എം.മുകുന്ദന്റെ ‘ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു’ ഇംഗ്ലീഷില്‍
മയ്യഴിയുടെ സാഹിത്യകാരന് എം.മുകുന്ദന്റെ പ്രശസ്ത നോവല്‍ ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു എന്ന കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം The Bells Are Ringing In Haridwar ശ്രദ്ധേയമാകുന്നു. സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം.മുകുന്ദന്റെ സര്‍ഗ്ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന ഈ നോവല്‍ മലയാളസാഹിത്യത്തിലെ ഒരു കാലഘട്ടത്തിന്റെ പ്രതീകം കൂടിയാണ്.
എഴുത്തുകാരി, വിവര്‍ത്തക, സാഹിത്യനിരൂപക എന്നീ നിലകളില്‍ ശ്രദ്ധ നേടിയ പ്രേമ ജയകുമാറാണ് ഈ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മലയാറ്റൂരിന്റെ യക്ഷി, സേതുവിന്റെ പാണ്ഡവപുരം, എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ തുടങ്ങി പന്ത്രണ്ടോളം കൃതികള്‍ മുന്‍പ് പ്രേമ ജയകുമാര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ പ്രസാധകരനായ രത്നസാഗര്‍ ബുക്സാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മയ്യഴി പശ്ചാത്തലമാകുന്ന എം.മുകുന്ദന്റെ The Naked Lord , Savitri’s Girdle എന്നീ നോവെല്ലകളും ഈ കൃതിയില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020-ല്‍ പുസ്തകത്തിന്റെ തര്‍ജ്ജമയെ ആസ്പദമാക്കി പ്രത്യേക സെഷനും അരങ്ങേറിയിരുന്നു. എം.മുകുന്ദന്, പ്രേമ ജയകുമാര്‍, ശ്രീധര്‍ ബാലന്, ദിനേഷ് സിന്‍ഹ എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്.
Comments are closed.