ഭാഗം 1
മഹാഭാരതത്തിന്റെ പാഠചരിത്രം (Textual History) ചര്‍ച്ചചെയ്യുന്നതാണ് ഒന്നാം ഭാഗം. നാലധ്യായങ്ങളാണ് ഈ ഭാഗത്തുള്ളത്. മഹാഭാരതത്തിന്റെ പാഠസ്വരൂപം, ആഖ്യാനപ്രകൃതം, മഹാഭാരതകര്‍ത്താവായി പരിഗണിക്കപ്പെട്ടുവരുന്ന കൃഷ്ണദ്വൈപായനവ്യാസന്‍, മഹാഭാരതത്തിന്റെ പ്രമേയലോകം, മഹാഭാരതം പിന്നിട്ട ‘ പരിണാമഘ’ങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ അധ്യായങ്ങള്‍ ചർച്ചചെയ്യുന്നു .
ഭാഗം 2
രണ്ടാംഭാഗത്തെ നാല് അധ്യായങ്ങള്‍ മഹാഭാരതത്തിന്റെ ഭൗതികചരിത്ര(Material History)ത്തെ കുറിച്ചാണ്. ഇതിഹാസം എന്ന ജനുസ്സിന്റെ ചരിത്രപരമായ ഉള്ളടക്കം, മഹാഭാരതത്തില്‍ തെളിയുന്ന വ്യത്യസ്ത സാമൂഹ്യജീവിത ക്രമങ്ങള്‍, കുരുക്ഷേത്രയുദ്ധവും അതിന്റെ പുരാവിജ്ഞാനവും, മഹാഭാരതം നല്‍കുന്ന ഭൗതികസൂചനകള്‍ തുടങ്ങിയവയെല്ലാം ഈ അധ്യായങ്ങളുടെ പരിഗണനയിലുണ്ട്. ഇതോടൊപ്പം മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രം കൂടിയായ കൃഷ്ണന്‍ എന്ന ദൈവകല്പനയുടെ ചരിത്രപരമായ പരിണാമങ്ങളും അതിനു പിന്നിലെ സാമൂഹികപ്രേരണകളും ഈ ഭാഗത്ത് ചര്‍ച്ചചെയ്തിട്ടുണ്ട്.
ഭാഗം 3
മഹാഭാരതത്തിന്റെ പാരായണചരിത്ര(Reading History)മാണ് മൂന്നാംഭാഗം. വായനയും അര്‍ത്ഥോത്പാദനവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുന്ന താണ് ആമുഖാധ്യായം. അതോടൊപ്പം ആധുനികകാലത്തെ മഹാഭാരതവായനകളുടെ ചരിത്രം, വിമര്‍ശനാത്മകപാഠ(Critical Edition)ത്തിന്റെ നിര്‍മ്മാണചരിത്രം എന്നിവ ചര്‍ച്ചചെയ്യുന്ന രണ്ട് അധ്യായങ്ങളും കൂടി ഉള്‍പ്പെട്ടതാണ് മൂന്നാം ഭാഗം
ഭാഗം 4
നാലാംഭാഗത്തുള്ളത് മഹാഭാരതത്തിന്റെ വ്യാപനചരിത്രം(Proliferation History) ചര്‍ച്ചചെയ്യുന്ന നാലധ്യായങ്ങളാണ്. പ്രാദേശിക-ജനസംസ്‌കാരരൂപങ്ങളിലേക്കും ഏഷ്യന്‍ ജീവിതത്തിലേക്കുമുള്ള മഹാഭാരതവ്യാപനം, മഹാഭാരതത്തിന്റെ ആധുനികജീവിതം, കേരളവും മഹാഭാരതവും എന്നിവയാണ് നാലാം ഭാഗത്ത് ചര്‍ച്ചചെയ്യുന്നത്.
