പാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്കാരം ഹാരിസ് നെന്മേനിക്ക്
കോട്ടയം: പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്സഭാംഗവും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ പുരസ്കാരം എഴുത്തുകാരന് ഹാരിസ് നെന്മേനിക്ക്. ഡി സി ബുക്സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ഹാരിസ് നെന്മേനിയുടെ വിന്‍ഡോ സീറ്റ് എന്ന കുട്ടികള്‍ക്കായുള്ള സഞ്ചാരനോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പാലാ കെ.എം. മാത്യുവിന്റെ ജന്മദിനമായ ജനുവരി 11-ന് പുരസ്കാരം വിതരണം ചെയ്യും.
വയനാട് ജില്ലയിലെ നെന്മേനി സ്വദേശിയാണ് ഹാരിസ്. അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കലാകൗമുദിയുടെ ‘കഥ’ പുരസ്കാരം, കുഞ്ഞുണ്ണി മാഷ് സാഹിത്യസമ്മാനം, പുഴ ഡോട് കോം കഥാപുരസ്കാരം, എ. മഹമ്മൂദ് കഥാപുരസ്കാരം, ശക്തി കഥാപുരസ്കാരം, പഴശ്ശി കഥാപുരസ്കാരം, പാം പുരസ്കാരം, സമഷ്ടി സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ‘ഫോട്ടോഷോപ്പ്’, ‘ഹെര്‍ബേറിയം’ എന്നീ ചെറു സിനിമകള്‍ക്ക് കഥയെഴുതിയിട്ടുണ്ട്.
Comments are closed.