DCBOOKS
Malayalam News Literature Website

‘അഗ്നിസ്പര്‍ശം’; പണ്ഡിറ്റ് രാജ്മണി തിഗുണൈറ്റിന്റെ പ്രശസ്തകൃതിയുടെ പരിഭാഷ

ഒരു ആദ്ധ്യാത്മിക ഗുരുവിനെ എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നു എന്നതിന്റെ തികച്ചും അസാധാരണമായ ഒരു വര്‍ണ്ണനയാണ് പണ്ഡിറ്റ് രാജ്മണി തിഗുണൈറ്റിന്റെ അഗ്നിസ്പര്‍ശം എന്ന ഈ കൃതി. ഈശ്വരന്റെ അദൃശ്യഹസ്തങ്ങളുടെ സൂക്ഷ്മമായ സൂചന ഈ പുസ്തകത്തിലുടനീളം നമുക്കു കാണാനാകും. Touched By Fire എന്ന ഈ കൃതി അഗ്നിസ്പര്‍ശം എന്ന പേരില്‍ രമാ മേനോനാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആദ്ധ്യാത്മിക ചരിത്രത്തിന്റെ സുവര്‍ണ്ണഖനിയാണ് ഈ കൃതി.

കൃതിയുടെ ആമുഖത്തില്‍ പണ്ഡിറ്റ് രാജ്മണി തിഗുണൈറ്റ് എഴുതിയത്

“ഇന്ത്യ അങ്ങേയറ്റം വൈരുദ്ധ്യങ്ങളുടെ നാടാണ്. വൈവിധ്യം ഈ നാടിനെ നിര്‍വചിക്കുന്നു. മനുഷ്യന്റെ നിലയും വിലയും അവന്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും മുന്തിയതും ഏറ്റവും മോശമായതും ഇവിടെ തോളോടു തോളുരുമ്മി നില്ക്കുന്നതു കാണാം.തുല്യമായ അധികാരങ്ങള്‍ അവകാശപ്പെട്ടുകൊണ്ട് മെര്‍സിഡിസ് കാറുകളും കാളവണ്ടികളും ഒരേ റോഡിലൂടെ മുമ്പോട്ടു നീങ്ങുന്നു. പടിഞ്ഞാറന്‍ കമ്പോളങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള ആപ്പിള്‍ ചിലപ്പോള്‍ എങ്ങും സുലഭമായി കാണാം. അതേസമയം സാധാരണക്കാരന്റെ നിത്യോപയോഗവസ്തുവായ ഉള്ളി ചന്തയില്‍ ദുര്‍ലഭം. കാരണം, വാഹനസൗകര്യമില്ലാത്തതിനാല്‍ ലക്ഷക്കണക്കിനു സാധനങ്ങള്‍ ഗ്രാമങ്ങളില്‍ത്തന്നെ കുമിഞ്ഞുകൂടി ചീഞ്ഞ് നശിക്കുന്നു. ഇവിടെ അത്യാഡംബരപൂരിതമായ വലിയ ഹോട്ടലുകള്‍ തലയുയര്‍ത്തി നില്ക്കുന്നു. സ്ഥലത്തെ സമ്പന്നവര്‍ഗ്ഗം സ്വയം മറന്ന് ഉല്ലസിക്കാനായി രാത്രി അവിടേക്കൊഴുകിയെത്തുന്നു. തൊട്ടടുത്ത്, ഒരു കല്ലെടുത്തെറിഞ്ഞാല്‍ വീഴുന്ന അകലത്തില്‍ പ്ലാസ്റ്റിക്കും കീറത്തുണിയും കെട്ടി മറച്ചുണ്ടാക്കിയ കുടില്‍കൂട്ടങ്ങള്‍. ഈ അസമത്വത്തിനൊരു മാറ്റമുണ്ടാക്കാനായി ചിലപ്പോള്‍ ചിലര്‍ മുമ്പോട്ടു വരുന്നു. അധികംപേരും ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കണ്ട് കണ്ണടയ്ക്കുന്നു. ഒന്നും കൈമോശം വന്നിട്ടില്ലാത്ത ഇന്ത്യ. ഭൂതവും വര്‍ത്തമാനവും ഇവിടെ ഒരേമട്ടില്‍ നിലനില്ക്കുന്നു. ഭാവി അതിന്റെ ഊഴവും കാത്ത് ക്ഷമയോടെ നോക്കിനില്ക്കുന്നു. ഇങ്ങനെയൊക്കെയുള്ള ഈ ഇന്ത്യയിലാണ് ഞാന്‍ ജനിച്ചത്.

