DCBOOKS
Malayalam News Literature Website

കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; കാര്‍ഷിക പാക്കേജിന് സാധ്യത

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം ഇന്ന് രാവിലെ 11ന് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ തന്റെ കന്നി ബജറ്റാകും ലോക്‌സഭയില്‍ അവതരിപ്പിക്കുക.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം എത്തിക്കുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വനിത ക്ഷേമത്തിനായി 5000 കോടി രൂപ കൂടി മാറ്റിവെച്ചേക്കും. പ്രസവ അവധി കൂട്ടുന്നതുകാരണം സ്ഥാപനങ്ങള്‍ക്കുള്ള നഷ്ടത്തില്‍ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കാനുള്ള തുകയും മാറ്റിവെച്ചേക്കും. ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്ക് ഊന്നല്‍ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം,സാമ്പത്തിക സര്‍വ്വെ ബജറ്റിന് മുമ്പ് പാര്‍ലമെന്റില്‍ വെക്കാത്തതിന് ഒരു കാരണവും സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.

Comments are closed.