DCBOOKS
Malayalam News Literature Website

നമ്മുടെ സാഹിത്യരംഗം ജനാധിപത്യവത്കരിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്: ജി.ആര്‍. ഇന്ദുഗോപന്‍

മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍. വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഈ പംക്തിയില്‍ പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപനുമായി കഥാകൃത്ത് കെ.വി. മണികണ്ഠന്‍ നടത്തിയ അഭിമുഖസംഭാഷണമാണിത്.

നിത്യജീവിതത്തില്‍ നാം അധികം കണ്ടിട്ടില്ലാത്ത മുഖങ്ങളേയും അവരുടെ ജീവിതങ്ങളേയും എഴുത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതെങ്ങനെയാണ്? അവരുടെ ജീവിതചിത്രം പുസ്തകങ്ങളിലേക്ക് ആഴത്തില്‍ ആവാഹിച്ചെടുക്കുന്നതെങ്ങനെ?

വ്യക്തിജീവിതത്തില്‍ ഇവരെയൊക്കെ നാം നേരിട്ട് കണ്ടിട്ടുള്ളവരാണല്ലോ. പക്ഷെ, എഴുത്തിലേക്ക് വരുമ്പോള്‍ ഇവരുടെ ആകാരമല്ല, പകരം വികാരങ്ങളാണ് ആവിഷ്‌കരിക്കുന്നതെന്നാണ് എന്റെ തോന്നല്‍. പലപ്പോഴും മനുഷ്യന്‍ അനുഭവിക്കുന്ന പ്രത്യേകതരം വൈകാരികതയുടെ ചരിത്രമായിരിക്കാം കഥകളില്‍ എഴുതിച്ചേര്‍ക്കുന്നത്. അത് വൈകി ഉദിച്ച ഒരു എഴുത്തുപ്രക്രിയയാണ്. അങ്ങനെ ഉരുത്തിരിയുന്നുണ്ടെങ്കില്‍ അതിനെ അനുഗ്രഹം എന്ന് വിശേഷിപ്പിക്കാനാണ് താത്പര്യം.

കഥകളിലേക്ക് പൊടുന്നനെ പ്രവേശിക്കുന്ന സ്വഭാവമാണ് എഴുത്തിനുള്ളത്. ഇത്തരമൊരു ആഖ്യാനരീതി പഠിച്ചിട്ട് സ്വീകരിച്ചതാണോ അതല്ലെങ്കില്‍ സ്വാഭാവികമായി, സ്വന്തം ശൈലിയില്‍ നിന്ന് പിറവിയെടുത്തതാണോ?

ഞാനൊരു മോശം വായനക്കാരനാണെന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ. അതേപോലെ വായനക്കാരുടെ സമയത്തില്‍ ഏറെ ഉത്കണ്ഠപ്പെടുന്ന ഒരാളുമാണ്. എന്തൊക്കെയോ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് നാം എഴുതാന്‍ സമയം കണ്ടെത്തുന്നത്. അതുപോലെതന്നെയല്ലേ വായനക്കാരും പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്നത്. അവരുടെയടുത്ത് നാം ആദ്യം മനുഷ്യത്വം കാണിക്കണം.

ഒരു മൂന്നുപേജിനു മുകളില്‍ നാടകീയത നിറഞ്ഞ സംഭാഷണങ്ങളോ കൃത്രിമമായ ഭാഷയോ പിന്തുടരാന്‍ എ നിക്ക് സാധിക്കില്ല. വെടിയുണ്ടയില്‍ ഇരിക്കുന്ന ഒരു പ്രതീതി വായനക്കാരന് ഉണ്ടാകണം എന്ന് വിചാരിച്ചാണ് എഴുത്ത് നടത്തുന്നത്. അതിന്റെ ഗാഢതയും ആഴവും പിന്നീടാണ് രൂപപ്പെടേണ്ടത് എന്നു കരുതുന്നു. നിരന്തരമായ ഒരു എഡിറ്റിങ്ങിലൂടെയാണ് ആ പ്രക്രിയ പൂര്‍ത്തിയാകേണ്ടത്.

താങ്കളുടെ ഒരു കഥ പേര് വെക്കാതെ പ്രസിദ്ധീകരിച്ചാല്‍ പോലും വായനക്കാരും ആരാധകരും തിരിച്ചറിയും. നിങ്ങളുടെ രചനകളെ തിരിച്ചറിയുന്ന വിധത്തിലുള്ള ഒരു ക്രാഫ്റ്റ് കഥകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. അതിനെക്കുറിച്ച് ?