ഭാഗം 5
ബഹുസ്വരാത്മകചരിത്രം(Polyphonic History) എന്നു വിശേഷിപ്പിക്കാവുന്ന അഞ്ചാംഭാഗത്തിലെ നാലധ്യായങ്ങളില്‍ ബഹുരൂപിയായ മഹാഭാരതജീവിതത്തെ വ്യത്യസ്ത പ്രമേയങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിക്കുന്നു. മഹാഭാരതത്തിന്റെ പ്രഥമ വിവര്‍ത്തനമായ റസമ്‌നാമ, ദേശീയപ്രസ്ഥാനവും മഹാഭാരതവും തമ്മിലുള്ള വിനിമയങ്ങള്‍, മഹാഭാരതത്തിലെ ലിംഗപദവീബന്ധങ്ങള്‍, തുള്ളലും മഹാഭാരതവും എന്നിങ്ങനെ തീര്‍ത്തും വ്യത്യസ്തവും പരസ്പരഭിവുമായ പ്രമേയങ്ങളാണ് ഈ ഭാഗത്ത് ചര്‍ച്ചചെയ്തിട്ടുള്ളത്. അത്യന്തഭിമായ രൂപങ്ങളില്‍ ജീവിച്ച പാഠമാണ് മഹാഭാരതം. അതിലെ ചില പടവുകള്‍ മാത്രമേ ഈ ഭാഗത്ത് പരിശോധിച്ചിട്ടുള്ളൂ. ഇനിയും എത്രയെങ്കിലും വികസിപ്പിക്കാവുന്ന ഒന്നാണത്.
ഭാഗം 6
ആറാംഭാഗം ഗീതാചരിത്ര(History of Bhagavatgita)മാണ്. മഹാഭാരതവും ഭഗവദ്ഗീതയും തമ്മിലുള്ള ബന്ധങ്ങളും ഭഗവദ്ഗീതയുടെ വിഭികാലങ്ങളിലെ ചരിത്രജീവിതവുമാണ് ഈ ഭാഗത്ത് ചര്‍ച്ചയിലുള്ളത്. ഗീതയുടെ രൂപീകരണചരിത്രം മുതല്‍ വിഭിന്ന കാലഘട്ടങ്ങളിലൂടെയുള്ള അതിന്റെ സഞ്ചാരവും ദേശീയപ്രസ്ഥാനവുമായി അതിനുള്ള അസാധാരണമായ വിനിമയങ്ങളും ഇവിടെ പരിശോധിച്ചിട്ടുണ്ട്.
ഭാഗം 7
ഏഴാമത്തേതും അവസാനത്തേതുമായ ഭാഗത്തുള്ളത്. സാഹിതീയതയെക്കുറിച്ചുള്ള ആധുനിക സങ്കല്പങ്ങള്‍ക്കുള്ളില്‍വച്ച് മഹാഭാരതത്തെ വീക്ഷിക്കാനുള്ള ശ്രമമെന്ന് ഇതിനെക്കുറിച്ച് പൊതുവായി പറയാം. വിഭാവനചരിത്ര(History of Imagination)മെന്ന് അതിനെ വിശേഷിപ്പിക്കാന്‍ മുതിരുന്നതും ഇക്കാരണത്താലാണ്. രണ്ടുകാര്യങ്ങള്‍ ഈ ഭാഗത്തെക്കുറിച്ച് പ്രത്യേകമായി പറയാനുണ്ട്. ഒന്നാമത്തേത് ഇത് ഏറിയപങ്കും വ്യക്തിഗതമായ മഹാഭാരതവായനയാണ് എന്നതാണ്. ഇതരഭാഗങ്ങളിലെപോലെ ഇവിടെയും ചില മഹാഭാരത പഠിതാക്കളെ ഞാന്‍ ആശ്രയിച്ചിട്ടുണ്ട്. എന്റെ സൗന്ദര്യാഭിരുചിയോട് ചേർന്നുപോകുന്ന നിഗമനങ്ങളും നിരീക്ഷണങ്ങളും അവരില്‍നിന്നും സ്വീകരിക്കുന്നുവെന്നേ അതിനര്‍ത്ഥമുള്ളൂ.