പിതാവിന്റെ പരാതി; ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. പിതാവ് സി.കെ.ഉണ്ണിയുടെ പരാതിയെ തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിക്കും.
ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്.
എന്നാല്‍ സാമ്പത്തിക ഇടപാടിലും മരണത്തിലും ദുരൂഹതയുണ്ടെന്ന നിലപാടിലായിരുന്നു ബാലഭാസ്‌കറിന്റെ പിതാവ്. അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം അന്വേഷണസംഘത്തെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടു. ബാലഭാസ്‌കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടില്‍ കുടുംബത്തിന് സംശയങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറേയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
Comments are closed.