DCBOOKS
Malayalam News Literature Website

‘കാല്‍പാദങ്ങളിലേക്കല്ല, നക്ഷത്രങ്ങളിലേക്കാണ് നോക്കേണ്ടത്’; ആത്മവിശ്വാസത്തിന്റെ ആസിഡ് ഫ്രെയിംസ്

ശ്രീപാര്‍വ്വതി

“കാല്‍പാദങ്ങളിലേക്കല്ല, നക്ഷത്രങ്ങളിലേക്കാണ് നോക്കേണ്ടത് എന്നു മറക്കാതിരിക്കുക. മനുഷ്യരെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളെയും പൂര്‍ണ്ണമായും അറിയുന്നതിനു നാം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടമാണിത്. നിരീക്ഷണങ്ങളില്‍ നിന്നും ശാസ്ത്രീയരീതി ഉപയോഗിച്ച് അനുമാനങ്ങളിലെത്തുക, എപ്പോഴും അന്വേഷണബുദ്ധി നിലനിര്‍ത്തുക, ജീവിതം എത്ര കടുത്ത പരീക്ഷണങ്ങള്‍ നിറഞ്ഞതായി തോന്നിയാലും നിങ്ങള്‍ക്കു പ്രവര്‍ത്തിച്ചു വിജയിപ്പിക്കാന്‍ കഴിയുന്ന കുറച്ചു മേഖലകള്‍ എപ്പോഴും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഒരിക്കലും പ്രതീക്ഷ കൈവിട്ടു പിന്‍വാങ്ങാതിരിക്കുക”; ആസിഡ് ഫ്രെയിംസ് എന്ന ചെറിയ നോവലിനെ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ഈ കുഞ്ഞു വാചകങ്ങളില്‍ തളച്ചിടാനാകും.

ഇലാമാ എന്ന പെണ്‍കുട്ടി വിളിക്കപ്പെടുന്നത് ഇല എന്നാണ്. എത്ര മനോഹരമാണ് ആ പേര്. നടാഷ, നതാലിയ തുടങ്ങി നായികമാരുടെ പേരിടാന്‍ നന്നായറിയുന്ന ദസ്‌തേവ്‌സ്‌കിയാണ് ആദ്യം ഓര്‍മ്മ വന്നത്. ഒരു പച്ചപ്പിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇല എന്ന പേര് ആസിഡ് ഫ്രെയിസിന്റെ ആകെത്തുകയാണ്. ബാലന്‍ വേങ്ങരയുടെ നാലാമത്തെ പുസ്തകമാണ് ഇത്. മറ്റുള്ള പുസ്തകങ്ങളില്‍ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നത് നോവലിലെ ബയോ ഫിക്ഷന്റെ സവിശേഷത കൊണ്ടാണ്. സമാന്തരമായി നീണ്ടു പോകുന്ന രണ്ടു ജീവിതത്തിന്റെ കഥകളാണ് ആസിഡ് ഫ്രെയിംസ് പറയുന്നത്. പീറ്റര്‍ എന്ന പബ്ലിഷേര്‍ കമ്പനിയുടെ ഉടമസ്ഥനും അദ്ദേഹത്തിന്റെ മകളായ ഇലയും ഒപ്പം ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സും ഈ രണ്ടു ജീവിതങ്ങളുടെ അവസ്ഥകള്‍ ഇതിലൂടെ കടന്നു പോകുന്നു. ഇവര്‍ തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നിടത്താണ് നോവലിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതത്തെ ഉടനീളം കോര്‍ത്തെടുത്ത് ഒരു മുത്തുമാല പോലെ ബാലന്‍ വേങ്ങര പറഞ്ഞു വയ്ക്കുന്നു. അദ്ദേഹത്തിന്റെ ബാല്യാവസ്ഥ തൊട്ടുള്ള ജീവിത കഥകള്‍ പുറത്ത് നിന്നല്ല അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഇല എന്ന പെണ്‍കുട്ടി നോക്കിക്കാണുന്നു. അദ്ദേഹത്തോട് അവള്‍ക്ക് ഉള്ള സ്‌നേഹം എന്താണെന്നതിന് കൃത്യമായ ഉത്തരമില്ല. പലപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയുടെ മനസ്സിലൂടെയും സുഹൃത്തുക്കളുടെ മനസ്സിലൂടെയും ഇല നടന്നു പോകുന്നു. എന്താണ് സ്റ്റീഫന്റെ ജീവിതത്തിന്റെ സംഭവിച്ചത്, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അവസ്ഥ എങ്ങനെയൊക്കെയാണ് സ്റ്റീഫന്റെ ജീവിതകാലത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്, ബ്‌ളാക്ക് ഹോള്‍ എന്ന ശാസ്ത്ര പ്രതിഭാസത്തെ സ്റ്റീഫന്‍ എങ്ങനെയാണ് കണ്ടത് എന്നെല്ലാം ഇല സ്റ്റീഫന്റെ മനസ്സിലേയ്ക്ക് നടന്നു കയറി മനസ്സിലാക്കുന്നുണ്ട്.

