‘ആസിഡ് ഫ്രെയിംസ്’; ആത്മവിശ്വാസത്തിന്റെ പുസ്തകം
ബാലന്‍ വേങ്ങരയുടെ ‘ആസിഡ് ഫ്രെയിംസ്’ വായനക്കായി കയ്യിലെടുക്കുന്നത് ആത്മവിശ്വാസത്തിന്റെ പുസ്തകമാകുമെന്ന ഉറപ്പോടെയാണ്. സ്റ്റീഫന്‍ ഹോക്കിങ്ങും ‘കാലത്തിന്റെ സംക്ഷിപ്തചരിത്രവു’മൊക്കെ വായിച്ചുതുടങ്ങുക മാത്രം ചെയ്ത കൃതികളാണെന്ന ബോധ്യവുമുണ്ട്. ‘ആസിഡ് ഫ്രെയിംസ്‘ എന്ന പേരില്‍ത്തന്നെ ആവശ്യത്തിലധികം അപരിചിതത്വമുണ്ടായിരുന്നു.
മാനവരാശിയുടെ മഹത്ത്വം അടയാളപ്പെടുത്താന്‍, ലോകത്തിനും കാലത്തിനും വേണ്ടി ശാസ്ത്രത്തിനാകാവുന്ന എല്ലാ സജ്ജീകരണങ്ങളുമൊരുക്കി കാത്തുസൂക്ഷിച്ച ഒരു ജീവിതത്തിന്റെ മഹാചരിത്രം ഭാവനാത്മകമായി വിവരിക്കാന്‍ മുതിര്‍ന്ന എഴുത്തുകാരന്റെ ആത്മവിശ്വാസത്തെ ആദരിക്കാതെ വയ്യ.
‘കാല്പാദങ്ങളിലേക്കല്ല, നക്ഷത്രങ്ങളിലേക്കാണ് നോക്കേണ്ടത് എന്നു മറക്കാതിരിക്കുക. മനുഷ്യരെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളെയും പൂര്‍ണ്ണമായും അറിയുന്നതിനു നാം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടമാണിത്. നിരീക്ഷണങ്ങളില്‍ നിന്നും ശാസ്ത്രീയരീതി ഉപയോഗിച്ച് അനുമാനങ്ങളിലെത്തുക, എപ്പോഴും അന്വേഷണബുദ്ധി നിലനിര്‍ത്തുക, ജീവിതം എത്ര കടുത്ത പരീക്ഷണങ്ങള്‍ നിറഞ്ഞതായി തോന്നിയാലും നിങ്ങള്‍ക്കു പ്രവര്‍ത്തിച്ചു വിജയിപ്പിക്കാന്‍ കഴിയുന്ന കുറച്ചു മേഖലകള്‍ എപ്പോഴും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഒരിക്കലും പ്രതീക്ഷ കൈവിട്ടു പിന്‍വാങ്ങാതിരിക്കുക’ പതിമൂന്നാമധ്യായത്തില്‍ നോവല്‍ ഒടുങ്ങുമ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഈ വാക്കുകള്‍ കഥാകേന്ദ്രത്തിലുള്ള ഇലയുടെ മനക്കണ്ണാടി കടന്ന് പുറത്തുവരുമ്പോള്‍ നിരാശപ്പെടുത്തില്ല പുസ്തകവായന.