യാഥാസ്ഥിതികമായ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും മുറുകെപ്പിടിച്ചുകൊണ്ട് നില്ക്കുന്ന ഒരു ഗ്രാമമായിരുന്നു എന്റേത്. പ്രാചീനരായ ഭാരതീയസംസ്‌കൃതിയുടെ ഒരു യഥാര്‍ത്ഥ പ്രതിനിധി! ഗ്രാമത്തിന്റെ പേര് അമര്‍ഗാര്‍ഹ്. ഞാന്‍ ഉള്‍ക്കൊണ്ടിട്ടുള്ള സംസ്‌ക്കാരവും ജനിച്ചുവളര്‍ന്ന പാരമ്പര്യവും മനസ്സിലാക്കാന്‍ ഈ ലളിതമായ വിശദീകരണം മതിയാകും. ഈ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം നിങ്ങളെ കാലങ്ങളോളം പുറകോട്ടുകൊണ്ടുപോകും. ഇത്ര വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ എങ്ങനെ ഇവിടെ നിലവില്‍വന്നു… അവയ്‌ക്കെന്തെല്ലാം രൂപാന്തരങ്ങള്‍ സംഭവിച്ചു. ഈ കാലത്തും അവ ഏതുവിധത്തില്‍ നിലനിന്നുപോരുന്നു എന്നൊക്കെ അതില്‍നിന്നും നിങ്ങള്‍ക്കു മനസ്സിലാക്കാം.

ഉത്തര്‍പ്രദേശിലെ ഏറെ പിന്നോക്കം നില്ക്കുന്ന ഒരു പ്രദേശത്താണ് അമര്‍ഗാര്‍ഹ്, വടക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒരുപിടി കൊച്ചുഗ്രാമങ്ങളുടെ കേന്ദ്രബിന്ദു. നിത്യോപയോഗത്തിനുള്ള എണ്ണയും സോപ്പുംവാങ്ങാന്‍ കിട്ടുന്ന ഒരു കൊച്ചുകടകൂടി ഇല്ലാത്ത നൂറുകണക്കിന് ഗ്രാമങ്ങള്‍ ഇന്നും ഈ പ്രദേശത്തുണ്ട്. പക്ഷേ, വര്‍ഷങ്ങള്‍ക്കു മുമ്പേ അമര്‍ഗാര്‍ഹ് ഒരു തുണ്ട് ഭൂമി ആഴ്ചയില്‍ രണ്ടുതവണ ചന്ത കൂടാനായി മാറ്റിവെച്ചിരുന്നു. സ്ഥലത്തെ കച്ചവടക്കാര്‍ അവരുടെ ചരക്കുകളുമായി ആ ദിവസങ്ങളില്‍ അവിടെയെത്തും. ധാന്യങ്ങള്‍, പച്ചക്കറികള്‍, തുണിത്തരങ്ങള്‍, വിളക്കെണ്ണ, പലവ്യഞ്ജനങ്ങള്‍, തൈര് – കൂട്ടത്തില്‍ കന്നുകാലികളും. ചുമലിലേറ്റിക്കൊണ്ടു നടക്കാവുന്ന തന്റെ തപാലാപ്പീസുമായി തപാല്‍ ശിപായിയും അപ്പോള്‍ അവിടെയെത്തിച്ചേരും. പത്തുപതിനഞ്ചു നാഴിക ചുറ്റളവില്‍ പാര്‍ക്കുന്ന ഗ്രാമവാസികളെല്ലാംതന്നെ കത്തുകള്‍ അയയ്ക്കാനും കൈപ്പറ്റാനുമായി അവിടെ ഹാജരായിരിക്കും.കൂട്ടത്തിലൊരാള്‍ക്ക് ഒരു മണിഓര്‍ഡര്‍ കൈപ്പറ്റാന്‍ ഭാഗ്യമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം വാര്‍ത്ത കാട്ടുതീപോലെ ആ പ്രദേശത്തെങ്ങും പരക്കും. മിടുക്കന്മാരായ ചില കച്ചവടക്കാര്‍ തങ്ങളുടെ പറ്റുകാരില്‍ ചിലരുമായി വിശേഷാല്‍ ബന്ധം സ്ഥാപിക്കും. ശര്‍ക്കരയും ഒരു ഗ്ലാസ്സ് വെള്ളവും കൊടുത്ത് വേറേതന്നെസല്‍ക്കരിക്കും.

