DCBOOKS
Malayalam News Literature Website

‘താജ്മഹല്‍’; ആത്മഭാഷണത്തിന്റെ കവിതകള്‍

സക്കീര്‍ മിയാന്‍ കൊല്ലപ്പെട്ടത് എന്തിന്? കൊന്നവര്‍ക്കറിയാമായിരുന്നു. അവര്‍ പ്രതികാരം നിര്‍വഹിക്കുകയായിരുന്നു. ഗോധ്രയില്‍ വെന്തെരിഞ്ഞ കര്‍സേവകരുടെ മരണത്തിനു അവര്‍ പകരം ചോദിക്കുകയായിരുന്നു. സക്കീര്‍ മിയാന്‍ പ്രത്യക്ഷത്തില്‍ ഒരു മുസ്‌ലിം ആയിരുന്നു. ആളുകള്‍ കൊല്ലാനടുക്കുമ്പോള്‍, അവര്‍ അയാളെ മടക്കുകയും നിവര്‍ത്തുകയും ചെയ്യുമ്പോള്‍, അയാളുടെ കണ്ണുകളില്‍ അതിശയമായിരുന്നു; എന്തിനാണ് ഇവര്‍ ഇത് തന്നോട് ചെയ്യുന്നത്. മരിക്കും മുന്‍പ് അയാളുടെ കണ്ണുകളില്‍ അതിശയമായിരുന്നില്ല; മറിച്ച് ആശയക്കുഴപ്പമായിരുന്നു. എന്തായിരിക്കാം ആ ആശയക്കുഴപ്പം? താനിത് അര്‍ഹിക്കുന്നുവെന്നാണോ? അറിയില്ല, കാരണം അത് നമ്മുടെ തീരുമാനങ്ങള്‍ക്ക് അരുന്ധതിറോയ് വിട്ടു തരികയാണ്. ഇതേ ആശയക്കുഴപ്പം അഖ്‌ലാഖിന്റെ കണ്ണുകളില്‍ പ്രതിഫലിച്ചിട്ടുണ്ടാകണം. പശുവിന്റെ പേരിലും ദളിതനായതിന്റെ പേരിലും മര്‍ദ്ദനവും മരണവും ഒക്കെ നേരിടേണ്ടി വന്നവരുടെ എല്ലാം കണ്ണുകളില്‍ ആദ്യം ഈ അതിശയവും പിന്നെ ഈ ആശയക്കുഴപ്പവും ഉണ്ടായിരുന്നിരിക്കാം.

ഒ.പി സുരേഷിന്റെ താജ്മഹല്‍ എന്ന കവിത വായിക്കുമ്പോള്‍ സക്കീര്‍ മിയാന്‍, ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’ എന്ന നോവലിലെ കഥാപാത്രം ഒരു പരാമര്‍ശ പശ്ചാത്തലമായി മുന്നില്‍ വരികയാണ്. സുരേഷിന്റെ കവിതയില്‍ ‘ബാവുട്ടിക്ക’ എന്നൊരു മുസ്‌ലിം വ്യക്തിയാണ് കഥാപാത്രം. മരിച്ചു പോയ തന്റെ മുംതാസിന്റെ ഓര്‍മ്മയ്ക്കായാണ് അയാള്‍ സ്‌കൂളിനടുത്തു തുടങ്ങിയ ചെറിയൊരു കടയ്ക്ക് ‘താജ്മഹല്‍’ എന്ന് പേരിട്ടത്. ക്രമേണ ആ കട ‘അല്ലാദിന്റെ’ കട ആയി മാറുകയാണ്. ഈ അല്ലാദിന്റെ കട ഓര്‍ഹന്‍ പാമുക്ക് അദ്ദേഹത്തിന്റെ കറുത്ത പുസ്തകം (കൊറാ കിതാപ്/ബ്ലാക്ക് ബുക്ക്) എന്ന നോവലില്‍ പരാമര്‍ശിക്കുന്നൊരു കടയാണ്. ലോകത്തുള്ള എന്ത് ചോദിച്ചാലും കിട്ടുന്ന ചെറിയൊരു അത്ഭുതക്കട. ബാവുട്ടിക്കയുടെ കട, താജ്മഹല്‍ അങ്ങിനെ വളര്‍ന്നു വളര്‍ന്നു വലിയൊരു കടയാകുന്നു. അപ്പോഴാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ആ അത്ഭുതം അവിടെയും സംഭവിക്കുന്നത്. ഫുട്ബാള്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ യാദൃശ്ചികമായി ഒരു വിഗ്രഹം കണ്ടെത്തുന്നതോടെ ‘സ്‌കൂള്‍ മുക്ക്’ അമ്പലം മുക്ക്’ ആയി. ക്രമേണ അവിടെ ‘നൂറു വര്‍ഷത്തെ ജീര്‍ണ്ണോദ്ധാരണം’ നടന്നു. ഒരു ദിവസം ബാവുട്ടിക്കാ വന്നു നോക്കുമ്പോള്‍ അയാളുടെ കട നിന്നിടം ഇടിച്ചു നിര്‍ത്തിയിരിക്കുന്നു. അയാളുടെ പരാതികളും അപേക്ഷകളും ചെന്ന് വീഴുന്നത് ബധിരകര്‍ണ്ണങ്ങളിലാണ്. ഒടുവില്‍ ബാവുട്ടിക്ക നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കയറുകയാണ്, ആഗ്രയിലേയ്ക്ക്. സ്വയം ഒരു ‘ഭാണ്ഡത്തെപ്പോലെ’ അയാള്‍ തന്നെ തീവണ്ടിയിലേയ്ക്ക് എടുത്തു വെയ്ക്കുന്നു. ആഗ്രയില്‍ താജ്മഹല്‍ കാണുവാന്‍ പോവുകയാണ്. ‘അത് അവിടെ ഉണ്ടാകണേ’ എന്നാണ് അയാളുടെ പ്രാര്‍ത്ഥന.

