ഡിസംബര്‍- ഉണ്ണി ആര് എഴുതിയ കഥ
മടിയനായ എന്റെ കുഞ്ഞേ സൂര്യന് ഉദിക്കുന്നത് കാണാന്‍ എഴുന്നേല്ക്കൂ എന്ന് എല്ലാ പ്രഭാതങ്ങളിലും ഉമ്മ അവനോട് പറയും. ഉമ്മയുടെ ഒച്ച മുറിയുടെ വാതില്‍ തുറന്നു വരുമ്പോള്‍ അവന് പുതപ്പിനുള്ളിലെ ഇരുട്ടില്‍ വെളിച്ചം തൊടാത്ത ഒരു തുണ്ട് ആകാശമായി ഉമ്മയെ പറ്റിച്ച് കിടക്കും.
അയല്‍വീട്ടിലെ പട്ടിയും പൂച്ചയും മരങ്ങളും ഒളിച്ചുനിന്ന് അവനെ മടിയനായ കുഞ്ഞേ എന്ന് വിളിച്ചു. ഓരോ ദിവസവും ഉമ്മയും കാറ്റും പൂച്ചയും മരങ്ങളുമെല്ലാം ഇന്ന് അവന് നേരത്തെ എഴുന്നേല്ക്കുമെന്നും സൂര്യന് ഉദിക്കുന്നത് കാണുമെന്നും കരുതി ഉറക്കച്ചടവോടെ മടിയനായ കുഞ്ഞ് പുതപ്പു വിട്ട് പുറത്തുവരുന്നതും കാത്തിരുന്നു. എന്നാല്‍ മടിയന്കുട്ടിയവട്ടെ എല്ലാവരേയും പറ്റിച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങി.
ഒരു ദിവസം ഉമ്മയും പൂച്ചയും മരങ്ങളുമെല്ലാം ഉണരും മുമ്പ് മടിയന്കുട്ടി പുതപ്പിനുള്ളിലെ ഇരുട്ട് തട്ടിക്കളഞ്ഞ് എഴുന്നേറ്റു. ഒച്ചയുണ്ടാക്കാതെ വാതില്‍ തുറന്നു. കിഴക്ക് ആകാശത്തിന്റെ അതിരില്‍നിന്നും ഇപ്പോള്‍ സൂര്യന് എന്നെക്കാണാന്‍ വരും എന്ന് അവന് സന്തോഷത്തോടെ ഓര്‍ത്തു. ഒന്നും ഇടാത്ത തന്റെ കുഞ്ഞുദേഹത്തെ സൂര്യന് തൊടുന്നതും കാത്ത് തന്നെ പൊതിയുന്ന തണുപ്പില്‍ കുളിരു കോരി നിന്നു. അവന്റെ കണ്ണ് സൂര്യന് ഉദിക്കുമ്പഴേ കാണാനായി മഞ്ഞിലൂടെ ദൂരേക്ക് നടക്കുമ്പോള്‍ കുഞ്ഞ് കുഞ്ഞ് ഒച്ചകള്‍ മാത്രം കേട്ടു ശീലിച്ച അവന്റെ ചെവിയെ പെട്ടെന്നു വന്ന ഒരു ശബ്ദം പേടിപ്പിച്ചു. വീണ്ടും വീണ്ടും ആ ശബ്ദം പേടിപ്പിച്ചപ്പോള്‍ അവന് ഉറക്കെ കരഞ്ഞു. കരച്ചില് കേട്ട് വീട് ചാടിയെണീറ്റു. ഉമ്മ ഓടി വരുമ്പോള്‍ പേടിച്ച കണ്ണുകളോടെ നില്ക്കുന്ന കുഞ്ഞിനെ കണ്ട് അവര്‍ ചേര്‍ത്തു പിടിച്ചു. അവന് ചോദിച്ചു. ‘ഉമ്മാ ഞാന്‍ ഉണരാന്‍ വൈകിയോ? അതോ ഇതായിരുന്നുവോ ഞാന്‍ ഉണരേണ്ട നേരം ?’
മെല്ലെ ഉദിച്ചു വരുന്ന ഇരുട്ടിലേക്ക് നോക്കി ഉമ്മ ഒന്നും പറയാതെ നിന്നു.
Comments are closed.