കഠിനാദ്ധ്വാനവും ആത്മവിശ്വാസവുമാണ് തന്റെ ജീവിതവിജയത്തിനു പിന്നില്‍: ഗുല്‍ഷന്‍ ഗ്രോവര്‍
ഷാര്‍ജ: സാമ്പത്തികപരാധീനത നിറഞ്ഞ കുടുംബത്തില്‍ ജനിച്ച താന്‍ കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഹിന്ദിസിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്ന് പ്രശസ്ത ഹിന്ദി ചലച്ചിത്ര നടന്‍ ഗുല്‍ഷന്‍ ഗ്രോവര്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒന്‍പതാം ദിനത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ബോളിവുഡിന്റെ ‘ബാഡ് മാന്‍’.
സ്വന്തം ജീവിതത്തെക്കുറിച്ചും ചലച്ചിത്രരംഗത്തെ അനുഭവങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് സദസ്സിന് മുന്‍പില്‍ മനസ്സ് തുറന്നു. ബോംബെയിലെ സിനിമാലോകത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്റെ നിര്‍ധനകുടുംബാംഗങ്ങള്‍ കരുതിയത് താന്‍ ജോലിയെടുത്ത് കുടുംബത്തെ സഹായിക്കാനാണ് പുറപ്പെടുന്നതെന്നാണ്. അനിശ്ചിതാവസ്ഥ നിറഞ്ഞ സിനിമാലോകത്തേക്ക് നടനാകുക എന്ന ഭാഗ്യപരീക്ഷണത്തിനാണ് താന്‍ പോകുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവ് നിഷ്‌കളങ്കരായ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല.
സിനിമയില്‍ അവസരം ചോദിച്ച് ചെന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ ഗുല്‍ഷന്‍ ഗ്രോവര്‍ ശ്രോതാക്കളോട് വിവരിച്ചു. ഉയരം കുറഞ്ഞ തനിക്ക് നായകവേഷം നല്‍കില്ലെന്ന് പറഞ്ഞവരോട് താന്‍ പ്രതിനായകവേഷം ചോദിച്ചു. പ്രതിനായകന് നായകനേക്കാള്‍ ഉയരം വേണമെന്നും ക്രൂരമുഖം ഉണ്ടായിരിക്കണമെന്നുമായിരുന്നു തനിക്ക് കിട്ടിയ മറുപടി. തന്റെ ഉയരം പ്രശ്‌നമാക്കേണ്ടയെന്നും സ്‌ക്രീനില്‍ തന്റെ പ്രകടനം നോക്കി തന്നെ വിലയിരുത്താനും താന്‍ അവരോട് പറഞ്ഞു. പിന്നീടുണ്ടായതെല്ലാം ചരിത്രമാണെന്ന് പറഞ്ഞ ഗുല്‍ഷന്‍ ഗ്രോവര്‍, തന്നേക്കാള്‍ ഉയരമുള്ളവരെയെല്ലാം പിന്നിലാക്കാനായി തനിക്ക് കഴിഞ്ഞത് തന്റെ കഠിനാദ്ധ്വാനം മൂലമാണെന്ന് സൂചിപ്പിച്ചു.
‘ബാഡ് മാന്‍’എന്ന തന്റെ ആത്മകഥയെ കുറിച്ചുള്ള ചോദ്യത്തിന്, നിത്യാഹാരത്തിന് പോലും ബുദ്ധിമുട്ടുള്ള വീട്ടില്‍ ജനിച്ച സാധാരണക്കാരനായ ഒരു വ്യക്തി, സ്വന്തം കഠിനാദ്ധ്വാനവും ആത്മവിശ്വാസവും മൂലം ലക്ഷ്യത്തിലെത്തുന്ന കഥയാണ് ‘ബാഡ് മാനി’ലേതെന്ന് ഗുല്‍ഷന്‍ ഗ്രോവര്‍ പറഞ്ഞു. ആത്മകഥയെഴുതുമ്പോള്‍ സാമാന്യമായി പാലിക്കേണ്ട മര്യാദകള്‍ ‘ബാഡ് മാന്‍’ എഴുതുമ്പോള്‍ താന്‍ പാലിച്ചിട്ടുണ്ട്. കഥകളല്ല, യഥാര്‍ത്ഥജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ആത്മകഥയില്‍ പറയേണ്ടത്. സന്തോഷകരവും ദുഃഖകരവുമായ സംഭവങ്ങളുടെ വിവരണങ്ങള്‍ ആത്മകഥയിലുണ്ടാകും. ജീവിതത്തില്‍ കണ്ടുമുട്ടിയ എല്ലാ സ്ത്രീകളേയും ആദരവോടും ബഹുമാനത്തോടും കൂടിയാണ് താന്‍ ആത്മകഥയില്‍ വര്‍ണ്ണിച്ചിട്ടുള്ളത്. വിഷമകരമായ അനുഭവങ്ങള്‍ നമുക്ക് സമ്മാനിച്ച്, ഒരിക്കല്‍ നമ്മുടെ മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വ്യക്തികളെ കുറിച്ച് ആത്മകഥയില്‍ ഒരിക്കലും മോശമായി പരാമര്‍ശിക്കാന്‍ പാടില്ല. നമ്മുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി തരാനുള്ള വ്യക്തിപ്രഭാവം പലപ്പോഴും അവര്‍ക്കുണ്ടാകില്ല. അത്തരക്കാരെ ഒരിക്കലും നമ്മുടെ ആത്മകഥയിലൂടെ നോവിക്കരുത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മുടെ ആത്മകഥ മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്നതാണ്.