മനസ്സിലേക്ക് രണ്ടു ചിത്രങ്ങള്‍ ഓടിവരുന്നു; കൃത്യമായിപറഞ്ഞാല്‍ ഒന്ന് ഒരു ചിത്രവും മറ്റൊന്ന് ഒരു കഥയുമാണ്. അബനീന്ദ്രനാഥ് ടാഗോറിന്റെ ‘ഷാജഹാന്റെ അന്ത്യദിനങ്ങള്‍’ എന്നുള്ള ചിത്രമാണ് ആദ്യത്തേത്. വൃദ്ധനായ ഷാജഹാന്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട് ഇപ്പോള്‍ യമുനയുടെ കരയിലുള്ള മറ്റൊരു കോട്ടയില്‍ തടവിലാണ്. അവിടെക്കിടന്നുകൊണ്ട് ചക്രവാളത്തില്‍ അയാള്‍ക്ക് തന്റെ സ്വപ്നസാക്ഷാത്കാരമായ താജ്മഹല്‍ കാണാം. എന്താകാം ഷാജഹാന്‍ കാണുന്നത്? താജ്മഹാലോ അതിന് കാരണമായ മുംതാസിനെയോ? അതോ നിത്യനിതാന്തമായ ശൂന്യതയോ? നമുക്കറിയില്ല. മറ്റൊരു ചിത്രം, വാങ്ക് എന്ന ഉണ്ണി ആറിന്റെ കഥയില്‍ കാട്ടിനുള്ളില്‍പ്പോയി വാങ്ക് വിളിച്ചു തിരികെ വരുന്ന പെണ്‍കുട്ടിയുടേതാണ്. ആദ്യത്തേതില്‍ നിന്ന് ഒരു വ്യത്യാസമാണ് ഈ രണ്ടാം ചിത്രത്തിനുള്ളത്. ആദ്യത്തേത് നിസ്സഹായതയാണ്. രണ്ടാമത്തേത് വിപ്ലവാത്മകമായ ഒരു അപഭ്രംശമാണ്. ഒന്നില്‍ ഏജന്‍സി നഷ്ടപ്പെട്ട ഒരാള്‍, രണ്ടാമത്തേതില്‍ ഏജന്‍സിയെ ഏറ്റെടുത്ത ഒരു പെണ്‍കുട്ടി. സുരേഷിന്റെ കവിതയിലെ ബാവുട്ടിക്ക ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് നില്‍ക്കുന്നത്. അയാള്‍ ഒന്നും ചെയ്യാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ താന്‍ അവിടെ ചെല്ലുമ്പോള്‍ താജ്മഹല്‍ അവിടെ ഉണ്ടാകണേ എന്നൊരു പ്രതീക്ഷ മാത്രം അയാള്‍ കാത്തു സൂക്ഷിക്കുന്നു.

