DCBOOKS
Malayalam News Literature Website

മണ്ഡോദരി പറഞ്ഞു: ചക്രവര്‍ത്തിക്ക് അധര്‍മ്മത്തിന്റെ ഫലം ലഭിച്ചു.

ഇന്ദ്രിയങ്ങളെ ജയിച്ച് മഹാസിദ്ധികള്‍ നേടിയ മഹാനായ ചക്രവര്‍ത്തീ അതേ ഇന്ദ്രിയങ്ങള്‍ അങ്ങയെ തോല്പിച്ചിരിക്കുന്നു എന്നു വിലപിച്ചത് രാവണന്റെ പട്ടമഹിഷിയായ മണ്ഡോദരിയാണ്. രാവണവധം കേട്ടു നടുങ്ങിയ രാവണപത്‌നിമാരെല്ലാം യുദ്ധക്കളത്തില്‍ ചെന്നു രാവണവധത്തില്‍ വിലപിച്ചു. രാവണന്റെ സിദ്ധികളെയും സാദ്ധ്യതകളെയും അനുഭവിച്ചറിഞ്ഞവളാണ് മണ്ഡോദരി. രാക്ഷസേശ്വരന്റെ മകള്‍, മൂന്നുലോകങ്ങള്‍ക്കും പെരുമാളായ രാക്ഷസചക്രവര്‍ത്തിയുടെ ഭാര്യ, ഇന്ദ്രനെ ജയിച്ച ഇന്ദ്രജിത്തിന്റെ അമ്മ – മണ്ഡോദരി അഹങ്കരിച്ചിരുന്നു. രാവണവധത്തോടെ തന്റെ അഹങ്കാരവും തീര്‍ന്നു എന്ന് പറഞ്ഞ് മണ്ഡോദരി വിലപിച്ചു.

ഒന്നു ക്രുദ്ധനായാല്‍ മൂന്നു ലോകങ്ങളും നടുങ്ങുന്ന രാവണചക്രവര്‍ത്തി വെറുമൊരു മാനവനോട് തോറ്റതില്‍ ലജ്ജിക്കുന്നില്ലേ എന്നു സന്ദേഹത്തോടെ മണ്ഡോദരി ചോദിച്ചു. രാവണന്‍ കാമരൂപിയാണ്. ഇഷ്ടമുള്ള മായാരൂപം ധരിച്ചു മുന്നേറാനും പിന്‍മാറാനും കഴിയും. അങ്ങനെയുള്ള രാവണചക്രവര്‍ത്തിയെ കാട്ടില്‍തെണ്ടി നടക്കുന്ന ഒരു രാമന്‍ വധിച്ചതില്‍ ദുഃഖിതയായിരുന്നു മണ്ഡോദരി. ദേവാസുരന്മാര്‍ ഒരുപോലെ പേടിക്കുന്ന ഒരാളെ ഒരു മാനവന്‍ കൊന്നതില്‍ മണ്ഡോദരിക്ക് അത്ഭുതമുണ്ടായിരുന്നു. എന്നാല്‍ ജനസ്ഥാനത്തുവെച്ച് ഖരദൂഷണന്മാരെയും പതിനാലായിരം സൈനികരെയും കൊന്നൊടുക്കിയത് അറിഞ്ഞപ്പോള്‍ തന്നെ രാമന്റെ മാനവവേഷത്തില്‍ മണ്ഡോദരിക്ക് സംശയമുണ്ടായിരുന്നു. രാവണനോട് അത് പറയുകയും ചെയ്തു. രാമദൂതനായ ഒരു വാനരന്‍ രാവണന്റെ ലങ്കയില്‍ നിര്‍ഭയമായി കടന്നുവരുകയും ലങ്കയെ ദഹിപ്പിക്കുകയും ചെയ്തപ്പോള്‍ സംശയം കൂടുതല്‍ ദൃഢമായി. വാനരസേന സേതുബന്ധനം നടത്തി ലങ്കയിലെത്തിയപ്പോള്‍ ആപത്തുമണത്ത മണ്ഡോദരി രാമന്‍ മാനുഷനല്ല എന്നു രാവണനോട് പറഞ്ഞു. രാമനുമായുള്ള വൈരം വെടിയണമെന്നും അപേക്ഷിച്ചു. പക്ഷേ, രാവണന്‍ അതു വകവെച്ചില്ല.

