‘സുന്ദരികളും സുന്ദരന്മാരും’; ഭാവസൗന്ദര്യത്തിന്റെ നിത്യവിസ്മയം
മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രാഷ്ടീയ സാമൂഹിക കുടുംബ ബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ മലബാറിനെ കേന്ദ്രമാക്കി നിരവധി ജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവല്‍ അരനൂറ്റാണ്ടിലധികമായി മലയാള സാഹിത്യാകാശത്തില്‍ ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ത്തു നില്‍ക്കുകയാണ്.
1954-ല്‍ എഴുതി മൂന്നുവര്‍ഷങ്ങളോളം സമയമെടുത്ത് തിരുത്തി 1958-ലാണ് നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. വിശ്വനാഥന്, കുഞ്ഞിരാമന്, രാധ, ഗോപാലകൃഷ്ണന്, സുലൈമാന്‍, രാമന് മാസ്റ്റര്‍, വേലുമ്മാന്‍, ശാന്ത, കാര്ത്തികേയന്, ഹസ്സന് തുടങ്ങിയവരുടെ കഥകളിലൂടെ മൂന്നുതലമുറകളുടെ സാംസ്കാരിക സത്ത സുന്ദരികളും സുന്ദരന്മാരില് ആഖ്യാനം ചെയ്യപ്പെടുന്നു.
നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആശാന് ശതവാര്‍ഷിക പുരസ്കാരവും ലഭിച്ചതോടെ കൂടുതല്‍ സുന്ദരികളും സുന്ദരന്മാരും ശ്രദ്ധേയമായി. 2004ലാണ് നോവല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്.പുസ്തകത്തിന്റെ 19-ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചിട്ടുള്ള ഉറൂബ് എന്ന പി.സി കുട്ടികൃഷ്ണന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകളാണ് ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. മലയാള ചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ എന്ന ചലച്ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ഉറൂബായിരുന്നു. രാരിച്ചന്‍ എന്ന പൗരന് , നായര്‍ പിടിച്ച പുലിവാല്, മിണ്ടാപ്പെണ്ണ്, കുരുക്ഷേത്രം, ഉമ്മാച്ചു, അണിയറ എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്.
Comments are closed.