”രാജ്യമോ? ഏതാണ് എന്റെ രാജ്യം?
തന്റേതല്ലാത്ത തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പെണ്ണിനെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇന്ന്, പരിഷ്‌കൃതമെന്ന് പറയുന്ന കാലത്തും പലതിനായി പലവുരു ദൃശ്യവും അദൃശ്യവുമായ വിലക്കുകളുടെ നടുവില്‍ ചോദ്യം ചെയ്യപ്പെട്ടും ശിക്ഷയനുഭവിച്ചും തീരുന്നവര്‍ക്കിടയി ലേക്കാണ് സാറാ ജോസഫിന്റെ ബുധിനി എത്തുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുഖ്യധാരയില്‍ നിന്ന് കഴിവതും ഒറ്റപ്പെട്ട്, തങ്ങളുടേതായ നീതി നിയമങ്ങള്‍ പാലിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലെ, യുവതിയെന്ന് വിളിക്കാന്‍ പോലും പ്രായമാവാത്ത ഒരു പതിനഞ്ചുകാരിയുടെ ഒറ്റപ്പെടലിന്റെയും ചെറുത്തു നില്‍പ്പിന്റെയും കഥയാണിത്.
സാന്താള്‍ എന്നാല്‍ ശാന്തമായ ആത്മാവ് പക്ഷേ ആ ശാന്തമായ ആത്മാവുള്ള ഒരാള്‍ അശാന്തമായി ഒരു ജന്മം മുഴുവന്‍ ഓടുകയാണ്. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷകരാകുന്ന കഥകളുടെ ചോരപ്പാടുകള്‍ കൊണ്ട് വല്ലാതെ കറുത്ത് പോയൊരു ചരിത്രം കൂടി നമ്മുടെ സ്വാതന്ത്ര്യത്തിനുണ്ടെന്ന്, മറന്നു പോവരുതെന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ബുധിനി എന്ന നോവല്‍. ഇത്‌പോലെ മറന്ന് പോയ എത്രപേര്‍ എന്നത് ചോദ്യമായി അവശേഷിക്കുന്നു!
ആരായിരുന്നു ബുധിനി ? ഒരു പുരുഷനെ പെണ്ണ് മാലയിട്ടാല്‍, അവള്‍ അയാളുടെ ഭാര്യയായെന്ന് വിശ്വസിക്കുന്ന സാന്താള്‍ വംശജര്‍ എന്ന ജാര്‍ഖണ്ഡിലെ ആദിവാസികള്‍. ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്ന ദാമോദര്‍ നദിയെ മെരുക്കാന്‍ കെട്ടിയുയര്‍ത്തിയ ദാമോദര്‍ വാലി അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെ ത്തിയ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിനെ മാലയണിച്ച് സ്വീകരിച്ചതും അദ്ദേഹത്തിന്റെ നിര്‍ദശപ്രകാരം ഉദ്ഘാടനം നിര്‍വഹിച്ചതും ബുധിനി ആയിരുന്നു.
നല്ല വസ്ത്രമണിഞ്ഞ് സാന്താള്‍ വേഷത്തില്‍ ഒരുങ്ങിയാണ് അവള്‍ ചടങ്ങിനെത്തുന്നത്. അവള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഗോര്‍മന്‍ എന്ന ഗവണ്മെന്റിന്റെ ഭാഗമായവര്‍ പറഞ്ഞതു പ്രകാരം ആണ് അവള്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കുന്നത്. പക്ഷേ തിരിച്ച് ഗ്രാമത്തില്‍ എത്തുന്ന അവളെ കാത്തിരിക്കുന്നത് ഊരുവിലക്കും ഉറ്റവരെയും ഉടയവരെയും വിട്ട് എന്നെന്നേക്കുമായി ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്കുള്ള നടതള്ളലുമാണ്. എന്നാല്‍ ഇത് ബുധിനിയുടെ മാത്രം കഥയല്ല, തോല്‍പ്പിക്കപ്പെട്ട, ആരാലും അടയാളപ്പെടുത്താതെ പോവുന്ന ജനതയുടെ കൂടെ ജീവിതമാണ്.
