‘അരുത് കാട്ടാളാ..!’
‘അരുത് കാട്ടാളാ!’ എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് രാമായണകഥാകഥനം തുടങ്ങുന്നത്.(സര്‍ഗ്ഗം രണ്ട്, ശ്ലോകം 15). ഒന്നാം സര്‍ഗത്തില്‍ രാമായണകഥാസംക്ഷേപം ഉണ്ട്, എങ്കിലും രണ്ടാം സര്‍ഗ്ഗത്തില്‍ ‘മാ നിഷാദ’ എന്ന് ആരംഭിക്കുന്ന ശ്ലോകത്തോടെയാണ് രാമകഥാസാരത്തിലേക്ക് നാം പ്രവേശിക്കുന്നത്. ഗുണവാന്‍, വീര്യവാന്‍, ധര്‍മ്മജ്ഞന്‍, കൃതജ്ഞന്‍, സത്യവാക് എന്നു തുടങ്ങി പതിനാറ് ഉത്തമഗുണങ്ങള്‍ ഒത്തുചേര്‍ന്നിട്ടുള്ള ആരെങ്കിലും ലോകത്ത് മനുഷ്യരായി പിറന്നിട്ടുണ്ടോ എന്ന വാല്മീകിയുടെ ചോദ്യത്തിന് ഈ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ മനുഷ്യരെ കണ്ടുകിട്ടാന്‍ വളരെ പ്രയാസമാണെങ്കിലും ധര്‍മ്മജ്ഞനും സത്യസന്ധനും പ്രജാഹിതരതനുമായ ശ്രീരാമചന്ദ്രനില്‍ ഈ ഗുണങ്ങള്‍ ഏകദേശം ഒത്തുകാണാന്‍ കഴിയും എന്നു നാരദന്‍ പറയുന്നതോടെയാണ് രാമകഥ തുടങ്ങുന്നത്.
രാമായണം വേദതുല്യമാണെന്നും രാമായണപാരായണം സര്‍വ്വപാപവിമുക്തി പ്രദാനം ചെയ്യുമെന്നുള്ള പ്രശംസാവചനം വെറുംവാക്കല്ലെന്ന് രാമായണപാരായണം കഴിയുമ്പോള്‍ വായനക്കാരന് ബോധ്യപ്പെടും എന്ന കാര്യത്തിലും സംശയമില്ല. ക്രൗഞ്ചപ്പക്ഷികളില്‍ ഒന്നിനെ ഒരു വേടന്‍ അമ്പെയ്തു കൊന്നപ്പോള്‍ കരുണത്താല്‍ ഹൃദയം അലിഞ്ഞ് ശോകം ശ്ലോകമായി ഒഴുകി എന്നാണ് കരുതപ്പെടുന്നത്. തന്ത്രീലയ സമന്വിതമായി താന്‍ രചിച്ചിരിക്കുന്ന രാമായണകാവ്യത്തില്‍ ഒരൊറ്റ പാഴ്‌വാക്കില്ല എന്നും വാല്മീകി പറയുന്നുണ്ട്. അങ്ങനെയാണ് 500 സര്‍ഗ്ഗങ്ങളിലായി 24,000 ശ്ലോകങ്ങള്‍ പാടി രസിക്കാന്‍ കഴിയും വിധം വാത്മീകി രചിച്ചത്. ഈ കാവ്യം പാടിപ്രചരിപ്പിച്ച ലവകുശന്മാരുടെ ആലാപനം മധുരതരവും അര്‍ത്ഥഗാംഭീര്യം അതിശയകരവുമാണെന്നും രാമായണത്തില്‍ തന്നെ പറയുന്നുണ്ട്.
രാമായണകാവ്യം എക്കാലത്തേയും കവികള്‍ക്ക് അവലംബമാകണമെന്നും ഈ കാവ്യം കേള്‍ക്കുന്നവര്‍ അനസൂയഹൃദയരാകണമെന്നും കവി ആഗ്രഹിച്ചിട്ടുണ്ട്. രാമായണം കവികള്‍ക്ക് അവലംബമാണെന്നത് തീര്‍ത്തും ശരിയായ കാര്യമാണ്.