അധര്‍മ്മത്തെ നശിപ്പിക്കുയും ധര്‍മ്മം സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ലോകഹിതം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് രാമന്‍ രാവണനെ കൊന്നത് എന്നു പറഞ്ഞ് ആ വിലാപങ്ങള്‍ക്കിടയില്‍ മണ്ഡോദരി സമാശ്വാസം കൊള്ളുകയും ചെയ്തു. രാവണവധം ധര്‍മ്മസംരക്ഷണത്തിനു വേണ്ടിയായിരുന്നു എന്നു വെളിവാക്കുന്ന രാവണപത്‌നിയാണ് വിഭീഷണനെ കൂടാതെ രാവണവധത്തെ ന്യായീകരിച്ച രാവണപക്ഷത്തെ മറ്റൊരാള്‍. കുലം, സൗന്ദര്യം, വിദ്യ, സാമര്‍ത്ഥ്യം എന്നിവയിലൊന്നും സീത തനിക്ക് തുല്യയല്ല എന്നു മാത്രമല്ല താന്‍ സീതയെക്കാള്‍ വളരെ മേലെയാണെന്നും വിലാപത്തിനിടയിലും മണ്ഡോദരി പറഞ്ഞു. ഇന്ദ്രിയങ്ങള്‍ക്ക് വശഗതനായി, കാമമോഹിതനായ രാവണന്‍ അത് തിരിച്ചറിയാതിരുന്നതിലുള്ള അതൃപ്തിയും അവരുടെ വാക്കില്‍ വെളിവായിരുന്നു. സീത ഭര്‍ത്തൃമതിയും പതിവ്രതാനിഷ്ഠയും ശ്രീയുള്ളവളും ആയിരുന്നു. അവളെ രാവണന്‍ തീണ്ടിയതു തന്നെ തെറ്റായിരുന്നു. ആ പതിവ്രതാരത്‌നത്തിന്റെ ശാപാഗ്നിയില്‍ ഏത് സാമ്രാജ്യവും വെന്തെരിയും. അതില്‍ ലങ്ക വെന്തെരിഞ്ഞിരിക്കുന്നു. രാവണചക്രവര്‍ത്തി ആദ്യമേതന്നെ അതില്‍ അകപ്പെടാതിരിക്കുന്നതില്‍ മണ്ഡോദരി അമ്പരക്കുകയും ചെയ്തു. കാമമോഹിതനായ രാവണചക്രവര്‍ത്തിയെ മൗഢ്യം ബാധിച്ചിരുന്നു. അനുഭവത്തില്‍ നിന്നും അതില്‍ അന്തര്‍ലീനമായിരിക്കുന്ന തത്ത്വം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയെയാണ് മൗഢ്യം എന്നു പറയുന്നത്. അതായത് ആപ്പിള്‍ വീഴുന്നതു കാണുമ്പോള്‍ ഗുരുത്വാകര്‍ഷണ നിയമം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ എന്നു വിവക്ഷ. ആപ്പിള്‍ വീഴുമ്പോള്‍ ഗുരുത്വാകര്‍ഷണ നിയമം മനസ്സിലാക്കാതെ ആപ്പിളിനെ തിന്നുന്നവനെപ്പോലെ ഇന്ദ്രിയങ്ങള്‍ക്ക് വശഗതനായി പോയിരുന്ന രാവണന്‍ സീതാജീവിതതത്ത്വം ഗ്രഹിക്കാന്‍ കഴിയാതെ പോയ മൂഢനാണ്. മൂഢനായതുകൊണ്ട് തന്നെ എത്ര ആപ്പിളുകള്‍ തിന്നാലും മതിവരാത്തവനെപോലെ കൂടുതല്‍ കൂടുതല്‍ സ്ത്രീകളിലേക്ക് രാവണന്റെ കാമവാസന പ്രസരിച്ചുകൊണ്ടിരുന്നു.

