കേരള കൗമുദി മുന്‍ ചീഫ് എഡിറ്റര്‍ എം.എസ്. മണി അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായിരുന്ന എം.എസ്.മണി(79) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കുമാരപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് ഏതാനും നാളുകളായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.
കേരള കൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 നവംബര്‍ നാലിന് കൊല്ലം മയ്യനാടായിരുന്നു ജനനം. കേരള കൗമുദി സ്ഥാപക പത്രാധിപര്‍ സി.വി.കുഞ്ഞിരാമന്റെ കൊച്ചുമകനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ എം.എസ്. മണി 1961-ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചത്. 1962-ല്‍ ലോക്‌സഭ-രാജ്യസഭ റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധേയനായി. 1965-ല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം ദീര്‍ഘകാലം കേരള കൗമുദി എഡിറ്റോറിയല്‍ വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്നു.
ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്.
ഭാര്യ: ഡോ.കസ്തൂരിഭായി( ഫാര്‍മക്കോളജി മുന്‍ അസോഷ്യേറ്റ് പ്രൊഫസര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളെജ്) മക്കള്‍: വല്‍സ മണി(കേരള കൗമുദി പത്രാധിപസമിതിയംഗം), സുകുമാരന്‍ മണി( മാനേജിങ് എഡിറ്റര്‍, കലാകൗമുദി), കേരള കൗമുദി മുന്‍ റസിഡന്റ് എഡിറ്റര്‍ എസ്.ഭാസുരചന്ദ്രനാണ് മരുമകന്‍. പരേതരായ എം.എസ്.മധുസൂദനന്‍, എം.എസ്.ശ്രീനിവാസന്‍, എം.എസ്.രവി എന്നിവരാണ് സഹോദരങ്ങള്‍. കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി സഹോദരപുത്രനാണ്.
എം.എസ് മണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
Comments are closed.