സിനിമയില്‍ വില്ലന്മാരുടെ പ്രാധാന്യത്തെ കുറിച്ച് പരാമര്‍ശിക്കവെ, രാമനല്ല, രാവണനാണ്, ഒരു കഥയെന്ന നിലയില്‍ രാമായണത്തെ കൂടുതല്‍ ത്രസിപ്പിക്കുന്നതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. രാം ലഖന്‍ എന്ന സിനിമയിലെ അഭിനയത്തെ തുടര്‍ന്ന് പ്രശസ്തസംവിധായകന്‍ സുഭാഷ് ഘായിയാണ് തനിക്ക് ‘ബാഡ് മാന്‍’ എന്ന പ്രശസ്തമായ വിളിപ്പേര് നല്‍കിയതെന്ന് ഗുല്‍ഷന്‍ ഗ്രോവര്‍ പറഞ്ഞു.
തന്റെ സമകാലീനരായ നിരവധി നടന്മാരില്‍ നിന്ന് താന്‍ പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഗുല്‍ഷന്‍ ഗ്രോവര്‍, മറ്റുള്ളവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുമ്പോള്‍ത്തന്നെ, അവരെ ആരെയും അനുകരിക്കാതിരി ക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ മൂന്ന് പുതിയ സിനിമകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് പറഞ്ഞ ഗുല്‍ഷന്‍ ഗ്രോവര്‍ സമീപഭാവിയില്‍ത്തന്നെ തന്ന ഒരു സിനിമ സംവിധാനം ചെയ്യുമെന്നും സൂചിപ്പിച്ചു. ജീവിതത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പകര്‍ത്തുന്ന ചിത്രമായിരിക്കും താന്‍ സംവിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മള്‍ ജീവിതത്തില്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍ നമുക്ക് നല്ലതും മോശവുമായ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്. കയ്‌പേറിയ അനുഭവങ്ങള്‍ നമുക്ക് ലഭിക്കുന്നതിന് നാം തന്നെ കാരണക്കാരാകാറുണ്ട്. അത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാം സ്വയം ശ്രദ്ധിക്കുകയും നമ്മുടെ മനോഭാവങ്ങളില്‍ മാറ്റം വരുത്തുകയും വേണം. ഹോളിവുഡിലെ പ്രശസ്തരായ നടീനടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, അവരാരും ഇന്ത്യന്‍ സിനിമയെ കുറിച്ച് അറിവുള്ളവരായിരുന്നില്ലെന്ന് ഗുല്‍ഷന്‍ ഗ്രോവര്‍ പറഞ്ഞു. ഹോളിവുഡിന്റെ കഥപറയല്‍ നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ സിനിമകളില്‍ അഞ്ച് നിമിഷങ്ങള്‍ കൂടുമ്പോള്‍ പാട്ടും നൃത്തവും കടന്നുവരും. ഇന്റര്‍നെറ്റ് വരുന്നതിന് മുന്‍പ് ആര്‍ക്കും ആരെയും അറിയാത്ത അവസ്ഥയായിരുന്നു.
ഗതകാലസ്മരണകള്‍ അയവിറക്കി, സ്വന്തം സ്വീകരണമുറിയില്‍ നിഷ്‌ക്രിയമായിരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഗുല്‍ഷന്‍ ഗ്രോവര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി പദ്ധതികളുണ്ട്. സിനിമയില്‍ സജീവമായി നില്‍ക്കാന്‍ തക്കവണ്ണമുള്ള ശാരീരികക്ഷമത തനിക്കിപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കായികമായ ചുറുചുറുക്ക് നിലനില്‍ക്കുമ്പോഴും, തന്റെ മുഖത്ത് കാലത്തിന്റേതായ മാറ്റങ്ങള്‍ വരുന്നുണ്ടെന്ന് സൂചിപ്പിച്ച ഗുല്‍ഷന്‍ ഗ്രോവര്‍, വര്ഷങ്ങളായി ഒപ്പമുണ്ടായിരുന്ന തന്റെ മേക്കപ്പ് മാന്‍, തന്നെ മുന്‍കാലങ്ങളിലേതുപോലെ അണിയിച്ചോരുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് പിരിഞ്ഞുപോയ കാര്യം ഓര്‍മ്മിച്ചു.
ഹോളിവുഡിലെ എം.ജി.എം.സ്റ്റുഡിയോയിലെ ഓപ്പറേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന പുത്രന്‍, സഞ്ജയ് ഗ്രോവറിനെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി. സഞ്ജയ് ഗ്രോവര്‍ പുതിയ പ്രോജക്ടുകളില്‍ തന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
39 വര്‍ഷത്തിനിടയില്‍ 400-ലേറെ സിനിമകളില്‍ അഭിനയിച്ച ഗുല്‍ഷന്‍ ഗ്രോവറിന്റെ ‘ബാഡ് മാന്‍’ എന്ന ആത്മകഥയുടെ പ്രകാശനം പരിപാടിയുടെ ഭാഗമായി നടന്നു. ഗുല്‍ഷന്‍ ഗ്രോവര്‍, സഞ്ജയ് ഗ്രോവര്‍, രവി ഡി സി എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. അര്‍പ്പിതായിരുന്നു പരിപാടി മോഡറേറ്റ് ചെയ്തത്.
Comments are closed.