എന്തുകൊണ്ട് താജ്മഹല്‍ നഷ്ടപ്പെടും എന്നൊരു ഭീതി അയാള്‍ക്കുണ്ടാകുന്നു? താജ്മഹല്‍ എന്ന് പേരിട്ട സ്വതം കട നഷ്ടപ്പെട്ടത് കൊണ്ടുമാത്രമാണോ അത്? അല്ല. താജ്മഹല്‍ തേജോ മഹാലയം ആണെന്നും അതൊരു ശിവക്ഷേത്രമാണെന്നും പറയുന്ന വലതുപക്ഷ ചരിത്ര വൈകൃതം ഒരു പക്ഷെ ആ താജ്മഹലിനെ വെച്ചേയ്ക്കില്ല എന്ന ഒരു സൂചന അതിലുണ്ട്. എന്നാല്‍ അത് മാത്രമാണോ സൂചന? അല്ല. അയോധ്യയിലെ ബാബരിപ്പള്ളിയെ പൊളിക്കുന്നതിലേയ്ക്ക് അത് നീങ്ങുന്നു. തുടര്‍ന്ന് ഓരോ കാലത്തും ലഹളകളിലൂടെയും വംശഹത്യകളിലൂടെയും മുസ്‌ലിം സമുദായത്തെ ഹിന്ദുഭൂരിപക്ഷ ഇന്ത്യയില്‍ ഘെറ്റോകളിലേയ്ക്ക് പായിച്ച ചരിത്രത്തിലേക്ക് നീങ്ങുന്നു. മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികമായ നട്ടെല്ല് തകര്‍ക്കുക എന്നൊരൊറ്റ ഉദ്ദേശ്യത്തോടെ വലതുപക്ഷം നടത്തുന്ന ഈ വമ്പിച്ച തീവ്രവാദത്തിന്റെ ഒരു സ്മാരകം എന്ന നിലയിലാണ് സുരേഷിന്റെ താജ്മഹല്‍ എന്ന കവിത പ്രവര്‍ത്തിക്കുന്നത്. ഇതൊരു വെറും കഥയല്ല. അയോധ്യകൂടി ഉള്‍പ്പെടുന്ന ഫൈസാബാദ് എന്ന സ്ഥലത്തു നിന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ചിത്രകലയില്‍ ബിരുദാനന്തര ബിരുദം എടുത്ത ഒരു മുസ്‌ലിം യുവാവ് ഒരു പ്രോജക്ട് തനിയ്ക്ക് കിട്ടിയെങ്കില്‍ ജീവിച്ചു പോകാമായിരുന്നു എന്ന് പറഞ്ഞു സ്ഥലം എം.എല്‍.എയെ സമീപിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ‘എന്തുകൊണ്ട് നീ ഒരു അറവുശാല തുടങ്ങുന്നില്ല എന്നായിരുന്നു?’ ഗോഹത്യയെ കൊടുകുറ്റമാക്കിയ ഒരു രാജ്യമാണ്, ആ തൊഴിലിലേയ്ക്ക് പോകാന്‍ ഇത്രയും ഉളുപ്പില്ലാതെ ഒരു യുവാവിനോട് പറയുന്നത്. ഇതിനെ നാം എം.എഫ് ഹുസൈന്റെ ചരിത്രവുമായി തട്ടിച്ചു നോക്കണം. അദ്ദേഹം വരച്ച സരസ്വതിയ്ക്കു തുണിയില്ല എന്ന് പറഞ്ഞു ആദ്യം പ്രശ്‌നമുണ്ടാക്കിയ ഒരു ഹിന്ദി വാരിക എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്, ‘ഹുസ്സൈന്‍; കലാകാരി യാ കസായി ‘ (ഹുസ്സൈന്‍: കലാകാരനോ കശാപ്പുകാരനോ?) എന്നായിരുന്നു. കശാപ്പ് എന്നത് കേവലമായ ഒരു ആലങ്കാരിക പ്രയോഗമാണ് മറിച്ച് അത് മുസ്‌ലിം സമുദായത്തെ ഒന്നായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു സൂചകം ആണെന്ന് തിരിയുന്നു.

