സി.വി ശ്രീരാമന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി ശ്രീരാമന് 1931 ഫെബ്രുവരി 7-ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്മെന്റ് ഹൈസ്കൂള്‍, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഏഴു വര്‍ഷം ആന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥികളെ കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1988 മുതല്‍ 1991 വരെ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് സമിതിയംഗവും വൈസ് പ്രസിഡന്റുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു.
വാസ്തുഹാര, ക്ഷുരസ്യധാര, ദുഃഖിതരുടെ ദുഃഖം, ചിദംബരം, പുതുമയില്ലാത്തവരുടെ നഗരം, ചക്ഷുശ്രവണ ഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, ശ്രീരാമന്റെ കഥകള്‍, ഇഷ്ടദാനം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1983-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, ശ്രീരാമന്റെ കഥകള്‍ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2007 ഒക്ടോബര്‍ 10-ന് അദ്ദേഹം അന്തരിച്ചു.
Comments are closed.