ഏറ്റവും സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് ഞാന്‍ ലക്ഷ്യമിടുന്നത്. അതിനായി ഞാന്‍ എന്ന എഴുത്തുകാരനെ റദ്ദ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യുക. എഴുത്തെന്ന പ്രക്രിയയിലൂടെ ഒരു സാഹിത്യകാരന്‍ ആന്തരിക ശുദ്ധീകരണത്തിന് വിധേയനാകുന്നുണ്ട്. ക്രാഫ്റ്റ് എന്നത് എന്റെ ചിന്താപദ്ധതിയില്‍ പോലുമില്ല.

ഇന്നത്തെ സോഷ്യല്‍ മീഡിയ കാലത്ത് പഴയകാല എഴുത്തുകാര്‍ക്ക് ലഭിക്കാതിരുന്ന പല സൗകര്യങ്ങളും പുതുതലമുറ എഴുത്തുകാര്‍ക്ക് ലഭിക്കുന്നുണ്ട്. ആ വ്യത്യാസത്തെ എങ്ങനെ നോക്കിക്കാണുന്നു?

പുതിയ എഴുത്തുകാരെക്കുറിച്ച് എനിക്ക് വളരെയധികം അഭിമാനവും സന്തോഷവും തോന്നുന്നു. എത്രയോ കാലം നിരന്തരമായി എഴുതിയിട്ടും സാഹിത്യത്തില്‍ വേണ്ടത്ര ശ്രദ്ധ നേടാന്‍ സാധിക്കാതെ പോയവരുണ്ട്. ഒരാള്‍ വൃദ്ധനായി കഴിഞ്ഞശേഷം മാത്രം അല്പമെങ്കിലും അംഗീകരിക്കപ്പെടുന്ന ഒരു സാഹിത്യ കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോയത്. ആ സാഹചര്യം എത്രമാത്രം ന്യായീകരിക്കപ്പെടും? അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴുള്ള എഴുത്തുകാര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മാറ്റുള്ളൊരു മാറ്റത്തിന്റെ കാലമാണിത്. ഈ മാറിയ കാലത്ത് വായനക്കാരിലേക്ക് ബാറ്റണ്‍ കൈമാറി. എഴുത്തുകാരന്‍ ഇതിലൂടെ ശുദ്ധീകരിക്കപ്പെടുന്നുമുണ്ട്.

ഇപ്പോള്‍ എഴുതുന്നവര്‍ക്ക് വായനക്കാരില്‍ നിന്ന് നിരന്തരമായ പ്രതികരണങ്ങള്‍ ലഭിക്കുന്നു. പുതുതായി എഴുതപ്പെടുന്ന ആളുകളുടെ പുസ്തകങ്ങള്‍ പോലും നല്ല രീതിയില്‍ വില്‍ക്കപ്പെടുന്നു. അതെല്ലാം മാറിയ കാലത്തിന്റെ ഗുണപരമായ ഘടകങ്ങളാണ്.

താങ്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എങ്കിലും വായനക്കാരുടെ പ്രതികരണങ്ങള്‍ ഈ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കാറുണ്ടോ? മാറിയ കാലത്തെ പുതുപ്രവണതകള്‍ അറിയാന്‍ ഒരെഴുത്തുകാരന്‍ സോഷ്യല്‍ മീഡിയയുടെ ഭാഗമാകേണ്ടതുണ്ടോ?

സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കുന്നത് വളരെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൊണ്ടാണ്. അത്യാവശ്യമുള്ള കാര്യങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റും അറിയാറുണ്ട്. പുതിയ എഴുത്തുകാരുടെ സൃഷ്ടികളെല്ലാം വായിക്കാറുണ്ട്. ആവശ്യമുള്ളതിനെല്ലാം ശ്രദ്ധ നല്‍കാറുണ്ട്.

ഇപ്പോഴാണ് നമ്മുടെ സാഹിത്യരംഗം ജനാധിവത്കരിക്കപ്പെട്ടതെന്ന അഭിപ്രായമുണ്ട്. മനസിന് സുഖം തോന്നുന്ന ഒരു കാലാവസ്ഥയാണിത്.ഇനി മലയാളസാഹിത്യത്തിന്റേത് ഒരു കുതിപ്പിന്റെ കാലഘട്ടമാണെന്നു കരുതുന്നു. എഴുത്തിന് പ്രായഭേദമില്ല. ഭാഗ്യവാന്മാരാകേണ്ടത് പുതിയ തലമുറയിലെ എഴുത്തുകാരാണ്. വലിയ എഴുത്തുകാര്‍, ചെറിയ എഴുത്തുകാര്‍ എന്ന ഭേദമില്ലാതെ നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കണമെന്ന് എന്റെ അഭിപ്രായം.

Comments are closed.