ഉറൂബിന്റെ പ്രശസ്ത നോവല്‍ ‘ഉമ്മാച്ചു’ 26-ാം പതിപ്പില്‍
സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്ക്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചുവിന്റെ കഥ പറയുന്ന ഈ നോവല്‍ ഏറെ വായിക്കപ്പെട്ട ഒരു കൃതി കൂടിയാണ്.
പ്രണയസാഫല്യത്തിനായി രണ്ടു മനുഷ്യാത്മാക്കളെ കുരുതി കൊടുത്തു മായന്‍ ഉമ്മാച്ചുവിനെ വരിക്കുന്നു. അഭിലാഷ സിദ്ധിയിടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം മാറിനിന്നപ്പോള്‍ ചെയ്തുപോയ ആ പിഴയ്ക്ക് ഉമ്മാച്ചുവിന് പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു ഉറൂബ് വരച്ചിട്ടത്. അന്നത്തെ ഏറനാടന്‍ സാമൂഹികപശ്ചാത്തലത്തിന്റെ ഇരുട്ട് നിറഞ്ഞ ഇടനാഴികളിലേയ്ക്ക് പ്രകാശം പരത്തുകയായിരുന്നു ഈ കൃതിയിലൂടെ അദ്ദേഹം.
1954-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങിയത് 1991-ലാണ്. പുസ്തകത്തിന്റെ 26-ാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
1958-ല്‍ ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് ഉമ്മാച്ചു . 1971-ല്‍ ഉമ്മാച്ചു ചലച്ചിത്രമായി. പി ഭാസ്കരന് സംവിധാനം ചെയ്ത ചിത്രത്തില്‍ മധു, ഷീല തുടങ്ങിയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1915 ജൂണ്‍ 8-ന് പൊന്നാനിക്കടുത്ത് പളളിപ്രം ഗ്രാമത്തില്‍ പരുത്തുളളി ചാലപ്പുറത്തു വീട്ടിലാണ് ഉറൂബ് എന്ന പി സി കുട്ടികൃഷ്ണന് ജനിച്ചത്. അധ്യാപകന്, ഗുമസ്തന്, കമ്പൗണ്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുന്ദരികളും സുന്ദരന്മാരും, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. നോവല്‍, കഥ, കവിത, നാടകം, ബാലസാഹിത്യം, ലേഖനം എന്നീ വിഭാഗങ്ങളില്‍ നാല്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.
Comments are closed.