മണ്ണിരയേക്കാള്‍ മഹത്വമൊന്നും മനുഷ്യന് കല്‍പ്പിക്കാത്ത, അല്ലെങ്കില്‍ എല്ലാം തുല്ല്യമെന്ന് കരുതുന്ന ഒരു ജനതക്ക് മണ്ണും മലയും ജലവും ജീവനും എല്ലാം നഷ്ടപ്പെടുന്നത് ആരാലും ചോദ്യം ചെയ്യപ്പെടാതെ പോവുന്നിടത്ത് സോമനാഥ് ഹെബ്രൊമിനെ പോലുള്ള വിപ്ലവകാരികള്‍ ജനിക്കുന്നു. വിപ്ലവമില്ലാതെ അയാള്‍ക്ക് ജീവിക്കാന്‍ ആവില്ലെന്ന് പരിഹസിക്കുന്നവര്‍ അയാളുടെ നഷ്ടങ്ങളും അതിനാല്‍ അവര്‍ നേടുന്നതും കാണാതെ പോവുന്നു.
വികസനത്തിന്റെ കെട്ടിപൊക്കലുകളില്‍ മണ്മറഞ്ഞതെന്തെന്നും ഒളിപ്പിക്കപ്പെട്ടതാരൊക്കെയെന്നും ചിന്തിക്കാ ന്‍ പോലും മിനക്കെടാത്തവരാണ് നാം. വികസനത്തില്‍ നിന്നും വിനാശത്തിലെക്കുള്ള ദൂരം അത്ര ചെറുത ല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു ബുധിനി. വികസനത്തിന്റെ ഉപഭോക്താക്കള്‍ അവരായിരുന്നില്ല. അവരുടെ സ്വന്തമായിരുന്നതെല്ലാം വെള്ളത്തിലും തീയിലും നഷ്ടമാവുമ്പോള്‍ ജീവിക്കാന്‍ ഇടമോ ജീവനോപാധിയൊ നല്‍കാന്‍ ആരും തയാറാവുന്നില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറവും മറവി രോഗം ആക്രമിക്കുമ്പോഴും ജീവിക്കാന്‍ ഇടവും സൗജന്യ വൈദ്യുതിയും നല്‍കാമെന്ന വാഗ്ദാനം മറക്കാതിരിക്കുന്ന റോബോണ്‍ മാഞ്ചിയെ നമ്മളാണ് മറക്കുന്നത്.
നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ രാജ്യം നമ്മുടെ സര്‍ക്കാര്‍ അഭിമാനത്തോടെ ഉരുവിടുന്നതിനിടയില്‍ ആരാണ് നമ്മള്‍ എന്ന് അറിയാതെ ചോദിച്ചു പോവുന്ന അവസ്ഥകളുണ്ട്. ഒരു കാഴ്ചവസ്തുവായി ചിലരുടെ കാര്യസാധ്യത്തിനായി വേഷം കെട്ടപ്പെടുന്ന നമ്മളല്ലാത്ത നമ്മളിലെ ചിലര്‍ ഒരു നിമിഷത്തിനപ്പുറം കാഴ്ചയില്‍ നിന്ന് മറയ്ക്കപ്പെടുന്നത് നമ്മള്‍ അറിയാതെ പോവുന്നു. അതിനപ്പുറം അവര്‍ എന്തെന്ന് ഒരിക്കല്‍ പോലും ചിന്തിക്കാത്തവിധം മറവിയിലേക്ക് തള്ളിമാറ്റാന്‍ കഴിയുന്നവര്‍ക്കിടയിലേക്കാണ് ബുധിനിയുടെ ചോദ്യം എത്തുന്നത് ‘രാജ്യമോ? ഏതാണ് എന്റെ രാജ്യം?’
ബുധിനിയെ ഗ്രാമത്തില്‍ നിന്നും അടിച്ചോടിക്കുന്നതാണ്. അവള്‍ അര്‍ഹിക്കാത്ത ആഗ്രഹിക്കാത്ത ആ യാത്ര ജീവന്‍കാക്കാന്‍ വേണ്ടിയുള്ളതാണ്. തനിച്ചു തുടങ്ങിയ യാത്രയെ, ഒരിക്കല്‍ കൊടുത്ത കൈ ഒരുനാളും വിടാതെ കൂടെ നിന്ന ദത്തയാണ് അര്‍ത്ഥമുള്ളതാക്കുന്നത്. അതുകൊണ്ടൊന്നും ദുരിതങ്ങള്‍ക്ക് വിരാമമാവുന്നില്ലെങ്കിലും എന്നെന്നും പിരിയാത്ത കൂട്ടായി രത്‌നിയുടെ അച്ഛനായി കൂടെയുണ്ടാവുന്നു.
