ഡി.സി ബുക്സിന് 2018-ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്കാരങ്ങളില് രണ്ട് അവാര്‍ഡുകള്‍ ഡി.സി ബുക്സിന്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച നീലക്കുറുക്കന് എന്ന ബാലസാഹിത്യകൃതിയും വിവര്‍ത്തനത്തില്‍ 1857-ലെ ഒരു കഥ എന്ന കൃതിയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്.നന്ദിനി നായര്‍ രചിച്ച When Children Make History: A Tale Of 1857 മലയാളത്തിലേക്ക് 1857-ലെ ഒരു കഥ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് തൂമ്പൂര്‍ ലോഹിതാക്ഷനാണ്. ഡി.സിയുടെ മാമ്പഴം ഇംപ്രിന്റിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറ്റ് പുരസ്കാരങ്ങള്‍:പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന് അര്‍ഹനായി. അംഗുലീ മാലന് എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. 60,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കഥ/ നോവല്‍ വിഭാഗത്തില്‍ ജി.ആര്.ഇന്ദുഗോപന് രചിച്ച ദി ലാസ്റ്റ് ഭൂതവും കവിതാവിഭാഗത്തില്‍ വിനോദ് വൈശാഖി രചിച്ച ഓലപ്പൂക്കള്‍ എന്ന കൃതിയും പുരസ്കാരത്തിനര്‍ഹമായി. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ ഡോ.ബി. ഇക്ബാലിന്റെ പുസ്തകസഞ്ചി, ജീവചരിത്രവിഭാഗത്തില്‍ ശ്രീകല ചിങ്ങോലിയുടെ ചെമ്പൈ വൈദ്യനാഥഭാഗവതര്‍, ശാസ്ത്രവിഭാഗത്തില്‍ ഡോ.അജിത് പ്രഭുവിന്റെ വിളക്കും വെളിച്ചവും, നാടകവിഭാഗത്തില്‍ ഡി.പാണിയുടെ രംഗകേളി, ചിത്രീകരണത്തിന് വി.സജിയുടെ അപ്പുക്കുട്ടനും കട്ടുറുമ്പും എന്നിവയും അര്‍ഹമായി. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍.
Comments are closed.