DCBOOKS
Malayalam News Literature Website

സ്ത്രീധനം വേണ്ടെന്നു പറഞ്ഞ വരന് 1000 പുസ്തകങ്ങള്‍ സമ്മാനിച്ച് വധുവിന്റെ കുടുംബം

വിവാഹത്തിനു സ്ത്രീധനം വേണ്ടെന്നു തീരുമാനമെടുത്ത വരന്റെ കുടുംബത്തിന് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി വധുവിന്റെ കുടുംബം. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന 1000 പുസ്തകങ്ങളാണ് വധുവിന്റെ കുടുംബം വിവാഹവേദിയില്‍ വെച്ച് വരന് സമ്മാനമായി നല്‍കിയത്. പശ്ചിമബംഗാളില്‍ നിന്നുള്ള സൂര്യകാന്ത് ബാരിക്കിന്റെയും പ്രിയങ്ക ബേജിന്റെയും വിവാഹവേദിയില്‍ വെച്ചായിരുന്നു ഈ വ്യത്യസ്തമായ സംഭവം.

വിവാഹജീവിതത്തില്‍ സ്ത്രീധനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. എങ്കിലും സ്ത്രീധനം ആവശ്യപ്പെടാത്തവര്‍ക്ക് വിവാഹസമ്മാനം എന്ന രീതിയിലാണ് പലപ്പോഴും വധുവിന്റെ കുടുംബം പണമോ സ്വര്‍ണ്ണമോ നല്‍കുന്നത്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും രാജ്യത്ത് ശിക്ഷാര്‍ഹമാണെങ്കിലും പല കുടുംബങ്ങളും ഇപ്പോഴും ഈ രീതി ശക്തമായി തുടരുന്നുണ്ട്.

താന്‍ സ്ത്രീധനമായി ഒന്നും വാങ്ങാന്‍ തയ്യാറല്ലെന്നു സൂര്യന്‍കാന്ത് ബാരിക് വധുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹദിവസം വേദിയില്‍ സൂര്യന്‍കാന്തിനെ കാത്തിരുന്നത് അത്ഭുതപ്പെടുത്തുന്ന സമ്മാനങ്ങളായിരുന്നു. ആയിരത്തോളം പുസ്തകങ്ങളാണ് വേദിയില്‍ സൂക്ഷിച്ചിരുന്നത്. ‘സ്ത്രീധനം വാങ്ങാന്‍ തയ്യാറല്ലെന്നു വധുവിന്റെ വീട്ടുകാരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. വേദിയില്‍വെച്ച് പുസ്തകക്കെട്ടുകള്‍ കണ്ടപ്പോള്‍ അതിശയിച്ചുപോയി.’ സൂര്യന്‍കാന്ത് പറയുന്നു.

സ്ത്രീധന വിഷയത്തില്‍ മകളുടെ ഭര്‍ത്താവ് എടുത്ത പുരോഗമനപരമായ നിലപാടുകളാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ വധുവിന്റെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. വധു പ്രിയങ്കയും നല്ലൊരു പുസ്തകപ്രേമിയാണ്. ‘സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമായ വിവാഹത്തോട് എനിക്ക് എതിര്‍പ്പാണ്. ഇക്കാര്യം വീട്ടുകാര്‍ക്കും അറിയാം. എന്നെപ്പോലെ ചിന്തിക്കുന്ന ഒരാളെ ഭര്‍ത്താവായി കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. വായിക്കാനുള്ള എന്റെ താത്പര്യത്തെക്കുറിച്ച് പിതാവിനും നന്നായി അറിയാം. അതുകൊണ്ടായിരിക്കും അദ്ദേഹം ഞങ്ങള്‍ക്ക് ഇങ്ങനെയൊരു സമ്മാനം നല്‍കിയത്.’ വധു വ്യക്തമാക്കുന്നു.

എന്തായാലും വ്യത്യസ്തമായ സ്ത്രീധനം നല്‍കിയ പ്രിയങ്കയെയും കുടുംബത്തേയും തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഒഴുകിയെത്തുകയാണ്.

Comments are closed.