പണ്ഡിറ്റ് രാജ്മണി തിഗുണൈറ്റ്

ചന്ത കൂടാറുള്ള തുറസ്സായ സ്ഥലത്തിനു ചുറ്റുമുള്ള പാതയോരങ്ങളിലായാണ് വീടുകള്‍ പണിതിരുന്നത്. ഇടവഴി എന്നുപോലും പറയാന്‍ പറ്റാത്തത്ര ഇടുങ്ങിയ പാതകള്‍. ഇടതൂര്‍ന്ന് തൊട്ടുരുമ്മി നില്‍ക്കുന്ന പാര്‍പ്പിടങ്ങള്‍ ഇന്ത്യയുടെ പഴക്കമേറിയ നീണ്ട ചരിത്രത്തിന്റെ കണ്ണാടിയാണെന്നു പറയാം. ശിലായുഗത്തില്‍നിന്ന് തുടങ്ങി മോട്ടോര്‍വാഹനങ്ങളുടെ കാലത്തോളം എത്തിനില്ക്കുന്ന ചരിത്രം. എല്ലാ ജാതികളിലും സമുദായങ്ങളിലും തൊഴിലുകളിലുംപെട്ട ആളുകളുടെ ആവാസസ്ഥാനമായിരുന്നു ആ ഗ്രാമം. എല്ലാവര്‍ക്കും പൊതുവായി ഒത്തുചേരാനുള്ള ഇടമായിരുന്നു ചന്ത. അതല്ലാത്ത ഒരു കൂടിച്ചേരല്‍ അവര്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ഓരോ വിഭാഗം ജനങ്ങളും അവരുടേതുമാത്രമായ ഒരു ലോകത്തില്‍ ഒതുങ്ങിക്കൂടി. തനതായ ജീവിതരീതിയും ആചാരാനുഷ്ഠാനങ്ങളും പിന്‍തുടര്‍ന്നു. നൂറ്റാണ്ടുകളായി അമര്‍ഗര്‍ഹില്‍തന്നെ പാര്‍ത്തുവരുന്ന കുടുംബങ്ങളും തങ്ങളുടെ മൂല്യമായി അഭിമാനത്തോടെ വിരല്‍ചൂണ്ടുക അടുത്തുള്ള മറ്റു ഗ്രാമങ്ങളിലേക്കാണ്.