ഒ.പി സുരേഷിന്റെ കവിതകളില്‍ ഇത്തരം രാഷ്ട്രീയ ബോധ്യങ്ങള്‍ പലേടത്തും ശക്തമായി കാണാം. ‘വരകള്‍’ എന്ന കവിതയില്‍ ഒരു വരയ്ക്ക് അപ്പുറത്തും ഇപ്പുറത്തും നില്‍ക്കുന്ന മനുഷ്യരെ പരസ്പരം ശത്രുക്കളാക്കി നിര്വചിക്കുന്നതും ഒടുവില്‍ ആ നിര്‍വചങ്ങളില്‍ മനുഷ്യര്‍ വിശ്വസിച്ചു പോകുന്നതും, അപ്പോഴും കവി/മാനവികബോധമുള്ള ഏതൊരാളും സംശയിക്കുന്നത് താന്‍ വരയുടെ അപ്പുറമാണോ ഇപ്പുറമാണോ എന്നുള്ളതാണ്. അതി ദേശീയതാ വാദത്തിന്റെ നാളുകളില്‍ ആഗോളീയത എന്നത് കമ്പോളത്തില്‍ മാത്രമായി പ്രത്യക്ഷപ്പെടുകയും ബാക്കിയുള്ള എല്ലാ മാനവികാഖ്യാനങ്ങളും വരകള്‍ക്കു അപ്പുറമെന്നും ഇപ്പുറമെന്നും ഉള്ള നിലകളില്‍ ചുരുങ്ങിപ്പോകുന്നതായും നാം കാണുന്നു. അപ്പോഴൊക്കെയും മനുഷ്യത്വത്തെ തിരികെപ്പിടിക്കേണ്ടതിന്റെ ആവശ്യകത കവി തിരിച്ചറിയുകയും അത് വിളിച്ചു പറയുകയും ചെയ്യുന്നു. ‘വഴിപ്പൂക്കള്‍’ എന്ന കവിതയില്‍ തമിഴ് കവിയായ ചേരാനുമൊത്ത് നടത്തിയ ഒരു സവാരിയെയെ ഓര്‍ക്കുന്നു. അങ്ങോട്ട് പോകുമ്പോള്‍ ചേരന് വഴിയറിയാം. പക്ഷെ തിരികെ നടക്കുമ്പോള്‍ ക്രമേണ അദ്ദേഹം വഴി മറക്കുകയും, അദ്ദേഹത്തിനൊപ്പം നടന്ന നമ്മുടെ കവി മുന്നില്‍ വഴികാട്ടിയാവുകയും ചെയ്യുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ഒന്നല്ല. പരസ്പരം വഴികാട്ടുന്നു എന്നുമല്ല. മറിച്ച് ബുദ്ധിജീവികള്‍ക്ക് പോലും സ്മൃതിഭ്രംശം ഉണ്ടാകുമെങ്കിലും സഹയാത്രികര്‍ അവരെ വീട്ടിലേയ്ക്കു തന്നെ തിരികെ എത്തിക്കേണ്ടതുണ്ട് എന്ന് പറയുന്നു.

കവിയായ സുരേഷും മനുഷ്യനായ സുരേഷും രണ്ടല്ല എങ്കിലും, പ്രണയിയായ സുരേഷും രാഷ്ട്രീയബോധ്യമുള്ള സുരേഷും രണ്ടാണ് എന്ന് ചിലപ്പോള്‍ തോന്നുന്നുണ്ട്. പ്രണയം, ഇതര കവികളെ അപേക്ഷിച്ച് സുരേഷില്‍ വ്യക്തിലക്ഷ്യപ്രധാനമാണെന്നു തോന്നുന്നില്ല. ഒരു പെണ്‍കുട്ടിയെ പ്രണയിയുടെ സ്ഥാനത്ത് നിറുത്തിക്കൊണ്ടാകുന്നില്ല പലപ്പോഴും പ്രണയത്തെക്കുറിച്ചു പറയുന്നത്. അദ്ദേഹത്തിന്റെ കവിതകളില്‍ പ്രണയി എന്നത് ഒരു അമൂര്‍ത്തതായാണ്; അത് ഭൂമിയാകാം, ആകാശമാകാം, നമ്മെ നയിക്കുന്ന ശക്തിയാകാം, ജീവോന്മാദം അകം, പാരമ്പരാഗതാര്‍ത്ഥത്തില്‍ ദൈവമാകാം, ടാഗോറിയന്‍ അര്‍ത്ഥത്തില്‍ പ്രപഞ്ച സത്തയാകാം. അതിനാല്‍ ഉപരിതലത്തിലെ അര്‍ത്ഥത്തെ കടന്നു യാത്ര ചെയ്യേണ്ടതുണ്ട്. പലപ്പോഴും സൂഫി പരാമര്‍ശങ്ങള്‍ വരുന്നത് കാരണം കവിയ്ക്കു വ്യക്തിജീവിതത്തില്‍ സൂഫി ആഭിമുഖ്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കാം. ‘മുക്കൂത്തി’, പകരം’ തുടങ്ങിയ കവിതകളിലെ ആഖ്യാനതന്ത്രം ശ്രദ്ധേയമാണ്; അത് യാഥാര്‍ഥ്യത്തിനും ഭ്രമാത്മക യാഥാര്‍ഥ്യത്തിനും ഇടയില്‍ സഞ്ചരിക്കുന്നു. കാലങ്ങളെ പലപ്പോഴും കുഴമറിച്ചു കളയുന്നു. ഒറ്റവായനയില്‍ തീര്‍ക്കേണ്ടതല്ല ഈ കവിതകള്‍. ആത്മഭാഷണത്തിന്റെ സ്വഭാവമുള്ളതു കൊണ്ട്, സാത്മ്യപ്പെടുന്ന നിമിഷങ്ങളിലാകും കവിത വായനക്കാരന്റേതുകൂടി ആണെന്ന് തോന്നുന്നത്.

ഒ.പി സുരേഷിന്റെ താജ്മഹല്‍ എന്ന കവിതാസമാഹാരത്തിന് ജോണി എം.എല്‍ എഴുതിയ വായനാനുഭവം

Comments are closed.