എല്ലാ പരിമിതികളും സങ്കോചങ്ങളും വിട്ട് അതിരറ്റ ആത്മവിശ്വാസത്തോടെ അറിവിന്റെ ലോകത്തില്‍ മുന്നേറാന്‍ പ്രചോദിപ്പിക്കുന്ന ഒരു ഇമേജാണ് സ്റ്റീഫന്‍ ഹോക്കിങ്ങ്. ജന്മനാലോ കാലം കൊണ്ടോ ഉണ്ടാകുന്ന മാനുഷികമായ കുറവുകള്‍ ശാസ്ത്രത്തിന്റെ പ്രയോഗങ്ങള്‍ കൊണ്ട് മറികടക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമായിരുന്നുവല്ലോ ഹോക്കിങ്ങ്. പരിമിതികളെ മുഴുവന്‍ പ്രത്യക്ഷീകരിക്കുന്ന ഒരു ഇരിപ്പിടത്തിലാണ് ആ മഹാജീവിതം നിലനിന്നത്. വെറും നിലനില്പല്ല, ഒരു കാലഘട്ടത്തിന്റെ തന്നെ സന്ദേഹങ്ങള്‍ക്ക് ശാസ്ത്രീയമായ സമാശ്വാസമെന്ന പോലെ. മനുഷ്യനുമേലുള്ള ശാസ്ത്രത്തിന്റെ വിജയരഹസ്യമൊന്നൊന്നായി ഇഴപിരിച്ചെടുക്കാം മരണം വരെ ആ ജീവിതത്തിനു മേല്‍ പ്രയോഗിക്കപ്പെട്ടതെന്തൊക്കെയെന്നു പഠിച്ചാല്‍. ശാസ്ത്രതത്ത്വങ്ങളുടെ ലളിതമായ വിശദീകരണങ്ങളാണല്ലൊ അദ്ദേഹത്തിന്റെ മുഖ്യസംഭാവനയായി എണ്ണുന്നത്. അതോടൊപ്പം ജീവന്‍ നിലനിര്‍ത്താനായി ശാസ്ത്രമൊരുക്കിയ പിന്തുണാസംവിധാനത്തെക്കുറിച്ചുള്ള അറിവുകളും വേറെ വിധത്തിലുള്ള നേട്ടമാണ്. പുതിയ കണ്ടുപിടുത്തങ്ങളേക്കാള്‍ സത്യത്തെ മൂടിയിരിക്കുന്ന പല അസംബന്ധങ്ങളെയും റദ്ദ് ചെയ്യാനുതകുന്ന വ്യാഖ്യാനങ്ങളും കാലത്തിന്റെ അനിവാര്യതയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലയിലെ നവാന്വേഷണങ്ങള്‍ക്കു കൂടി പ്രചോദനമാവേണ്ടതാണ് ഈ ജീവിതം.
ഹോക്കിങ്ങ് എന്ന മഹാത്ഭുതത്തെ കുട്ടികള്‍ ആവേശത്തോടെ സ്വീകരിക്കുന്നുണ്ട്. കാരണം പരിമിതികള്‍ മറികടക്കാനുള്ള സ്വബോധ്യങ്ങളുണ്ടാക്കാന്‍ ഈ ജീവിതത്തിലൂടെയൊന്നൊഴുകിയാല്‍ മതിയാകും. വായനയുടെ തുടക്കത്തില്‍ ആകാംക്ഷയായിരുന്നു എങ്ങനെ കഥാഖ്യാനം നടത്തുമെന്നോര്‍ത്ത്. വേദപുസ്തകം കഴിഞ്ഞാല്‍ ലോകം കൂടുതല്‍ വായിച്ച പുസ്തകമെന്നു കരുതുന്ന ‘കാലത്തിന്റെ സംക്ഷിപ്ത ചരിത്രം ‘പ്രസിദ്ധീകരിച്ച എഡിറ്ററുടെ (പീറ്റര്‍)മകളായ ഇലയെന്ന കുട്ടിയുടെ തോന്നലുകളിലൂടെ കഥപറയുമ്പോള്‍ സ്വാഭാവികമായും ലാളിത്യമുണ്ടാകണം. ഇലയുടെ മനസ്സില്‍ പലപ്പോഴും വിശ്വാസാവിശ്വാസങ്ങള്‍ ഇടകലരുന്നതു കാരണം അവള്‍ ഒരേ സമയം പല യാഥാര്‍ഥ്യങ്ങളിലാവുന്നത് കാണുമ്പോള്‍ മനസിന്റെ വിചിത്രഭാവനകളെത്തന്നെയാണ് ഓര്‍മ്മ വരുക. ഓരോ മനുഷ്യന്റെയും ജീവിതത്തിലെ സന്ദേഹകാലത്തെ ഇലയെന്ന പെണ്‍കുട്ടിയിലൂടെ നോവലിസ്റ്റ് തെളിച്ചു കാണിക്കുകയാണ്. മഹാജീവിതത്തിന്റെ അരികുപറ്റി നിന്ന ജെയിന്‍ വൈല്‍ഡിന്റെ (ഹോക്കിങ്ങിന്റെ ആദ്യ ഭാര്യ) മനസിലേയ്ക്ക് ആവേശിച്ചു ചെന്ന് അവള്‍ പലതും അറിയാന്‍ ശ്രമിക്കുന്നുണ്ട്. ശാസ്ത്രകാരന്റെ ജീവിതകഥയില്‍ ഇതും കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതു തന്നെയാണ്. പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെട്ടാലും തനിക്കൊരിക്കലും വിശകലനം ചെയ്യാനാവാതെപോയത് സ്ത്രീകളുടെ മനസ്സാണെന്ന് ഹോക്കിങ് പറഞ്ഞിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ചും. ‘ പ്രതിഭകള്‍ അവരുടെ ലക്ഷ്യങ്ങള്‍ മാത്രമെ ശ്രദ്ധിക്കൂ. അപ്പോള്‍ മറ്റുള്ളവ അപ്രസക്തമാകും. എന്നാല്‍ നമ്മള്‍ സാധാരണക്കാരായതിനാല്‍ നമ്മളെക്കുറിച്ചോര്‍ത്തു മാത്രം വേവലാതിപ്പെടും. പിന്നീടാണ് എല്ലാം തിരിച്ചറിയാനാവുക.’ എന്ന് ജെയ്ന്‍ വൈല്‍ഡിനെക്കൊണ്ട് പറയിപ്പിക്കുന്നുമുണ്ട് നോവലിസ്റ്റ്. ഇല പോലെ തളിര്‍ക്കുന്ന, ഇലപോലെ പാറിക്കളിക്കുന്ന, ഇലപോലെ മഞ്ഞച്ചുനില്‍ക്കുന്ന, ഇലപോലെ പൊഴിയുന്ന, ഇലപോലെ പുനര്‍ജ്ജനിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ആ പേരിട്ടത് നന്നായി. ഇലാമ ഗുസാര്‍ഡി ആണെങ്കിലും ഇലയില്‍ മലയാളത്തിന്റെ വലിയ പച്ചപ്പുണ്ട്.
അയഥാര്‍ഥമായ ഈ സ്വപ്നാടനങ്ങള്‍ എന്തിനെന്നു ചിന്തിക്കുമ്പോള്‍ മനസിലാവുന്നത് ഇതാണ്. ഒന്ന് അവനവന്റെ പരിമിതിയെക്കുറിച്ചുള്ള ഉത്കണ്ഠകളില്‍ നിന്നും സ്വയം രക്ഷപ്പെടണം. പിന്നെ ശാരീരികമായ പരിമിതികള്‍ വേണ്ടുവോളമുള്ള ഒരാളുടെ കൂടെ പ്രണയത്തോടെ ചേര്‍ന്നു നില്‍ക്കാന്‍ തനിക്കാവേണ്ടേതാണെന്നും മറ്റൊരാള്‍ക്ക് തന്നോടും ഇങ്ങനെ ആകാമെന്നുമൊക്കെ ഓര്‍ത്ത് ജീവിതം സങ്കല്പങ്ങളുടെ മാത്രമല്ല പ്രതീക്ഷകളുടെയും പൂക്കള്‍ പൊഴിച്ചുകൊണ്ടേയിരിക്കുന്നതു കാണാനും.. വയനാട്ടിലിരുന്ന് ഹോക്കിങ്ങിനെ നേരില്‍ സന്ദര്‍ശിക്കുന്നത് സ്വപ്നം കാണുന്ന നോവലിസ്റ്റിന് ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതില്‍ അസ്വാഭാവികതയൊന്നും തോന്നിയിട്ടുണ്ടാവില്ല.
അവതാരികയില്‍ ജീവന്‍ ജോബ് തോമസ് സൂചിപ്പിച്ചതുപോലെ ഹോക്കിങ്ങിന്റെ തിയററ്റിക്കല്‍ ജീവിതവും വൈകാരിക ജീവിതവും ഒരു സാധാരണക്കാരിയുടെ തലത്തില്‍നിന്ന് അവതരിപ്പിക്കുന്നതിന്റെ ചില പ്രതിസന്ധികളാണ് നോവല്‍കാരന്റെയും പ്രതിസന്ധിയായി വായനയില്‍ തോന്നിയത്. എന്നാല്‍ പല ഘട്ടങ്ങളിലും വളരെ ലളിതമായിത്തന്നെ അവയില്‍ നിന്നും നോവല്‍ മുന്നേറുന്നതായി അനുഭവമാകും. ആഖ്യാതാവ് കുട്ടിയാകുമ്പോള്‍ ആഖ്യാനത്തിന്റെ നിഷ്‌കളങ്കതയെ ചോദ്യം ചെയ്യാനാവില്ലെന്ന ലളിതയുക്തിയും നോവല്‍കാരന് സഹായകമായിട്ടുണ്ട്.
ബാലന്‍ വേങ്ങരയുടെ ആസിഡ് ഫ്രെയിംസ് എന്ന നോവലിന് അനിത. ജി എഴുതിയ വായനാനുഭവം.
Comments are closed.