മലയാളഭാഷയില്‍ കവികളായി അറിയപ്പെടുന്നവരില്‍ മഹാഭൂരിപക്ഷം പേരും രാമായണത്തെ സ്പര്‍ശിച്ചവരാണ്. കവികള്‍ മാത്രമല്ല, സംഗീതജ്ഞരും നര്‍ത്തകരും ചിത്രകാരന്മാരും എല്ലാം തന്നെ രാമായണത്തെ അവലംബിച്ചവരാണ്. രാമനും കൃഷ്ണനുമില്ലാതെ ഭാരതീയഭാഷകളില്‍ സാഹിത്യം, സംഗീതം, ചിത്രകല, ശില്പകല എന്നു തുടങ്ങിയ ഒരു കലാരൂപത്തിനും ഇന്ത്യയില്‍ നിലനില്പില്ല എന്നതും നേര് തന്നെ. നമ്മുടെ സാഹിത്യത്തിന്റെയും സംഗീതാദികലകളുടെ എല്ലാം അടിവേര് ആഴ്ന്നിറങ്ങിയിട്ടുള്ളത് രാമായണത്തില്‍ തന്നെ. രാമായണകാവ്യം ശ്രവിച്ചവരെല്ലാം അനസൂയഹൃദയരായോ എന്ന കാര്യത്തില്‍ പ്രത്യക്ഷമായ തെളിവുകള്‍ ഇല്ല. എന്നാല്‍ രാമായണകാവ്യശ്രോതാക്കളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നു എന്നതും തര്‍ക്കമറ്റ കാര്യമാണ്.
‘അരുത് കാട്ടാളാ!’ എന്നു പറയുന്നത് എന്തുകൊണ്ട്? അവന്റെ കര്‍മ്മം മൂലം അവന് ശാശ്വതമായ പ്രതിഷ്ഠ ലഭിക്കാതെ പോകും എന്നാണ് ഉത്തരം. ജീവഹന്താക്കള്‍ക്ക് ശാശ്വതപ്രതിഷ്ഠ ലഭിക്കില്ല എന്നു പറയുന്നത് എന്തുകൊണ്ട്? ജീവഹനനം ഒരു നിയമമായി അംഗീകരിച്ചാല്‍ ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ പോലെ ജീവികളെ കൊല്ലാമെന്നു സമ്മതിക്കലാകും. ഓരോരുത്തരും അവരവരുടെ ഇഷ്ടാനുസരണം കൊന്നുകൊണ്ടിരുന്നാല്‍ കൂടുതല്‍ കരുത്തനായവന്‍ കൂടുതല്‍ കൊന്നുകൊണ്ടിരിക്കും. ഈ അവസ്ഥ അവസാനം പരമശക്തന്റെ പരമാധികാരത്തിലും, അത്തരം ശക്തന്‍ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഹനനം നടത്തുന്നതിലുമാകും പര്യവസാനിക്കുക. അതായത്, കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി തന്റെ പരമാധികാരം സ്ഥാപിച്ച് ഇഷ്ടാനുസരണം ആളുകളെ കൊന്നുമുടിക്കുന്ന അവസ്ഥ വരും. ഇത്തരമൊരു അവസ്ഥയില്‍, എല്ലാവരേയും കൊന്നതിനു ശേഷം അവശേഷിക്കുന്ന ആ ഒരുവനല്ലാതെ മറ്റാരും ജീവിക്കുകയുമില്ല. ഒരാള്‍ക്കും ഒറ്റയ്ക്ക് ഈ ലോകത്ത് ജീവിച്ചിരിക്കാനുമാകില്ല. ആ അവസ്ഥ സര്‍വ്വനാശത്തെ വരുത്തും. സര്‍വ്വനാശത്തിന് ശാശ്വതഭാവമില്ലാത്തതുകൊണ്ട് കാട്ടാളത്തം അസ്ഥിരമായിരിക്കും. അതുകൊണ്ട് ഏത് കാട്ടാളനോടും അരുത് എന്ന് ആജ്ഞാപിക്കുന്നതാണ് രാമനീതി എന്നും ഈ കാവ്യാരംഭം ധ്വനിപ്പിക്കുന്നുണ്ട്.