എന്നാല്‍ സ്വന്തം ഗ്രാമം വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഭാര്യയോടും അഞ്ച് ആണ്മക്കളോടും ഒപ്പം ഗ്രാമം വിട്ട് യാത്രയാവുന്ന ജഗ്ദീപ് മുര്‍മുവിനു ജോബോന്‍ എന്ന മകന്‍ ഒഴിച്ച് എല്ലാം നഷ്ടപ്പെടുന്നു. ജഗ്ദീപ് കടന്നു പോവുന്ന സഹനത്തിന്റെ നാള്‍വഴികള്‍ അത്യന്തം വേദനയുടേതാണ്. ജോബോന്‍ ന്റെ മകള്‍ രൂപി മുര്‍മുവാണ് ജലസമാധി അടഞ്ഞ ക്ഷേത്രങ്ങളെ തേടി യാത്രയാവുന്നത്; ഒരു നിമിത്തം പോലെ ബുധിനിയില്‍ എത്തുന്നതും. രൂപി കണ്ടെത്തുന്നത് താന്‍ കൂടി ഉള്‍പ്പെടുന്ന ഒരു ജനതയുടെ ചരിത്രമാണ്. യാത്രകളുടെ പാലായനങ്ങളുടെ കഥകൂടിയാണ് ബുധിനി.
കഥകളില്‍ ഉപകഥകളില്‍ നിറയുന്ന ആഖ്യാനത്തില്‍ സത്യവും മിഥ്യയും തിരയാന്‍ അവസരം തരാതെ ബുധിനി വായനക്കാരെ കൊണ്ടുപോവുന്നു. മന്ത്രവാദിനിയായി മുദ്രകുത്തപ്പെടുന്ന രാംധുനി, ബുധിനിയുടെ കൂട്ടുകാരനായ ഛൊത്രോയ് സോറന്‍, ജീപ്പ് ഡ്രൈവര്‍ ആയ ജൗന മറണ്ടി അങ്ങിനെ ഒരു നാടിന്റെ കഥ പറയാന്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു പിടി കഥാപാത്രങ്ങള്‍ കൂടി ഉണ്ട്. നാട്ടുകൂട്ടത്തിന്റെ നാടുകടത്തലിന്റെ ”ബിത്‌ലാഹ” യുടെ വിവരണവുമായെത്തുന്ന അധ്യായം വായിച്ചു തീരുമ്പോള്‍ ഒരു ദു:സ്വപ്നം കണ്ട് തീര്‍ന്ന പ്രതീതി ബാക്കിയാവുന്നു. ഒപ്പം ചേരുന്ന ചിത്രങ്ങള്‍ അത്രമേല്‍ വാചാലമായി വായനക്കാര്‍ക്ക് സ്വയം പൂരിപ്പിക്കാന്‍ ഇടനല്‍കുന്നു.
ജീവിക്കുക എന്നതാണ് ഒരു സാന്താളിന്റെ ആദ്യത്തെ കടമ. പക്ഷേ ജീവിക്കാനുള്ള ഭൂമി വെള്ളത്തില്‍ മുങ്ങി കുഴമ്പുപോലായിരിക്കുന്നു. മരിച്ചു മണ്ണടിഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് തണുപ്പുകിട്ടാതെ ഉള്ളു കത്തുന്നവരായി തീര്‍ന്നിരിക്കുന്നു. ആട്ടവും പാട്ടും തപ്പും താളവുമുണ്ട്; പക്ഷേ ആടിപ്പാടാന്‍ അരങ്ങു നഷ്ടപ്പെട്ടവരാണവര്‍. അവരുടെ നഷ്ടങ്ങളുടെ മുകളിലാണ് നമ്മള്‍ നേട്ടങ്ങള്‍ പടുത്തുയര്‍ത്തുന്നത്. അവര്‍ എന്നെന്നേക്കുമായുള്ള ഓട്ടത്തിലും. അവരുടെ ഉള്ളില്‍ എരിയുന്നൊരു കാടുണ്ട്; പിന്നെങ്ങനെയാണ് കാലടിയിലെ ചൂട് അവരെ ബാധിക്കുന്നത്. ബുധിനി ജീവിക്കുന്നവള്‍ അല്ല; അതിജീവിക്കുന്നവള്‍ ആണ്.
സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന് എ.എന്‍. ശോഭ എഴുതിയ വായനാനുഭവം.
കടപ്പാട്; മനോരമ ഓണ്‍ലൈന്‍
Comments are closed.