ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചുള്ള ഭയം അകറ്റാം
ഹൃദ്രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആപത്കരമായത് ഹാര്‍ട്ടറ്റാക്കു തന്നെ. മലയാളികള്‍ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നുകൂടിയാണ് ഇത്. ഹാര്‍ട്ടറ്റാക്കിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുകയും ഒപ്പം ഹാര്‍ട്ടറ്റാക്ക് എന്ന രോഗത്തെക്കുറിച്ചുള്ള ഭയം അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡോ. ജോര്‍ജ് തയ്യില്‍ രചിച്ചിരിക്കുന്ന കൃതിയാണ് ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം.
ആരോഗ്യത്തിനു ഭീഷണിയാകുന്ന മറ്റേതു രോഗാവസ്ഥയേയും പോലെ ഹൃദ്രോഗത്തെയും ക്രിയാത്മകമായും വിവേകപൂര്‍ണ്ണവുമായ രീതിയില്‍ കൈകാര്യം ചെയ്താല്‍ തുടര്‍ന്നുള്ള ജീവിതം സാധാരണഗതിയിലാക്കാന്‍ സാധിക്കും. ഹൃദ്രോഗം യഥാര്‍ത്ഥത്തില്‍ എന്താണെന്നും അത് ശരീരത്തില്‍ എന്താഘാതമാണ് സൃഷ്ടിക്കുന്നതെന്നും അതിനെ എപ്രകാരം അതിജീവിക്കാമെന്നും മനസ്സിലാക്കിയാല്‍ പല തെറ്റിദ്ധാരണകളില്‍നിന്നും രക്ഷപ്പെട്ട് തുടര്‍ന്നുള്ള ജീവിതം സാധാരണഗതിയിലാക്കാന്‍ സാധിക്കും.
56 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്ക വിധത്തിലാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 200-ഓളം പഠനങ്ങള്‍ ക്രോഡീകരിച്ചാണ് ഡോ. തയ്യില്‍ ഈ പുസ്തകം രചിച്ചിട്ടുള്ളത്. അത്രയും വിപുലമായ ഒരു പഠനം നടത്തി അതിന്റെ സദ്ഫലം വായനക്കാര്‍ക്കു പകര്‍ന്നു നല്‍കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്. ഹൃദ്രോഗ നിര്‍ണ്ണയ പരിശോധനകള്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട് ഈ ഗ്രന്ഥത്തില്‍. ഹാര്‍ട്ടറ്റാക്കിനെ പേടിക്കാതെ ജീവിക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും ഈ കൃതിയില്‍ വിവരിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഹാര്‍ട്ടറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം എന്ന കൃതിയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.