ഇലാമാ എന്ന പെണ്‍കുട്ടി പീറ്ററിന്റെ മകളാണ്. അസുഖ ബാധിതനായ അയാള്‍ തല്‍ക്കാലം ജോലികളില്‍ നിന്ന് അവധിയെടുത്ത് വീട്ടില്‍ വിശ്രമത്തിലാണ്. അയാളുടെ ഭാര്യ അയാളുടെയും ജോലി ചെയ്തുകൊണ്ട് ഇപ്പോഴും ഓഫീസിലും. ഇലയുടെ ഏറ്റവും വലിയ ദുഃഖം തന്റെ സ്‌കൂളിലെ ഒപ്പം പഠിക്കുന്ന മറ്റു കുട്ടികളുടെ പിതാക്കന്മാരുടെ പ്രായമല്ല സ്വന്തം അച്ഛന് എന്നോര്‍ത്താണ് . സ്റ്റീഫന്‍ നല്ല പ്രായമുള്ള ഒരാളാണ്.മുതിര്‍ന്ന ആണ്‍കുട്ടികള്‍ വിവാഹം കഴിച്ച് ഇലയോളം പ്രായമുള്ള മക്കളുമായി ജീവിക്കുമ്പോള്‍ ഒറ്റപ്പെടുന്നതിന്റെ ഒറ്റത്ത് ചെന്ന് പീറ്ററും ഭാര്യയും സ്വന്തമാക്കിയതാണ് ഇലയെ. ആര്‍ട്ടിഫിഷ്യല്‍ പ്രെഗ്‌നന്‍സി വഴിയാണ് ഇല അവരുടെ സ്വന്തമായത്. എന്നാല്‍ പ്രായമേറിയ, മുഖത്തും ശരീരത്തും ചുളിവുകള്‍ വീണ അച്ഛന്‍ ഇലയ്‌ക്കൊരു ഭാരമാണ്. സ്‌കൂളില്‍ കൂട്ടുകാര്‍ പരിഹസിക്കുമ്പോള്‍ അവളെ സഹായിക്കാന്‍ അവളുടെ ആണ്‍ സുഹൃത്ത് നോഹയാണ് ഇലയുടെ അച്ഛനും വിഖ്യാതനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പരസ്യ പ്രഖ്യാപനം നടത്തുന്നത്. ഇതുവരെ ഉറപ്പാകാത്ത ഒരു വിവരമായിരുന്നെങ്കിലും അച്ഛന്‍ ഇതുവരെ അത് സമ്മതിച്ചിട്ടില്ലെങ്കിലും കൂട്ടുകാരുടെ മുന്നില്‍ താല്‍ക്കാലികമായി പിടിച്ചു നില്ക്കാന്‍ ആ പേര് തനിക്കൊപ്പം ആവശ്യമാണെന്ന് ഇലയ്ക്ക് തോന്നി. അവിടെ നിന്നാണ് ഇല സ്റ്റീഫനെ അന്വേഷിച്ച് തുടങ്ങുന്നത്.

വളരെ മനോഹരമായ ഭാഷയില്‍ ലളിതമായി ഇലയുടെ സ്റ്റീഫന്റെ ജീവിതം എഴുത്തുകാരന്‍ പറഞ്ഞു പോകുന്നുണ്ട് നോവലില്‍. എന്താണ് ഇലയുടെ പിതാവും സ്റ്റീഫനും തമ്മിലുള്ള ബന്ധം? ഒടുവില്‍ സുഹൃത്തുക്കള്‍ അവളെ സ്റ്റീഫന്റെ ഗേള്‍ ഫ്രണ്ട് എന്ന് പോലും വിളിക്കുമ്പോള്‍ ഇലയുടെ മനസ്സില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല, നോഹയെ മറന്നിട്ടുമായിരുന്നില്ല, പക്ഷെ മറ്റാരേക്കാളും അവള്‍ സ്റ്റീഫനിലേയ്ക്ക് അവളെ ഇഴുക്കിച്ചെര്‍ത്തിരുന്നു. ലേഖനത്തിന്റെ ആദ്യം പറഞ്ഞ വാക്കുകള്‍ സ്റ്റീഫന്റെതായി കേള്‍ക്കുന്നത് ഇലയാണ്. ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണാനും പരിചരിക്കാനുമുള്ള അതിതീവ്രവാഞ്ഛ ഉണ്ടായിരുന്നെങ്കിലും അത് നടക്കുമെന്നവള്‍ കരുതിയതേയില്ല. പക്ഷെ വിധി അവള്‍ക്കായി അദ്ഭുതം ഒരുക്കുന്നുണ്ടായിരുന്നു. എന്താണ് സ്റ്റീഫനും ഇലയുടെ അച്ഛന്‍ പീറ്ററും തമ്മിലുള്ള ബന്ധം? അതിനെത്തുടര്‍ന്നാണ് ഇലയെ അമ്പരപ്പിച്ച ചില കാര്യങ്ങള്‍ അവളുടെ ജീവിതത്തില്‍ നടന്നത്. ആ ഒരു ക്‌ളൈമാക്‌സിലേക്കെത്താന്‍ സ്റ്റീഫന്റെ ജീവിതവും ഇലയ്ക്ക് മുന്നിലുണ്ട്.

