വനിതാദിനം; വായിക്കാതെ പോകരുത് ഈ അഞ്ച് പുസ്തകങ്ങള്‍
സ്ത്രീത്വത്തിന്റെ ആഘോഷമായാണ് ഇന്ന് ഓരോ അന്താരാഷ്ട്ര വനിതാദിനങ്ങളും ചരിത്രത്തില്‍
ഇടംപിടിക്കുന്നത്. സ്ത്രീസ്വാതന്ത്രവും സ്ത്രീസുരക്ഷയുമൊക്കെ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ വീണ്ടും ഒരു മാര്‍ച്ച് 8 കൂടി, അന്താരാഷ്ട്ര വനിതാദിനം. ഒരുകാലത്ത് ഏറെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ സാഹിത്യലോകം വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല. സ്ത്രീ വിമോചനവും, സ്ത്രീ സുരക്ഷയുമായും ഒക്കെ ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇന്നും രചിക്കപ്പെടുന്നുണ്ട്. ലോകമെങ്ങും വനിതാ ദിനം ആചരിക്കാനൊരുങ്ങുന്ന ഈ അവസരത്തില്‍ സ്ത്രീകള്‍ക്കായി രചിക്കപ്പെട്ട ചില പുസ്തകങ്ങളെ പരിചയപ്പെടാം.
- കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രീ
മുന്നേറ്റങ്ങള്‍- ചന്ദ്രിക.സി.എസ്
ആധുനിക വനിതകള്‍ പാഠപുസ്തകമാക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണ് സി.എസ്. ചന്ദ്രികയുടെ കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍. കേരളത്തിലെ ജാതി സമ്പ്രദായവും സ്ത്രീയും എന്ന വിഷയത്തില്‍ നിന്നാരംഭിക്കുന്ന ലേഖനം സ്ത്രീ ലൈംഗികത, സ്വാതന്ത്രം, സമരങ്ങള്‍, കലാസാഹിത്യ പ്രസ്ഥാനങ്ങള്‍ എന്നീ വിഷയങ്ങളിലൂടെയാണ് പിന്നീട് വികസിക്കുന്നത്. ഇന്നത്തെ സ്ത്രീയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജിവിതങ്ങളെ കുറിച്ചുള്ള ഈ വായനാനുഭവം പകര്‍ന്നു നല്‍കുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. വനിതാദിനത്തില്‍ ഈ ചരിത്രപുസ്തകം ഇനിയുമുള്ള പെണ്‍മുന്നേറ്റങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ.
- ദ സെക്കന്റ് സെക്‌സ്- സിമോണ്‍ ദ ബുവാ
സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതിയാണ് സെക്കന്‍ഡ് സെക്‌സ്. ദീര്‍ഘകാല ഗവേഷണത്തിലൂടെയും വായനയിലൂടെയും പഠനത്തിലൂടെയും അന്വേഷണപരമ്പരകളിലൂടെയും സമാഹരിച്ച നൂതനാശയങ്ങള്‍ ഒരു സ്ത്രീപക്ഷ വീക്ഷണത്തിലൂടെ വിശകലനം ചെയ്ത് മനുഷ്യചരിത്രത്തില്‍ സ്ത്രീയുടെ സ്ഥാനവും വിലയും നിലയും നിര്‍ണ്ണയിക്കാനുള്ള ഒരു സംരംഭമാണ്. ലോകചരിത്രത്തിലും മനുഷ്യരാശിയുടെ ജീവിത പരിണാമത്തിലും സ്ത്രീ അവഗണിക്കപ്പെട്ടതിന്റെയും അംഗീകരിക്കപ്പെടാതിരുന്നതിന്റെയും സ്വീകരിക്കപ്പെട്ടതിന്റെയും കാരണങ്ങളും അനന്തര ഫലങ്ങളും വ്യത്യസ്ത സിദ്ധാന്തങ്ങളെയും വ്യത്യസ്ത ജീവിത മേഖലകളെയും അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്ന ഈ മഹത്‌സംഭവം എഴുത്തുകാരിക്ക് നിരവധി ആരാധകരെയും വിമര്‍ശകരെയും നേടിക്കൊടുത്തു. ഈ ബൃഹത് കൃതി ഇന്ന് ഫെമിനിസത്തിന്റെ ‘വിശുദ്ധഗ്രന്ഥം’ എന്ന ‘തിരുനാമ’ത്തിനപ്പുറം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹനീയവും ഉദാത്തവുമായ ഒരു തത്ത്വശാസ്ത്ര ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
വിനോദത്തിനും വിജ്ഞാനത്തിനും അതിജീവനത്തിനും ഒക്കെയായി വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന അനേകം സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ യാത്രകള്‍ പലപ്പോഴും ഏറെ വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. ആ പെണ്‍യാത്രകളുടെ അനുഭവങ്ങള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പെണ്‍വഴി. വേണമെന്നുവെച്ചും വേണ്ടെന്നുവെച്ചും യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്ന ഓരോ പെണ്‍കൂട്ടിനും സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തില്‍ 17 പെണ്ണനുഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഹോസ്റ്റസ്സുമാരായ മെരിസ്സ അസംപ്റ്റ, ജുനു പോത്തന്‍ എന്നിവര്‍ പങ്കുവെയ്ക്കുന്നത് മേഘങ്ങള്‍ ഒഴുകി നടക്കുന്ന ആകാശജീവിതത്തെക്കുറിച്ചാണ്. മരണക്കിണര്‍ അഭ്യാസം ആദ്യമായി അവതരിപ്പിച്ച മലയാളി വനിതയായ എം.പ്രേമ ദാരിദ്ര്യത്തെ അതിജീവിക്കാന്‍ നടത്തുന്ന സാഹസികതയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ടെലിവിഷന്‍ ചാനലുകളിലെ യാത്രാപരിപാടികളിലൂടെ ശ്രദ്ധേയയായ സുബൈദ തന്റെ കാടനുഭവത്തെക്കുറിച്ച് മനസ്സു തുറക്കുന്നു. ഒരാളുടെ വസ്ത്രം അവരുടെ യാത്രാനുഭവങ്ങളെ എങ്ങനെ നിര്‍ണ്ണയിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് പോലീസ് സേനയില്‍ പുരുഷന്മാര്‍ക്കു തുല്യമുള്ള വസ്ത്രധാരണം സ്ത്രീകള്‍ക്കും വേണമെന്ന് ആവശ്യപ്പെട്ടതിലൂടെ ശ്രദ്ധേയയായ വനിതാ പോലീസ് ഉദ്യോഗസ്ഥ വിനയ. മാധ്യമ പ്രവര്‍ത്തക ആര്‍.പാര്‍വതിദേവി, സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയില്‍ ഇടം നേടിയ അധ്യാപിക ദീപാ നിശാന്ത്, ഗായിക ഗായത്രി, ബോംബ് ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ട അസ്‌ന തുടങ്ങിയവരുടെ മനോഹരമായ കുറിപ്പുകളും പുസ്തകത്തിലുണ്ട്. ഭിക്ഷാടക, പക്ഷിശാസ്ത്രക്കാരി, ആദിവാസി സ്ത്രീ, മത്സ്യത്തൊഴിലാളി, ഹിജഡ തുടങ്ങി സമൂഹം അകറ്റി നിര്‍ത്തുന്നവരുടെ കുറിപ്പുകളും പെണ്‍വഴിയെ വേറിട്ടതാക്കുന്നു. റ്റിസി മറിയം തോമസാണ് എഡിറ്റര്‍.
