DCBOOKS
Malayalam News Literature Website

ശക്തമായ തിരിച്ചടി; പാക് അധീന കശ്മീരിലെ ഭീകരതാവളം ഇന്ത്യ തകര്‍ത്തു

ദില്ലി: 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തമായ ആക്രമണത്തില്‍ തകര്‍ത്തു. പുലര്‍ച്ചെ 3.30നായിരുന്നു വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണ്ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. 12 മിറാഷ് വിമാനങ്ങള്‍ 1000 കിലോഗ്രാം ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ഈ ആക്രമണവിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.

ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.

Comments are closed.