DCBOOKS
Malayalam News Literature Website

2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അംഗുലീ മാലന്‍ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 60,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലക്കുറുക്കന്‍ എന്ന കൃതിക്കാണ് പ്രൊഡക്ഷന്‍ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

കഥ/ നോവല്‍ വിഭാഗത്തില്‍ ജി.ആര്‍.ഇന്ദുഗോപന്‍ രചിച്ച ദി ലാസ്റ്റ് ഭൂതവും കവിതാവിഭാഗത്തില്‍ വിനോദ് വൈശാഖി രചിച്ച ഓലപ്പൂക്കള്‍ എന്ന കൃതിയും പുരസ്‌കാരത്തിനര്‍ഹമായി. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ ഡോ.ബി. ഇക്ബാലിന്റെ പുസ്തകസഞ്ചി, ജീവചരിത്രവിഭാഗത്തില്‍ ശ്രീകല ചിങ്ങോലിയുടെ ചെമ്പൈ വൈദ്യനാഥഭാഗവതര്‍, ശാസ്ത്രവിഭാഗത്തില്‍ ഡോ.അജിത് പ്രഭുവിന്റെ വിളക്കും വെളിച്ചവും, നാടകവിഭാഗത്തില്‍ ഡി.പാണിയുടെ രംഗകേളി, വിവര്‍ത്തനത്തിന് തൂമ്പൂര്‍ ലോഹിതാക്ഷന്റെ 1857-ലെ ഒരു കഥ, ചിത്രീകരണത്തിന് വി.സജിയുടെ അപ്പുക്കുട്ടനും കട്ടുറുമ്പും എന്നിവയും അര്‍ഹമായി. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍.

 

Comments are closed.