DCBOOKS
Malayalam News Literature Website

‘ഇരുളടഞ്ഞകാലം’ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് ; ഒരു ചരിത്രരേഖ

1930-ല്‍ അമേരിക്കന്‍ ചരിത്രകാരനും തത്ത്വചിന്തകനും ആയ വില്‍ ഡ്യൂറന്റ് ആദ്യമായി ഇന്ത്യയുടെ തീരത്തേക്കു കാലെടുത്തുവെച്ചു. ‘സംസ്‌കാരത്തിന്റെ കഥ’ (The Story of Civilization) എന്നു പില്‍ക്കാലത്തു പ്രശസ്തമായിത്തീര്‍ന്ന ഒരു ബൃഹത്തായ പുസ്തകം എഴുതുന്നതിനുവേണ്ടിയായിരുന്നു ലോകംചുറ്റുന്ന ആ യാത്ര അദ്ദേഹം തുടങ്ങിയത്.എന്നാല്‍ ഇവിടെ, അദ്ദേഹത്തിന്റെതന്നെ വാക്കുകളെടുത്താല്‍, ‘ബ്രിട്ടന്റെ ബോധപൂര്‍വ്വവും കരുതിക്കൂട്ടിയുള്ളതുമായ ഇന്ത്യയിലെ രക്തച്ചൊരിച്ചിലുകളെ’പ്പറ്റി വായിച്ചറിയുകയും കാണുകയും ചെയ്തപ്പോള്‍ അദ്ദേഹം ‘ആശ്ചര്യഭരിതനും ധാര്‍മ്മികരോഷംകൊണ്ടവനും’ ആകുകയായിരുന്നു. അതിനാല്‍, ‘സര്‍വ്വചരിത്രത്തിലെയും ഏറ്റവും വലിയ കുറ്റകൃത്യ’മായ ആ രക്തച്ചൊരിച്ചിലിനെപ്പറ്റി അത്യാവേശഭരിതമായ ഒരു അപലപനം നടത്തുവാനായി അദ്ദേഹം ഇവിടത്തെ തന്റെ ഗവേഷണം ഒരു വശത്തേക്കു മാറ്റിവെച്ചു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ കാണിച്ച ദീര്‍ഘവും നിര്‍ലജ്ജവുമായ അത്യാഗ്രഹത്തിന്റെ ന്യായവാദങ്ങളെ ഉടച്ചുകളയുകയും, അതിനോടു ധാര്‍മ്മികരോഷവും ഇന്ത്യക്കാരോടു സഹാനുഭൂതിയും പുലര്‍ത്തുന്ന ക്ലാസ്സിക് ഗ്രന്ഥമായി ഡ്യൂറന്റിന്റെ ചെറിയ പുസ്തകമായ The case for India നിലനില്‍ക്കുന്നു.

ഡ്യൂറന്റ് എഴുതിയതുപോലെ:

ഉന്നതമായൊരു സംസ്‌കാരത്തിനുമേല്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ, ഒരു തത്ത്വദീക്ഷയുമില്ലാതെ, ഒന്നിനെക്കുറിച്ചും ഒരു ശ്രദ്ധയുമില്ലാതെ നേട്ടങ്ങള്‍ക്കായുള്ള അത്യാഗ്രഹംകൊണ്ടുമാത്രം താത്കാലികമായി നിസ്സഹായയും അരാജകവുമായ ഒരു രാജ്യത്തിലേക്ക്, അഗ്നിയും വാളുമായി ഓടിയടുത്തുകൊണ്ട് കൈക്കൂലി വാങ്ങിയും കൊലപ്പെടുത്തിയും പിടിച്ചടക്കിയും മോഷ്ടിച്ചും ഒരു കച്ചവടക്കമ്പനി നടത്തിയ (ഈസ്റ്റ് ഇന്ത്യാ കമ്പനി) ആക്രമണവും സംഹാരവുമായിരുന്നു ബ്രിട്ടീഷുകാരുടെ ഇന്ത്യന്‍ കീഴടക്കല്‍. നിയമവിരുദ്ധവും ‘നിയമപരവും’ ആയ ഈ കൊള്ളയുടെ ജീവിതചര്യ തുടങ്ങിയിട്ട് നിഷ്‌കരുണമായ 173 വര്‍ഷങ്ങള്‍ ഇപ്പോള്‍ (1930) കഴിഞ്ഞിരിക്കുന്നു.

