി കോഡ് മലയാള വിവര്‍ത്തനം നിര്‍വഹിച്ചത്. വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയ പുസ്തകത്തിന്റെ പതിനെട്ടാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുള്‍ നിവര്‍ത്താന്‍ ശ്രമിക്കുന്ന റോബര്‍ട്ട് ലാങ്ഡണ്‍ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് ഡാ വിഞ്ചി കോഡിലെ നായകന്‍. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ഡണോടൊപ്പം കൂടുന്നു. ഡാവിഞ്ചിയുടെ വിട്രൂവിയന്‍ മനുഷ്യന്റെ ആകൃതിയില്‍ കിടക്കുന്ന മൃതശരീരത്തില്‍ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്.
കത്തൊലിക്ക സഭയായ ഒപുസ് ദേയിയില്‍ നിന്ന് പ്രിയറി കാത്തുസൂക്ഷിച്ചു വന്ന രഹസ്യം സംരക്ഷിക്കാനാണ് ഴാക് സൊനിയര്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ആ സത്യം കണ്ടെത്തിയില്ലെങ്കില്‍ അത് എന്നന്നേക്കുമായി നഷ്ടമാകും. ആ പരമ രഹസ്യത്തിന്റെ ചുരുളഴിക്കാനാണ് റോബര്‍ട്ട് ലാങ്ഡണും സോഫി നെവെയും ശ്രമിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രശസ്തിക്കൊപ്പം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ നോവലാണ് ഡാന്‍ ബ്രൗണിന്റെ ഡാ വിഞ്ചി കോഡ് ‘. ക്രിസ്ത്യന്‍ മത വിശ്വാസങ്ങളില്‍ വളരെ കുറച്ച് മാത്രം പരാമര്‍ശിക്കപ്പെട്ട പേരാണ് മഗ്ദലനമറിയത്തിന്റെത്. മഗ്ദലനമറിയത്തെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തിയാണ് ഡാന്‍ ബ്രൗണ്‍ ഈ നോവല്‍ രചിച്ചിരിക്കുന്നത്. യേശു ക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകള്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ഡാന്‍ ബ്രൗണ്‍ പറയുന്നു. ഡാവിഞ്ചിയും ഐസക് ന്യൂട്ടണും ഉള്‍പ്പെടുന്ന മഹാന്മാര്‍ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവല്‍ പറയുന്നു. ഇൗ പരാമര്‍ശമാണ് ഡാ വിഞ്ചി കോഡ് എന്ന നോവലിനെ വിവാദങ്ങളിലേക്ക് നയിച്ചത്.
Comments are closed.