മനു എസ്.പിള്ളയുടെ ഐവറി ത്രോണ്‍ സിനിമയാകുന്നു
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ മനു എസ്.പിള്ളയുടെ ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഐതിഹാസികഗ്രന്ഥം സിനിമയാകുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വിസ്മയമായി മാറിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ നിര്‍മ്മാതാക്കളാണ് ഐവറി ത്രോണ്‍ സിനിമയാക്കുന്നത്. സിനിമയുടെ അവകാശം അര്‍ക്ക മീഡിയ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമ അല്ലെങ്കില്‍ വെബ് സീരീസായി പുസ്തകം പുനരാവിഷ്‌ക്കരിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.
ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളുമാണ് ഐവറി ത്രോണിലൂടെ മനു എസ്. പിള്ള രേഖപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ കേരളത്തിലൂണ്ടായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങളും ഈ കൃതിയിലൂടെ കടന്നുപോകുന്നു. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് മനു ഈ കൃതിയെഴുതിയത്. അതിനാല്‍ത്തന്നെ കൃത്യതയോടെയുള്ള വിവരണശേഖരണവും ഒപ്പം മൂലകൃതികളുടെ റഫറന്‍സും ഐവറി ത്രോണിനെ ഒരു ആധികാരിക ചരിത്രരേഖയാക്കുന്നു.
ഹാര്‍പ്പര്‍ കോളിന്‍സ് 2015-ല്‍ പുറത്തിറങ്ങിയ ഐവറി ത്രോണിന്റെ മലയാള പരിഭാഷയായ ദന്തസിംഹാസനം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസന്ന കെ. വര്‍മ്മയാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.
Comments are closed.