പോള്‍ ഓസ്റ്റര്‍, മാര്‍ഗരറ്റ് ആറ്റ്വുഡ്, സല്മാന് റുഷ്ദി…എഴുത്തിന്റെ ലോകത്തെ ചില അറിയാക്കഥകള്‍
എവിടെത്തുടങ്ങി, എങ്ങിനെ തുടങ്ങി എന്നത് എഴുത്തുകാര്‍ നേരിടുന്ന പതിവു ചോദ്യങ്ങളാണ്. ചോദ്യം ഒന്നാണെങ്കിലും ഉത്തരം ഓരോ എഴുത്തുകാരനും വ്യത്യസ്തമായിരിക്കും. അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ഓസ്റ്റര്‍ (Paul Auster) എഴുത്തുകാരനാവാന്‍ കാരണം അദ്ദേഹത്തിന് ഏഴരവയസിലുണ്ടായ ഒരനുഭവമാണ്. ഒരു സെപ്റ്റംബര്‍ മാസത്തില്‍ ജലദോഷപ്പനി പിടിച്ച് സ്കൂളില്‍ പോകാനാവാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കുകയായിരുന്നു പോള്‍ ഓസ്റ്റര്‍. അന്ന് വേള്‍ഡ് സീരീസിലെ ആദ്യ ബെയിസ്ബാള്‍ കളി ടി. വി യില്‍ സംപ്രേക്ഷണം ചെയ്ത ദിനമായിരുന്നു. ആ കളിയിലാണ് വില്ലി മെയ്സ് എന്ന ലോകപ്രശസ്ത ബെയിസ്ബാള്‍ കളിക്കാരന് തന്റെ വിശ്രുതമായ ക്യാച്ച് പിടിക്കുന്നത്. ആകാശത്തുയര്‍ന്ന പന്തിനെ ലക്ഷ്യമിട്ട് നൂറടിയോളം ഓടിയോടി സാഹസികമായി പിടിച്ചെടുത്ത അത്ഭുതക്ക്യാച്ച്. ആ നിമിഷം മുതല്‍ വില്ലി മെയ്സ് പോള്‍ ഓസ്റ്ററിന്റെ ഹീറോ ആയി മാറി. കാരണം അത്രയും ഗംഭീരമായൊരു പ്രവര്‍ത്തി ഒരുവന് ചെയ്യുന്നത് ആദ്യമായാണ് പോള്‍ കാണുന്നത്. അടുത്ത വര്‍ഷം ചില സുഹൃത്തുക്കള്‍ക്കൊപ്പം പോളും കുടുംബവും വില്ലി മെയ്സിന്റെ കളി കാണാന്‍ നഗരത്തിലെ ഒരു സ്റ്റേഡിയത്തില്‍ പോയി. കളി കഴിഞ്ഞിറങ്ങുമ്പോള്‍ കാഷ്വല്‍ വേഷത്തില്‍ സ്റ്റേഡിയത്തിനു പുറത്തു നില്ക്കുന്ന വില്ലി മെയ്സിനെ കണ്ട് ഓട്ടോഗ്രാഫ് വാങ്ങാന്‍ അവര്‍ അരികിലേക്ക് ചെന്നു. ഓട്ടോഗ്രാഫ് നല്കാന് തയ്യാറായ വില്ലി മെയ്സിനു ഒപ്പിടാന്‍ ഒരു പേനയോ പെന്‍സിലോ കൊടുക്കാന്‍ അവരാരുടെയും കൈവശം ഉണ്ടായിരുന്നില്ല. ‘പിന്നീടാവട്ടെ കുട്ടീ’ എന്ന് പറഞ്ഞ് വില്ലി മെയ്സ് പോവുകയും ചെയ്തു. പോള്‍ ഓസ്റ്റെറിനു ദുഃഖം സഹിക്കാനായില്ല, വീടെത്തും വരെ കാറിലിരുന്നു കരഞ്ഞുകൊണ്ടേയിരുന്നു. തന്റെ ഹീറോയെ നേരില്‍ കണ്ടിട്ടും ആഗ്രഹിച്ച പോലെ ഒരു ഒപ്പ് വാങ്ങാന്‍ കഴിയാത്തതില്‍ പോള്‍ ആകെ ഉലഞ്ഞുപോയി. എന്നാല്‍ അതിനുശേഷം അവന് ഒരു തീരുമാനമെടുത്തു ഇനി മുതല്‍ എവിടെ പോയാലും ഞാന്‍ ഒരു പെന്‍സില്‍ കൈവശം വയ്ക്കും. അങ്ങനെ അന്നു മുതല്‍ പെന്‍സില്‍ ധാരിയല്ലാതെ പോള്‍ പുറത്തിറങ്ങിയിട്ടില്ല. നിങ്ങള്‍ സദാ ഒരു പെന്‍സില്‍ കൈവശം