തികച്ചും ഗ്രാമീണമായ ഈ തലസ്ഥാനത്തില്‍ പലതരത്തിലുള്ള കച്ചവടക്കാര്‍ അടുത്തടുത്ത് എന്നാല്‍ പരസ്പരം ഇടപഴകാതെ താമസമാക്കിയിരുന്നു. ആശാരിമാര്‍ക്കും, മൂശാരിമാര്‍ക്കും തട്ടാന്‍മാര്‍ക്കും രത്‌നവ്യാപാരികള്‍ക്കും നെയ്ത്തുകാര്‍ക്കും കുശവന്മാര്‍ക്കും ചെരുപ്പുകുത്തികള്‍ക്കും തുന്നല്‍ക്കാര്‍ക്കും അലക്കുകാര്‍ക്കും ക്ഷുരകന്മാര്‍ക്കും ചെണ്ടകൊട്ടുന്നവര്‍ക്കും എണ്ണ ആട്ടുന്നവര്‍ക്കും മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും കടല, പൊരി മുതലായവ വറുത്തുണ്ടാക്കുന്നവര്‍ക്കും ഒക്കെ അമര്‍ഗാര്‍ഹില്‍ അവരുടേതായ ഇടങ്ങളുണ്ടായിരുന്നു. കൂടാതെ സമ്പന്നരായ വ്യാപാരികളുടെ ഒരു വിഭാഗവും അവിടെ പാര്‍പ്പുറപ്പിച്ചിരുന്നു. അവരുടെ ഉടമസ്ഥതയിലായിരുന്നു അവിടത്തെ തുണിക്കടകളും പലചരക്കുകടകളും.മറ്റു പ്രദേശങ്ങളില്‍ എന്നപോലെ ഇവിടേയും ജാതിയില്‍ അധിഷ്ഠിതമായിരുന്നു തൊഴിലുകള്‍. ഉദാഹരണത്തിന്, നെയ്ത്തുകാരും, ചെരുപ്പുകുത്തികളും, അലക്കുകാരും, ചെണ്ടകൊട്ടുന്നവരും സമൂഹത്തില്‍ ഏറ്റവും താഴ്ന്ന ജാതിയില്‍പ്പെട്ട തൊട്ടുകൂടാത്തവരായിരുന്നു, ഹിന്ദുക്കളോ മുസ്‌ലിങ്ങളോ അല്ലാതെ അവയ്ക്കിടയില്‍പ്പെട്ടവര്‍. തൊട്ടുകൂടാത്തവരില്‍നിന്നും അല്പംകൂടി മേലെതട്ടിലുള്ളവരായിരുന്നു ആശാരിമാരും മൂശാരിമാരും സ്വര്‍ണ്ണപ്പണിക്കാരും രത്‌നപ്പണിക്കാരും ക്ഷുരകന്മാരും മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും പൊരികടല വറക്കുന്നവരും. എന്നാലും ക്ഷത്രിയന്മാരെക്കാളും വൈശ്യന്മാരെക്കാളും താഴെയായിരുന്നു അവരുടെ സ്ഥാനം. ഏറ്റവും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണര്‍ അമര്‍ഗാര്‍ഹിന്റെ ചുറ്റുവട്ടത്തൊന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് വിശേഷവിധിയായിട്ടുള്ള കഴിവുകളും അറിവും വില്പനയ്ക്കുള്ളതായിരുന്നില്ല എന്നതുതന്നെയായിരുന്നു ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം, ഹീനജാതിക്കാരും വൈശ്യന്മാരുമായി അടുത്തിടപഴകി സ്വന്തം ശുദ്ധി നഷ്ടപ്പെട്ടുപോയാലോ എന്ന ഭയവും.

സാമാന്യജനങ്ങള്‍ താമസിച്ചുവരുന്ന പ്രദേശത്തിനപ്പുറത്തായിട്ടായിരുന്നു അമര്‍ഗാര്‍ഹിലെ മഹാരാജാവിന്റെ കൊട്ടാരം. അവിടെ എല്ലാവിധത്തിലുമുള്ള ആഡംബരങ്ങളുമുണ്ടായിരുന്നു. മനോഹരമായ ഉദ്യാനങ്ങള്‍, മനുഷ്യനിര്‍മ്മിതമായ കുളങ്ങളും തടാകങ്ങളും, ആനപ്പന്തികള്‍, കുതിരാലയങ്ങള്‍, സംഗീതക്കച്ചേരികളും നൃത്തപരിപാടികളും നടത്താന്‍ അനുയോജ്യമായ വിശാലമായ തളങ്ങള്‍. കൊട്ടാരത്തിലെ വേലക്കാരും പരി
ചാരകരും അതിന്റെ പരിസരങ്ങളിലായിട്ടാണ് താമസിച്ചിരുന്നത്. കൊട്ടാരക്കെട്ടിനുള്ളിലെ ആഡംബരവും സുഖസൗകര്യങ്ങളും നിറഞ്ഞ ജീവിതം അതിനു പുറത്തുള്ളവരുടെഅദ്ധ്വാനവും കഷ്ടപ്പാടും നിറഞ്ഞ കഠിനമായ ജീവിതത്തിന് നേരെ വിരുദ്ധമായിരുന്നു. ആ പ്രദേശത്തുള്ള ആയിരക്കണക്കിന് ഗ്രാമവാസികള്‍ അനുഭവിച്ചിരുന്ന അതേ വിധിതന്നെയായിരുന്നു അമര്‍ഗാര്‍ഹിലെ ജനങ്ങളുടേതും…”

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന അഗ്നിസ്പര്‍ശം ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.