അനീതിക്കെതിരെ അരുതെന്ന് ആജ്ഞാപിക്കുമ്പോള്‍ ഹൃദയം കാരുണ്യം കൊണ്ട് ആര്‍ദ്രമായിരിക്കണം എന്ന വ്യവസ്ഥ കൂടി ഉണ്ടെന്ന കാര്യം മറക്കരുത്. അനീതിയെ, അക്രമത്തെ, അധര്‍മ്മത്തെ കാരുണ്യാര്‍ദ്രമായ ഹൃദയത്തോടെ ചെറുത്തുതോല്പിക്കുമ്പോഴാണ് ശോകം ശ്ലോകമായി ഒഴുകുന്നത്. രാമായണകാവ്യം നല്‍കുന്ന പ്രധാന സന്ദേശം അധര്‍മ്മത്തിന് മുന്നില്‍ നിശബ്ദരായിരിക്കരുത് എന്നതാണ്. അധര്‍മ്മം അടക്കിവാഴ്ച നടത്തുമ്പോള്‍ നിശ്ശബ്ദരായിരിക്കുന്നത് അധര്‍മ്മത്തെ അരിയിട്ടു വാഴിക്കുന്നതിനു തുല്യം തന്നെയാണ്. നിശ്ശബ്ദത കൊണ്ട് അധര്‍മ്മത്തെ അംഗീകരിക്കുന്നവര്‍ അധര്‍മ്മം ചെയ്യുന്നവരെ പോലെതന്നെ തെറ്റുകാരാണ് എന്നതും മറക്കരുത്. അധര്‍മ്മത്തിന് എതിരെ ശബ്ദിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട് എന്നത് നേര്. എന്നാല്‍ അധര്‍മ്മത്തിനെതിരെ ശബ്ദിക്കാനും ധര്‍മ്മം സ്ഥാപിക്കാനും നിയുക്തരാക്കപ്പെട്ടവര്‍ എന്നു കരുതപ്പെടുന്നവര്‍ നിശ്ശബ്ദരായിരിക്കുന്നത് കൊടിയക്രൂരത തന്നെയാണ് എന്ന കാര്യവും മറക്കരുത്.
രാമവീര്യം ഉള്‍ക്കൊള്ളുക എന്നു പറഞ്ഞാല്‍ അധര്‍മ്മത്തിന് എതിരെ സന്ധിയില്ലാസമരം ചെയ്യുക എന്നാണ് വിവക്ഷ. കയ്യൂക്കിന്റെ തികവുറ്റ മാതൃക രാവണനാണെങ്കിലും അധികാരം, സമ്പത്ത്, പദവി എന്നിവയെല്ലാം കയ്യടക്കിവെക്കുകയും തനിക്കും തന്റെ ഇഷ്ടക്കാര്‍ക്കും മാത്രമായി ഉപയുക്തമാക്കുകയും ചെയ്യുന്നവരെല്ലാം രാവണാവതാരങ്ങള്‍ തന്നെയാണ്. അഞ്ചല്‍ശിപായിക്ക് ലഭിക്കുന്ന അരക്കഴഞ്ച് അധികാരം കൊണ്ട് ബുദ്ധിമുട്ടിപ്പിക്കാന്‍ കഴിയുന്നവരെ ആവും വിധം ദ്രോഹിക്കുന്നവന്‍ രാവണനേക്കാള്‍ ഒട്ടും താഴെയല്ല. അയാള്‍ക്ക് ലഭിക്കുന്ന അധികാരം കുറവായതുകൊണ്ട് ദ്രോഹം കുറയുന്നു എന്നു മാത്രം. ഇത്തരക്കാര്‍ക്ക് അധികാരം കൂടുതല്‍ ലഭിക്കുന്നതോടെ ദ്രോഹവും കൂടിക്കൊണ്ടിരിക്കും. അധര്‍മ്മത്തിന് എതിരെ സന്ധിയില്ലാതെ സമരത്തിന് ഒരുങ്ങുന്നവന്‍ തന്റെ അധികാരപരിധിയില്‍ ആരേയും ദ്രോഹിക്കാത്തവനായിരിക്കണം.