വയ്ക്കുന്നുവെങ്കില്‍ ഭാവിയില്‍ ഒരു എഴുത്തുകാരനാവാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പോള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലിറ്റററി ഫെസ്റ്റില്‍ പങ്കെടുക്കവെ അദ്ദേഹം ഈ അനുഭവം വെളിപ്പെടുത്തുകയുണ്ടായി. അത് കേട്ടുകൊണ്ടിരുന്ന എമി എന്ന എഴുത്തുകാരി സാന്‍ ഫ്രാന്‍സിസ്കോയില്‍ വില്ലി മെയ്സിന്റെ വീടിനടുത്ത് താമസിക്കുന്ന തന്റെ സുഹൃത്തുവഴി പോള്‍ ഓസ്റ്ററിന്റെ പുസ്തകവും ഈ കഥയും കളിക്കാരന്റടുത്തെത്തിച്ചു. ബോധപൂര്‍വ്വമല്ലെങ്കിലും തന്നിലൂടെ ഒരു ഏഴുവയസുകാരന് ലോകമറിയുന്ന എഴുത്തുകാരനായ കഥ കേട്ട് മെയ്സിന്റെ കണ്ണുകള്‍ നിറഞ്ഞു. 70 വയസ്സിലെത്തിനിന്ന അദ്ദേഹം വിദൂരതയിലേക്ക് നോക്കി പറഞ്ഞുകൊണ്ടേയിരുന്നു ’52 വര്‍ഷം..52 വര്‍ഷം…52 വര്‍ഷം…!’ തന്റെ ബെയിസ്ബാളില് ഒപ്പിട്ട ശേഷം അത് എത്രയും വേഗം പോള്‍ ഓസ്റ്ററിന്റെ കൈകളില്‍ എത്തിക്കാന്‍ വില്ലി മെയ്സ് ഏര്‍പ്പാടാക്കി. അങ്ങനെ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥയുടെ അന്ത്യം കുറിക്കുകയുണ്ടായി.
വിഖ്യാത കനേഡിയന്‍ നോവലിസ്റ്റായ മാര്‍ഗരറ്റ് ആറ്റ്വുഡ് (Margaret Atwood) എഴുതി തുടങ്ങിയത് ആറാം വയസ്സിലാണ്. മരങ്ങള്‍ നിറഞ്ഞൊരു വനപ്രദേശത്ത് താമസിച്ചിരുന്ന മാര്‍ഗരറ്റിനു എഴുത്തും വായനയുമല്ലാതെ മറ്റ് വിനോദങ്ങളൊന്നും സാധ്യമായിരുന്നില്ല. ടി. വി യോ കളിപ്പാട്ടങ്ങളോ ലഭ്യമല്ലാത്തതിനാല്‍ മാര്‍ഗരറ്റും സഹോദരനും എപ്പൊഴും വായനയില്‍ തന്നെയായിരുന്നു. എന്റമോളജിസ്റ്റ് ആയിരുന്ന അച്ഛനില്‍ നിന്നാണ് കുട്ടി പ്രകൃതിയെ അറിയുന്നത്. ആറാം വയസ്സില്‍ ആദ്യമായി എഴുതിയത് കോമിക്കുകള് ആയിരുന്നു. നോട്ടു പുസ്തകത്തിനു പിന്നില്‍ കുറച്ചു പേജുകള്‍ എഴുതാതെ ബാക്കിയായതു കൊണ്ടു മാത്രം എഴുതപ്പെട്ടതായിരുന്നു ആ കോമിക്കുകളും കവിതകളുമെല്ലാം. മാര്‍ഗരറ്റിന്റെ ആദ്യ നോവല്‍ സംഭവിക്കുന്നത് ഏഴാം വയസ്സിലായിരുന്നു. ‘ആനി എന്ന ഉറുമ്പ്’ എന്നായിരുന്നു അതിന്റെ പേര്. ഉറുമ്പുകളുടെ ജീവിതത്തിലെ ആദ്യ മൂന്നു വളര്‍ച്ചാഘട്ടങ്ങളില്‍ അവയ്ക്ക് കാര്യമായ പുരോഗതിയൊന്നും സംഭവിക്കാറില്ല എന്ന വസ്തുതയില്‍ നിന്ന് തുടങ്ങിയ നോവല്‍. എന്റമോളജിസ്റ്റ് ആയ അച്ഛനില്‍ നിന്നും പ്രാണികളെ കുറിച്ച് അനവധി പ്രായോഗിക പാഠങ്ങള്‍ വശമുണ്ടായിരുന്ന ആറ്റ്വുഡിന്റെ എഴുത്തില്‍ ഉറുമ്പിനെക്കൂടാതെ മറ്റനവധി പ്രാണികളും ഇടം പിടിച്ചിരുന്നു. മഴക്കാലത്ത് വനത്തിനുള്ളില്‍ സമയം നീക്കാന്‍ എഴുതുക എന്നതല്ലാതെ ആ പെണ്‍കുട്ടിക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. പന്ത്രണ്ടാം വയസിലാണ് മാര്‍ഗരറ്റ് സ്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്, അതുവരെ വീട്ടിലിരുന്നായിരുന്നു പഠനം. ഒടുവില്‍ പതിനാറാം വയസ്സില്‍ അധ്യാപകരെയും മാതാപിതാക്കളെയും ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തുകാരിയാവാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് മാര്‍ഗരറ്റ് ആറ്റ്വുഡ് പ്രഖ്യാപിച്ചു.
ചില്ലിയന്‍ എഴുത്തുകാരിയായ ഇസബെല്‍ അലെന്‍ഡെ (Isabel Allende) തന്റെ ആദ്യ എഴുത്തിനായി ഒരു പ്രത്യേക ദിവസം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ജനുവരി 8, 1981. ഒരു അന്ധവിശ്വാസത്തെ പിന്തുടരും പോലെ പിന്നീടുള്ള എല്ലാ നോവലും അവര്‍ ആ ദിനം തന്നെ തുടങ്ങിവച്ചു. എന്തു കൊണ്ട് ജനുവരി 8 എന്നതിനു ഇസബെല്ലിനു കൃത്യമായ മറുപടിയുണ്ട്. ഇസബെല്ലിന്റെ മുത്തച്ഛന് ചില്ലിയില്‍ മരണത്തോടടുത്തു കിടക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന് ചിലിയിലേക്ക് യാത്രാനുമതിയില്ലാത്ത ഒരു വിഷമഘട്ടത്തിലായിരുന്നു ഇസബെല്ലും അമ്മയും. മുത്തച്ഛന് മരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയറിയിച്ചുകൊണ്ട് ഒരു ഫോണ്‍ സന്ദേശമെത്തി. കാണാനാവാത്ത വിഷമത്തില്‍ ഇസബെല്‍ മുത്തച്ഛനായി ഒരു കത്തെഴുതാന്‍ തുടങ്ങി. ഈ കത്ത് അങ്ങെത്തും മുന്‍പ് മുത്തച്ഛന് മരിക്കുമെന്നുറപ്പായിരുന്നുവെങ്കിലും ഇസബെല്‍ എഴുതി. ഒരുപക്ഷെ ഇസബെല്‍ തനിക്കായി സ്വയം എഴുതിയൊരു ആത്മവിലാപമാവാമത്. വലിയ കഥപറച്ചിലുകാരനായിരുന്ന മുത്തച്ഛന് പറഞ്ഞു തന്നതൊന്നും താന്‍ മറന്നിട്ടില്ലെന്ന് അവള്‍ക്ക് അദ്ദേഹത്തെ അറിയിക്കണമായിരുന്നു. ആ കെട്ടുകഥകളും രസകരമായ സംഭവങ്ങളുമെല്ലാം താന്‍ ഓര്‍ക്കുന്നു, അതിനാല്‍ മുത്തച്ഛനു ധൈര്യമായി മരിക്കാം, മരണശേഷവും അവയെല്ലാം ഈ ലോകത്ത് ജീവനോടെ നിലനിര്‍ത്തുന്ന ഉത്തരവാദിത്തം ഈ കൊച്ചുമകള്‍ ഏറ്റെടുക്കുന്നു എന്നായിരുന്നു ഇസബെല്‍ എഴുതിയ സന്ദേശത്തിന്റെ ഉള്ളടക്കം. ആ ദിനം ഓര്‍ത്തുകൊണ്ട് ഇസബെല്‍ അലെന്‍ഡെ ജനുവരി 8 തന്റെ പുതുപുസ്തകങ്ങളുടെ തുടക്കമായി ഇപ്പൊഴും ആഘോഷിച്ചുപോരുന്നു.