അതുകൊണ്ട്, സീത രാവണന്റെ മൃത്യുകാരണമാണെന്ന തിരിച്ചറിവ് രാവണന് ഉണ്ടാകാതെ പോയെന്നും മണ്ഡോദരി നിരീക്ഷിച്ചു. രാവണന്റെ പതനം രാവണന്‍ ക്ഷണിച്ചുവരുത്തിയതാണ്. ദേവാസുരന്മാരാല്‍ വധ്യനല്ലാത്ത ഒരുവന്‍ അകാലത്തില്‍ അപമൃത്യു വരിക്കേണ്ടിവന്നതിന് മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ മണ്ഡോദരിക്കായില്ല. അന്തകന്റെ പോലും അന്തകനായിരുന്ന രാവണന്‍ എന്ന് തെല്ല് അഭിമാനത്തോടെയാണ് അവര്‍ അനുസ്മരിച്ചത്. രാവണന്റെ പതനമാണ് ഐശ്വര്യം നശ്വരമാണെന്ന ബോധം അവരില്‍ ഉണ്ടാക്കിയത്. അതിവിക്രമിയായ രാവണന്‍ അനാഥനെ പോലെ മണ്ണില്‍ പുതഞ്ഞുകിടക്കുന്നത് കണ്ട് അവരുടെ ഹൃദയം വിങ്ങിപ്പൊട്ടി. രാവണന്‍ അഹങ്കാരത്തോടെ ഭരിച്ചിരുന്ന ലങ്കാരാജ്യത്തിന്റെ മണ്ണിലാണ് അനാഥനെപോലെ മുറിവേറ്റു മരിച്ചുകിടക്കേണ്ടി വന്നത് എന്ന ബോധം അവരെ ദുഃഖിതയാക്കി. ലങ്കയുടെ ഐശ്വര്യം അനശ്വരമായിരുന്നു എന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ രാവണന്റെ പതനത്തോടൊപ്പം ലങ്കയുടെ ഐശ്വര്യവും നശിക്കുകയായിരുന്നു.

ശ്രീരാമനോട്, ശത്രുത വേണ്ടെന്നു മണ്ഡോദരി പലവട്ടം രാവണനോട് പറഞ്ഞിരുന്നു. രാമനോടുള്ള ശത്രുത നാശഹേതുവാണെന്നും അത് തിന്മയാണെന്നും അവര്‍ക്കറിയാമായിരുന്നു. ഹിതകരമായ അക്കാര്യം രാവണചക്രവര്‍ത്തിയോട് അവര്‍ പലവട്ടം പറയുകയും ചെയ്തു. പക്ഷേ, സീതയിലുള്ള കാമംമൂലം അനിഷ്ടകരമായ ആ വാക്കുകള്‍ രാവണന്‍ ശ്രദ്ധിച്ചിരുന്നില്ല. അതോര്‍ത്തപ്പോള്‍ അവരുടെ ദുഃഖവും ഇരട്ടിച്ചു. ദേവാസുരന്മാരെ തോല്പിക്കുകയും ലോകം കീഴടക്കുകയും ഇന്ദ്രനില്‍പോലും ഭയം ജനിപ്പിക്കുകയും ചെയ്ത രാവണചക്രവര്‍ത്തി ഒരു പെണ്‍മോഷണക്കുറ്റത്താല്‍ വധിക്കപ്പെട്ടു എന്നറിയുന്നതില്‍ മണ്ഡോദരിക്ക് മറക്കാന്‍ കഴിയാത്ത അപമാനം ഉണ്ടായി. അതില്‍ അവര്‍ ദുഃഖിക്കുകയും ചെയ്തു. തന്റെ ഭര്‍ത്താവിന് അതിനെക്കാള്‍ നല്ല മരണം അവര്‍ സ്വാഭാവികമായും കാംക്ഷിച്ചിരുന്നു. ഒരു ചക്രവര്‍ത്തിക്ക് ചക്രവര്‍ത്തിയുടെ അന്തസ്സിനൊത്ത മരണം ലഭിച്ചില്ല എന്നത് രാവണന്റെ കാര്യത്തില്‍ ശരിയായിരുന്നു.