ഒരു കോര്‍പ്പറേഷന്റെ ഇന്ത്യന്‍ കീഴടക്കല്‍

മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെയും 18-ാം നൂറ്റാണ്ടിലുടനീളം ഇന്ത്യയില്‍ അധികാരത്തിനുവേണ്ടി തര്‍ക്കിച്ചിരുന്ന യുദ്ധതത്പരരായ രാഷ്ട്രങ്ങളുടെ ഉദയത്തെയും മുതലെടുത്തുകൊണ്ടും പീരങ്കിപ്പട്ടാളത്തിന്റെ ശക്തി ഉപയോഗിച്ചും അധാര്‍മ്മികതയും ഹൃദയശൂന്യതയുംകൊണ്ടും ബ്രിട്ടീഷുകാര്‍ വിശാലമായ ഭൂപ്രദേശങ്ങള്‍ കീഴടക്കുകയും ചെയ്തു. അവര്‍ നവാബുമാരെയും മഹാരാജാക്കന്മാരെയും സ്ഥാനഭ്രഷ്ടരാക്കി. തോന്നിയതുപോലെ ഖജനാവ് ശൂന്യമാക്കി, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ (പിന്തുടര്‍ച്ചാവകാശിയില്ലാതെ എപ്പോഴൊക്കെ ഒരു ഭരണാധികാരി മരിച്ചാലും രാജ്യഭരണം ഏറ്റെടുക്കാനുള്ള ഹൃദയശൂന്യമായ ‘ദത്താവകാശനിരോധന നിയമം’, 1840 കള്‍മുതല്‍ നടപ്പിലാക്കിവന്നത്, ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ) രാജ്യങ്ങള്‍ പിടിച്ചെടുത്തു. തലമുറ കളായി ഉഴുതുകൊണ്ടിരുന്ന ഭൂമിയുടെ അവകാശം കൃഷിക്കാരില്‍നിന്നും അപഹരിച്ചെടുത്തു. കമ്പനി ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ സള്ളിവന്‍ (പ്രശസ്ത ഹില്‍സ്റ്റേഷന്‍ ഊട്ടകാമണ്ഡിന്റെ അഥവാ ഊട്ടിയുടെ സ്ഥാപകന്‍ എന്ന നിലയിലാണ് അദ്ദേഹം പ്രസിദ്ധന്‍) 1840 കളില്‍ നിരീക്ഷിച്ചത്: ‘ചെറിയ കോടതികള്‍ അപ്രത്യക്ഷമാകുന്നു. വ്യാപാരം കുറയുന്നു. തലസ്ഥാനം ജീര്‍ണ്ണിക്കുന്നു. ആളുകള്‍ ദരിദ്രരാകുന്നു. ഇംഗ്ലിഷുകാര്‍ അഭിവൃദ്ധി പ്രാപിക്കുന്നു. ഗംഗയുടെ തീരത്തുനിന്നും സമ്പത്ത് തുടച്ചെടുത്ത് തെയിംസിന്റെ തീരത്തുകൊണ്ട്
പിഴിഞ്ഞൊഴിക്കുന്നതുപോലെയായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്.’

