എച്ച്മുക്കുട്ടിയുടെ ആത്മകഥ പുസ്തകമാകുന്നു; പ്രകാശനം ഏപ്രില്‍ 14-ന്
സാംസ്‌കാരികലോകത്ത് ഏറെ ചര്‍ച്ചയായ എഴുത്തുകാരി എച്ച്മുക്കുട്ടിയുടെ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക‘ എന്ന പുതിയ കൃതിയുടെ പ്രകാശനം ഏപ്രില്‍ 14-ന്. സംവിധായിക ശ്രീബാല കെ.മേനോന്‍ സിസ്റ്റര്‍ ജെസ്മിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ഏപ്രില്‍ 14-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വെച്ചാണ് പരിപാടി. ബിലു പത്മിനി നാരായണന്‍, ബിജു എബ്രഹാം, യതീന്ദ്രദാസ് തൃക്കൂര്‍, ഈശ്വരി മാധവന്‍, എച്ച്മുക്കുട്ടി എന്നിവര്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കും.
പതിനെട്ടാം വയസ്സില്‍ അദ്ധ്യാപകനും കവിയും പ്രശസ്തനുമായ ഒരു വ്യക്തിയുമായി പ്രണയത്തില്‍ അകപ്പെടുകയും പത്തൊമ്പതാം വയസ്സില്‍ വിവാഹിതയാവുകയും ദാമ്പത്യത്തില്‍ ലൈംഗികവൈകൃതങ്ങളും പീഡനങ്ങളും ഏല്‌ക്കേണ്ടിവരികയും ചെയ്ത എച്ച്മുക്കുട്ടിയുടെ ആത്മകഥാപരമായ അനുഭവക്കുറിപ്പുകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. എച്ച്മുക്കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അവ തുറന്നെഴുതിയപ്പോള്‍ സാംസ്‌കാരികലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിക്കുകയായിരുന്നു. സ്ത്രീവര്‍ഗ്ഗം സമൂഹത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും അനുഭവിക്കേണ്ടിവരുന്ന അവമതികളും പീഡനങ്ങളും മറയില്ലാതെ ഇതില്‍ വിവരിക്കുന്നു. ദാമ്പത്യബന്ധം ഉപേക്ഷിച്ച് കുഞ്ഞുമായി നാടുവിട്ടിട്ടും വീണ്ടും ക്രൂരമായി വേട്ടയാടപ്പെടുകയായിരുന്നു അവര്‍. പുരുഷാഹന്തക്കുനേര്‍ക്കുള്ള ആഗ്‌നേയാസ്ത്രമാകുന്ന ഈ ആത്മകഥ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.
Comments are closed.