‘അരുത് കാട്ടാളാ!’ എന്ന് ആജ്ഞാപിക്കുന്ന രാമവീര്യം തന്നെയാണ് അവ്വിധം ആജ്ഞ നല്‍കുന്നവരുടെ ഹൃദയം കരുണാര്‍ദ്രമായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നത്. ഹൃദയത്തില്‍ കാരുണ്യം നിറഞ്ഞാല്‍ മാത്രമേ പരദ്രോഹത്തെ ഒഴിവാക്കാന്‍ കഴിയൂ. താനും അപരനും ഭിന്നരാണ് എന്നു കരുതിയാല്‍ മാത്രമേ അപരനെ ഭയക്കാനും ദ്രോഹിക്കാനും കഴിയൂ. രാമന്റെ ഗുണങ്ങള്‍ സംക്ഷേപിക്കുമ്പോള്‍ അനസൂയകന്‍ എന്നും നിര്‍ഭയന്‍ എന്നും ജീവലോകരക്ഷകന്‍ എന്നെല്ലാം വാല്മീകി വിശേഷിപ്പിക്കുന്നുണ്ട്. അസൂയയും ഭയയും ഒഴിവാകണമെങ്കില്‍ താനും അപരനും അഭിന്നനാണെന്ന ബോദ്ധ്യം ഉണ്ടാകണം. ഈ ബോദ്ധ്യം വരുമ്പോഴാണ് ക്രോധത്തെ ജയിക്കാന്‍ കഴിയുന്നത്. രാമന്‍ ദ്വൈതബോധത്തെ ജയിച്ചതുകൊണ്ട് ക്രോധത്തെ ജയിച്ചു. ആ ദ്വൈതബോധത്തെ കീഴടക്കിയതുകൊണ്ടാണ് രാമനെ വേദവേദാംഗതത്വജ്ഞന്‍ എന്ന് വാല്മീകി വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള രാമന്റെ ജീവിതാഖ്യാനം രാമായണത്തിലെ പ്രമേയമായതുകൊണ്ടാണ് രാമായണം വേദതുല്യമാണെന്ന് വാല്മീകി പറയുന്നത്.
വേദതുല്യമായ രാമായണപാരായണം വായനക്കാരന്റെ ഹൃദയത്തേയും വിമലീകരിക്കുക തന്നെ വേണം. ഹൃദയം വിമലീകരിക്കപ്പെടുമ്പോഴാണ് ക്രോധവും അസൂയയും തിന്മയും അകന്നുപോകുന്നത്. അസൂയ ക്രോധത്തില്‍നിന്നും ജനിക്കുന്ന മാറാരോഗമാണ്. അസൂയ ഉള്ളവന്‍ എന്നും തനിക്ക് എന്തിന്റേയോ കുറവുണ്ടെന്ന് കരുതുകയും ആ കുറവ് നികത്താനായി മറ്റുള്ളവന്റെ വസ്തുവഹകള്‍ കവര്‍ന്നെടുക്കുകയും ചെയ്യും. രാവണന്റെ ജീവിതം അവ്വിധമായിരുന്നു. സീതയെ പോലെ ഒരു സ്ത്രീരത്‌നത്തിന്റെ കുറവ് തനിക്കുണ്ടെന്നും അതുകൊണ്ട് അതുകൂടി തനിക്ക് വേണമെന്ന് രാവണന്‍ ആഗ്രഹിക്കുന്നതും സ്വാഭാവികം തന്നെ. സീത അതിന് സമ്മതിച്ചില്ലെങ്കില്‍ കയ്യൂക്ക് കൊണ്ട് കവര്‍ന്നെടുക്കാനാകും ശ്രമിക്കുക.ഈ മനോഭാവത്തെ മാറ്റിയെടുക്കുക എന്നതാണ് രാമായണ പാരായണത്തിന്റെ ലക്ഷ്യം. ഒരൊറ്റ പാഴ്‌വാക്കില്ലാതെയാണ് താന്‍ ഈ കാവ്യം എഴുതിയിരിക്കുന്നത് എന്ന് വാല്മീകി പറയുമ്പോള്‍ ആ കാവ്യപാരായണം വായനക്കാരന്റെ ജീവിതത്തെ തികവുറ്റതും മികവുറ്റതുമാക്കണം. നിരന്തരമായ രാമായണ പാരായണം ഒരു വായനക്കാരനെ അതിനു സഹായിക്കുന്നില്ല എങ്കില്‍ വായനക്കാരന്‍ ആത്മപരിശോധന നടത്തുക തന്നെ വേണം.
Comments are closed.