ഹോക്കിങ് എന്ന മാന്ത്രികന്‍
മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചലനമറ്റ് യന്ത്രക്കസേരയില്‍ കിടക്കുമ്പോഴും ദൃഢനിശ്ചയത്തിലൂടെ മാനവരാശിക്ക് എക്കാലത്തും പ്രചോദനമേകിയ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുകയാണ് ബാലന്‍ വേങ്ങര ആസിഡ് ഫ്രെയിംസ് എന്ന നോവലിലൂടെ. ഹോക്കിങ്ങിന്റെ ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും പുസ്തകപ്രസാധകനായ പീറ്ററിന്റെയും മകള്‍ ഇലയുടെയും കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നു. അതോടൊപ്പം ഹോക്കിങ്ങിന് തുണയായി നില്ക്കുകയും അദ്ദേഹത്തെ രൂപപ്പെടുത്തുകയും ചെയ്ത ജീവിതപങ്കാളിയുടെ ആരുമറിയാത്ത കഥ കൂടി ഈ നോവലില്‍ അനാവൃതമാകുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ആസിഡ് ഫ്രെയിംസ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
ബാലന്‍ വേങ്ങരയുടെ ആസിഡ് ഫ്രെയിംസ് എന്ന നോവലിനെക്കുറിച്ച് ജീവന്‍ ജോബ് തോമസ് എഴുതിയത്.
പ്ലസ്ടുവില്‍ പഠിക്കുന്ന കാലത്ത് സയന്‍സിലെ ഇപ്പോഴത്തെ ബെസ്റ്റ് സെല്ലറാണ് എന്നുപറഞ്ഞ് ചാച്ചനാണ് എനിക്ക് ‘ദ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ വാങ്ങിത്തന്നത്. കോടിയ മുഖവുമായി ഇരിക്കുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ചിത്രമുള്ള കവര്‍ വിചിത്രമായ ഒരു ആകര്‍ഷണീയത ഉണര്‍ത്തുന്നതായിരുന്നു. ആ വര്‍ഷം എനിക്കാ പുസ്തകത്തിന്റെ അഞ്ചാമത്തെ അദ്ധ്യായംവരെ വായിക്കാനേ കഴിഞ്ഞുള്ളൂ. ആറാമത്തെ അദ്ധ്യായമായ ‘ബ്ലാക്ക്‌ഹോളി’ലേക്ക് കടക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എലമെന്ററി പാര്‍ട്ടിക്കിള്‍സിനെക്കുറിച്ച് വായിച്ചു തീര്‍ന്നപ്പോഴേക്കും അക്കാലത്തെ നമ്മുടെ ശേഷിയുടെ അറ്റം തൊട്ട അനുഭവമായിപ്പോയി. പുസ്തകം പൂര്‍ണ്ണമായും വായിച്ചു തീര്‍ന്നില്ലെങ്കിലും വായന തന്ന അനുഭവം ഒരിക്കലും മറക്കാത്തതായി മാറിക്കഴിഞ്ഞിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകുമ്പോള്‍ വിഷയം ഏതു വേണം എന്നതിന് രണ്ടാമതൊരു ചിന്തയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല. ഫിസിക്‌സ് തന്നെ.
‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ജീവിതത്തിന്റെ പല പല ഘട്ടങ്ങളിലായി പലയാവര്‍ത്തി വായിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. പല കാലങ്ങളിലൂടെയാണ് ഞാന്‍ ആ പുസ്തകത്തിന്റെ അവസാന അദ്ധ്യായമായ യൂണിഫിക്കേഷന്‍ ഓഫ് ഫിസിക്‌സിലേക്ക് അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിച്ചേര്‍ന്നത്. ചിന്തയുടെ ഇഴകള്‍കൊണ്ട് വിശദമായി നെയ്‌തെടുത്ത തീവ്രമായ ഭൗതികസങ്കല്പത്തെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച പുസ്തകമാണത്. ഓരോ കാലത്തും ഭൗതികപ്രപഞ്ചത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളില്‍ കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്കു സഞ്ചരിക്കാന്‍ സഹായിക്കുന്ന വാക്കുകളാണതില്‍. ആ വാക്കുകളോടൊപ്പമാണ് ഞാനും വളര്‍ന്നു വന്നത്. ഫിസിക്‌സില്‍തന്നെ പിടിച്ചുനില്‍ക്കുകയും അതില്‍ ഡോക്ടറേറ്റ് എടുക്കുന്ന കാലംവരെ ആ ചിന്താപദ്ധതിയുടെ ആവേശം ചോരാതെ നിലനിര്‍ത്തുകയും ചെയ്തതിന് ബ്രീഫ് ഹിസ്റ്ററിക്കും ഹോക്കിങ്ങിന്റെ ജീവിതാനുഭവങ്ങള്‍ നമ്മളില്‍ ഉയര്‍ത്തിയ വൈകാരിക തലങ്ങള്‍ക്കും വലിയ പങ്കുണ്ട്.