പെണ്ണിന് ആണുമായി സൗഹൃദം പാടുണ്ടോ.? ആണ്‍പെണ്‍ ബന്ധത്തെ കാമത്തിന്റെ കണ്ണിലൂടെ മാത്രം കണ്ടുശീലിച്ച മലയാളി ഏതൊരു പെണ്ണും ആണും കാമസംതൃപ്തിക്കുവേണ്ടിമാത്രമാണ് ഒന്നിച്ചുകൂടുന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഇവിടെയുള്ളതെന്നും, ജോലിസ്ഥലത്തും യാത്രകളിലും എല്ലാം സഹിച്ച് പ്രതികരിക്കാതെ മിണ്ടാതെയിരിക്കേണ്ടവളാണ് സ്ത്രീയെന്നും വിശ്വസിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ളതെന്ന് കാട്ടിത്തരുന്ന, പേടിപ്പെടുത്തുന്ന പെണ്ണനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പെണ്ണിര എന്ന പുസ്തകം. സ്ത്രീപക്ഷ ചിന്തകള്‍ക്ക് പുതിയ പാത തീര്‍ക്കുന്ന ഈ സമാഹാരത്തില്‍ വീട്ടുജോലിക്കാരി മുതല്‍ സര്‍വ്വകലാശാല അധ്യാപകര്‍വരെയുള്ളവര്‍ പൊതു ഇടങ്ങളില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ മറയില്ലാതെ പങ്കിടുന്നു. കേരളത്തിലെ സ്ത്രീസമൂഹത്തെയെല്ലാം പ്രതിനിധാനം ചെയ്യുന്ന അനുഭവങ്ങളടങ്ങിയ പെണ്ണിര പുറംലോകവുമായി ബന്ധമുള്ള തനിച്ച് യാത്രചെയ്യുന്ന പെണ്‍കുട്ടികളും സ്ത്രീകളും വായിച്ചിരിക്കേണ്ട പുസ്തകമാണ്.
ലോകമെമ്പാടുമുള്ള വനിതകള്‍ അംഗങ്ങളായ ഫ്രം ദ ഗ്രാനൈറ്റ് ടോപ്പെന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയിലൂടെ സൃഷ്ടിക്കപ്പെട്ട പുസ്തകമാണ് ഞങ്ങളുടെ അടുക്കള പുസ്തകം. സ്ത്രീ ജീവിതത്തിന്റെ നേര്‍കാഴ്ചയായി പെണ്ണിന്റെ ചൂടും ചൂരും ഉപ്പും വിയര്‍പ്പുമുള്ള ഈ പുസ്തകം നിങ്ങള്‍സ്വീകരിക്കു’ എന്ന അഭ്യര്‍ത്ഥനയുമായാണ് പുസ്തകം വായനക്കാരിലേക്കെത്തിയത്. സ്ത്രീജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍, സമകാലീന രാഷട്രീയം, ജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും കടന്നുകയറുന്ന മതം, സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ പ്രസക്തി, വരുംകാലത്തിന്റെ രാഷട്രീയത്തിനും ആവശ്യകതയ്ക്കും ഒപ്പം തോളോടു തോള്‍ ചേര്‍ന്ന് നടക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി പലരുടെയും ചിന്തകള്‍ പോലും വിപ്ലവകരവും സാമൂഹ്യമാറ്റത്തിന് ഉതകുന്നതായിരുന്നു. ഭൂതകാലവും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമല്ല അവര്‍ ഇവിടെ ചര്‍ച്ചചെയ്തത്. മറിച്ച് വര്‍ത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും വരുംകാലത്തിന്റെ സ്വപ്‌നവുമാണ്. അങ്ങനെ കുറച്ച് സ്ത്രീകളുടെ ഹൃദയംകൊണ്ടുള്ള എഴുത്താണ് ഈ പുസ്തകത്തിലുള്ളത്.
ഓര്‍മ്മക്കുറിപ്പുകളായും, ലേഖനങ്ങളായും കവിതയായും ദിനചര്യകളായും എഴുതപ്പെട്ട വ്യത്യസ്ത വിഷയങ്ങളാണ് ഞങ്ങളുടെ അടുക്കള പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളൊന്നും വ്യവസ്ഥാപിതരായ എഴുത്തുകാരല്ല എന്നതിനാല്‍ തങ്ങള്‍ എന്തോവലിയകാര്യം പറയാന്‍ പോകുന്നു എന്ന നാട്യമില്ലാതെ സ്വന്തം ജീവിതത്തിലെ അനുഭങ്ങള്‍ ആര്‍ദ്രത ഒട്ടും ചോര്‍ന്നുപോകാത്ത ഭാഷയിലാണ് ഓരോരുത്തരും രേഖപ്പെടുത്തിയിരിക്കുന്നത്.
Comments are closed.