സംസാരിക്കാനുള്ള കഴിവുകള്‍ കുറഞ്ഞു വന്നു, നടക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവുകള്‍ കുറഞ്ഞു വന്ന സ്റ്റീഫന്റെ ജീവിതത്തിലേക്കാണ് ജെയിന്‍ കടന്നു വന്നത്. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ജെയിന്‍ സ്റ്റീഫനോടൊപ്പം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാലത്തെ മാറ്റിമറിച്ച സിദ്ധാന്തങ്ങളില്‍ ജെയിന്‍ ഒരു കരുതലും കരുത്തുമായിരുന്നു. ചലിക്കാത്ത കൈകാലുകളും ശരീരവും ഇപ്പോഴും ചാലിച്ച് കൊണ്ടിരിക്കുന്ന തലച്ചോറും സ്റ്റീഫനെക്കൊണ്ട് പുതിയ കണ്ടെത്തലുകളുണ്ടാക്കി. കണ്ണുകളുടെ ഇമ കൊണ്ട് ചലിക്കുന്ന യന്ത്രങ്ങള്‍ കൊണ്ട് അദ്ദേഹം മറ്റുള്ളവരുമായി സംവദിച്ചു. ബ്‌ളാക്ക് ഹോളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ജീവന്‍ പകര്‍ന്നു. ഇതെല്ലാം ഇല ജെയിന്‍ ആയി നിന്നുകൊണ്ട് കണ്ടു കൊണ്ടേയിരുന്നു. അവള്‍ക്ക് ഒരുപക്ഷെ സ്വയം മനസ്സിലാക്കാനാകുമായിരുന്നില്ല. അത്രമാത്രം ആരാധനയുടെയും സ്‌നേഹത്തിന്റെയും ഒരു ലോകത്തായിരുന്നു വിദ്യാര്‍ത്ഥിയായ ഇല. എല്ലാത്തിന്റെയുമൊടുവില്‍ അവള്‍ കണ്ടെത്തുന്നു, നോക്കേണ്ടത് കാല്‍പ്പാദങ്ങളിലേയ്ക്കല്ല… അങ്ങ് മുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങളിലേക്കാണ്. സ്റ്റീഫനുമായി അവള്‍ ഹൃദയത്തില്‍ സങ്കല്‍പ്പിച്ച് കൂട്ടിയ ബന്ധങ്ങള്‍ ഒടുവില്‍ എവിടെയാണ് ചെന്ന് നില്‍ക്കുക? പീറ്റര്‍, തനിക്ക് അത്രയ്‌ക്കൊന്നും നേരിട്ട് പരിചയമില്ലാത്ത സ്റ്റീഫനുമായി എന്ത് ബന്ധമാണ് ഉണ്ടാക്കുന്നത്? ഇതെല്ലാം ആസിഡ് ഫ്രെയിംസ് പറയുന്നു.

ശരീരത്തിന്റെ പരിമിതികളില്‍ തളയ്ക്കപ്പെട്ടു പോവാതെ ഊര്‍ജ്ജതത്തിന്റെ അങ്ങേയറ്റത്ത് ചെന്ന് നിന്ന് പ്രവര്‍ത്തിച്ച പ്രതിഭയാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ്. ഒരുപക്ഷെ മറ്റേതൊരു മോട്ടിവേഷണന്‍ നല്‍കുന്ന വായനയേക്കാള്‍ മുന്നിലുള്ള ത്രസിപ്പിക്കുന്ന ഒരു ജീവിതം വായിക്കുന്നത് ഇരട്ടി പ്രയോജനം ചെയ്യും. അതുകൊണ്ട് തന്നെ ബയോഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ആസിഡ് ഫ്രെയിംസിന്റെ വായന നല്‍കുന്ന ആത്മവിശ്വാസം ഉന്മേഷവും കുറവല്ല. ബാലന്‍ വേങ്ങര എന്ന എഴുത്തുകാരന്റെ രസകരമായ എഴുത്ത് ശൈലി പിടിച്ചിരുത്തുകയും ചെയ്യും.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.