ഹിതകാംക്ഷികളുടെ വാക്കുകള്‍ക്ക് രാവണന്‍ ചെവി കൊടുത്തിരുന്നില്ല എന്ന് നടുക്കത്തോടെ മണ്ഡോദരി ഓര്‍ത്തു. വിഭീഷണന്‍ വിനയാന്വിതനായിട്ടാണ് സീതയെ രാമന് നല്കി രാക്ഷസവംശത്തെയും ചക്രവര്‍ത്തിയുടെ യശസ്സിനെയും സംരക്ഷിക്കണമെന്ന് ഉണര്‍ത്തിച്ചത്. പക്ഷേ, കോപാകുലനായി രാവണന്‍ വിഭീഷണനെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. സീതയെ അപഹരിക്കുന്നത് തിന്മയാണെന്നു മണ്ഡോദരിയും പറഞ്ഞു. തിന്മ ചെയ്താല്‍ അതിന്റെ ഫലവും തിന്മയായിരിക്കും എന്നും ഓര്‍മ്മിപ്പിച്ചു. ഹിതോപദേശം കേള്‍ക്കാനല്ല ഇഷ്ടവാക്കുകളില്‍ രസിക്കാനായിരുന്നു രാവണന് താല്പര്യം. തിന്മയോടൊപ്പം നില്ക്കാതെയാണ് വിഭീഷണന്‍ രാവണനെ വിട്ടുപോയത്. തിന്മ ചെയ്ത രാവണന് തിന്മയുടെ ഫലങ്ങള്‍ കിട്ടി. അധര്‍മ്മം ചെയ്യുന്നവന് ഒരിക്കലും ധര്‍മ്മാനുഷ്ഠാനത്തിന്റെ ഫലം ലഭിക്കില്ല.

വിഭീഷണന്‍ നന്മ ചെയ്തു. അതുകൊണ്ട് വിഭീഷണന് നന്മ തിരിച്ചുകിട്ടുകയും ചെയ്തു. വിഭീഷണന് ലഭിക്കാന്‍ പോകുന്ന ചക്രവര്‍ത്തി പദവിയായിരുന്നു അപ്പോള്‍ മണ്ഡോദരിയുടെ മനസ്സില്‍. വിഭീഷണന് ഒരു സാധുവും ഭര്‍ത്തൃമതിയുമായ ഒരു സ്ത്രീയുടെ കണ്ണീരിന്റെ വില അറിയാമായിരുന്നു. മാത്രമല്ല, രാവണ ചക്രവര്‍ത്തിക്കുള്ള ഭൗതികമായ കരുത്തിനേക്കാള്‍ ധാര്‍മ്മികമായ കരുത്ത് മഹത്തമമാണെന്നും വിഭീഷണനറിയാമായിരുന്നു. അധാര്‍മ്മികമായ കരുത്തുള്ളവന് മാത്രമെ അത്തരമൊരു തീരുമാനം എടുക്കാനും കഴിയൂ. അധര്‍മ്മം ചെയ്യുന്ന സഹോദരന് ഒപ്പം അധര്‍മ്മത്തില്‍ പങ്കാളിയാകാന്‍ ഒരാള്‍ക്കും ബാധ്യതയില്ല. അധര്‍മ്മം ചെയ്യുന്നവനോടൊപ്പം താനും അധര്‍മ്മം ചെയ്താല്‍ തനിക്കും അധര്‍മ്മത്തിന്റെ ഫലമേ ലഭിക്കുകയുള്ളൂ. അനുജനാണ് എന്ന കാരണത്താല്‍ ചേട്ടന്‍ നടത്തുന്ന കൊലപാതകത്തില്‍ പങ്കാളിയായാല്‍ കൊലക്കേസില്‍ അനുജനും ശിക്ഷിക്കപ്പെടും എന്നതാകും ഫലം. അതുപോലെ രാവണന്റെ തിന്മയില്‍, രാവണന്‍ ചെയ്ത അധര്‍മ്മത്തില്‍ വിഭീഷണന്‍ പങ്കാളിയാകാതിരുന്നതുകൊണ്ട് ആ നന്മയുടെ ഫലം വിഭീഷണന് ലഭിക്കും. സീതയെ മോഷ്ടിക്കരുതെന്നും മോഷ്ടിച്ചുകൊണ്ടുവന്ന സീതയെ ലങ്കയില്‍ സൂക്ഷിക്കരുത് എന്നും രാമനോട് വൈരം വേണ്ടെന്നു പറഞ്ഞവരുടെ ഹിതകരമായ വാക്കുകളെ കേള്‍ക്കാതെ ഇഷ്ടം പറയുന്നവരുടെ ദുര്‍വാക്കുകള്‍ക്ക് ചെവി കൊടുക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്തുകൊണ്ടാണ് രാവണന് അപമാനകരമായ അന്ത്യമുണ്ടായത് എന്നാണ് മണ്ഡോദരി കരുതുന്നത്.

Comments are closed.