ഹോക്കിങ് എന്നത് കേവലം ഒരു ശാസ്ത്രജ്ഞന്‍ മാത്രമാകാതിരിക്കുന്നത് ഈ സ്വാധീനംകൊണ്ടാണ്. ഹോക്കിങ് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഒരു ബിംബംകൂടിയായി മാറി. ഭൗതികവാദത്തിന്റെ ഏറ്റവും സൂക്ഷ്മമായ വിശകലനസാധ്യതയെ മനുഷ്യവംശത്തിന്റെ മുഴുവന്‍ അതിജീവനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജനകീയമായ പരിപ്രേക്ഷ്യത്തില്‍നിന്ന് വിശകലനം ചെയ്യാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന ബിംബങ്ങളില്‍ ഒന്നായിട്ടാണ് ഹോക്കിങ് വളര്‍ന്നത്. പക്ഷേ, ഹോക്കിങ്ങിന്റെ ജീവിതത്തിന് ഭൗതികത്തിന്റെ
അജൈവിക തലത്തിനപ്പുറം നീണ്ടുകിടക്കുന്ന വലിയ ഒരു വൈകാരി കതലവും ഉണ്ട്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസിന്റെ പിടിയില്‍ അകപ്പെട്ട് മരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ട് ജീവിക്കുമ്പോഴും മനുഷ്യചരിത്രത്തെ തന്നെ സ്വാധീനിക്കുന്ന ചിന്താപദ്ധതി ഉരുത്തിരിച്ചെടുക്കുന്നതിന്റെ വൈകാരികയുദ്ധമാണ് ആ കഥ. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്വകാര്യജീവിതം പഠിക്കേണ്ടത് അദ്ദേഹത്തിന്റെ തിയറികള്‍ പഠിക്കേണ്ടതു പോലെതന്നെ പ്രധാനപ്പെട്ടതാണ് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെയാണ് ‘‘Travelling to Infinity: My Life With Stephen” എന്ന പേരിലുള്ള ജെയ്ന്‍ വൈല്‍ഡ് ഹോക്കിങ്ങിന്റെ ആത്മകഥയും പ്രധാനപ്പെട്ട ഒന്നാകുന്നത്. ജെയ്ന്‍ വൈല്‍ഡ് ഹോക്കിങ്ങിന്റെ ആദ്യഭാര്യയാണ്. ഹോക്കിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടത്തിലും ഏറ്റവും സര്‍ഗാത്മകമായ ഘട്ടത്തിലും കൂടെനിന്ന് താങ്ങിനിര്‍ത്തിയവള്‍. സ്ത്രീകള്‍ സര്‍ഗാത്മകപ്രക്രിയയില്‍ പിന്നിലാവുകയും ലോകംമുഴുവന്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള സര്‍ഗപ്രതിഭകളുടെ കൂട്ടത്തില്‍ സ്ത്രീകളുടെ പേര് വളരെ കുറവ് മാത്രമാവുകയും ചെയ്യുമ്പോള്‍, ഒരു വലിയ പ്രതിഭയെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും നിശ്ശബ്ദമായ, എന്നാല്‍ വളരെ വലിയ പങ്കുവഹിച്ച സ്ത്രീയെ ലോകം കാണാതെ പോകുന്നതിന്റെ കഥ ഒരിക്കല്‍ക്കൂടി അനാവൃതമാകുന്നതാണ് ജെയ്ന്‍ ഹോക്കിങ്ങിന്റെ കഥ. സ്ത്രീകള്‍ ചെയ്ത സര്‍ഗപ്രതിഭാസങ്ങള്‍ എന്താണ് എന്ന തിരിച്ചറിവ് നല്‍കാന്‍ സഹായിക്കുന്ന വലിയ ചരിത്രങ്ങളില്‍ ഒന്ന്.
ഈ രണ്ടു തലങ്ങളെയും ഒരു എഴുത്തുകാരനായ വായനക്കാരന്‍ എങ്ങനെയാണ് സ്വാംശീകരിക്കുന്നത് എന്നത് കൗതുകമുളവാക്കുന്ന സംഗതിയാണ്. ബാലന്‍ വേങ്ങര തന്റെ നോവലിനായി തിരഞ്ഞെടുത്തത് വളരെ വെല്ലുവിളി നിറഞ്ഞ ഈ ജോലിയാണ്. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ തിയററ്റിക്കല്‍ ജീവിതവും വൈകാരിക ജീവിതവും ഒരു സാധാരണക്കാരിയായ വായനക്കാരിയുടെ തലത്തില്‍ നിന്ന് അവതരിപ്പിക്കുക. ആ വെല്ലുവിളിയില്‍ ബാലന്‍ വേങ്ങര എന്ന എഴുത്തുകാരന്‍ മനോഹരമായി വിജയിച്ചിരിക്കുന്നത് നമുക്ക് കാണാനാവും ആസിഡ് ഫ്രെയിംസ് എന്ന ഈ നോവലില്‍. ഇതിന്റെ വായന എന്നെ എന്റെ കൗമാരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. ശാസ്ത്രത്തെയും ജീവിതാനുഭവങ്ങളെയും പരസ്പരം കൂട്ടിച്ചേര്‍ത്തുകൊണ്ട് ജീവിതത്തെ തുറന്ന കാഴ്ചപ്പാടുക ളോടെ കാണാനുള്ള അനുഭവതലം എന്നില്‍ എങ്ങനെയാണ് വികസിച്ചത് എന്ന് വീണ്ടും വീണ്ടും ചിന്തിക്കാന്‍ ഈ പുസ്തകം ഇടയാക്കി. ആ ചിന്ത എന്നില്‍ ഉണര്‍ത്തിയതിന് ഞാന്‍ ബാലന്‍ വേങ്ങരയോട് നന്ദി പറയുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിനെ വളരെ വ്യത്യസ്തമായ ആഖ്യാന തന്ത്രത്തിലൂടെയാണ് ആസിഡ് ഫ്രെയിംസ് അവതരിപ്പിക്കുന്നത്. ഇതിലെ മുഖ്യകഥാപാത്രമായ ഇലയുടെ അനുഭവലോകം നമ്മുടെയെല്ലാവ രുടെയും അനുഭവതലത്തെ സ്പര്‍ശിക്കുമാറ് അവതരിപ്പിക്കാന്‍ ബാലന്‍ വേങ്ങരയ്ക്കു കഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് ഈ പുസ്തകം വായനയ്ക്കായി സന്തോഷപൂര്‍വ്വം സമര്‍പ്പിക്കുന്നു.
Comments are closed.