DCBOOKS
Malayalam News Literature Website

ലാളിത്യമാര്‍ന്ന കുട്ടിക്കഥകളുടെ ശില്പി

ആകാശത്തോളം വലുതായെങ്കിലും ആ മനസ്സില്‍ എന്നും ഒരു കുട്ടിയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കൊതിച്ച ഒരു കുട്ടിയുടെ മനസ്സ്. കഥകള്‍ കേട്ടും വാല്‍സല്യം അനുഭവിച്ചും അവര്‍ക്കിടയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. അവള്‍ വളര്‍ന്നു വലുതായി ഒരെഴുത്തുകാരിയായപ്പോള്‍ പിന്നെയും ബാല്യത്തിലേക്ക് മടങ്ങി. കഥകളോടും കവിതകളോടും അവള്‍ക്കുള്ള ഇഷ്ടം കുട്ടികള്‍ക്കായി പങ്കുവെച്ചു. കഥ പറഞ്ഞപ്പോള്‍ ചിലപ്പോഴൊക്കെ പ്രിയ കൂട്ടുകാരിയായി, അമ്മയായി, അമ്മൂമ്മയായി അങ്ങനെയങ്ങനെ…

ആഴമേറിയ ചിന്തകള്‍ പങ്കുവെക്കുന്ന ചെറുകഥകളിലൂടെ സാഹിത്യരംഗത്ത് ശോഭിക്കുമ്പോഴും അഷിത മനോഹരമായി കുട്ടികള്‍ക്കു വേണ്ടി എഴുതിയിരുന്നു. കൊതിയന്‍ കാക്കയുടെ കഥ, കുറുക്കനും ചെമ്മരിയാടും, വയസ്സന്‍ സിംഹത്തിന്റെ കഥ തുടങ്ങി കുട്ടികള്‍ ഇഷ്ടപ്പെടുന്ന നിരവധി കഥകള്‍. കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലഘുവായ കഥകളായിരുന്നു എല്ലാം. വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകളുടെ പുനരാഖ്യാനങ്ങള്‍.

കഥപറച്ചിലില്‍ തുളുമ്പുന്ന വാത്സല്യവും ലാളിത്യവും എന്നും അഷിതയുടെ കഥകളെ വേറിട്ടുനിര്‍ത്തിയിരുന്നു. അഷിതയുടെ 365 കുഞ്ഞുകഥകള്‍, കൊതിയന്‍ കാക്ക, കൊറ്റിയും കുറുക്കനും, കുഞ്ഞു ഞണ്ടും അമ്മ ഞണ്ടും, ചെമ്മരിയാടിന്റെ സൂത്രം എന്നീ കുട്ടിക്കഥാസമാഹാരങ്ങളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കഥകളെല്ലാം കൊച്ചുകൂട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നു.

Comments are closed.