ഈസ്റ്റ് ഇന്ത്യാ കമ്പനി ആക്രമിച്ച ഇന്ത്യ പ്രാകൃതമോ അല്ലെങ്കില്‍ തരിശുഭൂമിയോ ആയിരുന്നില്ല. മറിച്ച്, മദ്ധ്യകാല ലോകത്തിലെ തിളങ്ങുന്ന രത്‌നമായിരുന്നു അത്. അതിന്റെ നൈപുണ്യങ്ങളെയും സമ്പന്നതയെയുംപറ്റി-‘വിപുലവും വൈവിധ്യം നിറഞ്ഞതുമായ വ്യവസായങ്ങള്‍ നിര്‍മ്മിച്ച സമ്പത്ത്’യോര്‍ക്ഷയറില്‍ ജനിച്ച അമേരിക്കന്‍ യൂണിറ്റേറിയന്‍ മിനിസ്റ്റര്‍ ജെ.റ്റി. സണ്ടര്‍ലാന്‍ഡ് ചെറുതായി വിവരിച്ചിട്ടുണ്ട്. പരിഷ്‌കൃതലോകത്തിന് അറിയപ്പെട്ടിട്ടുള്ള ഏകദേശം എല്ലാത്തരത്തിലുള്ള ഉത്പന്നങ്ങള്‍ അല്ലെങ്കില്‍ നിര്‍മ്മിതികള്‍-മനുഷ്യന്റെ തലച്ചോറിന്റെയും കൈകളുടെയും നിര്‍മ്മിതിയായ എല്ലാത്തരത്തിലുമുള്ള സൃഷ്ടികള്‍, എല്ലായിടത്തും നിലനില്‍ക്കുന്നവ, ഉപയോഗംകൊണ്ടായാലും സൗന്ദര്യംകൊണ്ടായാലും വില മതിക്കുന്നവ-വളരെക്കാലം മുന്‍പേ ഇന്ത്യയില്‍ ഉത്്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. വ്യാവസായികവും ഉത്പാദനപരവുമായ കാര്യങ്ങളില്‍ യൂറോപ്പിലെയോ ഏഷ്യയിലെയോ മറ്റേതൊരു രാജ്യത്തെക്കാളും മുന്നിട്ടുനിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയുടെ തുണിത്തരങ്ങള്‍-പരുത്തിയിലും കമ്പിളിയിലും സില്‍ക്കിലുമുള്ള ഇന്ത്യയുടെ മികച്ച ഉത്പന്നങ്ങള്‍-പരിഷ്‌കൃതലോകത്താകമാനം പ്രസിദ്ധമായിരുന്നു. അതുപോലെതന്നെ പ്രിയപ്പെട്ടതായിരുന്നു മനോഹരമായ രൂപങ്ങളില്‍ വെട്ടിയുണ്ടാക്കിയ അവളുടെ വിലപിടിച്ച കല്ലുകളും വൈശിഷ്ട്യമായ ആഭരണങ്ങളും. അവളുടെ മണ്‍പാത്രനിര്‍മ്മിതിയും ചീനപ്പിഞ്ഞാണങ്ങളും എല്ലാത്തരത്തിലുമുള്ള ഗുണത്തിലും നിറത്തിലും മനോഹരമായ ആകൃതിയിലുമുള്ള മണ്‍പാത്രനിര്‍മ്മാണകലയും അങ്ങനെതന്നെ ആയിരുന്നു. ലോഹത്തിലും ഇരുമ്പിലും സ്റ്റീലിലും വെള്ളിയിലും പൊന്നിലും എല്ലാമുള്ള അവളുടെ മനോഹരമായ സൃഷ്ടികളും സമാനമായ വൈശിഷ്ട്യം നിലനിര്‍ത്തിയവ ആയിരുന്നു.

മനോഹാരിതയില്‍ ലോകത്തില്‍ മറ്റെന്തിനോടും തുല്യമായ, വിപുലമായ വാസ്തുശാസ്ത്രവും വലിയ എന്‍ജിനീയറിങ് നിര്‍മ്മിതികളും അവള്‍ക്കുണ്ടായിരുന്നു. അവിടെ പ്രസിദ്ധരായ വ്യാപാരികളും മികച്ച വിദേശകച്ചവടക്കാരും വലിയ സാമ്പത്തിക ഇടപാടുകാരും ഹുണ്ഡിക്കച്ചവടക്കാരും ഉണ്ടായിരുന്നു. വലിയ കപ്പല്‍നിര്‍മ്മാണരാജ്യം മാത്രമായിരുന്നില്ല ഇന്ത്യ, പ്രസിദ്ധമായ പരിഷ്‌കൃത രാജ്യങ്ങളിലേക്കു വ്യാപിച്ചുകിടന്നിരുന്ന കരമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവുമുള്ള വ്യാപാരവും അവള്‍ക്കുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ അവിടെ വന്നപ്പോള്‍ അവര്‍ കണ്ട ഇന്ത്യ അതുപോലെയുള്ളതായിരുന്നു.

ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരനായ ആംഗസ് മാഡിസണ്‍ തെളിവുസഹിതം കാണിച്ചതുപോലെ,16 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകസമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ ഓഹരി 23% ആയിരുന്നു. യൂറോപ്പിന്റെ മുഴുവന്‍ പങ്കും ഒരുമിച്ചുവയ്ക്കുന്ന അത്ര വലുതായിരുന്നു അത് (നികുതി വരുമാനത്തില്‍ മാത്രമായിരുന്നു ഔറംഗസീബിന്റെ ഖജനാവ് 100 മില്ല്യണ്‍ പൗണ്ട് നേടിയപ്പോള്‍ 1700 ല്‍ അത് 27% ഉണ്ടായിരുന്നു). ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്നും വിട്ടുപോയ സമയത്ത് അത് 3 % എന്ന നിലയിലേക്കു താഴ്ന്നു. അതിന്റെ കാരണം ലളിതമായിരുന്നു. ബ്രിട്ടണ്‍ തങ്ങളുടെ നേട്ടത്തിനുവേണ്ടിയായിരുന്നു് ഇന്ത്യയെ ഭരിച്ചിരുന്നത്. ബ്രിട്ടന്റെ 200 വര്‍ഷത്തെ വളര്‍ച്ച ഇന്ത്യയെ സാമ്പത്തികമായി കവര്‍ച്ച ചെയ്തുകൊണ്ടുള്ളതായിരുന്നു.

സില്‍ക്കിലും സുഗന്ധദ്രവ്യങ്ങളിലും മറ്റു ലാഭകരമായ ഇന്ത്യന്‍ സാധനങ്ങളിലും വ്യാപാരം ചെയ്യുന്നതിനായി 1600-ല്‍ ഒന്നാം എലിസബത്ത് രാജ്ഞി റോയല്‍ ചാര്‍ട്ടറിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പമാണ് അതെല്ലാം ആരംഭിച്ചത്. കമ്പനി അതിന്റെ വ്യാപാരത്തിന്റെ വ്യാപനത്തില്‍ ഇന്ത്യന്‍ തീരങ്ങളിലുടനീളം ഔട്ട്‌പോസ്റ്റുകള്‍, ‘ഫാക്ടറികള്‍’ സ്ഥാപിച്ചു. വിശേഷിച്ചും മദ്രാസ്, ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളില്‍. അതും അതിന്റെ പരിസരപ്രദേശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വര്‍ദ്ധിച്ചതോതില്‍ സംഘര്‍ഷാത്മകമായിക്കൊണ്ടിരുന്ന ആ ഭൂമിയില്‍ ഉദ്യോഗസ്ഥവൃന്ദത്തെയും വാണിജ്യത്തെയും സംരക്ഷിക്കാന്‍ പട്ടാളക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെ ചെയ്തുകൊണ്ടുമിരുന്നു (കമ്പനിയുടെ ലക്ഷ്യം നേടാനുള്ള പരിശ്രമത്തില്‍ ‘സായുധപോരാട്ടത്തിനുള്ള’ അവകാശം പ്രാമാണപത്രത്താല്‍തന്നെ അനുവദിച്ചിരുന്നു). ഒരു വാണിജ്യസംരംഭം വേഗത്തില്‍ ഒരു ആക്രമണസംരംഭമായിമാറി, കച്ചവടത്തുറമുഖങ്ങള്‍ കോട്ടകളാല്‍ ദൃഢീകരിക്കപ്പെട്ടു. സൈന്യങ്ങളാല്‍ വ്യാപാരികള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു.

