DCBOOKS
Malayalam News Literature Website

ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം.

മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതത്തില്‍ എഴുപത്തോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ദേശാടനം, കളിയാട്ടം, കരുണം, തീര്‍ത്ഥാടനം, കണ്ണകി, മകള്‍ക്ക്, നാലു പെണ്ണുങ്ങള്‍, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം തുടങ്ങി നിരവധി ശ്രദ്ധേയങ്ങളായ ചിത്രങ്ങളുടെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനായിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏഴു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘ഓള്‍’ ആണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം.

പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദ്ദനന്‍ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്. ഭാര്യ ശ്രീലത. മക്കള്‍: യദു, നീരജ. എം.ജെ.രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

Comments are closed.