DCBOOKS
Malayalam News Literature Website

“അപ്പോഴും ഞാന്‍ ഹിന്ദുവാണെന്നു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല”

ദലിത് ചിന്തകന്‍ കെ.കെ.കൊച്ചിന്റെ ദലിതന്‍ എന്ന ആത്മകഥയിലെ 56-ാം പേജില്‍ നിന്നും

“കുട്ടിക്കാലത്ത് രാമന്‍, കൃഷ്ണന്‍ എന്നീ ഹിന്ദുദൈവങ്ങളും രാമായണ- മഹാഭാരത കഥകളും എനിക്കന്യമായിരുന്നു. അമ്മ പറഞ്ഞ കഥകളെല്ലാം പിശാചുക്കളെക്കുറിച്ചായിരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ ആദിത്യപുരം ക്ഷേത്രത്തില്‍ പോയിരുന്നെങ്കിലും അതൊരു ഹിന്ദുദേവനാണെന്ന് എനിക്കറിയില്ലായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ചേച്ചി ആദിത്യപുരം ക്ഷേത്രത്തില്‍ നിന്നും ഹരിനാമകീര്‍ത്തനം എന്നൊരു ചെറിയ പുസ്തകം വാങ്ങിച്ചുകൊണ്ടുവന്നത്. അതിന്റെ പ്രാരംഭം ഇങ്ങനെയായിരുന്നു.

‘രാമരാമരാമപാഹിമാം
രാമപാദംചേരണേ
മുകുന്ദരാമപാഹിമാം…’

വൈകിട്ട് കത്തിച്ചുവെച്ച വിളക്കിനു മുമ്പില്‍ കൈകൂപ്പി ചേച്ചിയോടൊപ്പമിരുന്ന് മുകളില്‍ കൊടുത്ത കീര്‍ത്തനം ഞാനും ചൊല്ലിയിരുന്നു. അങ്ങനെയാണ് ഞാനറിയാതെ ഭക്തി എന്നിലേക്ക് അരിച്ചു കടന്നത്. അപ്പോഴും ഞാന്‍ ഹിന്ദുവാണെന്നു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല.”

കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളിലൊന്നായിരുന്നു ഇത്, സഹോദരങ്ങള്‍ക്കൊപ്പമുള്ള ജീവിതം. ചേച്ചി വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയി. ചേച്ചിയുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു. ഈ ഭാഗം എഴുതിയപ്പോള്‍ ചേച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു മനസ്സിലൂടെ കടന്നുപോയത്.കെ.കെ.കൊച്ച്

Comments are closed.