ആദ്യത്തെ ബ്രിട്ടീഷ് ‘ഫാക്ടര്‍’ (വ്യാപാരപ്രതിനിധി) ആയ വില്ല്യം ഹോക്കിന്‍സ് തന്നെ ഉപചരിക്കുന്നതിലുള്ള ബഹുമാനക്കുറവ് സ്വയം മനസ്സിലാക്കി, രാജാവിനെ കളിയാക്കുകയും അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളെ തിരസ്‌കരിക്കുകയും ചെയ്തു. ആദ്യത്തെ ബ്രിട്ടീഷ് അംബാസിഡര്‍ ആയിരുന്ന സര്‍ തോമസ് റോ, മുഗള്‍ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ ദര്‍ബാറില്‍ 1615-ല്‍ തന്റെ യോഗ്യതകള്‍ അവതരിപ്പിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും ശക്തവും ഐശ്വര്യസമൃദ്ധവുമായ സാമ്രാജ്യ ത്തിനു മുന്‍പില്‍ ഇംഗ്ലീഷുകാര്‍ കേണപേക്ഷിക്കുന്നവരായിരുന്നു. മുഗള്‍സാമ്രാജ്യം കാബൂളില്‍നിന്നും ബംഗാളിന്റെ പടിഞ്ഞാറന്‍ അറ്റംവരെയും വടക്ക് കാശ്മീരില്‍നിന്നും തെക്ക് കര്‍ണ്ണാടകംവരെയും വ്യാപിച്ചുകിടന്നിരുന്നു. പക്ഷേ, ഒന്നൊര നൂറ്റാണ്ടില്‍ത്താഴെയുള്ള ഒരു കാലത്തിനുശേഷം, 1739 ലെ പേര്‍ഷ്യക്കാരനായ നാദിര്‍ഷാ ഡല്‍ഹി ആക്രമിച്ച് അവിടത്തെ നിധി മുഴുവന്‍ കവര്‍ന്നപ്പോള്‍ മുഗള്‍സാമ്രാജ്യം തകര്‍ച്ചയുടെ അവസ്ഥയിലേക്ക് മാറുകയായിരുന്നു. മുഗള്‍ തലസ്ഥാ നത്ത് കവര്‍ച്ച നടത്തുകയും എട്ട് ആഴ്ചയിലധികം കാലം അതു നിന്നു കത്തുകയും ചെയ്തു.

സാമ്രാജ്യത്തിന്റെ ഖജനാവിലെ മുഴുവന്‍ വസ്തുക്കളോടുമൊപ്പം ചക്രവര്‍ത്തിയുടെ പേരുകേട്ട മയൂരസിംഹാസനവും 500 മില്ല്യണ്‍ രൂപയിലധികം മൂല്യമുള്ള സ്വര്‍ണ്ണവും വെള്ളിയും ആഭരണങ്ങളും മറ്റും അടങ്ങുന്ന ശേഖരവും പിടിച്ചെടുക്കപ്പെട്ടു. ആനകളെയും കുതിരകളെയും പിടിച്ചെടുത്തു, 50000 ത്തോളം ശവങ്ങള്‍ തെരുവുകളില്‍ വലിച്ചെറിയപ്പെട്ടു. നാദിര്‍ഷയും അദ്ദേഹത്തിന്റെ സേനയും മോഷണമുതലുമായി തിരികെ നാട്ടിലെത്തിയശേഷം അടുത്ത മൂന്നു വര്‍ഷങ്ങളില്‍ പേര്‍ഷ്യയിലെ എല്ലാത്തരത്തിലുമുള്ള നികുതികളും ഒഴിവാക്കിയിരുന്നുവത്രേ!

ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം (ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്) എന്ന കൃതിയില്‍ നിന്നും

Comments are closed.