വിവാദങ്ങളോട് മല്ലിട്ടുകൊണ്ട് സല്മാന് റുഷ്ദി (Salman Rushdie) എന്ന എഴുത്തുകാരന് ഇന്നും നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ വായാനാനുഭവങ്ങളുടെ കരുത്തുകൊണ്ടു കൂടിയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ എനിക്കൊരു എഴുത്തുകാരനാവാനാണ് ആഗ്രഹം എന്ന് മാതാപിതാക്കളെ അറിയിച്ച കുട്ടി. മുംബയില്‍ വളര്‍ന്ന റഷ്ദിക്ക് അച്ഛന് കുട്ടികളുടെ ക്ലാസ്സിക്കുകള്‍ പറഞ്ഞുകൊടുത്തിരുന്നത് സ്വന്തമായി നിര്‍മ്മിച്ച വെര്ഷനുകളിലൂടെയായിരുന്നു. അലാവുദ്ദീനും അത്ഭുതവിളക്കും സിന്ദ്ബാദും ആലീസിന്റെ ലോകവും അച്ഛന് സ്വന്തമായി രൂപപ്പെടുത്തിയ വ്യാഖ്യാനങ്ങളിലൂടെയാണ് പറഞ്ഞു കേള്‍പ്പിച്ചത്. അദ്ദേഹം മകന് ഒരിക്കലും പുസ്തകങ്ങളില്‍ നിന്ന് നേരിട്ട് കഥ വായിച്ചു കൊടുത്തിരുന്നില്ല. പിന്നീട് പാശ്ചാത്യ സാഹിത്യവായനയിലൂടെ ബോഡിംഗ് സ്കൂള്‍ വിദ്യാഭ്യാസത്തിനോട് റഷ്ദിക്ക് വല്ലാത്തൊരു അഭിനിവേശം വന്നു. ഹാരി പോര്‍ട്ടറിനു മാന്ത്രികത ഇല്ലാതെ വന്നാലുള്ള അവസ്ഥ, അങ്ങനൊരു ജീവിതമാണ് ബോഡിങ്ങില്‍ കുട്ടികള്‍ ജീവിക്കുക എന്ന ധാരണ ചെറുപ്പത്തിലേ കടന്നുകൂടിയതിനാല്‍ ഇംഗ്ലണ്ടിലെ സ്കൂളില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് അച്ഛന് സൂചിപ്പിച്ചപ്പോള്‍ തന്നെ സല്മാന് അതിനു സമ്മതം മൂളുകയായിരുന്നു. കേംബ്രിഡ്ജില്‍ നിന്ന് ബിരുദം കഴിഞ്ഞിറങ്ങും വരെ സല്മാന് ഒന്നും എഴുതിയില്ല. അതിനു ശേഷം 12 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം തന്റെ ആദ്യ നോവല്‍ എഴുതുന്നത്.
അങ്ങിനെ പോകുന്നു ചില വലിയ തുടക്കങ്ങളുടെ കഥകള്‍. എങ്ങിനെയുള്ള തുടക്കങ്ങളാകിലും ‘തുടരുക’ എന്നത് തന്നെയാവും ഒരുപക്ഷെ എഴുത്തുകാരനെ മുന്നോട്ടു നയിക്കുന്ന സ്ഥായിത്വ ഘടകം. എഴുത്തില്‍ ഇടക്കാലത്തൊരു തടസ്സം നേരിട്ടപ്പോള്‍ ഇസബെല്‍ അലെന്‍ഡെയുടെ അമ്മ മകളെ ഉപദേശിച്ചത്, ‘എഴുതിയില്ലെങ്കില്‍ നീ ചത്തു പോകും’ എന്നായിരുന്നു. അത്തരത്തില്‍ എഴുത്തൊരു ജീവല്മരണ സംഗതിയായി മാറുമ്പോള്‍ ‘തുടരുക’ എന്നത് ഏതെഴുത്തുകാരന്റെയും അടിസ്ഥാനാവശ്യമായി പരിണമിക്കുന്നു. അതില്‍ നിന്നുടലെടുക്കുന്നതാവാം മനുഷ്യ ജീവനുകളെ മാറ്റിമറിക്കുന്ന മഹത് സൃഷ്ടികള്‍…!
Comments are closed.