ഐതിഹ്യങ്ങളിലെ കുട്ടിച്ചാത്തന് എങ്ങനെ ശബരിമല ശാസ്താവായി?
ശബരിമലയിലെ അയ്യപ്പന് സാക്ഷാല്‍ കുട്ടിച്ചാത്തന് ആണെന്ന് പറയുമ്പോള്‍ തന്നെ നെറ്റിചുളിച്ചു ‘ഏഹ് എന്ത്?’ എന്ന് ചോദിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. ഈ പുസ്തകം കിട്ടിയപ്പോള്‍ ഞാനും അതു തന്നെയാണല്ലോ ചെയ്തത്. ആര്. രാമാനന്ദ് എഴുതിയിരിക്കുന്ന ഈ കൃതി വളരെയധികം ചര്‍ച്ചകള്‍ക്കും വിശകലനത്തിനും വഴിയൊരുക്കേണ്ട ഒന്നുതന്നെ ആണ്. വ്യക്തിപരമായി എനിക്കു യാതൊരു ചായ്വും ഉള്ള വിഷയം അല്ല ഇത്. പക്ഷെ ചരിത്രപരമായി, നിഷ്പക്ഷമായ ഒരു നിലപാടിതില് എടുക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ കുറച്ചു നാളായി നമ്മള് മലയാളികള്‍ക്കു തലയ്ക്കു തീ പിടിച്ചു നടക്കുകയാണല്ലോ സ്ത്രീപ്രവേശനമെന്നും, അശുദ്ധി എന്നും ആര്‍ത്തവം എന്നും പറഞ്ഞ്, തല്ലിയും തല്ലു കൊണ്ടും നടക്കുന്ന എല്ലാവരും ഇത് വായിച്ചാല്‍ നന്നായിരിക്കും എന്നതാണ് എന്റെ അഭിപ്രായം. ഒരു പക്ഷെ ഇപ്പറഞ്ഞ മലയാളി സമൂഹത്തെ നന്നായി അറിയാവുന്നതു കൊണ്ടാകും ഈ പുസ്തകത്തിന്റെ രചയിതാവ് ആമുഖത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്.
‘ഈ പുസ്തകം ഒരു പൊളിച്ചെഴുത്തോ വിഗ്രഹധ്വംസനമോ അല്ല. ഈ മണ്ണില്‍ മൊട്ടിട്ടു വളര്‍ന്ന ഒരു സംസ്കൃതിയുടെ വേരുകള്‍ തേടാനുള്ള ഒരു എളിയ പരിശ്രമം മാത്രമാണ്. ഇതിന്റെ സത്യം പൂര്‍ണ്ണമായി അറിയാന്‍ ഇനിയുമെത്രെയോ അന്വേഷിക്കേണ്ടിയിരിക്കുന്നു എന്ന പൂര്‍ണ്ണമായ ബോധ്യം ഉള്ളില്‍ വെച്ചുകൊണ്ട് പറയട്ടെ , എഴുതിയ കാര്യങ്ങള്‍ എന്റെ ഉറച്ചു ബോധ്യമാണ്. യാതൊരു മുന്‍വിധിയോടും ഇതിനെ സമീപിക്കരുത് എന്നുമാത്രമേ ഒരു അഭ്യര്ത്ഥനയുള്ളു. സ്വന്തം യുക്തിക്കു നിരക്കുന്നതാണെങ്കില്‍ മാത്രം സ്വീകരിക്കുക, ഇല്ലെങ്കില്‍ കരുണയില്ലാതെ തള്ളിക്കളയുക.’
നൂറു പുറങ്ങളില്‍ കവിയാത്ത എഴുതിയിരിക്കുന്ന ഈ പുസ്തകം വളരെ നന്നായിതന്നെ ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കുട്ടിച്ചാത്തന് എങ്ങനെ അയ്യപ്പശാസ്താവ് ആയി എന്നതു രചയിതാവ് ചിട്ടയായി അവതരിപ്പിച്ചിട്ടുണ്ട്.
കൊറ്റവൈ എന്ന യുദ്ധ ദേവതയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ സംഘകാല കൃതികളില്‍ ഉണ്ട്. ഈ കൊറ്റവൈ തന്നെയാണ് നമ്മുടെ നാട്ടില്‍ കരിനീലി എന്ന പേരില്‍ ആരാധിക്കപ്പെട്ടിരുന്നത്. പിന്നീട് കരിനീലി എങ്ങനെ മാളികപ്പുറത്തമ്മയായി എന്നും ഇവിടെ തെളിവുകള്‍ സഹിതം വിശദീകരിച്ചിട്ടുണ്ട്. അടുത്തതായി കുട്ടിച്ചാത്തന് എന്ന കഥാപാത്രത്തെ കേരളത്തില്‍ എങ്ങനെയൊക്കെ ആരാധിക്കപ്പെടുന്നു, കുട്ടിച്ചാത്തന്റെ ഐതിഹ്യം ദേശങ്ങള്‍ തോറും എങ്ങനെ മാറിയിരിക്കുന്നു, അവയ്ക്കു ശബരിമലയുമായി എങ്ങനെയൊക്കെ സാമ്യമുണ്ട് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ ബുദ്ധമതം വടക്കുനിന്ന് വ്യാപിച്ചു വന്നതിന്റെ ഫലമായി നമ്മുടെ നാട്ടിലും പ്രാദേശികമായി നിലനിന്ന ആചാരങ്ങളില്‍ വളരെ ചെറുതെങ്കിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബുദ്ധമതം രണ്ടു രീതിയിലാണ് വ്യാപിച്ചത്. ഗൗതമബുദ്ധന് വെറും ഒരു മനുഷ്യന് മാത്രം ആണെന്നും ദൈവികമായ ഒന്നും ഇല്ലെന്നും ഒരുപക്ഷവും മറുപക്ഷത്തു ബുദ്ധന്റെ അമാനുഷികതയും, മനുഷ്യരുടെ പുനര്‍ജന്മവും സ്വര്‍ഗീയതയും. ഈ രണ്ടാമത് പറഞ്ഞ കൂട്ടരാണ് കേരളത്തില്‍ എത്തിയതും അന്ന് നിലനിന്ന മത വ്യവസ്ഥിതികളില്‍ അവരുടേതായ സ്വാധീനം ചെലുത്തിയതിനുള്ള തെളിവുകള്‍ ഇവിടെ നിരത്തികാട്ടുന്നു.
ശബരിമലയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും, അവിടുത്തെ ആദിവാസി സമൂഹവും ഗോത്രവിഭാഗവും അവരുടെ ആരാധന ശൈലികളും ദ്രാവിഡമാണെന്നും ഈ പുസ്തകം അടിവരയിടുന്നു. നാം എല്ലാം കേട്ടു പരിചിതമായ കഥകള്‍ക്കും ആചാരങ്ങള്‍ക്കും പിന്നിലെ സാധ്യതയുള്ള കുറച്ചു വസ്തുതകളെ പറ്റിയും പറയുന്നു. മകരവിളക്ക്, വെളിച്ചപ്പാട്, 41 ദിവസത്തെ വ്രതം, മൃഗബലികള്‍, പതിനെട്ടു പടി ഇതൊക്കെ പഴയ ഒരു അനുഷ്ഠാന രീതിയുടെ ബാക്കിപത്രങ്ങള്‍ ആണെന്നത് നിഷേധിക്കാനാകില്ല.
ഇവിടെ ചര്‍ച്ച ചെയ്തിരിക്കുന്ന മിക്ക കാര്യങ്ങളും കേരളത്തിന്റെ എഴുതപെട്ട ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ഉള്ള പരാമര്‍ശങ്ങളെ ആധാരമാക്കിയാണ്. അതിനാല്‍ തന്നെ എഴുത്തുകാരന്റെ വാദങ്ങള്‍ക്കു ശക്തമായ പിന്‍ബലം ഉണ്ട്. ആര്യവത്ക്കരണത്തില് പെട്ടു ‘ വ്യക്തിത്വം’ നഷ്ടപ്പെട്ട ദൈവങ്ങളാണ് നമ്മുടെ നാട്ടില്‍ മിക്കവാറും ഉള്ളത്. ബ്രാഹ്മണാധിപത്യത്തിന്റെ ഇരകളാണ് കുട്ടിച്ചാത്തനും കൊറ്റവൈയും (കരിനീലി) എന്ന് അടിവരയിടുന്നു ഇവിടെ. യുഗങ്ങള്‍ തോറും വിശ്വാസങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമം എങ്ങനെ ഒരു ജനതയുടെ സാമൂഹിക വ്യവസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങളുടെ നേര്‍ഫലം ആണെന്നും നമ്മുക്ക് ഈ പുസ്തകത്തിലൂടെ മനസിലാകും.
കേരളത്തിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ചരിത്രത്തിന്റെ നല്ലൊരു ഭാഗം വായ്മൊഴിയായി മാത്രം നിലനിന്നു വന്നതാണ്. പ്രാചീന കൃതികളില്‍ (പ്രത്യേകിച്ചും തമിഴ്) നമ്മുടെ നാടിനെ പറ്റിയുള്ള പരാമര്‍ശങ്ങളും, രാജ ശാസനകളും, ക്ഷേത്ര വിളംബരങ്ങളും, വീരകൃതികളും മാത്രമേ നമ്മുടെ ചരിത്രത്തിന്റെ പുനര്നിര്മ്മിതിക്കു നമ്മുടെ പക്കല്‍ ഉള്ളു. അതുകൊണ്ടു തന്നെ ഒന്നും നമുക്ക് തീര്‍ത്തു പറയാനോ വിശ്വസിക്കാനോ കഴിയില്ല. ഈ പുസ്തകത്തിനു എന്തെങ്കിലും കുറവ് ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതു ഇതായിരിക്കും. അതിപ്പോള്‍ ശ്രീധരമേനോന്റെ കേരളചരിത്രം ആയാലും ലോഗന്റെ മലബാര്‍ മാന്വല്‍ ആയാലും ഇത് തന്നെ പ്രശ്നം.
ആര്. രാമാനന്ദ് രചിച്ച കുട്ടിച്ചാത്തന് അയ്യപ്പന് ശാസ്താവ് എന്ന കൃതിക്ക് ഡേവിസ് ജോസ് എഴുതിയ വായനാനുഭവം
Comments are closed.