തന്നെ കൊണ്ടെഴുതിച്ചത് കഥാപാത്രമെന്ന് ടി.ഡി. രാമകൃഷ്ണന്
കൊല്ലം: കഥാപാത്രമാണ് മനസ്സുകൊണ്ടും വിരല്‍കൊണ്ടും കഥാരചന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് എഴുത്തുകാരന് ടി.ഡി.രാമകൃഷ്ണന്. ഭീതിയും നിസ്സഹായതയും തളംകെട്ടിനില്ക്കുന്ന കശ്മീര്‍ താഴ്വരയിലെ ജനതയുടെ കണ്ണീരിന്റെയും ചോരയുടെയും കഥ പറയുന്ന അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ടി.ഡി.രാമകൃഷ്ണന് ഇക്കാര്യം പറഞ്ഞത്. കൊല്ലം കാമ്പിശ്ശേരി കരുണാകരന് വായനശാലയില്‍ വെച്ചായിരുന്നു പുസ്തകചര്‍ച്ച.
ഈ നോവല്‍ ആദ്യം പ്രസിദ്ധീകരിക്കാന്‍ ആലോചിച്ചത് തന്റെ പേരിലായിരുന്നില്ല. തന്റെ സ്വപ്നത്തില്‍ കടന്നുവന്ന് കഥ പറഞ്ഞുതന്ന അജ്ഞാതയായ ആ കാശ്മീരി വനിത ഫാത്തിമ നിലോഫറിന്റെ പേരിലാകട്ടെ എന്ന് ചിന്തിച്ചു. എന്നാല്‍ കഥയുടെ പൂര്‍ത്തീകരണത്തിന് അത് തടസ്സമാകുമെന്ന് വന്നപ്പോഴാണ് തന്റെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചത്.
തനിക്ക് യോജിപ്പില്ലാത്ത പല കാര്യങ്ങളും നോവലിലുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. കഥാപാത്രത്തിന്റെ കഥ പറയാന്‍ മാത്രമേ താനുദ്ദേശിച്ചുള്ളൂ. കാശ്മീരിലെ ഒരു സാധാരണ വനിതയുടെ അനുഭവമാണതിലുള്ളത്. അവരുടെ വിശ്വാസത്തില്‍ തെറ്റും ശരിയും കാണും. ഇന്ത്യയിലെ ഏതൊരു പൗരനെപ്പോലെയും അഭിമാനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്; ആഗ്രഹമുണ്ട്. അതിനെ ഉരുക്കുമുഷ്ടി കൊണ്ട് ചവിട്ടിയരയ്ക്കുമ്പോഴുള്ള തേങ്ങലാണിതിലുള്ളത്.
കാശ്മീര്‍ താഴ്വരയില് ജീവിതയാതന അനുഭവിക്കുന്ന സഹോദരങ്ങളുടെ അവസ്ഥയില്‍ സ്വസ്ഥത നഷ്ടപ്പെട്ടവരിലൊരാളാണ് താനും. കാശ്മീരിനെ അടിസ്ഥാനപ്പെടുത്തി നേരത്തെ ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതാന്‍ തുടങ്ങിയിരുന്നു. പട്ടാളത്തിന്റെ പെല്ലറ്റ് കൊണ്ട് കണ്ണ് നഷ്ടപ്പെട്ട ഒരു ബാലന്റെ കഥയാണ് എഴുതിത്തുടങ്ങിയത്. പുതിയ കാലാവസ്ഥയില്‍ ആ പ്രോജക്ടില്‍നിന്ന് സംരംഭകര്‍ പിന്മാറി. 2019 ഓഗസ്റ്റ് നാലിന് ശേഷം കാശ്മീരിലുണ്ടായ സംഭവവികാസങ്ങള്‍ തന്നെ വേദനിപ്പിച്ചു. പല തവണ എഴുതാന്‍ ആരംഭിച്ചെങ്കിലും അത് തുടരാനായില്ല. അജ്ഞാതമായ പ്രേരണയിലൂടെ താനാ എഴുത്ത് പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈബ്രറി പ്രസിഡന്റ് സി.ആര്. ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജയന് മഠത്തില്‍ ആമുഖപ്രഭാഷണം നടത്തി. ഷീജ ഗൗരി പത്മം, അഡ്വ. കെ.പി.സജിനാഥ്, അജിത് എസ്.ആര്, ടെന്നിസണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.എസ്.സുരേഷ് സ്വാഗതവും പ്രദീപ് ചന്ദ്രന് നന്ദിയും പറഞ്ഞു.
Comments are closed.